ന്ത്യയിലെ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഖുഷ്വന്ത് സിംഗ് ഓർമയായിട്ട് ഏഴ് വർഷം പിന്നിട്ടിരിക്കുന്നു. ഹാസ്യം നിറഞ്ഞ രചനകളിലൂടെ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. പഞ്ചാബിലെ ഹഡാലി ജില്ലയിൽ 1915 ഫെബ്രുവരി 2-ന് ആയിരുന്നു ഖുഷ്വന്തിന്റെ ജനനം. ഡൽഹി, മോഡൽ സ്കൂൾ, ലാഹോർ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം എൽ.എൽ.ബി. പരീക്ഷ ജയിച്ചതിനുശേഷം ഇംഗ്ലണ്ടിലെ കിംഗ്സ് കോളേജിൽനിന്നും ബാരിസ്റ്റർ ബിരുദം സ്വന്തമാക്കി.

ലാഹോർ ഹൈക്കോടതിയിലും ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ പബ്ലിക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു. അതിനെല്ലാം ശേഷമാണ് പൂർണ്ണമായും സാഹിത്യരചനയിലേക്കും പത്രപ്രവർത്തനത്തിലേക്കും കടന്നുവന്നത്. 'എല്ലാവരോടും പകയോടെ' (With malice towards one and all) എന്ന പേരിൽ എഴുതിയിരുന്ന പംക്തിയാണ് ഖുഷ്വന്ത് സിംഗിനെ പ്രശസ്തനാക്കിയത്. നിരവധി വിമർശനങ്ങളും അദ്ദേഹം ഒരുകാലത്ത് നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ നിശിതവിമർശനങ്ങൾക്കും വിധേയനായി. ഓരോ രചനയിലും ഹാസ്യപ്രധാനമായ ശൈലി കൊണ്ടുവരികയും വിമർശനത്തിന്റെ സാധ്യതകൾ മനസിലാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം.

പ്രധാന കൃതികൾ

പത്രപ്രവർത്തനത്തിലും സാഹിത്യത്തിലുമായി ഒട്ടേറെ കൃതികൾ ഖുഷ്വന്ത് സിംഗിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ട്രെയിൻ ടു പാകിസ്താൻ ആണ് ഖുഷ്വവന്തിന്റെ അറിയപ്പെടുന്ന നോവലുകളിൽ പ്രധാനപ്പെട്ടത്. ദി കമ്പിനി ഓഫ് വിമൺ, ദില്ലി, ട്രൂത്ത് ലവ് ആൻഡ് എ ലിറ്റിൽ മാലിസ്, ഹിസ്റ്ററി ഓഫ് സിഖ്സ്, വീ ഇന്ത്യൻസ്, പാരഡൈസ് ആൻഡ് അദർ സ്റ്റോറീസ് എന്നിവയാണ് പ്രധാന കൃതികൾ. ട്രൂത്ത് ലവ് ആൻഡ് എ ലിറ്റിൽ മാലിസ് ആത്മകഥയാണ്. 2013-ൽ പുറത്തിറങ്ങിയ ദി ഗുഡ് ദി ബാഡ് ആൻഡ് ദി റിഡികുലസ് ആണ് അവസാനത്തെ കൃതി.

ഇന്ത്യയിലെ മുഖ്യധാരാ പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ ടൈംസ്, ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ, നാഷണൽ ഹെറാൾഡ് എന്നീ പത്രങ്ങളുടെ പ്രധാനിയായിരുന്നു. 1974-ൽ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നെങ്കിലും ഓപ്പറേഷൻ ബ്ലൂസ്റ്റാർ സംഭവത്തിൽ പ്രതിഷേധിച്ച് പുരസ്കാരം തിരിച്ചുനൽകി. 2007-ൽ പത്മവിഭൂഷൺ സ്വീകരിച്ചു. രാജ്യസഭാംഗമായും ഖുഷ് വന്ത്സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. 2014 മാർച്ച് 20-ന് തന്റെ തൊണ്ണൂറ്റൊമ്പതാമത്തെ വയസ്സിൽ അദ്ദേഹം വിടപറഞ്ഞു.

Content highlights :indian author and journalist kushwant singh writing style and life