ആലുവ: വ്യത്യസ്തമായി കഥകളെഴുതിയാണ് തോമസ് ജോസഫ് ശ്രദ്ധേയനായത്. പതിവ് രീതികളെയും സങ്കല്പങ്ങളെയും തകര്‍ത്തെറിയുന്ന കഥകളാണ് അദ്ദേഹം എഴുതിയവയിലേറെയും. എഴുത്തിന്റെ ഭ്രമലോകത്തുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. വെളിപാടുപോലെയാണ് അദ്ദേഹം എഴുതിയിരുന്നത്. ഏലൂരിലെ വീട്ടിലിരുന്ന് പെട്ടെന്ന് എഴുതിയ കഥയാണ് 'ചിത്രശലഭങ്ങളുടെ കപ്പല്‍'. എഴുത്തിനെയും ജീവിതത്തെയും രണ്ടായി കാണാന്‍ തോമസ് ജോസഫിനായില്ല.

'അത്ഭുതസമസ്യ' എന്ന കഥയിലെ കഥാപാത്രത്തെപ്പോലെ ഏലൂരിലും പരിസരത്തും അദ്ദേഹം അലഞ്ഞുനടന്ന കാലമുണ്ടായിരുന്നു.

ഫാക്ട് സ്‌കൂളില്‍ അഞ്ചില്‍ പഠിക്കുമ്പോള്‍ത്തന്നെ കഥകള്‍ എഴുതിത്തുടങ്ങി. ടി. പദ്മനാഭന്‍, തകഴി, ബഷീര്‍, ഉറൂബ് എന്നിവരുടെ രചനകള്‍ അദ്ദേഹത്തിലെ സാഹിത്യകാരനെ പരുവപ്പെടുത്തി. സക്കറിയയയുടെ കഥകള്‍ തോമസ് ജോസഫിന് വഴികാട്ടിയായി.

80-കളുടെ തുടക്കത്തില്‍ നരേന്ദ്ര പ്രസാദിന്റെയും വി.പി. ശിവകുമാറിന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്നിറങ്ങിയ സാകേതം മാസികയില്‍ 'അത്ഭുതസമസ്യ' പ്രസിദ്ധീകരിച്ചതോടെ മലയാളത്തില്‍ ശ്രദ്ധേയനായി. 1984 മുതല്‍ മാതൃഭൂമി ആഴ്ചപതിപ്പിലും കലാകൗമുദിയിലും നിരന്തരം കഥകള്‍ എഴുതി. ചിത്രശലഭങ്ങളുടെ കപ്പല്‍, പശുവുമായി നടക്കുന്ന ഒരാള്‍, ഒരു തീവണ്ടിയുടെ ഏകാന്തത അളക്കാന്‍ ആര്‍ക്ക് കഴിയും എന്നീ കഥകള്‍ സക്കറിയയും എ.ജെ. തോമസും ചേര്‍ന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു. സാത്താന്‍ ബ്രഷ് എന്ന കഥ ജര്‍മന്‍ ഭാഷയിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

ചികിത്സാ ചെലവിനായി സ്വന്തം നോവലും

 മൂന്നു വര്‍ഷം മുന്‍പ് പക്ഷാഘാതം വന്നതോടെ തോമസ് ജോസഫും കുടുംബവും ഞെരുക്കത്തിലായി. ഭാര്യ റോസിലി കീഴ്മാട് ഐ.എസ്.ആര്‍.ഒ.യിലെ കാന്റീന്‍ ജീവനക്കാരിയായിരുന്നു. ലക്ഷക്കണക്കിനു രൂപ ചികിത്സയ്ക്ക് ചെലവായി. ഇതിനിടെ വീട് പണയപ്പെടുത്തിയെടുത്ത ബാങ്ക് വായ്പ ജപ്തിയിലെത്തി. ഭര്‍ത്താവിന് കൂട്ടിരിക്കേണ്ടി വന്നതോടെ റോസിലിയുടെ ചെറിയ ജോലിയും നഷ്ടമായി. നടനായ മകന്‍ ജെസ്സെ നാടക, ചലച്ചിത്ര പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി കുടുംബം പുലര്‍ത്താന്‍ കാര്‍ ഷോറൂമില്‍ ജോലിക്ക് കയറി.

ചികിത്സാ ചെലവ് കണ്ടെത്താനായി തോമസ് ജോസഫിന്റെ തന്നെ 'അമ്മയുടെ ഉദരം അടച്ച്' എന്ന നോവല്‍ 2019 സെപ്റ്റംബറില്‍ കൂട്ടുകാര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. നാലു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയ നോവലാണിത്. പുസ്തക വില്പനയിലൂടെ ലഭിച്ച തുകയും ചികിത്സയ്ക്കായി ചെലവിട്ടു. സുഹൃത്തുക്കള്‍ ക്രൗഡ് ഫണ്ടിങ് വഴിയും ചികിത്സയ്ക്ക് പണം കണ്ടെത്തി. സര്‍ക്കാരും സഹായം ചെയ്തിരുന്നു.

Content Highlights : Homage to  Writer Thomas Joseph