മികച്ച ഡോക്യുഫിക്ഷനുള്ള ദേശീയ അവാർഡ് ലഭിച്ച In Return Just A Book കേരളത്തിലും റഷ്യയിലുമായാണ് ചിത്രീകരിച്ചിട്ടുള്ളത്. 'ഒരു സങ്കീർത്തനം പോലെ' എഴുതി മൂന്നുപതിറ്റാണ്ടിനോടടുക്കുമ്പോഴാണ് നോവലിന്റെ സ്രഷ്ടാവായ പെരുമ്പടവം ശ്രീധരന് റഷ്യ സന്ദർശിക്കാനുള്ള അവസരം ലഭിക്കുന്നത്. ആ സന്ദർശനത്തെ മികച്ച ദൃശ്യാവിഷ്കാരമാക്കി മാറ്റിയ സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിൻ സംസാരിക്കുന്നു.

തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിന്റെ ഡയറക്ടർ രതീഷ് സി നായരാണ് In Return Just A Book എന്ന ഡോക്യുഫിക്ഷനെക്കുറിച്ച് ആദ്യം സംസാരിച്ചത്. 'ഒരു സങ്കീർത്തനം പോലെ' എന്ന നോവൽ എഴുതിയ പെരുമ്പടവം ശ്രീധരൻ ഇതുവരെ റഷ്യ കണ്ടിട്ടില്ല. വായിച്ചറിഞ്ഞ സെന്റ് പീറ്റേഴ്സ് ബർഗിലെ ദസ്തയേവ്സ്കിയെയാണ് അദ്ദേഹം നോവലിൽ അവതരിപ്പിച്ചത്. നോവൽ പ്രസിദ്ധീകൃതമായി ഇരുപത്തേഴ് വർഷം കഴിഞ്ഞു. അക്കാലത്ത് പെരുമ്പടവം തീർത്തും സാങ്കല്പികമായി മാത്രമാണ് റഷ്യയെ കണ്ടത്. പെരുമ്പടവത്തെ റഷ്യ കാണിക്കാൻ കൊണ്ടുപോകുകയാണ് എന്ന തീരുമാനം രതീഷ് പറഞ്ഞു. അതൊന്നു ഡോക്യുമെന്റിയാക്കാമോ, കൂടെ യാത്രചെയ്യാമോ എന്നാണ് എന്നോട് ആവശ്യപ്പെട്ടത്. പത്തിലധികം ഡോക്യുമെന്ററികൾ ചെയ്ത ആവേശത്തിൽ എനിക്കും ഉത്സാഹമായിരുന്നു. പക്ഷേ പരമ്പരാഗത ഡോക്യുമെന്ററിയുടെ രീതിയിൽ ചെയ്യില്ല എന്നു തീരുമാനമെടുത്തു. രതീഷ് എഴുത്തുകാരൻ സക്കറിയയുമായി ആലോചിക്കുകയും ഞങ്ങൾ ഡോക്യുഫിക്ഷൻ എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. അങ്ങനെയാണ് പെരുമ്പടവം വെറുതെയാരു റഷ്യയെകാണേണ്ടതില്ല എന്നു തീരുമാനിച്ചത്.

സക്കറിയ ആണ് തിരക്കഥ എഴുതിയത്. പെരുമ്പടവുമായി നല്ല സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിന്റെ ആത്മാവിനെ പറിച്ചെടുത്തുവെക്കുംപോലെ മനോഹരമായി എഴുതിത്തന്നു. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് കയ്യിൽ കിട്ടിയപ്പോൾ തന്നെ ഞങ്ങൾ വളരെ എക്സൈറ്റഡായിരുന്നു. സക്കറിയ എഴുതിയ വിശാലമായ സ്ഥലങ്ങളും ചില സീനുകളും സാമ്പത്തികപ്രശ്നം കാരണം ഞങ്ങൾക്ക് കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ദസ്തയേവ്സ്കി, പെരുമ്പടവം, സക്കറിയ. മൂന്നു എഴുത്തുകാരുടെ സംഗമമായി മാറി In Return Just A Book. ഡോക്യുഫിക്ഷൻ സംവിധാനം ചെയ്യുന്ന ആൾ എന്ന നിലയിൽ എന്റെ ഏറ്റവും വലിയ പ്രശ്നം ഈ മൂന്നു എഴുത്തുകാരെയും ഒരുപോലെ തൃപ്തരാക്കി മുന്നോട്ടുപോകാൻ കഴിയുമോ എന്നതായിരുന്നു.

ലൊക്കേഷൻ ഹണ്ടിനായി ഞാനും ക്യാമറാമാൻ കെ.ജി ജയനും കൂടി ആദ്യം റഷ്യയിൽ പോയി. അവിടെയുള്ള നാടകവേദികളുമായി സംസാരിച്ച് ദസ്തയേവ്സ്കിക്കും അന്നയ്ക്കും മറ്റു കഥാപാത്രങ്ങൾക്കും പറ്റിയ മുഖങ്ങളെ ആവശ്യപ്പെടുകയാണ് ചെയ്തത്. ഓരോ യാത്രയും ഓരോ സ്റ്റെപ്പുകളും വളരെ ചിലവേറിയതായിരുന്നു എന്നതായിരുന്നു മുന്നിലുള്ള വെല്ലുവിളി.

രതീഷ് നായരുടെ സുഹൃത്തായ ഡോ. ചെറിയാൻ ആണ് റഷ്യയിലെ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്തത്. ദസ്തയേവ്സ്കി നടന്ന വഴികളിലൂടെ പെരുമ്പടവത്തോടൊപ്പം, ക്യാമറയ്ക്കൊപ്പം നടക്കുക, പെരുമ്പടവം എഴുതിവെച്ചതെല്ലാം സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് അദ്ദേഹത്തിനുനേരിട്ടനുഭവപ്പെടുക, അന്നയും ദസ്തയേവ്സ്കിയും തമ്മിലുള്ള പ്രണയവും വൈകാരികതയുമെല്ലാം പെരുമ്പടവം എഴുതിയത് ഏതെല്ലാം റഷ്യൻ പ്രദേശങ്ങളുടെ പശ്ചാത്തലത്തിലൂടെയാണോ അവിടേക്കെല്ലാം ഒരു സങ്കീർത്തനം പോലെയുള്ള യാത്ര.

ഷൈനി ജേക്കബ് ബെഞ്ചമിന്‍, പെരുമ്പടവം
ഷൈനി ജേക്കബ് ബെഞ്ചമിന്‍, പെരുമ്പടവം

ഏറെ വെല്ലുവിളിയുള്ള ഒന്നായിരുന്നു കാസ്റ്റിങ്. മുന്നിലുള്ള റഷ്യൻ മുഖങ്ങളിൽ നിന്നും അന്നയുടെ മുഖം വേഗം പിടിച്ചെടുക്കാൻ പറ്റി. പ്രീപ്രൊഡക്ഷൻ വർക്കുകൾക്കായി ഞാനും ക്യാമറാമാനും ആദ്യംപോയപ്പോൾ തന്നെ അവിടെയുള്ള ഒരു പ്രൊഡക്ഷൻ ഹൗസുമായി ധാരണയുണ്ടാക്കിയിരുന്നു. പെരുമ്പടവമൊഴികെയുള്ളവരെല്ലാം റഷ്യക്കാരാണ്. അവരുടെ ഭാഷയാണ് വേണ്ടത്. അവരാരും ഇംഗ്ലീഷ് പറയില്ല. ഞാനും ക്യാമറാമാനും അസിസ്റ്റൻഡ് ക്യാമറാമാനുമൊഴികെയുള്ള ജോലിക്കാരെല്ലാം റഷ്യക്കാരാണ്. അല്ലാതെ പറ്റില്ല. അവരുടെ സഹകരണമില്ലാതെ മുന്നോട്ടുപോകില്ല. ലൊക്കേഷനെക്കുറിച്ചും കോസ്റ്റ്യൂമുകളെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമെല്ലാമുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ അവർക്കയച്ചുകൊടുത്തു. ഞങ്ങൾക്കിടയിൽ ഒരു മീഡിയേറ്റർ കൂടി ഉണ്ടായിരുന്നതിനാൽ ഭാഷാപ്രശ്നവും പരിഹരിക്കപ്പെട്ടു. ഒക്സാന കർമിഷിന എന്ന നടിയാണ് അന്നയായി വേഷമിട്ടത്. വ്ളാദിമിർ പോസ്നിക്കോവ് എന്ന നാടകനടനാണ് ദസ്തയേവ്സ്കിയായി അഭിനയിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് കെ.ജി ജയൻ ആണ്.

അഭിനയിച്ചവരെല്ലാം തിയേറ്റർ ആര്‍ട്ടിസ്റ്റുകളാണ്. സ്ക്രിപ്റ്റ് കൊടുത്തിട്ട് അഭിനയിച്ചുകാണിക്കാൻ പറഞ്ഞു, ഓഡിഷന് വന്നവരോട്. ദസ്തയേവ്സ്കിയുടെ മുഖച്ഛായയോട് പൊരുത്തപ്പെടുന്ന, നല്ല സാമ്യം തോന്നുന്ന, അതേപോലെ താടിയുള്ള നാലഞ്ച് പേർ വന്നിരുന്നു. എന്നാൽ ഈ ഡോക്യുഫിക്ഷനിൽ ദസ്തയേവ്സ്കിയായി അഭിനയച്ചയാൾക്കാകട്ടെ താടിയുമില്ല, പ്രത്യക്ഷത്തിൽ ദസ്തയേവ്സ്കിയുമായി ഒരു ബന്ധവുമില്ല. പക്ഷേ എന്താണെന്നറിയില്ല, ഇയാൾ മതി എന്നു തീരുമാനിക്കുകയായിരുന്നു. ദസ്തയേവ്സ്കിയായി അയാളെ വേഷമിടീച്ചപ്പോൾ എന്റെ ഭാവന ഒത്തുവന്നു. അന്നയുടെ കാര്യത്തിൽ എന്റെയുള്ളിലെ അന്ന തന്നെയായിരുന്നു അത്.

ഡോക്യുമെന്ററിയിൽ നിന്നും ഒരുപടി കൂടി മുന്നേറ്റം നടത്തിയിട്ടുള്ളതാണ് ഡോക്യുഫിക്ഷനുകൾ. നല്ല ഫീൽ തരുന്നവയും ദൃശ്യപരമായി മികവ് തരുന്നതുമാണ് ഡോക്യുഫിക്ഷനുകൾ. നമ്മളിപ്പോഴും നാടകം, സിനിമ, ഷോർട്ഫിലിം, ഡോക്യുമെന്ററി എന്നിങ്ങനെയുള്ള മേഖലകളിൽ തറഞ്ഞുതന്നെ കിടക്കുകയാണ്. റഷ്യ ആദ്യമായി സന്ദർശിക്കാൻ പോകുന്ന പെരുമ്പടവം എന്നത് ഒരു എക്‌സ്‌ക്ലുസീവാണ്‌. അദ്ദേഹം സെന്റ്പീറ്റേഴ്സ്ബർഗിലൂടെ നടക്കുന്ന ഷോട്ടുകൾ തുരുതുരാ എടുത്തതുകൊണ്ട് ഒരു പ്രയോജനവുമില്ല. ആവർത്തനവിരസതയാണ് ഉണ്ടാവുക. പിന്നെന്തുചെയ്യാനാണ്? അവിടെയാണ് മാറ്റിചിന്തിക്കാൻ പ്രേരണയായത്.

റഷ്യയിലെ ഷൂട്ടിങ് വേളയില്‍
റഷ്യയിലെ ഷൂട്ടിങ് വേളയില്‍

കേരളത്തിൽ പൊതുവെ ഒരു ധാരണയുണ്ട്, ഡോക്യുമെന്ററി എന്നാൽ ഇഷ്യുബേസ്ഡ് ആയിരിക്കണം എന്ന്. അതിനകത്ത് ഈസ്തെറ്റിക് സെൻസുകളൊന്നും വർക് ചെയ്യേണ്ടതില്ല, ബാക്ഗ്രൗണ്ട് മ്യൂസിക്കിന് പ്രസക്തിയില്ല. ഡ്രൈ ഷോട്ടുകളായാലും കുഴപ്പമില്ല. അങ്ങനെയാവരുത് എന്ന തീരുമാനമാണ് പത്തിലധികം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത അനുഭവത്തിൽ ഞാൻ തീരുമാനിച്ചത്. ആ തീരുമാനം ഫലവത്തായി
എന്നുകാണുമ്പോൾ സന്തോഷമുണ്ട്.

പെരുമ്പടവം വളരെ ആകാംക്ഷാഭരിതനായിരുന്നു യാത്രതുടങ്ങുമ്പോൾ. റഷ്യയിറങ്ങിയപ്പോൾ തന്നെ അവിടെനിന്നും ഒരുപിടി പച്ചപ്പാണ് അദ്ദേഹം കയ്യിലാക്കിയത്. താനെഴുതിവെച്ച അതേ സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം നേരിൽ കാണുകയും അതിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോൾ അദ്ദേഹം ഏതോ സ്വപ്നത്തിലെന്നപോലെയായിരുന്നു, പലപ്പോഴും അസ്വസ്ഥനായി കാണപ്പെട്ടു. ദസ്തയേവ്സ്കിയുടെ പ്രതിമ കാണുമ്പോൾ ഏറെ നേരം നോക്കിനിൽക്കും. സക്കറിയയാണ് ശബ്ദം നൽകിയത്. പലശബ്ദങ്ങളും ശ്രമിച്ചുനോക്കിയെങ്കിലും അതിഭാവുകത്വം തോന്നിയതിനാൽ ഒഴിവാക്കേണ്ടി വന്നു. അവസാനം അദ്ദേഹം തന്നെ പറഞ്ഞു, ഒന്നു ശ്രമിക്കാമെന്ന്. അതാണ് വിജയിച്ചതും. In Return Just A Book വലിയ സ്വീകാര്യത നേടിയതിൽ സന്തോഷമുണ്ട്.

Content Highlights :In Return Just A Book Award winning Docufiction Director Shyni Jacob Benjamin shares the experiences