അന്തരിച്ച കഥാകൃത്ത് തോമസ് ജോസഫിന്റെ ആത്മമിത്രവും മാധ്യമപ്രവര്‍ത്തകനുമായ ഹസ്സന്‍ കോയ, തോമസ് ജോസഫിനെക്കുറിച്ച് സംസാരിക്കുന്നു.

ജീവിതത്തിന്റെ നിരര്‍ഥകത എന്താണെന്ന് വളരെ മുമ്പേതന്നെ മനസ്സിലാക്കിയ കഥാകൃത്താണ് തോമസ് ജോസഫ്. ആ നിരര്‍ഥകതയായിരുന്നു അദ്ദേഹത്തിനേറ്റ പ്രഹരവും. എഴുത്തും ജീവിതവും തമ്മിലുള്ള അകലം നിലനിര്‍ത്തുന്നതില്‍ തോമസ് പരാജയപ്പെട്ടുപോയി. ആ പരാജയബോധം ജീവിതത്തിലുനീളം അദ്ദേഹത്തെ വേട്ടയാടി. എഴുപതുകളില്‍ ആധുനികത കൊട്ടിഘോഷിച്ചുകൊണ്ട് എഴുത്തുകളത്തിലിറങ്ങിയവര്‍ ഫൈവ്സ്റ്റാര്‍ ജീവിതം നയിച്ചുകൊണ്ടായിരുന്നു ഭാംഗും ഹാഷിഷുമെല്ലാം എഴുത്തില്‍ നിരത്തിയത്. എന്നാല്‍ പരമ ദരിദ്രമായ ചുറ്റുപാടില്‍ നിന്നുകൊണ്ട് തോമാച്ചന്‍ നിരര്‍ഥകമായ ജീവിതത്തെ അനുഭവിച്ചെഴുതി. 

എഫ്.എ.സി.ടിയില്‍ ജോലിക്കയക്കാന്‍ തോമാച്ചന്റെ പിതാവ് ഏറെ ശ്രമിച്ചെങ്കിലും കുറച്ചുദിവസം കൊണ്ട് തിരികെ പോന്നു. പിന്നെ ഞാന്‍ ചന്ദ്രികയിലേക്ക് വന്നപ്പോള്‍ തോമാസ്സിനെ കൊണ്ടുവന്നു. കുറച്ചുകാലം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സര്‍ഗാത്മക ലോകത്ത് ജോലിചെയ്തു. പക്ഷേ ഞാനിറങ്ങിയപ്പോള്‍ പിന്നെ അവിടെ നിന്നില്ല. തോമാച്ചന് ഒരു പിന്തുണയില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ കുറച്ചുകാലം ജോലിചെയ്‌തെങ്കിലും ശരിയായില്ല. അവിടെ നിന്നും പോന്നു. കഥയെഴുത്തില്‍ മാത്രം ഇത്തരം സന്ധികള്‍ ചെയ്യില്ലായിരുന്നു. തോമാച്ചന്റെ ശൈലി വലിയ എഴുത്തുകാരില്‍വരെ അത്ഭുതമായിരുന്നു ഉളവാക്കിയിരുന്നത്. തോമസ് ജോസഫിനെപ്പോലെയൊന്നും എഴുതാന്‍ കഴിയില്ല എന്ന് സക്കറിയ പറഞ്ഞതിന് ഞാന്‍ സാക്ഷി. എഴുത്തുകാരുടെ എഴുത്തുകാരനായി തോമസ് വാഴ്ത്തപ്പെട്ടപ്പോള്‍ പൊതുവായനയിലേക്ക് എത്താതെപോയി എന്നതും ആദ്ദേഹത്തിന്റെ ദൗര്‍ഭാഗ്യമാണ്. ജനപ്രിയമായതൊന്നും എഴുതാത്തതിനാല്‍ ആ പേര് സാഹിത്യ ശ്രേഷ്ഠര്‍ക്കിടയില്‍ മാത്രം ഒതുങ്ങി. ശ്രേഷ്ഠരാവാന്‍ പരസ്പരം മത്സരിക്കുന്നവരാകട്ടെ ആ പേരിനെ അവഗണിക്കുകയും ചെയ്തു. തോമസിന്റെ മതപരമായ അവസാന ശുശ്രൂഷകള്‍ നടന്നുകൊണ്ടിരിക്കുന്നതും നോക്കി നില്‍ക്കുമ്പോള്‍ ഓര്‍മവന്നത് അവിശ്വാസിയായ, ദൈവനിഷേധിയായ തോമസിനെയാണ്. 

കുറച്ച് എഴുത്തുകാരുമായിട്ട് മാത്രമേ തോമസ് സൗഹൃദം പുലര്‍ത്തിയിരുന്നുള്ളൂ. സക്കറിയ, പി.എഫ് മാത്യൂസ് തുടങ്ങിയവരൊക്കെയേ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിന്റെയും എഴുത്തിന്റെയും പ്രായോഗികവശങ്ങള്‍, സെല്‍ഫ് മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഇവയൊന്നും തോമസ്സിനറിയില്ലായിരുന്നു. ചോദ്യവും ഉത്തരവും എഴുത്തുകാര്‍ തന്നെയെഴുതി മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചായിരുന്നു അക്കാലത്തെ 'തള്ളല്‍പ്രസ്ഥാനം' നിലകൊണ്ടിരുന്നത്. ഇന്ന് അതും വേണ്ട. കഥയെഴുതിയിട്ടുണ്ട് എന്നുപറഞ്ഞ് ഫേസ്ബുക്കിലിട്ടാല്‍ മതി. ഈ മരണം അവന് ആശ്വാസമാണ്. വയറ്റിലൂടെയും വായിലൂടെയും ട്യൂബുകളിട്ട്, ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ ജീവന്‍ കിടക്കാന്‍ എത്തിച്ചുകൊണ്ട് മൂന്നു വര്‍ഷമായി കഷ്ടപ്പെടുന്നു. മെലിഞ്ഞുണങ്ങി തിരിച്ചറിയാന്‍ പോലും പറ്റാതെ...തോമാച്ചന്‍ നിരര്‍ഥകമായി കണ്ട ജീവിതത്തിന് ഇങ്ങനെയും ഒരവസാനം. തോമസ്സിന്റെ വീട് കടത്തിലാണ്. മകന് ചെറിയൊരു ജോലിയുണ്ട്. അതാണ് ഏക വരുമാനം. വലിയ അഭിമാനിയായിരുന്നു തോമസ്. ആരോടും സഹായം ചോദിക്കില്ല, പൈസ വാങ്ങില്ല. സമ്പന്നരായ സുഹൃത്തുക്കള്‍ പക്ഷേ തോമസ്സിനെ കാണുമ്പോള്‍ ഒഴിഞ്ഞുനടന്നിരുന്ന തമാശയും അദ്ദേഹം പറയുമായിരുന്നു. ഇടയ്ക്ക് മദ്യപിക്കുമ്പോള്‍ പാടും ''ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തില്‍''. പാട്ടുപാടാന്‍ ഇഷ്ടമായിരുന്നു.

Hassan Koya
ഹസ്സന്‍ കോയ

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തോമാച്ചന്‍ ഒരു കഥയെഴുതി; 'വേദന.' 'മഴപ്പാറ്റകള്‍ ഹര്‍ഷാരവത്തോടെ മണ്ണിലേക്ക് പാറിവീണു' എന്ന് തോമാച്ചന്‍ എഴുതുമ്പോള്‍ പ്രായം പതിമൂന്നായിട്ടില്ല. വളരെ ഷാര്‍പ്പായ എഴുത്ത്. അതികഠിനമായ വേദനയില്‍ മുക്കിയ എഴുത്ത്. ഞാനും തോമാച്ചനും ഒരേ സ്‌കൂളിലാണ് പഠിച്ചത്. എന്റെ രണ്ട് വര്‍ഷം സീനിയറാണ് അദ്ദേഹം. എഴുത്തിന്റെ കഠിനപരീക്ഷണങ്ങളെ തപം ചെയ്ത് മിനുക്കിയെടുത്തയാളാണ്‌. പക്ഷേ ആ കഥകള്‍ ആളുകള്‍ വേണ്ടവിധം മനസ്സിലാക്കിയില്ല എന്ന സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു. സാഹിത്യ അക്കാദമി പോലും വൈകിയാണ് പരിഗണിച്ചത്. ആഴത്തിലുള്ള വായനയറിയുന്നവര്‍ തോമസ് ജോസഫിനെ അറിഞ്ഞില്ല, അറിഞ്ഞതായി ഭാവിച്ചില്ല. വലിയ എഴുത്തുകാരെ സ്തുതിക്കുമ്പോള്‍ സ്തുതിപാഠകര്‍ക്കും എന്തെങ്കിലും ഗുണം കിട്ടണം എന്നതാണ് ഇതിന്റെയൊക്കെ ഒരു രീതി. തോമസ്സിനെക്കൊണ്ട് അങ്ങനെ ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ല. അന്‍വര്‍ അലിയും ജോര്‍ജ് ജോസഫും വേണു വി ദേശവും പോലുള്ള ആളുകള്‍ പക്ഷേ തോമസിന് ആശ്വാസമായിരുന്നു. വായനക്കാര്‍ക്കുവേണ്ടി എഴുതാതെ തനിക്കുവേണ്ടി എഴുതുന്ന കഥാകൃത്തുക്കളില്‍ ഒന്നാമനാണ് തോമസ് ജോസഫ്. ''അവനവനെ തലയില്‍ ചുമന്നുനടക്കുന്ന കലയില്‍ എനിക്ക് വൈദഗ്ധ്യമില്ലാതെ പോയി'' എന്ന് ഒരു സ്വീകരണച്ചടങ്ങില്‍ തോമസ് പ്രസംഗിച്ചു. 

കുടുംബത്തെ ശ്രദ്ധിക്കാന്‍ പറ്റിയില്ല എന്ന കുറ്റബോധം വല്ലാതെ അലട്ടിയിരുന്നു. സ്വകാര്യ സംഭാഷണങ്ങളില്‍ പലപ്പോഴും ആ നിരാശ തോമസ് പ്രകടിപ്പിച്ചിരുന്നു. എഴുപത്തിയൊന്നു മുതല്‍ എന്റെ കൂടെയും ഞാന്‍ കൂടെയും നടന്നു. ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ തോമസ് പത്താം ക്ലാസിലും ഞാന്‍ എട്ടിലുമാണ്. അരനൂറ്റാണ്ടുകാലം കൂടെ നടന്നു. സമൂഹത്തിന് പലപ്പോഴും ധാരണകള്‍ ഇല്ലാതാവുന്നു; ആരെയാണ് കൊണ്ടാടേണ്ടത്, ആരെപ്പറ്റിയാണ് സംവദിക്കേണ്ടത്. എല്ലാം ഓരോ ഓളങ്ങളാണ്. തോമസ്സിന്റെ കാലത്ത് സോഷ്യല്‍ മീഡിയ ഇല്ലാതെപോയി എന്നൊന്നും പരിഭവിച്ചിട്ടുകാര്യമില്ല, അതൊക്കെ ഉണ്ടായാലും അദ്ദേഹം ഇങ്ങനെത്തന്നെയേ തുടരൂ. അവനവനെ ചുമലിലേറ്റാന്‍ മറന്നുപോയവനേ നിനക്കു വിട...

Content Highlights : Homage to Writer Thomas Joseph by Hassan Koya