ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ വ്യക്തിത്വവും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന കമലാഭാസിന്റെ വിയോഗത്തില്‍ അനുശോചനമര്‍പ്പിച്ചുകൊണ്ട് ഡോ. ശോഭ പി.വി എഴുതുന്നു.
 
സ്ത്രീവാദം എന്നാല്‍, തന്നെ സംബന്ധിച്ചിടത്തോളം, ജീവിതത്തില്‍ താന്‍ ഇടപെടുന്ന ജീവിതമണ്ഡലങ്ങളിലെ എല്ലാ മനുഷ്യജീവികളെയും തുടര്‍ച്ചയായി പഠിക്കലും അവരെയെല്ലാം ആഴത്തില്‍ കേള്‍ക്കലുമാണെന്നു ഉറച്ചുവിശ്വസിക്കുകയും, ഓരോ മനുഷ്യജീവിയെയും അതാതിടങ്ങളിലെ പ്രത്യേകതകളോടെ സ്‌നേഹിക്കുകയും അവരുടെ കൂടെയുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്ത ശക്തയായ കമലാ ഭാസിന്‍ ഇനി ഓര്‍മകളില്‍.
 
വ്യത്യസ്തങ്ങളായ-ജാതി/ ദുര്‍ബല/ ലിംഗ/വര്‍ഗ/ വര്‍ണ്ണ-വിഭാഗങ്ങളില്‍ ജനിച്ചു ജീവിച്ചു പോരുന്നവര്‍ ആകുമ്പോഴും തമ്മില്‍ തിരിച്ചറിയാനും  മനസ്സിലാക്കുവാനും, കരുതലോടെ സംവദിക്കാനുമാകുമെന്ന രാഷ്ട്രീയബോധം ഇടപെടുന്നവരില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച ജീവിതം. അവരെ ഒരിക്കലെങ്കിലും  കാണാനോ അടുത്തിടപഴകാനോ സാധിച്ച ഏതൊരാള്‍ക്കും മറക്കാവതല്ല അവരുടെ ശബ്ദം, ഒന്നിച്ചു വിളിച്ച മുദ്രാവാക്യങ്ങള്‍, കവിതകള്‍ , ആവര്‍ത്തിച്ചാലപിച്ച സ്വാതന്ത്ര്യപ്പാട്ടുകള്‍. ഏതൊരു കൂട്ടത്തില്‍ ആയാലും ആ ശബ്ദം നേതൃത്വമായി മാറുന്നത് നിമിഷങ്ങള്‍ക്കുള്ളിലാകും എന്നത് കാണികളില്‍ ഏറെ കൗതുകമുണ്ടാക്കും. 2020 -ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന IAWS ദേശീയ സമ്മേളനത്തില്‍, പ്രായ/ദേശഭേദമെന്യേ ഏല്ലാവര്‍ക്കും സന്തോഷവും സ്‌നേഹവും പ്രസരിപ്പിച്ച്, തന്റെ എഴുപത്തിഅഞ്ചാം വയസ്സിലും, വളരെ ചുറുചുറുക്കോടെ ഓടി നടന്ന് എല്ലാ കാര്യങ്ങളിലും നേതൃത്വമായി മാറുന്ന കമലാ ഭാസിന്‍  ആണ് പെട്ടെന്ന് മനസ്സില്‍ വരുന്ന അവരെക്കുറിച്ചുള്ള ദൃശ്യം. തീര്‍ച്ചയായും, സ്‌നേഹത്തിന്റെയും സൗഹൃദങ്ങളുടെയും സാഹോദര്യത്തിന്റെയും അത്തരം 'പൊട്ടിപ്പുറപ്പെടലുകള്‍' കൂടി ഉള്‍ക്കൊള്ളുന്നതാണ് ഔദ്യോഗികതകള്‍ക്കുമിപ്പുറത്ത് ഏതൊരു പ്രസ്ഥാനത്തിന്റെയും സമ്മേളനങ്ങള്‍/കൂടിച്ചേരലുകള്‍. 
 
ചെറുതോ വലുതോ ആയ കൂട്ടങ്ങളില്‍ കൂട്ടുകാരോടൊപ്പം സ്ത്രീരാഷ്ട്രീയം പാടുകയും പറയുകയും ചെയ്ത കമലാ ഭാസിന്‍. കഴിഞ്ഞ  അമ്പതു വര്‍ഷത്തിലധികമായി തെക്കനേഷ്യന്‍ സ്ത്രീവാദ പ്രസ്ഥാനങ്ങളുടെ അമരത്ത് ഇന്ത്യന്‍ സ്ത്രീവാദത്തിന്റെയും സ്ത്രീ അവകാശങ്ങളുടെയും കരുത്തുറ്റ ശബ്ദമായിരുന്നു കമലാ ഭാസിന്‍. ആണ്‍കോയ്മയ്‌ക്കെതിരെ പൊരുതി,  ലിംഗഭേദത്തെയും സ്ത്രീ/ മനുഷ്യാവകാശങ്ങളെയും കുറിച്ച് എഴുതി  സ്ത്രീവാദരാഷ്ട്രീയം  പ്രചരിപ്പിക്കുകയും, സ്ത്രീവാദപഠനക്ലാസുകള്‍ എടുക്കുകയും ചെയ്ത് ജീവിതാവസാനം വരെ സജീവമായിരുന്നു  അവര്‍.  അവിഭക്ത ഇന്ത്യയിലെ പടിഞ്ഞാറന്‍ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ചു വളര്‍ന്ന അവര്‍, അക്കാലത്ത് (ഇക്കാലത്തും തുടരുന്ന!) പെണ്‍കുട്ടികള്‍ നേരിടേണ്ടി വന്ന വിധേയത്വജീവിതത്തെ ചെറുപ്പം മുതലേ  വെല്ലുവിളിച്ചും പ്രക്ഷോഭത്തിലേര്‍പ്പെട്ടും തന്നെയാണ്  ആണ്‍കോയ്മയെ സ്വജീവിതം കൊണ്ട് നേരിട്ടത് . വളരെ സ്വാഭാവികമായിട്ടെന്ന മട്ടില്‍ പെണ്‍കുഞ്ഞുങ്ങളില്‍ ചാര്‍ത്തപ്പെടുന്ന ആടയാഭരണങ്ങള്‍ അവരെ എത്രമാത്രം ആണ്‍കോയ്മക്കടിമപ്പെടുത്തുന്നു എന്ന് അവരവരുടെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നുതിരിച്ചറിയുകയും അത്തരം ഏത് സാഹചര്യങ്ങളെയും എതിര്‍ക്കുകയും തന്റെ ജീവിതത്തില്‍ അവയൊന്നും സ്വീകരിക്കുകയോ ചെയ്യുകയോ പറ്റില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു കമലാ ഭാസിന്‍.
 
ഡല്‍ഹി കേന്ദ്രമാക്കിയുള്ള Sangat-A Feminist Network എന്ന കൂട്ടായ്മയുടെ സ്ത്രീവാദ/സര്‍ഗാത്മക ഇടപെടലുകളില്‍ സജീവനേതൃത്വമായിരുന്നു അവര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം, ഡോക്ടര്‍ ആയ അച്ഛന്റെയും അമ്മയുടെയും കൂടെ രാജസ്ഥാനില്‍ താമസമാക്കിയതോടെ പരമ്പരാഗത ജീവിതശൈലികളില്‍ നിന്ന് വിടുതല്‍ നേടാനുള്ള അവസരം ലഭിച്ചത് സ്വാതന്ത്ര്യബോധത്തോടെ സ്വജീവിതം നയിക്കാനുള്ള വഴിത്തിരിവായി മാറി. ജീവിതസാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന അനീതികളെ നിര്‍ഭയം എതിര്‍ക്കാന്‍ എതിരിടാനുള്ള ശക്തി ആര്‍ജിക്കാന്‍ ഇത് സഹായകമായി. കായികരംഗത്തും  പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സജീവമാകുമ്പോളും മാസ്റ്റേഴ്സ് ഡിഗ്രി നേടി. ഫെലോഷിപ്പ് കിട്ടി ജര്‍മനിയില്‍ പോയി സോഷ്യോളജിയില്‍ ഉപരിപഠനം നടത്തി തിരിച്ചെത്തിയ അവര്‍ 1972-ല്‍ ഉദയ്പൂരിലെ  സേവാമന്ദിര്‍ എന്ന NGO യില്‍ പ്രവര്‍ത്തിച്ചു തുടങ്ങി . ജലദൗര്‍ലഭ്യം ദാരിദ്ര്യനിര്‍മാര്‍ജനം എന്നീ മേഖലകളില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അക്കാലത്ത് സേവാമന്ദിര്‍ നടത്തിയിരുന്നത്. ഗ്രാമവാസികളായ സ്ത്രീകളോടൊപ്പം ദാരിദ്ര്യനിര്‍മാര്‍ജനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക വഴി അവരുടെ ജീവിതങ്ങളെ അടുത്തറിയാനാവുകയും അവര്‍ അനുഭവിക്കുന്ന ജാതി/ലിംഗ വിവേചനങ്ങള്‍ മനസ്സിലാക്കാനാവുകയും ചെയ്തു. ദളിതരിലും ദളിതരാണ് സ്ത്രീകള്‍ എന്നറിയാന്‍ സാധിച്ച അക്കാലത്താണ് അവര്‍ ഒരു സ്ത്രീവാദിയായി മാറുന്നത്. 1975-ല്‍ ബാങ്കോക്കില്‍ വിശപ്പ്/ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഒരു യു.എന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നാലു വര്‍ഷത്തിന് ശേഷം സ്ഥലമാറ്റം വഴി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.  ആണ്‍കോയ്മയെയും ലിംഗഭേദത്തെയും കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. Borders & Boundaries: Women in Indian Partition, What is patriarchy, Understanding Gender എന്നീ പുസ്തകങ്ങള്‍ എഴുതി. One Billion Rising എന്ന സൗത്ത് ഏഷ്യന്‍ മൂവ്‌മെന്റിന്റെ കോര്‍ഡിനേറ്റര്‍ ആയിരുന്നു. ആണ്‍കോയ്മ പുരുഷന്മാരെ 'മനുഷ്യര്‍' അല്ലാതായി മാറ്റുന്നു എന്നും അതിക്രമങ്ങള്‍ ചെയ്യുന്നവരെ സമൂഹമധ്യത്തില്‍ തുറന്നുകാട്ടണമെന്നും അവര്‍ വാദിക്കുന്നു. സ്ത്രീശക്തി പ്രാപ്തിക്കായി പ്രവര്‍ത്തിക്കുന്ന ഒരു സിവില്‍ സൊസൈറ്റി പ്രസ്ഥാനമായ ജഗോരിയുടെ സ്ഥാപകാംഗം ആയിരുന്നു ഭാസിന്‍.
 
ആണ്‍കോയ്മയും മുതലാളിത്തവും കൂടിച്ചേരുക വഴി ഇന്ത്യ പോലുള്ള ആഗോളീകൃത സാമൂഹികതകളില്‍ മനുഷ്യജീവിതം ദുസ്സഹമായിട്ടുണ്ടെന്ന് അവര്‍ നിരീക്ഷിക്കുന്നു. വിശപ്പും ദാരിദ്ര്യവുമില്ലാത്ത ജീവിതം മനുഷ്യാവകാശമാണെന്നും കൃഷി, വിദ്യാഭ്യാസം, വികസനം എന്നീ മേഖലകളില്‍ ഊന്നിക്കൊണ്ട് ഭൂമിയും പ്രകൃതിയുമായി ഇണങ്ങിക്കൊണ്ടുള്ള സുസ്ഥിരവികസനസങ്കല്പങ്ങള്‍ അനുസരിച്ചുള്ള  പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കണമെന്നും അവര്‍ വാദിച്ചു.  ലിംഗനീതി, ലിംഗസമത്വം, വിദ്യാഭ്യാസം, വികസനം,  പ്രകൃതി, ഭൂമി, ജലം, തുടങ്ങി മനുഷ്യജീവിതം സാര്‍ഥകമാക്കുന്ന എന്തും അവരുടെ ചിന്തകളുടെ/ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുവെന്നും അനീതികളെയും വര്‍ത്തമാനകാലത്തെ ആണ്‍/ മേല്‍ക്കോയ്മാ അസമത്വങ്ങളെയും അതിക്രമങ്ങളെയും പ്രതിരോധിക്കാന്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ശക്തരായ മനുഷ്യര്‍ (ലിംഗഭേദമെന്യേ) ഉള്ളടങ്ങുന്ന Cmmunity of Rsistance ഉണ്ടാ(ക്കേ)തിന്റെ ആവശ്യകതയിലൂന്നിയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു അവര്‍ അവസാനനിമിഷം വരെ.
 
1946 ഏപ്രില്‍ 26-ന് പഞ്ചാബിലാണ് (Mandi Bahauddin,  ബ്രിട്ടീഷ് ഇന്ത്യ) അവര്‍ ജനിച്ചത് . ഇന്ത്യാ- പാക്ക് വിഭജനത്തിനു ശേഷം കുടുംബം രാജസ്ഥാനില്‍ താമസമാക്കി. 1972- മുതല്‍ ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ സ്ത്രീപ്രസ്ഥാനങ്ങളുടെ ബഹുമുഖപ്രവര്‍ത്തനങ്ങളില്‍ പാടിയും പറഞ്ഞും പ്രസംഗിച്ചും പഠിപ്പിച്ചും സജീവമായിരുന്നു. 1979  മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് . 2002-ല്‍ യു.എന്‍ ജോലി രാജി വെച്ച് 'സംഗത്' എന്ന സ്ത്രീവാദ പ്രസ്ഥാനത്തിന്റെ ഫൗണ്ടര്‍ മെമ്പറും ഉപദേഷ്ടാവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ രോഗം ബാധിച്ചതായി അവര്‍ തന്നെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്‌നേഹം, സന്തോഷം, സാഹോദര്യം, സുതാര്യത, സത്യസന്ധത തുടങ്ങി മനുഷ്യജീവികളെ/ ജീവിതങ്ങളെ സര്‍ഗാത്മകമാക്കാന്‍ അത്യാവശ്യമുള്ള എല്ലാ മാനുഷിക ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിത്വം/ നേതൃത്വം. പ്രവര്‍ത്തനങ്ങളിലേക്ക്  വിവര്‍ത്തിക്കാന്‍ സാധിക്കുന്ന സ്ത്രീവാദ സിദ്ധാന്തീകരണത്തിലായിരുന്നു അവര്‍ എന്നും ശ്രദ്ധിച്ചത്. ലിംഗഭേദം, വിദ്യാഭ്യാസം, മനുഷ്യവികസനം എന്നീ മേഖലകല്‍ കേന്ദ്രീകരിച്ചുള്ള പടനാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ചിന്ത-വാക്ക്-പ്രവര്‍ത്തി തമ്മില്‍ അകലം പാടില്ലെന്ന സത്യസന്ധമായ ജാഗ്രതയും അവര്‍ സാമൂഹിക ജീവിതത്തില്‍ പുലര്‍ത്തി. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, 75 വയസ്സ് തികഞ്ഞ മറ്റു മേഖലകളില്‍ പ്രവര്‍ത്തിച്ച വിശിഷ്ട വ്യക്തിത്വങ്ങളോടൊപ്പം, ലിംഗസമത്വത്തിനും സ്ത്രീ അവകാശങ്ങള്‍ക്കും വേണ്ടി ആജീവനാന്തം പ്രവര്‍ത്തിച്ചതിന്റെ വെളിച്ചത്തില്‍ 2021 മാര്‍ച്ചില്‍ ദല്‍ഹി സംസ്ഥാന ഗവണ്മെന്റ് കമല ഭാസിനെ ആദരിക്കുകയുണ്ടായി.
Kamala Bhasin and Friends
കമലാഭാസിന്‍, ഷൈലാ ദീദി, ദൈലാഫ്രോസ് ക്വാസി എന്നിവര്‍ ആസാദി ഗാനം ആലപിക്കുന്നു
 
കമലാ ഭാസിന്റെ ആസാദിപ്പാട്ട് : 2016-ലെ ജെ.എന്‍.യു സമരകാലത്ത് വിവേചനം, മനുവാദം, ബ്രാഹ്മണിസം,ദാരിദ്ര്യം എന്നിവയില്‍നിന്ന് സ്വാതന്ത്ര്യം എന്ന കനയ്യകുമാറിന്റെ ഉറച്ച ശബ്ദത്തില്‍ കൊട്ടിപ്പാടിക്കൊണ്ടാണ് പഠിതാക്കളുടെയും യുവാക്കളുടെയും ശ്രദ്ധയാകര്‍ഷിച്ചതെങ്കിലും ആസാദിപ്പാട്ട് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ പാടി പ്രചരിക്കുന്നത് ആണ്‌കോയ്മയ്‌ക്കെതിരെ കമലാ ഭാസിന്റെ ശബ്ദത്തിലൂടെയാണ്. കമലയുടെ അഭിപ്രായത്തില്‍ ആസാദിപ്പാട്ടിന്റെ ആവിര്‍ഭാവം പാക്കിസ്ഥാനില്‍ നിന്നാണ്. ഒരിക്കല്‍  പാക്കിസ്ഥാനില്‍ വെച്ച് നടന്ന സ്ത്രീകളുടെ സമ്മേളനത്തില്‍ അന്നത്തെ ഭരണത്തലവന്‍ സിയാ ഉള്‍ ഹക്കിനെതിരെ പാക്കിസ്ഥാനിലെ സ്ത്രീകള്‍ പാടിയ ആസാദിപ്പാട്ടിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്  ഇന്ത്യന്‍ സാഹചര്യത്തില്‍  IMPROVISATION  നടത്തി ഇവിടത്തെ ആണ്‌കോയ്മക്കെതിരായ ആസാദിപ്പാട്ടായി പാടി പ്രചരിപ്പിച്ചത് കമലാ ഭാസിന്‍ ആയിരുന്നു. കമല പുതുക്കിപ്പാടിയ ആസാദിപ്പാട്ടില്‍ സ്ത്രീകള്‍ മാത്രമല്ല ദളിതരും ആദിവാസികളും  അടങ്ങുന്ന എല്ലാ പ്രതികൂലസ്തരും ഉള്‍പ്പെടുന്നതാണ്. 1991- ല്‍ കല്‍ക്കട്ടയിലെ ജാദവ്പുര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന Women's Studies Conference -ല്‍ കൊട്ടുപകരണവും കൊട്ടി ആസാദിപ്പാട്ട് പാടിക്കൊണ്ട് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു കമല ഭാസിന്‍. 2020 ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന IAWS ദേശീയ സമ്മേളനത്തില്‍ തെല്ലും ശക്തിചോരാതെ ആസാദിപ്പാട്ട് പാടി കൊച്ചുകൊച്ചു ഗ്രൂപ്പുകളെ സ്വാതന്ത്ര്യത്തിലേക്ക് കമലാ ഭാസിന്‍ ഉത്തേജിപ്പിക്കുമ്പോള്‍ ഏറ്റുപാടാതെ വയ്യാ കൂടെയുള്ളവര്‍ക്ക്. അതാണ് അവരുടെ നേതൃത്വപാടവം-എഴുപത്തിയഞ്ചാം വയസ്സിലും ശക്തവും സജീവവുമായ ശബ്ദം!
 
Azadi...Azadi...
From Patriarchy-Azadi
From Hierarchy-Azadi
From endless violence-Azadi
From helpless silence-Azadi
For Self-expression-Azadi
For Celebration-Azadi....Azadi..Azadi... ഈ പാട്ടില്‍ സന്ദര്‍ഭോചിതമായി ഏത് വാക്കും കൂട്ടിച്ചേര്‍ക്കും അവര്‍. എന്തില്‍  നിന്നെല്ലാം സ്വാതന്ത്ര്യം വേണോ അവയെ സൂചിപ്പിക്കുന്ന ഏത് വാക്കായാലും!
കമലയുടെ ആസാദിപ്പാട്ട് ആണ്‍കോയ്മക്കെതിരായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഇനി വരുന്നവര്‍ ഏറ്റെടുക്കുക തന്നെ ചെയ്യും. ഇടപെടലുകളിലെ  സ്‌നേഹം, കരുതല്‍, സന്തോഷം, സംഗീതം, ചിരി, സുതാര്യത, സത്യസന്ധത-കമലാഭാസിന്‍ -Yes, Kamala Bhasin Rests in Power .
 
Content Highlights: Homage to Kamala Bhasin written by Dr Sobha P V