അവസാനമൊരാള്‍ക്കു ജീവിതം 
തനതാമോര്‍മകള്‍ മാത്രമായിടാം.
മരണത്തില്‍ ഹിമപ്പരപ്പുപോല്‍
നിലകൊള്ളാം സ്മൃതിസാഗരം

         (ശമനം, ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ഫോട്ടോഗ്രാഫറും കലാകാരനും സാഹിത്യാസ്വാദകനുമായ അഷ്‌റഫ് മലയാളി കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് അന്തരിച്ചു. മലയാളത്തിന്റെ കാവ്യാന്തസ്സായ ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ അലകള്‍ സമര്‍പ്പിച്ചത് അഷ്‌റഫ് മലയാളിക്കായിരുന്നു. അലകളിലെ ഓരോ താളും കുറുങ്കവിതകളാണ്. കവിയുടെ മനസ്സില്‍ നാലോ അഞ്ചോ വരികളായി ഉരിത്തിരിഞ്ഞ വേദനയുടെയും വിരഹത്തിന്റെയും പ്രണയത്തിന്റെയും അസ്വസ്ഥതയുടെയും വാഗ്രൂപങ്ങള്‍.  ഈ ചെറുകവിതകളുടെയെല്ലാം ആദ്യവായനക്കാരന്‍ അഷ്‌റഫ് മലയാളിയായിരുന്നു. ചുള്ളിക്കാടിന്റെ കവിതകളെ തികച്ചും കലാപരമായ വായനയിലേക്ക് വഴിയൊഴിക്കിവിട്ടു അഷ്‌റഫ് മലയാളി. ഓരോ കവിതയും മനോഹരമായ പോസ്റ്റുകളാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. തന്റെ വായനയില്‍ത്തടയുന്ന ഓരോ വരിയും വാക്കും സമൂഹമാധ്യമസുഹൃത്തുക്കള്‍ക്കായി ദൃശ്യചാരുതയോടെ പങ്കുവെക്കുന്നത് അദ്ദേഹത്തിന്റെ ശീലമായി മാറി. സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയും സരിത മോഹനന്‍ ഭാമയുടെ പട്ടണം തിരുവടികളും ഇടശ്ശേരിക്കവിതകളുമെല്ലാം അഷ്‌റഫിന്റെ കലാവിരുതില്‍ കൂടുതല്‍ മനോഹരമായി. അവനവന്റെ സൃഷ്ടിയെ ആകാശത്തോളമുയര്‍ത്തുന്ന പ്രവണതയുടെ കൊടിയടയാളമായ സമൂഹമാധ്യമങ്ങളില്‍ താന്‍ വായിച്ച ഓരോ സൃഷ്ടിയെയും ആത്മാര്‍ഥമായി അടയാളപ്പെടുത്തുന്ന സാഹിത്യ പ്രവര്‍ത്തനത്തിന്റെ പേരായി മാറി അഷ്‌റഫ് മലയാളി എന്നത്. മലയാളത്തിന് പകരം വെക്കാനില്ലാത്ത കവി തന്റെ ഏറ്റവും പുതിയ സമാഹാരം ആ നിസ്വാര്‍ഥ വായനക്കാരന് സമര്‍പ്പിച്ചുകൊണ്ട് തന്റെ സ്‌നേഹമറിയിച്ചു. അഷ്റഫ് മലയാളി എന്ന വായനക്കാരന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു ആ കാവ്യസമര്‍പ്പണം.

Book Cover
പുസ്തകം വാങ്ങാം

ഒന്നു തിരിഞ്ഞു നീ നോക്കുമെന്നോര്‍ത്തന്നു
പിന്നാലെ വന്നു ഞാനന്തിപ്പടിവരെ.
ഇന്നു തിരിഞ്ഞു നീ നോക്കുമെന്നോര്‍ത്തു ഞാന്‍
വന്നു നില്‍ക്കുന്നൂ മരണത്തിനിക്കരെ.

                     (വ്യാമോഹം, ചുള്ളിക്കാട്)

ആ നിസ്വാർഥ സാഹിത്യപ്രവർത്തകന് ആദരാജ്ഞലികൾ.

Content Highlights: Homege to ashraf malayali artist and photographer