ന്ത്യക്കു പുറത്ത് എനിക്കേറ്റവും പരിചിതമായ നഗരം ലണ്ടനാണ്. അവിടെ എനിക്കേറ്റവും പരിചിതസ്ഥലം ബ്രിട്ടീഷ് ലൈബ്രറിയും. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടെ കൊളോണിയല്‍ ഇന്ത്യയെക്കുറിച്ചുള്ള വിശാലമായ വിവരശേഖരം ഞാനവിടെനിന്ന് അരിച്ചുപെറുക്കിയെടുത്തിട്ടുണ്ട്. ആയിരം ദിവസങ്ങളെങ്കിലും അവിടെ ഞാന്‍ ചെലവഴിച്ചിട്ടുണ്ടാകും. എല്ലാദിവസവും ഒരേകാര്യങ്ങളാണ് ചെയ്തത്. താഴെനിലയിലുള്ള ലോക്കറില്‍ വസ്തുവകകള്‍ സൂക്ഷിക്കും, ഐഡന്റിറ്റി കാര്‍ഡ് കാട്ടിയശേഷം നാലാമത്തെ നിലയിലെ വായനാമുറിയിലേക്ക് പോകും, സാമ്രാജ്യത്വകാലത്ത് ഇന്ത്യാ ഓഫീസ് എന്നറിയപ്പെട്ടിരുന്ന വിഭാഗത്തില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധിക്കും.

Ramachandra Guha
രാമചന്ദ്ര ഗുഹ

ബ്രിട്ടീഷ് ലൈബ്രറിയിലെ ലോക്കറുകള്‍ തുറക്കാനും അടയ്ക്കാനുമായി നാലക്കസംഖ്യാകോഡ് സൃഷ്ടിക്കേണ്ടതുണ്ട്. ജനനത്തീയതിയോ വിവാഹവാര്‍ഷികത്തീയതിയോ മാതാപിതാക്കളിലാരുടെയെങ്കിലും ജനനത്തീയതിയോ ഒക്കെയാകും ഇഷ്ടമുള്ള നാലക്കങ്ങളായി നമ്മളില്‍ പലരും തിരഞ്ഞെടുക്കുക. ബ്രിട്ടീഷ് ലൈബ്രറിയില്‍ ഇതുവരെ പോയ വര്‍ഷങ്ങളിലൊക്കെ ഒരേ അക്കക്കൂട്ടാണ് ഞാന്‍ ഉപയോഗിക്കാറ്: 1971. ആ വര്‍ഷത്തില്‍ എനിക്ക് 13 വയസ്സായിരുന്നു. അതിന് 13 വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു വിവാഹം. നിര്‍മിച്ചെടുത്ത ഈ ചേര്‍ച്ചകൊണ്ടല്ല 1971-നെ ലോക്കര്‍ നമ്പറാക്കാന്‍ തീരുമാനിച്ചത്. അതിനുമപ്പുറം, ക്രിക്കറ്റില്‍ ഒരുകാലത്ത് ബ്രിട്ടീഷുകാരുടെ അടിമകളായിരുന്ന നമ്മള്‍ മുന്‍ കൊളോണിയല്‍ യജമാനന്‍മാര്‍ക്കെതിരേ ആഞ്ഞടിച്ച വര്‍ഷമായിരുന്നു അത്. ബ്രിട്ടീഷ് ഭരണത്തെക്കുറിച്ച് ചരിത്രാന്വേഷണം നടത്തുന്ന ക്രിക്കറ്റ് ആരാധകനെന്ന നിലയ്ക്ക് എന്റെ തൊഴിലും അഭിനിവേശവും ഒരുപോലെ പ്രതിനിധീകരിക്കുന്ന അക്കങ്ങളാണ് 1971.

ഇംഗ്ലണ്ട് മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിന്റെ അമ്പതാം വാര്‍ഷികം ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് കടന്നുപോയത്. 1971-ല്‍ത്തന്നെ ഇന്ത്യന്‍ ടീം ആദ്യമായി വെസ്റ്റിന്‍ഡീസിനെതിരേയും പരമ്പരവിജയം നേടി. അതിനുമുന്‍പ് നമ്മുടെ ക്രിക്കറ്റ് ടീം കരീബിയനില്‍ പര്യടനം നടത്തിയത് 1962-ലാണ്. അന്ന് അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും നമ്മള്‍ തോറ്റു. ഒമ്പതു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഇന്ത്യ വെസ്റ്റിന്‍ഡീസിലെത്തിയപ്പോള്‍, മുന്‍പ് നമ്മളെ നാണംകെടുത്തിയ വെസ്റ്റിന്‍ഡീസ് താരങ്ങളില്‍ പലരും വിരമിച്ചിരുന്നു. ചിലര്‍ക്ക് പ്രായമാവുകയുംചെയ്തു. പക്ഷേ, ഗാരി സോബേഴ്സ് തന്നെയായിരുന്നു അവരുടെ ക്യാപ്റ്റന്‍. മികച്ച ക്രിക്കറ്റര്‍മാരായ കന്‍ഹായ്, ലോയ്ഡ്, ഗിബ്സ് എന്നിവര്‍ ടീമില്‍ തുടരുന്നുണ്ടായിരുന്നു. വെസ്റ്റിന്‍ഡീസിനെ അവരുടെ നാട്ടില്‍വെച്ച് ഇന്ത്യ തോല്‍പ്പിക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ, നമ്മളത് ചെയ്തു. ഒരു ടെസ്റ്റില്‍ വിജയിക്കുകയും നാലെണ്ണത്തില്‍ സമനില നേടുകയുംചെയ്ത് പരമ്പരവിജയം നമ്മള്‍ സ്വന്തമാക്കി. 

1971 ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനം. അന്ന് ദെഹ്റാദൂണിലെ ബോര്‍ഡിങ് സ്‌കൂളിലാണ് ഞാന്‍. ടൈംസ് ഓഫ് ഇന്ത്യയിലെ കായികം പേജുകളില്‍നിന്നാണ് ടെസ്റ്റ് വാര്‍ത്തകളറിയുന്നത്. ക്രിക്കറ്റിനെക്കുറിച്ച് ആഴത്തിലുള്ള അറിവും കാവ്യാത്മകഭാഷയുമുള്ള കെ.എന്‍. പ്രഭുവിന്റെ റിപ്പോര്‍ട്ടുകളായിരുന്നു പത്രത്തിന്റെ പ്രധാന ആകര്‍ഷണം. എന്റെ ഡോര്‍മിറ്ററിയിലെ നൂറിലേറെ അന്തേവാസികള്‍ക്കായി ഒരു പത്രമാണ് ലഭിക്കുക. ടൈംസ് ഓഫ് ഇന്ത്യയുടെ തപാല്‍ എഡിഷനായിരുന്നു അത്. ഉച്ചഭക്ഷണത്തിനുശേഷം, ക്ലാസുകള്‍ തീര്‍ന്ന്, ഗെയിംസ് പിരിയഡിന് ഒരുമണിക്കൂര്‍മാത്രമകലെ, എന്റെ സഹപാഠികളില്‍ മിക്കവരും സൊറപറഞ്ഞിരിക്കുകയോ പരസ്പരം കുരുത്തക്കേടുകള്‍ കാട്ടുകയോ ചെയ്യുന്ന സമയത്ത് ഒരു ബെഞ്ചിലിരുന്ന് ഞാന്‍ പത്രം വായിക്കും. വിക്കറ്റുകള്‍ എങ്ങനെയെടുത്തുവെന്നും ഇന്നിങ്സുകള്‍ എങ്ങനെ പടുത്തുയര്‍ത്തിയെന്നും കൂട്ടുകെട്ടുകള്‍ രൂപപ്പെട്ടതെങ്ങനെയെന്നുമൊക്കെയുള്ള പ്രഭുവിന്റെ വിശദവിവരണങ്ങള്‍ ആസ്വദിക്കും. ഇപ്പോഴത്തേതുപോലെ അന്നും ഇന്ത്യന്‍ സമയം വൈകീട്ട് 7.30-നാണ് വെസ്റ്റിന്‍ഡീസില്‍ മത്സരങ്ങള്‍ തുടങ്ങുക. പിറ്റേദിവസമിറങ്ങുന്ന ഡല്‍ഹി എഡിഷന്‍ പത്രത്തില്‍ ഉച്ചവരെയുള്ള കളിയുടെ വിവരമേ ഉണ്ടാവൂ. അതിനുംമുന്‍പ് അച്ചടിക്കുന്ന തപാല്‍ എഡിഷനിലാകട്ടെ അതുപോലുമുണ്ടാവില്ല. രണ്ടുദിവസം മുന്‍പുനടന്ന കളിയുടെ വിശദമായ റിപ്പോര്‍ട്ടാണ് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നത്. ആ വൈകല്‍ മത്സരത്തിന്റെ ആവേശവും കെ.എന്‍. പ്രഭുവിന്റെ ഏഴുത്തിനെക്കുറിച്ചുള്ള മതിപ്പും വര്‍ധിപ്പിച്ചതേയുള്ളൂ. 

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

എല്ലാം ലൈവായി കണ്ടുള്ള ഉടനടി ആനന്ദമാണ് പുതിയ തലമുറയ്ക്ക് പരിചിതം. ഞാന്‍ വളര്‍ന്ന കാലത്തോടാണ് എനിക്കിപ്പോഴും കടപ്പാട് തോന്നുന്നത്. ഗാവസ്‌കറിന്റെയും സര്‍ദേശായിയുടെയും ബാറ്റിങ്ങിനോടും ബേദിയുടെയും പ്രസന്നയുടെയും വെങ്കട്ടരാഘവന്റെയും ബൗളിങ്ങിനോടും വഡേക്കറുടെ ടീം അമ്പതുവര്‍ഷങ്ങള്‍ക്കുമുന്‍പ് കൂട്ടായി വെസ്റ്റിന്‍ഡീസിലുണ്ടാക്കിയ നേട്ടങ്ങളോടുമുള്ള ആരാധന മനസ്സില്‍ ഇപ്പോഴുമുണ്ട്. ആ മത്സരങ്ങള്‍ ഒരു സ്‌ക്രീനില്‍ ലൈവായി കണ്ടിരുന്നെങ്കില്‍ ഇത്ര ആഴത്തിലുള്ള അടുപ്പം അതിനോടു തോന്നുമായിരുന്നില്ല.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: India's 1971 Test series win in England Ramachandra Guha