മീരന്‍. വിചിത്രമായ ആ പേരാണ് ആദ്യം മനസ്സില്‍ തടഞ്ഞത്. മുന്‍പ് കേട്ടിട്ടില്ല അതുപോലൊന്ന്; സിനിമാപ്പാട്ടിലല്ലാതെ. ഏറെ പ്രിയപ്പെട്ട ചലച്ചിത്രഗാനങ്ങളിലൊന്നിന്റെ പല്ലവിയില്‍ ആ വാക്കുണ്ട്:  'മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..'' വയലാറും ദേവരാജനും ചേര്‍ന്നൊരുക്കിയ 'ചട്ടക്കാരി'യിലെ അനശ്വര പ്രണയഗാനം. 'ആ പാട്ടിന്റെ വരിയില്‍ നിന്ന് അച്ഛന്‍ കടം കൊണ്ടതാവണം സമീരന്‍ എന്ന പേര്.'' - പേരിന്റെ ഉടമ ജി.എസ്  സമീരന്‍, ഐ.എ.എസ്  ചിരിക്കുന്നു.
 
ശരിയാണ്. സമീരന്റെ പിതാവ് സുരേഷ് കുമാറിന് വയലാര്‍ ഗാനങ്ങളോടുള്ള ആരാധനയുടെ ആഴം മനസ്സിലാക്കിയിട്ടുള്ള എനിക്ക്  ആ തിരഞ്ഞെടുപ്പില്‍ തെല്ലുമില്ല അത്ഭുതം. ഒന്നോര്‍ത്താല്‍ സുരേഷിനെയും എന്നേയും ഒരു ഫോണ്‍ സംഭാഷണത്തിലൂടെ ആദ്യമായി ഒരുമിപ്പിച്ചതും വയലാറാണല്ലോ. പാട്ടെഴുത്തിന്റെ തമ്പുരാനെ പരാമര്‍ശിക്കുന്ന ലേഖനം വായിച്ചാണ് സുരേഷ് ആദ്യം വിളിച്ചതെന്നാണോര്‍മ്മ; ഗാനസംബന്ധിയായ ചിന്തകള്‍ പങ്കുവെക്കാന്‍.

അധികം വൈകാതെ  മകന്റെ വിളിയും വന്നു. വിഷയം പാട്ട് തന്നെ. പക്ഷേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ അന്നത്തെ ഇരുപത്തിനാലുകാരന് അറിയേണ്ടത് പുതിയ പാട്ടുകളെക്കുറിച്ചല്ല. പുരാതനഗാനങ്ങളെ കുറിച്ചാണ്. ബാലനിലേയും ജ്ഞാനാംബികയിലെയും ജീവിതനൗകയിലേയുമൊക്കെ ഗാനങ്ങള്‍. അത്ഭുതം തോന്നി എനിക്ക്. ഇക്കാലത്ത് ഇങ്ങനെയും ചിലരോ? 'എന്തുചെയ്യാം... ഇങ്ങനെയായിപ്പോയി ഞാന്‍.''- പഴമയോടുള്ള  പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് സമീരന്‍ നല്‍കിയ മറുപടി ഓര്‍മ്മയുണ്ട്; പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും.

തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ജില്ലാ കലക്ടറാണിപ്പോള്‍ സമീരന്‍.  കഴിഞ്ഞ ജൂണ്‍ 16 നായിരുന്നു പുതിയ സ്ഥാനലബ്ധി. അതിനു മുന്‍പ് തെങ്കാശിയില്‍ കളക്റ്ററായിരുന്നു. 2012 ലെ ഐ എ എസ് ബാച്ചിന്റെ ഭാഗമായ സമീരന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത് പരമകുടിയില്‍ സബ് കലക്ടറായാണ്. അതു കഴിഞ്ഞ്   തമിഴ്നാട് ഫിഷറീസ് ഡയറക്ടറായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷമായിരുന്നു സിവില്‍ സര്‍വീസിലേക്കുള്ള കൂടുമാറ്റം എന്നുകൂടി അറിയുക. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അര്‍ബന്‍ എന്‍വയണ്‍മെന്റ് മാനേജ്മെന്റ് ആന്‍ഡ് ലോയില്‍ നേടിയ  പി.ജി ഡിപ്ലോമ ഇതിനൊക്കെ പുറമെ.

sameeran

സ്വപ്നങ്ങള്‍ക്ക് പിറകെ 

എന്നാല്‍ ഞാനറിയുന്ന സമീരന്‍ ഇതൊന്നുമല്ല. ഒരു സ്വപ്നസഞ്ചാരിയാണ്. ചരിത്രത്തില്‍ നിന്നുതന്നെ നിഷ്‌കാസിതനായ ഒരു മഹാകലാകാരനെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചുനിര്‍ത്താന്‍ അക്ഷീണം യത്‌നിക്കുകയും അതിനുവേണ്ടി ഒരു ഗ്രന്ഥം തന്നെ രചിക്കുകയും ചെയ്തയാള്‍. പിന്നിട്ട വഴികള്‍ മറക്കാനുള്ളതല്ലെന്ന്  സ്വന്തം വായനക്കാരെ ഓര്‍മ്മിപ്പിച്ചയാള്‍.

മുതുകുളം രാഘവന്‍ പിള്ള എന്നായിരുന്നു ആ തിരസ്‌കൃത കലാകാരന്റെ പേര്. മലയാളസിനിമയുടെ സമസ്ത മേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയ ആള്‍. സിനിമക്ക് വേണ്ടി ജീവിച്ച് ഒടുവില്‍ ജീവിക്കാന്‍ തന്നെ മറന്നുപോയ മനുഷ്യന്‍. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്റെ തിരക്കഥാകൃത്തും സംഭാഷണരചയിതാവും ഗാനരചയിതാവും. നിമിഷകവി.
 
പാട്ടെഴുത്തുകാരനായ മുതുകുളത്തെക്കുറിച്ചു സംസാരിക്കാനായിരുന്നു സമീരന്റെ ആദ്യ ഫോണ്‍ കോള്‍. പുസ്തകമെഴുതുക എന്ന ഉദ്ദേശ്യമൊന്നുമില്ല അന്ന്. സിനിമയുടെ പുറമ്പോക്കില്‍ ചെന്നൊടുങ്ങി അധികമാരുമറിയാതെ മരണത്തിന് കീഴടങ്ങിയ ഒരു പാവം കലാകാരനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രം. ആ മോഹത്തിന് പ്രചോദനമായ അനുഭവം സമീരന്‍ വിവരിച്ചതിങ്ങനെ: 'മെഡിക്കല്‍ കോളേജിലെ പഠനത്തിന് ശേഷം ഗ്രാമീണ സേവനത്തിന് ഞാന്‍ എത്തിച്ചേര്‍ന്നത്  സ്വന്തം നാടായ മുതുകുളത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ്. വയോധികരാണ് അവിടുത്തെ രോഗികള്‍ അധികവും. അവരിലൊരാള്‍ തുടക്കം മുതലേ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. എണ്‍പതു വയസുണ്ടാകും. ഇന്‍ പേഷ്യന്റ് ആണെങ്കിലും ആള്‍ എപ്പോഴും ഔട്ട് ആണ്. കാലത്തു തന്നെ കുളിച്ച് ഭസ്മവും തൊട്ട് ആശുപത്രിയില്‍ നിന്നിറങ്ങും; പാണ്ഡവര്‍കാവിലേക്ക്. അവിടെ കുറച്ചു നേരം ചെലവഴിച്ച ശേഷം തിരികെ ആശുപത്രിയിലേക്ക്. തീര്‍ന്നില്ല. കുറച്ചു നേരം കഴിഞ്ഞാല്‍ വീണ്ടും പുറത്തേക്ക്. ഇതൊരു പതിവായപ്പോള്‍ ഞാന്‍ ചെറുതായൊന്നു ശകാരിച്ചു: ഇവിടെ അഡ്മിറ്റ് ചെയ്താല്‍ ഇങ്ങനെ തോന്നുംപടി ഇറങ്ങിനടക്കാനൊന്നും പറ്റില്ല.''

ചിരിച്ചുകൊണ്ടായിരുന്നു വൃദ്ധന്റെ മറുപടി. 'കുഞ്ഞേ, കാലത്ത് പാണ്ഡവര്‍കാവിലമ്മയെ ഒന്ന് കണ്ടു തൊഴാതെ വയ്യ. ചെറുപ്പം മുതലുള്ള ശീലമാ. എന്തോ ചെയ്യാന്‍ പറ്റും?'' കണ്ണുകള്‍ ചിമ്മി കൈകൂപ്പി ഒരു ശ്ലോകവും ചൊല്ലി അയാള്‍: 'ചാമുണ്ഡാദിതി  ദുഷ്ടദൈത്യ നിവഹ, പ്രധ്വംസിനീം ഭാസിനീം, വന്ദേ പാണ്ഡവകാനനൈക വസതീം, വന്ദാമഹേ ശങ്കരിം.''

നിഷ്‌കളങ്കമായ ആ മറുപടിയോട് എങ്ങനെ പ്രതികരിക്കണമെന്നോര്‍ത്ത് ശങ്കിച്ചുനില്‍ക്കേ അയാള്‍ തുടര്‍ന്നു: 'മോനറിയുമോ? നമ്മുടെ മുതുകുളം രാഘവന്‍പിള്ള കൊച്ചാട്ടന്‍ എഴുതിയ ശ്ലോകമാ.''

ആ വാക്കുകളാണ്  മുതുകുളം രാഘവന്‍ പിള്ളയിലെ അറിയപ്പെടാത്ത  ജീനിയസ്സിനെ  തേടിയുള്ള യാത്രക്ക് പ്രചോദനമായതെന്ന് സമീരന്‍. ' വെറുമൊരു ഹാസ്യനടന്‍ ആയി മുതുകുളത്തെ മുദ്രകുത്തി കാണാറുണ്ട് പലരും. പക്ഷേ അതിനൊക്കെ അപ്പുറത്ത് മലയാള സിനിമ എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം നടത്തിയ യത്‌നങ്ങള്‍ അധികമാരും പരാമര്‍ശിച്ചു കാണാറില്ല. അതിനു വേണ്ടി സഹിച്ച യാതനകളും. ചരിത്രത്തില്‍ നിന്നേ മാഞ്ഞുപോയ ആ വലിയ കലാകാരനോട് നമ്മള്‍ മലയാളികള്‍ നീതി കാണിച്ചോ എന്ന് സംശയമുണ്ട്. ഏകാകിയായി ജീവിച്ച് ഏകാകിയായി നടന്നുമറഞ്ഞ ആ മനുഷ്യന്‍ ഇങ്ങനെ മറക്കപ്പെടണ്ടേ ആളല്ല എന്ന് തോന്നി എനിക്ക്. ആളുകള്‍ അദ്ദേഹത്തെ അറിയണം. അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിയണം.'' -- സമീരന്റെ ശബ്ദത്തിലെ ആത്മരോഷം എന്നെയും സ്പര്‍ശിച്ചു; വല്ലാതെ.

ഏകാഗ്രമായ ആ  തപസ്യക്ക്  പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എനിക്ക്.

അധികം വൈകാതെ മുതുകുളത്തെ കുറിച്ച് സമീരന്റെ പുസ്തകം പുറത്തുവരുന്നു- 'മലയാള സിനിമയുടെ എഴുത്തച്ഛന്‍'' എന്ന പേരില്‍. സമീരനിലെ ഗവേഷകനെ നമിക്കാതിരിക്കാനായില്ല ആ പുസ്തകം വായിച്ചപ്പോള്‍.  ജീവിതം തന്നെ നാടകത്തിനും സിനിമക്കും വേണ്ടി ഹോമിച്ച ഒരു ഒറ്റയാന്റെ കഥ. കദനകഥ എന്നും പറയാം. അറിയപ്പെടാത്ത  ഒരു പാട് സംഭവങ്ങളുടെ വീണ്ടെടുപ്പായിരുന്നു ആ രചന.
 
'ജീവിതനൗക''യിലെ ആനത്തലയോളം വെണ്ണ തരാമെടാ എന്ന പ്രശസ്ത ഗാനത്തിന്റെ പിറവിയുടെ കഥ ഉദാഹരണം: 'സിനിമയുടെ തുടക്കത്തില്‍ കേശവക്കണിയാരും മകളും ചേര്‍ന്ന് പാടുന്ന ഒരു പാട്ട് വേണമെന്ന് സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും ആഗ്രഹം. ചിത്രത്തിലെ മറ്റെല്ലാ ഗാനങ്ങളും മദ്രാസില്‍ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞിരുന്നു. കെ.വി കോശി ഓര്‍മ്മയില്‍ നിന്ന് തനിക്കിഷ്ടപ്പെട്ട ഒരു നാടന്‍ പാട്ടിന്റെ വരി  പാടി: 'ആനത്തലയോളം വെണ്ണ തരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്''. ബാക്കി വരികള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല അദ്ദേഹത്തിന്. നിമിഷകവിയായ മുതുകുളം ഇടപെടുന്നു അപ്പോള്‍. വലിച്ചുകൊണ്ടിരുന്ന ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ചുകൊണ്ട് അദ്ദേഹം ആ വരി പൂരിപ്പിക്കുന്നു: 'പൈക്കളെ മേയ്ക്കുവാന്‍ പാടത്തയക്കാം മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്..'' ഒരു അക്ഷരശ്ലോകസദസ്സ് പൊടുന്നനെ രൂപപ്പെടുകയായി അവിടെ. സിനിമയുടെ ഗാനരചയിതാവ് അഭയദേവും ആ സദസ്സില്‍ പങ്കുചേര്‍ന്നതോടെ, ക്ഷണനേരത്തിനുള്ളില്‍ പുതിയൊരു പാട്ട് പിറക്കുന്നു. ഒരു സംയുക്ത സംരംഭം.

കറിവേപ്പില പോലെ 

പുസ്തകത്തിന്റെ ഒടുവില്‍ സമീരന്‍ എഴുതിയ വരികള്‍ മനസ്സിനെ തൊട്ടു: 'അവസാനകാലത്ത് സിനിമാവൃത്തങ്ങളില്‍ നിന്ന് കറിവേപ്പില പോലെ വലിച്ചെറിയപ്പെടുകയായിരുന്നു മുതുകുളം. സിനിമയില്‍ നിന്ന് കാര്യമായി ഒന്നും സമ്പാദിക്കാതെ നീണ്ട 40 വര്‍ഷങ്ങള്‍. ആദ്യ ചിത്രമായ ബാലന് ലഭിച്ച പ്രതിഫലം 25 രൂപ. അവസാനകാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ അവശ കലാകാര പെന്‍ഷന്‍ മാത്രം- അതും 300 രൂപ. പോക്കുവെയിലില്‍ ദാരിദ്ര്യത്തിന്റെയും രോഗപീഢകളുടെയും തിരകളില്‍ പെട്ട് ആടിയുലഞ്ഞ ജീവിതനൗകയിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.''

ആരായിരുന്നു യഥാര്‍ത്ഥ മുതുകുളം എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരമുണ്ടായിരുന്നു ആ വാചകങ്ങളില്‍.

സമീരന്റെ രണ്ടാമത്തെ പുസ്തകമാണ്  'മലയാള സിനിമയുടെ എഴുത്തച്ഛന്‍'. ആദ്യത്തേത് ഇഷ്ടസംവിധായകനെ കുറിച്ചായിരുന്നു. 'പദ്മരാജന്‍- ഗന്ധര്‍വനോ അപരനോ?' ഇരുപത്താറു വയസ്സിനകം ഗവേഷണബുദ്ധിയോടെ രണ്ട്  പുസ്തകങ്ങള്‍. ചില്ലറക്കാരനല്ലല്ലോ ഈ വിദ്വാന്‍ എന്ന് തോന്നി. പക്ഷേ തന്റെ പ്രവൃത്തിയില്‍ ഒരത്ഭുതവും  കണ്ടില്ല സമീരന്‍. 'എഴുതാതിരിക്കാന്‍ വയ്യ എന്ന് തോന്നി. എഴുതി. അത്രേയുള്ളൂ''- വിശദീകരണം തികച്ചും ലളിതം. 

നിര്‍ണായകമായ സിവില്‍ സര്‍വീസ്  ഇന്റര്‍വ്യൂവിന് പുറപ്പെടും മുന്‍പ് സുഹൃത്ത് രാഹുലിനോടൊപ്പം കാണാന്‍ വന്നപ്പോഴും സമീരന്‍ സംസാരിച്ചത് സിനിമാപ്പാട്ടുകളെ കുറിച്ചുതന്നെ. 'ചലച്ചിത്ര സംഗീതമാണ് ഇഷ്ട വിഷയങ്ങളില്‍ ഒന്നായി കാണിച്ചിരിക്കുന്നത്. അത് സംബന്ധിച്ച ചോദ്യങ്ങളും പ്രതീക്ഷിക്കാം. നമ്മള്‍ തയ്യാറായിരിക്കണമല്ലോ..'' അധികം വൈകാതെ  സമീരന്‍ വീണ്ടും വിളിച്ചു; അഭിമുഖത്തില്‍ മികച്ച പ്രകടനത്തോടെ ഐ.എ.എസ്സിന് യോഗ്യത നേടിയ കാര്യം അറിയിക്കാന്‍. 'അതൊക്കെ ശരി. പക്ഷേ എഴുത്തും പാട്ടും ഗവേഷണവുമൊന്നും കൈവിടരുത്.''- ഞാന്‍ പറഞ്ഞു. അതൊന്നും അങ്ങനെ കൈവിട്ടുകളയാനുള്ള വിഷയയങ്ങളല്ലെന്ന് മറുപടി. പുതിയ ദൗത്യത്തില്‍ തന്നെ കാത്തിരിക്കുന്ന ശ്വാസം മുട്ടിക്കുന്ന തിരക്കുകളെക്കുറിച്ച് അന്ന് ബോധവാനായിരുന്നോ സമീരന്‍ എന്ന് സംശയം.

എങ്കിലും ഇടയ്‌ക്കൊക്കെ വിളിക്കുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴും സംസാരിക്കാറുള്ളത് പാട്ടിനെയും സിനിമയെയും കുറിച്ചു തന്നെ. 'ഇഷ്ടനായകന്‍ കമല്‍ഹാസനെ കാണണമെന്നത് കൗമാരകാലത്തെ വലിയൊരു ആഗ്രഹമായിരുന്നു.''- കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ സമീരന്‍ പറഞ്ഞു. 'തികച്ചും യാദൃച്ഛികമായി ഇന്നലെ അദ്ദേഹം  ഓഫീസില്‍ എത്തി. കയ്യിലൊരു മെമ്മോറാണ്ടവുമായി എന്റെ മുന്നില്‍ വന്നു നിന്ന ഉലകനായകനെ നോക്കിനില്‍ക്കെ മനസ്സില്‍ തെളിഞ്ഞത് ഏറെ മോഹിപ്പിച്ച അദ്ദേഹത്തിന്റെ ഒട്ടനവധി കഥാപാത്രങ്ങളാണ്; പാടി അഭിനയിച്ച മനോഹര ഗാനങ്ങളും.''

sameeran

ഒരു നിമിഷം നിര്‍ത്തി സമീരന്‍ കൂട്ടിച്ചേര്‍ക്കുന്നു; ആത്മഗതമെന്നോണം: 'ജീവിതം നമുക്കുവേണ്ടി കരുതിവെക്കുന്ന വിസ്മയങ്ങള്‍ എന്തൊക്കെയെന്ന് ആരറിഞ്ഞു..?'

Content Highlights: GS Sameeran IAS, Muthukulam Raghavan Pillai