ലക്ഷദ്വീപ്. അറബിക്കടലില്‍ കേരളത്തിനു സമാന്തരമായി ചിതറിക്കിടക്കുന്ന ഈ ദ്വീപസമൂഹത്തിനു ചെറുതല്ലാത്ത ചരിത്രമുണ്ട്, കേരളവുമായി അഭേദ്യമായ ബന്ധവുമുണ്ട്. ദ്വീപുകളുടെ പ്രകൃതിയും ചരിത്രവും ഹൃദയവും അറിയാതെ, ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ മാറ്റങ്ങളെ പുല്‍കുന്ന പുതിയ ഭരണരീതി മുറിവേല്‍പ്പിക്കുന്നതാണ്. മുറിവുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. മായ്ക്കാന്‍ വിഷമവും. കലുഷിതമായ പശ്ചാത്തലത്തില്‍ ദ്വീപിനെക്കുറിച്ച് ആഴത്തിലുള്ള ഒരു വായന

ന്ത്യയെ കോളനിയാക്കാന്‍ പോര്‍ച്ചുഗീസുകാര്‍, അഥവാ പറങ്കികള്‍ അറബിക്കടലിനെ ഒരുകാലത്ത് ചോരക്കടലാക്കിയത് ലക്ഷദ്വീപിനെച്ചൊല്ലിയാണ്. ദ്വീപിന്റെ ഭരണം കൈയാളിയ മമ്മാലിക്കിടാവുകള്‍ അഥവാ അറയ്ക്കല്‍ ആലിരാജാക്കന്മാരുടെ ആഴിയിലെ ആധിപത്യം തകര്‍ക്കാന്‍ ചരിത്രത്തിലെ ഏറ്റവും കൊടിയ ക്രൂരതകള്‍ കാട്ടുകയായിരുന്നു.

സംഘകാലത്തിലെയെന്നപോലെ കൂട്ടായ്മജീവിതം നയിക്കുന്ന സമാധാനപ്രിയരായ ജനത. കേരളത്തിലേതിനെക്കാള്‍ മെച്ചപ്പെട്ട ഭൂപരിഷ്‌കരണമാണവിടെ നടപ്പാക്കിയതെന്ന് ഔദ്യോഗികമായിത്തന്നെ അവകാശവാദമുള്ളതാണ്. ഇപ്പോള്‍ ഭൂനിയമത്തില്‍ മാറ്റംവരുത്തുന്നതുള്‍പ്പെടെ നാട്ടുകാര്‍ എതിര്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ രാജ്യവ്യാപകമായി വിവാദമായിരിക്കുകയാണല്ലോ. ദ്വീപ് നിവാസികള്‍ക്കല്ലാതെ ഭൂമിയില്‍ അവകാശമില്ലെന്നും അവര്‍ക്കിടയിലുള്ള കൈമാറ്റം പോലും ഭരണകൂടത്തിന്റെ സമ്മതത്തോടെയേ പറ്റുകയുള്ളൂവെന്നും 1964-ല്‍ രാഷ്ട്രപതി വിജ്ഞാപനം ചെയ്തതാണ്.

ദ്വീപിലെ ഭൂപരിഷ്‌കരണം

ലക്ഷദ്വീപിലെ ജനതയെ വന്‍കരയിലെ ദല്ലാളന്മാര്‍ ചൂഷണം ചെയ്യുന്നതും ദ്വീപില്‍ത്തന്നെയുള്ള ജന്മിത്തവും ഇല്ലാതാക്കാന്‍ അന്ന് നേതൃത്വം നല്‍കിയ മൂര്‍ക്കോത്ത് രാമുണ്ണി (1961 മുതല്‍ 65 വരെ അഡ്മിനിസ്ട്രേറ്റര്‍) ദ്വീപില്‍ ആദ്യകാലത്ത് താമസമാക്കിയ തറവാട്ടുകാര്‍ എന്നറിയപ്പെട്ട കോയമാര്‍ (ജന്മിമാര്‍), അവര്‍ക്കായി ജോലിചെയ്യുന്ന മേലാച്ചേരിക്കാര്‍ എന്ന കുടിയാന്മാര്‍ എന്നിവരെ യോജിപ്പിച്ചതിന്റെ അനുഭവം എഴുതിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അക്കാലംവരെ വളരെ സങ്കീര്‍ണമായിരുന്നു സ്ഥിതി. ജന്മിമാര്‍ക്കായി അധ്വാനിക്കുന്ന കുടിയാന്മാര്‍ക്ക് സ്വന്തമായി 40 തെങ്ങ് വെക്കാം. നടപ്പ് എന്നാണതറിയപ്പെടുക. പക്ഷേ, ആദായത്തിന്റെ നിശ്ചിതഭാഗം പാട്ടമായി നല്‍കണം. നടപ്പ് കൃഷിയും ജന്മിയുടെ സ്വന്തം കൃഷിയുമെല്ലാം ഇടകലര്‍ന്നു വരുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പരമ്പരാഗത അധികാരകേന്ദ്രങ്ങളായി തറവാട്ട് കാരണവന്മാരാണ് ഇടപെട്ടുപോന്നത്. കുടിയാന്മാര്‍ ജന്മിമാരുടെ വീടുകളില്‍ച്ചെന്ന് കോല്‍ക്കളി നടത്തുക തുടങ്ങിയ ആചാരങ്ങളുണ്ടായിരുന്നു. മദിരാശി സംസ്ഥാന അസി. സര്‍വേ സൂപ്രണ്ടായിരുന്ന രാമന്‍ നായര്‍, കോഴിക്കോട്ടെ അഡ്വ. കെ.പി. കേശവമേനോന്‍ എന്നിവര്‍ ലക്ഷദ്വീപ് ഭരണാധികാരിയുടെ നിര്‍ദേശാനുസരണം ജനവാസമുള്ള എല്ലാദ്വീപിലും സഞ്ചരിച്ച് സര്‍വേ നടത്തി പാരമ്പര്യകാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഭൂപരിഷ്‌കരണ കരാറുണ്ടാക്കിയത്. അമേനിദ്വീപിലെ മുഴുവന്‍ നിവാസികളെയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ കരടുചട്ടം അവതരിപ്പിച്ചു. 'നടപ്പ്' കൃഷിയിടങ്ങളുടെ നാലിലൊന്ന് ജന്മിക്ക്, ബാക്കി അവിടെ ഉഭയങ്ങളുണ്ടാക്കിയ കുടിയാന്. ജനകീയ പാര്‍ലമെന്റും ജനകീയ കോടതിയും പോലെയായ ആ കൂട്ടത്തില്‍നിന്ന് ആദ്യം പറക്കാട്ട് തറവാടിന്റെ കാരണവര്‍ കരാറില്‍ ഒപ്പിടാന്‍ മുന്നോട്ടുവന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പോരാടിയ പാരമ്പര്യമുള്ള തറവാടാണത്. പിന്നാലെ എല്ലാവരും ഒപ്പിട്ടു. മറ്റ് ദ്വീപുകളിലും ഇത്തരത്തില്‍ ജനകീയമായ സമ്മതിയുണ്ടാക്കിയാണ് 1964-ല്‍ ഭൂനിയമം വിജ്ഞാപനം ചെയ്തതെന്ന് 'ഇന്ത്യാസ് കോറല്‍ അയലന്‍ഡ്സ് ഇന്‍ അറേബ്യന്‍ സീ ലക്ഷദ്വീപ്' എന്ന ഗ്രന്ഥത്തില്‍ മൂര്‍ക്കോത്ത് അനുസ്മരിക്കുന്നു.

ചൂഷണത്തിന്റെ നാളുകള്‍

ദ്വീപുകളില്‍ സഹകരണപ്രസ്ഥാനം സംഘടിപ്പിച്ചതിന് പിന്നിലും വലിയൊരു ചരിത്രമുണ്ട്. ദ്വീപുകളിലെ പ്രധാന ഉത്പന്നങ്ങളായ കൊപ്ര, കയര്‍, കവിടി തുടങ്ങിയവയുടെയെല്ലാം വിപണി കോഴിക്കോട്ടോ കണ്ണൂരോ ആയിരുന്നു. ദ്വീപ് നിവാസികള്‍ക്ക് അതിന്റെ വിലയെക്കുറിച്ചോ വിപണിയെക്കുറിച്ചോ വലിയ അറിവില്ല. വലിയ ഓടത്തില്‍ അവര്‍ കൊണ്ടുവരുന്ന ചരക്ക് ഇവിടത്തെ ദല്ലാളന്മാര്‍ വാങ്ങി പകരം ദ്വീപിലേക്കാവശ്യമായ അരിയും മറ്റും ഓടത്തില്‍ നിറച്ചുകൊടുക്കും. ഇവിടത്തെ സാധനങ്ങള്‍ക്ക് വലിയ വില. ദ്വീപിലെ സാധനങ്ങള്‍ക്ക് നിസ്സാര വില. ഈ പ്രശ്‌നം പരിഹരിക്കാന്‍ ദ്വീപുകളില്‍ ഉത്പാദക-ഉപഭോക്തൃ സഹകരണസംഘം രൂപവത്കരിച്ച് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിച്ച് വന്‍കരയിലെ വിപണിയിലെത്തിക്കുന്നതിന് സംവിധാനമുണ്ടാക്കി. ദ്വീപിനെ ചൂഷണം ചെയ്യുന്നതിലല്ലാതെ അവിടത്തെ ജനക്ഷേമത്തില്‍ രാജഭരണത്തിനോ ബ്രിട്ടീഷ് ഭരണത്തിനോ താത്പര്യമേയുണ്ടായിരുന്നില്ല. ഏറ്റവും സാധ്യതയുള്ള ട്യൂണ മീന്‍പിടിത്തത്തിന് യന്ത്രവത്കൃത ബോട്ടുപയോഗിക്കുന്നതിന് ദ്വീപുകാര്‍ ആദ്യഘട്ടത്തില്‍ എതിരായിരുന്നു. സ്വതന്ത്ര ഇന്ത്യാ സര്‍ക്കാരാണ് നിരന്തരബോധവത്കരണത്തിലൂടെ ജനസമ്മതിയുണ്ടാക്കി യന്ത്രവത്കൃത ബോട്ടുപയോഗിച്ചുള്ള ട്യൂണപിടിത്തം പ്രചാരത്തിലാക്കിയത്. പില്‍ക്കാലത്ത് ലക്ഷദ്വീപസമൂഹത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായി അത് മാറി.

ദാരിദ്ര്യത്തിലായിരുന്ന ലക്ഷദ്വീപില്‍ ജനങ്ങളെ ആധുനിക ജീവിതത്തിലേക്ക് ഉയര്‍ത്തിയത് സ്വാതന്ത്ര്യാനന്തരം സ്വീകരിച്ച നയങ്ങളിലൂടെയാണ്. ലക്ഷദ്വീപിലെ ഭരണം നൂറ്റാണ്ടുകളോളം കൈയാളിയത് കണ്ണൂര്‍ അറയ്ക്കല്‍ കെട്ടില്‍നിന്നാണ്. പിന്നീട് ബ്രിട്ടീഷുകാരുെട അധീനതയിലായ ശേഷവും കുറേക്കാലം കണ്ണൂരില്‍നിന്ന് ഭരണം തുടര്‍ന്നു. പിന്നീട് വടക്കന്‍ ദ്വീപുകള്‍ സൗത്ത് കനറാ കളക്ടറുടെയും തെക്കന്‍ ദ്വീപുകള്‍ കോഴിക്കോട്ടെ മലബാര്‍ കളക്ടറുടെയും അധീനതയിലായി. 1956-ല്‍ സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായാണ് ലക്ഷദ്വീപ്, മിനിക്കോയ്, അമേനി എന്ന പേരില്‍ കേന്ദ്രഭരണപ്രദേശമായി രൂപവത്കരിച്ചത്. 1973-ല്‍ ലക്ഷദ്വീപ് എന്ന പൊതുപേര് നിലവില്‍വന്നു.

......................

ഐതിഹ്യവും ചരിത്രവും

കേരളവും ഗോവയും ദീര്‍ഘകാലം അടക്കിഭരിച്ച പോര്‍ച്ചുഗീസ് (പറങ്കി) കൊളോണിയല്‍ ശക്തിക്ക് അത് തുടരാനാവാത്തതിലും ഇന്ത്യയിലാകെ ആധിപത്യം സ്ഥാപിക്കാനാവാത്തതിനുമുള്ള കാരണങ്ങളിലൊന്ന് മമ്മാലിക്കിടാവുകളുടെ ഉജ്ജ്വല ചെറുത്തുനില്‍പ്പാണ്. ലക്ഷദ്വീപിന്റെയും മാലദ്വീപിന്റെയും ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം അതിന്റെ നിമിത്തങ്ങളിലൊന്നും. വലിയ പരാജയങ്ങളും എണ്ണമറ്റ മരണവുമാണ് അനുഭവിക്കേണ്ടിവന്നതെങ്കിലും അറബിക്കടലില്‍ പോര്‍ച്ചുഗീസ് ആധിപത്യത്തെ ഏറ്റവും ശക്തമായി വെല്ലുവിളിച്ചത് മമ്മാലിക്കിടാവുകളാണ്, അറയ്ക്കല്‍ ആലി രാജമാരാണ്.

ഐതിഹ്യപ്രകാരം മക്കത്തുപോയി തിരിച്ചുവരാത്ത ചേരമാന്‍ പെരുമാളെ തിരക്കി പുറപ്പെട്ടവരുടെ സംഘം കപ്പല്‍ തകര്‍ച്ചയെത്തുടര്‍ന്ന് ലക്ഷദ്വീപുകളിലൊന്നില്‍ അഭയം തേടിയേടത്തുനിന്നാണ് തുടക്കം. ആ സംഘം തിരിച്ച് കണ്ണൂരിലെത്തിയശേഷം കോലത്തിരി രാജാവിനെ കണ്ട് കാര്യമുണര്‍ത്തിച്ചു. മനോഹരവും ഫലഭൂയിഷ്ഠവുമായ പുതിയ കുറെനാടുകള്‍. തെങ്ങുകൃഷിക്ക് ഏറ്റവും പറ്റിയ കന്നിമണ്ണാണതെന്ന് അവര്‍ പറഞ്ഞുഫലിപ്പിച്ചപ്പോള്‍ താത്പര്യമുള്ള ആര്‍ക്കും അവിടെപ്പോയി ഇഷ്ടമുള്ളത്ര സ്ഥലത്ത് കൃഷിചെയ്യാമെന്ന് രാജാവിന്റെ അനുവാദം. കണ്ണൂരില്‍നിന്ന് ഒട്ടേറെ കുടുംബങ്ങള്‍ പായ്ക്കപ്പലുകളില്‍ കയറി ദ്വീപുകളില്‍ച്ചെന്ന് ആവാസമുറപ്പിച്ചു. അമിനി, ആന്ത്രോത്ത്, കല്‌പേനി, കവരത്തി എന്നിവിടങ്ങളിലാണ് ആദ്യം പോയവര്‍ ആവാസമുറപ്പിച്ചത്. തറവാടികളെന്ന് സ്വയം അഭിമാനിച്ച അവര്‍ തങ്ങളുടെ ദ്വീപുകളെ തറവാട്ടുദ്വീപുകള്‍ എന്ന് വിശേഷിപ്പിച്ചു.

ദ്വീപുകള്‍ കാര്‍ഷികസമൃദ്ധമായി. തേങ്ങയും കയറും കയറുത്പന്നങ്ങളും നിറഞ്ഞു. അറബിക്കച്ചവടക്കാരുടെ ഇടത്താവളം. അറബിക്കടലിലെ വാണിജ്യക്കപ്പലുകളുടെ അറ്റകുറ്റപ്പണികേന്ദ്രം. കോലത്തിരി രാജാവ് ദ്വീപുകളുടെയും തമ്പുരാനായി. കണ്ണൂര്‍ ഭാഷയും കണ്ണൂര്‍ സംസ്‌കാരവുമുള്ള, മരുമക്കത്തായം തുടരുന്ന ദ്വീപുകളെന്ന നിലയില്‍ ലക്ഷദ്വീപ് ലോകപ്രസിദ്ധമായി.

മമ്മാലിക്കിടാവുകള്‍

കോലത്തിരിയാണ് ലക്ഷദ്വീപ് രാജാവെങ്കിലും യഥാര്‍ഥ ഭരണാധികാരി മമ്മാലിക്കിടാവുകള്‍, അഥവാ മമ്മാലിമരക്കാര്‍ ആയിരുന്നു. കോലത്തിരിയുടെ നാവികത്തലവന്‍ അഞ്ചാം മമ്മാലിയെന്നറിയപ്പെടുന്ന ആലിമൂസ മാലദ്വീപ് പിടിച്ചടക്കിയതോടെ കണ്ണൂര്‍ നഗരത്തിന്റെ അധിപര്‍ എന്നതിനൊപ്പം ആഴിരാജാവ് എന്ന് പേരും പദവിയുംകൂടി ചാര്‍ത്തിക്കിട്ടുന്നു. എന്നാല്‍, മാലദ്വീപ് പോര്‍ച്ചുഗീസ് ആധിപത്യത്തിലാണെന്ന് ആല്‍ബുക്കര്‍ക്ക് പ്രഖ്യാപിച്ചതോടെ സിലോണിനടുത്ത കടലില്‍ പറങ്കി-കണ്ണൂര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മമ്മാലിമരക്കാരുടെ നേതൃത്വത്തില്‍ 1523-ല്‍ നടന്ന ആ യുദ്ധത്തിന്റെ അന്ത്യത്തില്‍ കണ്ണൂരിലെ ബാലഹസ്സനെ കണ്ണൂര്‍ കോട്ടയില്‍ പോര്‍ച്ചുഗീസ് വൈസ്രോയി ഹെൻ​റിക് ഡി. മെനസ് തൂക്കിക്കൊന്നു. പിന്നീട് കുറെക്കാലം ക്ഷീണത്തിലായ അറക്കല്‍ ആലിരാജമാര്‍ 1660 കാലത്ത് ഡച്ചുകാര്‍ക്കൊപ്പംനിന്ന് പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പൊരുതുകയും അവസാനം പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തുകയും ചെയ്തു. ഡച്ചുകാരാകട്ടെ, കണ്ണൂര്‍ കോട്ടയും കണ്ണൂര്‍ ഭരണവും അറക്കലുകാര്‍ക്ക് കൈമാറി സ്ഥലംവിടുകയും ചെയ്തു.

എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ലക്ഷദ്വീപ് ഭരണം കൈയാളിയ അറയ്ക്കലുകാര്‍ക്ക് ടിപ്പുവിന്റെ കാലത്ത് വലിയ തിരിച്ചടിയുണ്ടായി. ദ്വീപില്‍നിന്നുള്ള വരുമാനമെടുക്കുന്നതിനപ്പുറത്ത് ക്ഷേമത്തില്‍ ശ്രദ്ധിക്കാതിരുന്നതും നികുതിയായി വന്‍തുക ഈടാക്കുന്നതും അവിടെ കടുത്ത പ്രക്ഷോഭത്തിനിടയാക്കി.

ബ്രിട്ടീഷുകാര്‍ക്കെതിരേ അറയ്ക്കല്‍ ബീവിയുടെ സഖ്യകക്ഷിയായിരുന്നെങ്കിലും ദ്വീപിലെ പ്രശ്‌നത്തില്‍ പ്രക്ഷോഭക്കാര്‍ക്ക് പിന്തുണനല്‍കുന്ന സമീപനം ടിപ്പു സ്വീകരിച്ചു.

ബ്രിട്ടീഷ്-ടിപ്പു പോരാട്ടം ശക്തിപ്പെട്ടതോടെ ബീവിക്ക് ഗത്യന്തരമില്ലാതെ ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്‍ക്കേണ്ടിവന്നു. ബോംബെ ഗവര്‍ണര്‍ ആല്‍ബര്‍ ക്രോമ്പി നേരിട്ട് നയിച്ച സൈന്യം 1790-ല്‍ കണ്ണൂര്‍ കോട്ട പിടിച്ചടക്കി മലബാര്‍ അപ്പാടെ അധീനതയിലാക്കിയെങ്കിലും ലക്ഷദ്വീപ് അറയ്ക്കല്‍ ബീവിയുടെ അധീനതയില്‍ത്തന്നെ നിലനിന്നു. പതിനയ്യായിരം രൂപ കപ്പം കൊടുക്കണമെന്ന വ്യവസ്ഥയില്‍.

വെള്ളക്കാരുടെ കൈയില്‍

1847-ല്‍ ആന്ത്രോത്ത്, കല്‌പേനി ദ്വീപുകളില്‍ വന്‍ വെള്ളപ്പൊക്കമുണ്ടായി. 549 പേര്‍ മരിച്ചു. 744 വീടുകള്‍ തകര്‍ന്നു. ദുരിതാശ്വാസപ്രവര്‍ത്തനം നടത്താന്‍ അറയ്ക്കല്‍ കുടുംബത്തിന് സാധിക്കാതെ വന്നു. ഇംഗ്ലീഷുകാര്‍ ദ്വീപില്‍ അറയ്ക്കല്‍ ബീവിക്കുവേണ്ടി അരിയും സാധനങ്ങളും വിതരണം ചെയ്തു. കപ്പത്തിനുപുറമേ ദുരിതാശ്വാസത്തിന് ചെലവായ 9300 രൂപയും കടം. പ്രളയത്തെത്തുടര്‍ന്നുള്ള കാര്‍ഷികത്തകര്‍ച്ച കാരണം ബീവിക്ക് അവിടെനിന്ന് വരുമാനം നിലച്ചു. അതിനിടെ ദ്വീപ് വാസികള്‍ അറയ്ക്കലിന്റെ കയര്‍ കുത്തക റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരവും തുടങ്ങി. കടക്കെണിയിലാക്കി പിടിച്ചടക്കുക, അതിന് നാട്ടുകാരുടെ സമ്മതി നേടുക എന്ന ബ്രിട്ടീഷ് തന്ത്രം വിജയിച്ചു. പലപല നടപടികള്‍ക്കൊടുവില്‍ 1908 നവംബര്‍ 15-ന് ലക്ഷദ്വീപുകളുടെ അധികാരമടക്കം 'രാജാധികാര'ങ്ങളെല്ലാം ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വിട്ടുകൊടുക്കാന്‍ അറയ്ക്കല്‍ ആദിരാജ ഇമ്പിച്ചിബീബി നിര്‍ബന്ധിതയായി.

Content Highlights: History of Lakshadweep