ത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളീയ ഗണിതത്തിന്റെ മൗലികത ലോകത്തെ അറിയിച്ച ചാള്‍സ് എം. വിഷ് (1795-1833) എന്ന ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥനില്‍നിന്നാണ് സവിശേഷമായ കേരളപഠനങ്ങള്‍ ആരംഭിക്കുന്നത്. ഭാഷാവ്യാകരണത്തിലും പ്രാചീന ലിഖിതങ്ങളിലും അദ്ദേഹത്തിന്റെ പഠനങ്ങളുണ്ടായി. 1833-ല്‍ മുപ്പത്തിയെട്ടാം വയസ്സില്‍ വിഷ് അന്തരിക്കുമ്പോള്‍ ഗുണ്ടര്‍ട്ട് കേരളത്തിലെത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍, പ്രാദേശികവും വൈദേശികവുമായ തെളിവുകള്‍ തേടിപ്പിടിച്ച് കേരള ചരിത്രാന്വേഷണങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ഗുണ്ടര്‍ട്ടിന് കഴിഞ്ഞു. പില്‍ക്കാലത്ത് തിരുവിതാംകൂര്‍ ചരിത്രമെഴുതിയ പി. ശങ്കുണ്ണി മേനോനും കൊച്ചിരാജ്യ ചരിത്രമെഴുതിയ കെ.പി. പത്മനാഭമേനോനുമൊക്കെ അന്നന്ന് ലഭ്യമായ തെളിവുകളും സങ്കേതങ്ങളും ഉപയോഗിച്ച് ചരിത്രപഠനത്തെ കൂടുതല്‍ വികസ്വരമാക്കി. എന്നാല്‍, പ്രമാണങ്ങളുടെ ദൗര്‍ലഭ്യം അവയുടെ ആധികാരികതയില്‍ വിള്ളലുണ്ടാക്കി. തുടര്‍ന്ന്, ഈരംഗത്ത് പ്രവേശിച്ച പ്രൊഫ. ഇളംകളം കുഞ്ഞന്‍പിള്ളയുടെ പഠനങ്ങള്‍ പ്രമാണ വൈപുല്യം കൊണ്ടും യുക്തിഭദ്രമായ നിലപാടുകള്‍കൊണ്ടും കൂടുതല്‍ ശ്രദ്ധേയമായി. ദേശീയ ചരിത്രരചനയുടെ ചില പരിമിതികള്‍ അദ്ദേഹത്തിലും പ്രതിഫലിച്ചിരുന്നു.

പ്രൊഫ. ഇളംകുളത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ചരിത്രദര്‍ശനങ്ങളുടെ പിന്‍ബലത്തില്‍ ഗവേഷണമാരംഭിച്ച പ്രൊഫ. എം.ജി.എസ്. നാരായണനാണ് അറുപതുകളുടെ അവസാനത്തോടെ കേരള ചരിത്രപഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ ഒരടിത്തറ പണിയുന്നത്. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി ക്രിസ്തുവര്‍ഷം 9-12 നൂറ്റാണ്ടുകള്‍ക്കിടയില്‍ കേരളം ഭരിച്ച ചേരരാജാക്കന്മാരെക്കുറിച്ചും അക്കാല രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക വികാസത്തെക്കുറിച്ചുമെല്ലാം ആഴത്തില്‍ അന്വേഷിക്കുന്നതായിരുന്നു പിന്നീട് 'പെരുമാള്‍സ് ഓഫ് കേരള' എന്നപേരില്‍ പ്രസിദ്ധീകൃതമായ ആ ഗവേഷണപഠനം. കേരളത്തിലെമ്പാടും ചിതറിക്കിടന്നിരുന്ന ശിലാ-താമ്ര ലിഖിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സ്രോതസ്സ്. അവയോടൊപ്പം അക്കാലത്തെ തമിഴ്, സംസ്‌കൃത ഗ്രന്ഥങ്ങളും. ബ്രാഹ്മി, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പ്രാചീന ലിപികളിലുള്ള കൈത്തഴക്കവും പാലി, തമിഴ്, സംസ്‌കൃതം, പ്രാചീന മലയാളം തുടങ്ങിയ ഭാഷകളിലുള്ള അഗാധമായ അറിവും ഉപയോഗപ്പെടുത്തിയാണ് 'ഞാന്‍ പരിശോധിച്ച പ്രബന്ധങ്ങളില്‍ മികച്ചതൊന്ന്' എന്ന് സാക്ഷാല്‍ എ.എല്‍. ബാഷാം വിശേഷിപ്പിച്ചിട്ടുള്ള ഈ ഗവേഷണപുസ്തകം രചിച്ചിട്ടുള്ളത്.

ഗവേഷണമേന്മ തന്നെയാണ് എം.ജി.എസിനെ ലണ്ടന്‍ സര്‍വകലാശാല കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫെലോ, ടോക്യോവില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ നിയമിക്കപ്പെടാനിടയാക്കിയത്.

ചേരകാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് അര്‍ധവിരാമമിട്ടുകൊണ്ട് പ്രാചീനമായ പഴന്തമിഴ് കാലഘട്ടത്തെക്കുറിച്ചും മധ്യകാലത്തിന്റെ അവസാന ദശകങ്ങളെക്കുറിച്ചുമെല്ലാം ആധികാരികരേഖകളുടെ സഹായത്താല്‍ എം.ജി.എസ്. പഠിക്കുകയുണ്ടായി. കോഴിക്കോട് നഗരത്തെക്കുറിച്ചുള്ള പഠനമൊക്കെ അതിന്റെ ഉപോത്പന്നമായിരുന്നു. തന്റെ ഓരോ പ്രസ്താവനയ്ക്കും നിഗമനങ്ങള്‍ക്കും ഒരുകൂട്ടം തെളിവുകള്‍ നല്‍കിക്കൊണ്ട് സാധൂകരണം നല്‍കുന്ന അദ്ദേഹത്തിന്റെ രചനാശൈലി പില്‍ക്കാല ഗവേഷകരിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല.

ദന്തഗോപുരവാസിയായിരുന്ന ഒരു ചരിത്രാന്വേഷിയായിരുന്നില്ല എം.ജി.എസ്. ശാസ്ത്രീയബോധമുള്ള ചരിത്രകാരന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മേധാവി, ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറി-ചെയര്‍മാന്‍ എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചുകൊണ്ട് യുവഗവേഷകര്‍ക്ക് മതിയായ സൗകര്യങ്ങളും അവസരങ്ങളും പ്രദാനം ചെയ്യുന്നതില്‍ അദ്ദേഹം ഔത്സുക്യം കാണിച്ചു. ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും വായനയ്ക്കും ഗവേഷണത്തിനും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തി. തന്റെ ഗവേഷണപ്രബന്ധത്തിന്റെ ശീര്‍ഷകംതന്നെ തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറാവുന്നതങ്ങനെയാണ്. ഇത്തരത്തില്‍ നിരന്തരമായ നവീകരണം ചരിത്രകാരന്റെ ഉത്തരവാദിത്വമാണെന്ന് എം.ജി.എസ്. നമ്മെ ഓര്‍മപ്പെടുത്തുന്നു. നിലവില്‍ കേരള ചരിത്ര കോണ്‍ഫറന്‍സിന്റെ അധ്യക്ഷനാണദ്ദേഹം.

തന്റെ ബോധ്യങ്ങള്‍ക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് പ്രതികരിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും അദ്ദേഹം മടികാണിക്കാറില്ല. സുഖസൗകര്യങ്ങളോടും സാമ്പത്തികകാര്യങ്ങളോടും നിര്‍മമത പുലര്‍ത്തുന്നതുകൊണ്ടാണ് ഐ.സി.എച്ച്.ആര്‍. മുതലായ സ്ഥാപനങ്ങളില്‍നിന്ന് ഉയര്‍ന്ന ശിരസ്സുമായി ഇറങ്ങിപ്പോകാന്‍ അദ്ദേഹത്തിനുകഴിഞ്ഞത് എന്നും പറഞ്ഞുവെക്കേണ്ടതുണ്ട്.

mgs
പുസ്തകം വാങ്ങാം

കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ 'മൈത്രി' എന്നുപേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വീട് സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും. അവിടെ പണ്ഡിതനും പാമരനുമില്ല. വലിയവരും ചെറിയവരും ഇല്ല. മുതിര്‍ന്ന സുഹൃത്തുക്കളും യുവസുഹൃത്തുക്കളും മാത്രം. സഹജമായ അന്വേഷണ താത്പര്യത്തോടെ ഏതപരിചിതനെയും കേട്ടിരിക്കുന്ന പ്രൊഫ. എം.ജി.എസ്., വന്‍ മലകളെ അകലെനിന്നേ കാണാവൂ എന്ന പൊതുമൊഴിക്ക് അപവാദമാകുന്നു. വിശകലനാത്മകവും വിമര്‍ശനാത്മകവുമായ ചരിത്രരചന പഠിപ്പിച്ച മഹാഗുരുവിന് പിറന്നാളാശംസകള്‍.

(കൊയിലാണ്ടി ഗവ. കോളേജില്‍ ചരിത്രവിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Historian MGS Narayanan