ഇന്നത്തെപോലെ അത്യന്താധുനിക വാര്‍ത്താ വിനിമയ സങ്കേതങ്ങളോ ആശുപത്രികളോ മോട്ടോര്‍ സര്‍വീസോ തീവണ്ടി ഗതാഗതമോ റേഡിയോയോ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്ലേഗിനെ തടയാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ അറിയുമ്പോള്‍ അദ്ഭുതപ്പെട്ടുപോകും

കൊറോണയെപ്പോലെ, ചൈനയില്‍നിന്നും പൊട്ടിപ്പുറപ്പെട്ട് മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പലേടത്തും പടര്‍ന്നുപിടിച്ച 1897-ലെ പ്ലേഗ് എന്ന മഹാമാരി ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കിയ പ്രകമ്പനം കുറച്ചൊന്നുമായിരുന്നില്ല. മൂന്നു ദശാബ്ദംകൊണ്ട് ഇന്ത്യയിലെ ഒന്നേകാല്‍ കോടി മനുഷ്യരെയാണ് ഈ പകര്‍ച്ചവ്യാധി അപഹരിച്ചത്.

രോഗം തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. അതിന്റെ ഫലമായി പ്ലേഗ് നിവാരണത്തിന് നിയോഗിക്കപ്പെട്ട ഡബ്ല്യു.സി. റാന്‍ഡ് എന്ന സിവില്‍ സര്‍വീസുകാരനെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവെച്ചുകൊന്ന സംഭവം ബ്രിട്ടീഷ് സര്‍ക്കാരിനെ ഞെട്ടിച്ചു. അതോടെ അടിച്ചമര്‍ത്തല്‍ ശക്തമായി.

ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ ബാലഗംഗാധര തിലകന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. തിലകന്‍ തന്റെ കേസരി പത്രത്തിലെഴുതിയ ലേഖനം ജനങ്ങളെ ഇളക്കിവിടുന്നതാണെന്നാരോപിച്ച് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. പട്ടിണി, പകര്‍ച്ചവ്യാധി, മരണം, തിലകന്റെ അറസ്റ്റ് തുടങ്ങിയവ സൃഷ്ടിച്ച കലുഷിതമായ അന്തരീക്ഷത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതിമ്മൂന്നാം സമ്മേളനം അമരാവതിയിലാരംഭിച്ചത്. അതില്‍ അധ്യക്ഷത വഹിച്ച മലയാളിയായ സി. ശങ്കരന്‍നായര്‍ ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് പകര്‍ച്ചവ്യാധിയില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തെയും ബാലഗംഗാധര തിലകന്റെ അറസ്റ്റിനെയും നിശിതമായി വിമര്‍ശിച്ചു.

പ്ലേഗ് കേരളത്തില്‍ വന്നപ്പോള്‍

ഉത്തരേന്ത്യയില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച് പതിനായിരക്കണക്കിന് ആളുകള്‍ രോഗബാധിതരായ സമയത്ത് തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിങ്ങനെ വേര്‍തിരിഞ്ഞു കിടന്ന കേരളത്തെ അത് കാര്യമായി ബാധിച്ചില്ല. ഇന്നത്തെപ്പോലെ അത്യന്താധുനിക വാര്‍ത്താ വിനിമയങ്ങളോ ടെലിഫോണോ ആശുപത്രികളോ മോട്ടോര്‍ സര്‍വീസോ തീവണ്ടി ഗതാഗതമോ റേഡിയോയോ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്ലേഗിനെ തടയാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ അറിയുമ്പോള്‍ അദ്ഭുതപ്പെട്ടുപോകും. അന്ന് ആകെയുണ്ടായിരുന്ന ആധുനിക സംവിധാനങ്ങള്‍ ടെലിഗ്രാമും അഞ്ചല്‍ സര്‍വീസും ബ്രീട്ടീഷ് പോസ്റ്റല്‍ സര്‍വീസുംമാത്രമാണ്. അന്ന് മലബാറിലെ കളക്ടറെപ്പോലെ തിരുവിതാംകൂര്‍ ഡിവിഷനുകളിലെ മേധാവി പേഷ്‌കാര്‍മാരായിരുന്നു. അവരുടെ നേതൃത്വത്തില്‍ പരിമിതമായ സൗകര്യങ്ങളിലൂടെ ശക്തമായ പ്രതിരോധ മുന്‍കരുതലുകള്‍ക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഒരു പക്ഷേ, ഇന്ന് കൊറോണയെ തടയാന്‍ സ്വീകരിച്ചതിനെക്കാള്‍ എത്രയോ കാര്‍ക്കശ്യമായിരുന്നു അന്നത്തെ നടപടികള്‍.

അന്നത്തെ തയ്യാറെടുപ്പുകള്‍

ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഈ ചട്ടങ്ങള്‍ ചെണ്ടകൊട്ടിയും നോട്ടീസ് രൂപത്തിലും കവലകളിലും ആളുകള്‍ കൂടുന്ന ചന്ത ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും അറിയിച്ചിരുന്നു. 1897-ലെ 2-ാം വകുപ്പനുസരിച്ച് സംസ്ഥാനത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്ലേഗ് മഹാമാരി ഉണ്ടാകാതെ തടുക്കുന്നതിനു നിശ്ചയിച്ച ചട്ടങ്ങളില്‍ ഒന്നാംഭാഗത്ത് മഹാമാരി ഉണ്ടാകുന്നതിനു മുമ്പ് ചെയ്യേണ്ട ഏര്‍പ്പാടുകളും രണ്ടാം ഭാഗത്ത് മഹാമാരി വന്നുകഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങളുമാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ദിവാന്‍ മുതല്‍ താഴെത്തട്ടിലുള്ള പാര്‍വത്യകാര്‍(വില്ലേജ് ഓഫീസര്‍)വരെയുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഒത്തൊരുമിപ്പിച്ച സുശക്തമായ പ്രതിരോധ സംവിധാനമാണ് അന്ന് ഏര്‍പ്പെടുത്തിയിരുന്നത്. പോലീസ്, റവന്യൂ, അഞ്ചലാഫീസ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാട്ടില്‍ എവിടെയെങ്കിലും രോഗം ഉണ്ടെന്നറിഞ്ഞാല്‍ അഞ്ചലാഫീസുകാരാണ് അതിവേഗം തൊട്ടടുത്ത ബന്ധപ്പെട്ട കേന്ദ്രത്തില്‍ അറിയിക്കേണ്ടിയിരുന്നത്.

കര്‍ക്കശമായ നിയന്ത്രണങ്ങള്‍

ഡിവിഷനുകളിലെ പ്രധാന അതിര്‍ത്തികളിലും റോഡുകളിലും കായലുകളിലും തോടുകളിലും അതത് പേഷ്‌കാര്‍മാരുടെ നേതൃത്വത്തില്‍ രോഗികളെ കണ്ടുപിടിക്കാനും രോഗം വന്നവരെ ചികിത്സിക്കാനും ഇന്‍സ്‌പെക്ഷന്‍ സ്റ്റേഷനുകളും ഒബ്സര്‍വേഷന്‍ കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ ചട്ടങ്ങളില്‍ പറഞ്ഞിരുന്നു. ഒരു കേന്ദ്രത്തില്‍ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് പോകുന്നവര്‍ പകര്‍ച്ചവ്യാധിയുള്ള സ്ഥലത്തുനിന്നല്ല വരുന്നതെന്ന് ബന്ധപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു.

പരിശോധനകേന്ദ്രത്തില്‍ രോഗം കണ്ടെത്തിയാല്‍ അവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റും. അവരുടെ രോഗം ഭേദമായാല്‍ത്തന്നെ അവര്‍ക്കു പോകേണ്ട സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് റിപ്പോര്‍ട്ട് നല്‍കും. യാത്രക്കാര്‍ വരുന്ന സ്ഥലവും പോകേണ്ട സ്ഥലവും കൃത്യമായി ഇന്‍സ്‌പെക്ഷന്‍ കേന്ദ്രങ്ങളെ അറിയിക്കണം. ഓരോ ഡിവിഷണല്‍ പേഷ്‌കാര്‍മാരും അവരുടെ അതിര്‍ത്തിയിലെ രോഗബാധിതരെ കണ്ടെത്താനും രോഗികളെ ചികിത്സിക്കാനും സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. അക്കാലത്ത് മോട്ടോര്‍വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആംബുലന്‍സ് സ്റ്റാഫിലും ക്വാറന്റീന്‍ വിഭാഗത്തിലും ഏന്തൊക്കെ വേണമെന്ന് ചട്ടങ്ങളില്‍ വ്യക്തമാക്കിയിരുന്നു. മേലാപ്പുള്ള മഞ്ചല്‍ (ഇത് രോഗികളെ കിടത്തി ചുമന്നുകൊണ്ടുപോകാന്‍), ചുമട്ടുകാര്‍, മെഡിക്കല്‍ സ്റ്റോര്‍, സാംക്രമികരോഗം തടയാനുള്ള വസ്തുക്കള്‍, വസ്ത്രങ്ങള്‍, എന്നിവ പ്രധാന കേന്ദ്രങ്ങളിലുണ്ടായിരിക്കണം. ഇതുകൂടാതെ, നഴ്സുമാര്‍, വാര്‍ഡ് അറ്റന്‍ഡര്‍മാര്‍, സ്ത്രീ- പുരുഷ അറ്റന്‍ഡര്‍മാര്‍, ഡോളി ചുമട്ടുകാര്‍, സ്ത്രീ, പുരുഷ തോട്ടികള്‍, വെളുത്തേടന്മാര്‍, സാനിറ്ററി ഇന്‍സ്‌പെക്ടര്‍മാര്‍, കമ്പൗണ്ടര്‍മാര്‍ എന്നിവരേയും ആവശ്യത്തിന് ഒരുക്കിനിര്‍ത്തേണ്ടത് പേഷ്‌കാര്‍മാരുടെ ചുമതലയിലാണ്.

ഗ്രാമത്തിലോ പട്ടണത്തിലോ മഹാമാരി ബാധിച്ചാല്‍ അവിടെ രോഗബാധിത പ്രദേശമായി പ്രഖ്യാപിക്കാനും രോഗം ഇല്ലാത്തവരെ അവിടെനിന്ന് മാറ്റാനും ബന്ധപ്പെട്ടവര്‍ക്ക് അധികാരം ഉണ്ടായിരിക്കും. സംശയം ഉള്ള സ്ഥലങ്ങളില്‍നിന്നു വരുന്നവരെ തടഞ്ഞുനിര്‍ത്തി കാര്‍ബോളിക് ആസിഡ് ദ്രാവകം കലര്‍ത്തിയ വെള്ളത്തില്‍ കുളിപ്പിക്കാനും അവരുടെ സാധനങ്ങള്‍ നീരാവിയന്ത്രത്തില്‍ ചൂടുപിടിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ട്.

അതേപോലെ ദീനമുള്ള വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക്, രോഗിക്ക് കാറ്റും വെളിച്ചവും കിട്ടത്തക്കവണ്ണം വേണ്ടിവന്നാല്‍ വീട്ടില്‍ ചെറിയതോതില്‍ പണി നടത്താനും അധികാരം ഉണ്ട്. അത്തരം വീടുകളില്‍ കൂടുതല്‍ വെളിച്ചവും കാറ്റും കിട്ടാന്‍ നടപടി ആവശ്യമാണ്, രോഗികള്‍ തൊട്ട സാധനങ്ങള്‍, കിടക്കമുറിയിലെ ചപ്പുചവറുകള്‍ എന്നിവ മരുന്ന് തളിച്ചശേഷം ദൂരെ കൊണ്ടുപോയി കത്തിക്കേണ്ടതാണ്. നാട്ടിലുണ്ടാകുന്ന എല്ലാ മരണങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

മരിച്ച് രണ്ടുമണിക്കൂറിനകം ഈ സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷമേ മറവുചെയ്യാനോ, ദഹിപ്പിക്കാനോ പാടുള്ളു. അല്ലാതെവന്നാല്‍ മരിച്ച ആള്‍ക്ക് അസുഖം ഉണ്ടെന്ന് സംശയിച്ച് ശവസംസ്‌കാരത്തില്‍ പങ്കെടുത്തവരെയും മൃതദേഹത്തില്‍ സ്പര്‍ശിച്ചവരെയും അകറ്റിനിര്‍ത്തി പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും.

ഈ ചട്ടങ്ങള്‍ പാലിക്കാത്തവരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കുറ്റം ആരോപിച്ചാല്‍ ആറുമാസത്തെ തടവിനോ ആയിരം രൂപ പിഴയ്‌ക്കോ, അതല്ലെങ്കില്‍ രണ്ടുംകൂടിയോ വിധിക്കേണ്ടതാണെന്ന് ദിവാന്‍ കൃഷ്ണസ്വാമി അയ്യര്‍ പുറപ്പെടുവിച്ച ചട്ടങ്ങളുടെ അവസാനം പറഞ്ഞിട്ടുണ്ടായിരുന്നു.

Content Highlights: how Travancore tackled plague