ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ നൂറാം വർഷത്തിലെത്തിനിൽക്കുമ്പോൾ ആരാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും മുൻവിധികളുടെ ചുവപ്പൻ കണ്ണുകൾ വെക്കാതെയുള്ള ഒരു സമഗ്രാവലോകനമാണിത്. പീപ്പിൾസ് റിപ്പബ്ളിക് ഓഫ് ചൈനയിലെ പീപ്പിൾ എവിടെ എന്ന് ചോദിക്കുന്ന ലേഖകൻ ഒരുപാട് പൊള്ളത്തരങ്ങളുടെ കുമിളകളെ വസ്തുതാപരമായ നിരീക്ഷണങ്ങളിലൂടെ കുത്തിപ്പൊട്ടിക്കുന്നു...

We must remember not only the good things, but also the bad; not only the brightness, but also the darkness-Yong Jisheng

നിക്ക് ഒരു സ്വപ്നമുണ്ട്’ എന്ന് മാർട്ടിൻ ലൂഥർകിങ് ജൂനിയർ വാഷിങ്ടണിൽ ഒരു പ്രസംഗമധ്യേ പറഞ്ഞത് 1963 മാർച്ചിലാണ്. അതിനും 42 വർഷം മുമ്പ് ചൈനയിലെ രണ്ടു ബുദ്ധിജീവികളുടെ മനസ്സിൽ ഒരുസ്വപ്നം കൂടുകൂട്ടിയിരുന്നു. ചെൻ ദുക്സിയുവും ലിദഷാവോവുമാണ് ആ ബുദ്ധിജീവികൾ. അവർ ഓമനിച്ചുകൊണ്ടിരുന്നത് അതിമനോഹരമായ ഒരു സോഷ്യലിസ്റ്റ് സ്വപ്നമാണ്. തങ്ങൾ പിറന്ന നാട് സ്ഥിതിസമത്വം വിളയുന്ന ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി രൂപാന്തരപ്പെടുന്നത് അവർ കിനാവുകണ്ടു. ആ കിനാവിനോടൊപ്പം തങ്ങളോട് ചേർന്നുനിൽക്കാൻ മാവോ സേ തുങ്ങും ചൗഎൻലായിയുമുൾപ്പെടെ വേറെ പതിനൊന്നുപേരെ അവർക്ക് കിട്ടുകയും ചെയ്തു. തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് അവർ ഒരു പാർട്ടിക്ക് രൂപംനൽകി. അതാണ് 1921 ജൂലായ് ഒന്നിന് നിലവിൽ വന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സി.സി.പി.).

നൂറ് വയസ്സ് പൂർത്തിയാക്കിയ സി.സി.പി. അതിന്റെ ആദ്യദശകങ്ങളിൽ നടന്നുനീങ്ങിയത് ദുർഘടം പിടിച്ച പാതയിലൂടെയാണ്. 1921 ജൂലായ് അവസാനവാരത്തിൽ പാർട്ടിയുടെ സ്ഥാപക ദേശീയ കോൺഗ്രസ് നടക്കുമ്പോൾ അതിന് അമ്പത് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചാറുവർഷങ്ങൾക്കകം സി.സി.പി. വലിയ തോതിൽ വളർന്നു എന്നത് ശരിയാണെങ്കിലും ചിയാങ്ങ് കൈഷെക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങ് ഭരണകൂടവുമായി നടത്തേണ്ടിവന്ന ആഭ്യന്തരയുദ്ധം പാർട്ടിക്ക് കനത്ത തിരിച്ചടിയായി. ആ യുദ്ധത്തിന്റെ ഫലമായിരുന്നു മാവോയുടെ നേതൃത്വത്തിൽ 1934 ഒക്ടോബർ 16-ന് ജിയാങ്സിൽനിന്നു തുടങ്ങി 1935 ഒക്ടോബർ 22-ന് യനാനിൽ അവസാനിച്ച സൈനികപിൻവാങ്ങൽ എന്ന ‘ ലോങ് മാർച്ച്’ . 1927 തൊട്ട് 1949 വരെ, ഇളവേളകളോടെ തുടർന്ന ആഭ്യന്തരയുദ്ധത്തിനൊടുവിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വിജയം കണ്ടതോടെയാണ് 1949 ഒക്ടോബർ ഒന്നിന് മാവോ സേ തുങ്ങിന്റെ നേതൃത്വത്തിൽ ‘ പീപ്പിൾസ് റിപ്പബ്ളിക് ഓഫ് ചൈന’ നിലവിൽ വന്നത്. അതോടെ പ്രതിയോഗിയായ ചിയാങ് കൈഷെക്കിനും ആറ് ലക്ഷത്തോളം വരുന്ന സൈനികർക്കും ഇരുപത് ലക്ഷത്തിലേറെയുള്ള കുമിന്താങ് അനുഭാവികൾക്കും തായ്വാൻ എന്ന ദ്വീപിൽ അഭയംതേടേണ്ടിവരുകയും ചെയ്തു.

1921തൊട്ട് 1949വരെയുള്ള കാലയളവിനെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യഘട്ടമായി കണക്കാക്കാം. സി.സി.പി. ഭരണത്തിലില്ലാതിരുന്ന ഘട്ടമായിരുന്നു ആ 28 വർഷം. പിന്നീടുള്ള 72 വർഷം പാർട്ടി അധികാരത്തിലിരുന്ന (ഇപ്പോഴുമിരിക്കുന്ന) ഘട്ടമാണ്. അതിൽ ആദ്യത്തെ മൂന്നു പതിറ്റാണ്ട് (1949-’ 78) മാവോഘട്ടമായും 1978-ന് ശേഷമുള്ള കാലം സാമ്പത്തിക പരിഷ്കരണഘട്ടമായുമാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ഏഴ് ദശകത്തിലേറെയായി കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈന സാമ്പത്തിക രംഗത്ത് പ്രസ്താവ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി 2010 വരെ ജപ്പാനായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു വ്യാഴവട്ടമായി ആ സ്ഥാനത്ത് നിൽക്കുന്നത് ചൈനയാണ്. 1978-ൽ ആ രാജ്യത്തിന്റെ മൊത്തം ആദ്യന്തര ഉത്പാദനം (ജി.ഡി.പി.) 149 ബില്യൺ ഡോളറായിരുന്നത് കഴിഞ്ഞ 40 വർഷങ്ങൾക്കിടെ 12.2 ട്രില്യൺ ഡോളറായി വർധിച്ചിരിക്കുന്നു. നേരത്തേ ആഗോള ജി.ഡി.പി.യുടെ 1.75 ശതമാനം മാത്രമായിരുന്നു ചൈനയുടെ ജി.ഡി.പി. എങ്കിൽ ഇപ്പോഴത് ആഗോള ജി.ഡി.പി.യുടെ 15 ശതമാനം വരും. അദൃഷ്ടപൂർവമായ ഇൗ സാമ്പത്തികമുന്നേറ്റമുണ്ടാക്കിയ തിളക്കത്തിന്റെ പ്രതിഫലനം വർത്തമാനകാല ചൈനയിൽ, വിശിഷ്യാ നാഗരിക ചൈനയിൽ കാണാം. നോർമൻ ഫോസ്റ്റർ വിമാനത്താവളങ്ങളും വൈദ്യുതി സംഭരണികളായ സോളാർ ഫാമുകളും അംബരചുംബികളും അതിവേഗ ബുള്ളറ്റ് ട്രെയ്നുകളും കണ്ണഞ്ചിപ്പിക്കുന്ന ഷോപ്പിങ് മാളുകളുമുള്ള നാടാണ് ഇന്നത്തെ ചൈന. 2008-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ബെയ്ജിങ്ങിലെ അന്താരാഷ്ട്ര വിമാനത്താവളമത്രേ ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും മികവാർന്നതുമായ ഇന്റർനാഷണൽ ടെർമിനൽ. ബഹിരാകാശ മേഖലയിൽ ആ രാജ്യം കൈവരിച്ച നേട്ടങ്ങളും ഏറെ ശ്രദ്ധേയമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ സ്ഥിരകാല സ്പേസ് സ്റ്റേഷൻ സ്ഥാപിച്ച ചൈന, ചൊവ്വയുടെ ഉപരിതലത്തിൽ 2021 മേയ് 14-ന് സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിൽ വിജയിക്കയുണ്ടായി. ചൊവ്വയിലേക്ക് ആദ്യമായി മനുഷ്യനെ അയക്കാൻ അമേരിക്കയെപ്പോലെ ചൈനയും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. അമേരിക്ക 2030-ൽ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുമെന്നാണ് പ്രഖ്യാപിച്ചത്. ചൈനയാകട്ടെ 2033-ലും. സാമ്പത്തികരംഗത്തെന്നപോലെ ബഹിരാകാശഗവേഷണ തുറയിലും അമേരിക്കയ്ക്ക് തൊട്ടുതാഴെ ഇതിനകം ആ രാഷ്ട്രം സ്ഥാനം പിടിച്ചിരിക്കുന്നു എന്നർഥം.

മാവോ കാലഘട്ടത്തിൽ കൊടും ദാരിദ്ര്യത്തിലമർന്ന രാജ്യമായിരുന്നു ചൈന. മാവോയ്ക്ക് ശേഷം തലപ്പത്തുവന്ന ദെങ് സിയാവേപിങ് 1978-ൽ തുടക്കമിട്ട സാമ്പത്തിക ഉദാരീകരണം ചൈനയെ വിപണി സമ്പദ്വ്യവസ്ഥയിലേക്ക് നയിച്ചു. മുൻകാലത്ത് വർജ്യമായിരുന്ന സ്വകാര്യസ്വത്തും സ്വകാര്യ വ്യവസായ സംരംഭങ്ങളും അനുവദനീയമായി. അടഞ്ഞുകിടന്ന ചൈനീസ് സമ്പദ്വ്യവസ്ഥ തുറക്കപ്പെട്ടു. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും സ്വകാര്യവ്യക്തികളുടെയോ സംഘങ്ങളുടെയോ സാമ്പത്തികസംരംഭങ്ങൾ കിളിർത്തുവന്നു. ഒപ്പം വിദേശമൂലധനവും രാജ്യത്തേക്കൊഴുകി. ഉത്പാദനവും വിതരണവുംകൂടി. ‘ ടൗൺഷിപ്പ് ആൻഡ് വില്ലേജ് എന്റർപ്രൈസസ്’ എന്നറിയപ്പെട്ട സ്വകാര്യ ബിസിനസ് സംരംഭങ്ങൾ ലക്ഷക്കണക്കിൽ രാജ്യത്തുയർന്നുവന്നു. തത്ഫലമായി ജനങ്ങളുടെ വരുമാനം പൊതുവേ വർധിച്ചു. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യത്തെ മൂന്നുദശകങ്ങളിൽ ചൈനീസ് ജനത അനുഭവിച്ച കടുത്ത ദാരിദ്ര്യത്തിന് ഒരുപരിധിവരെ ശമനമുണ്ടാക്കാൻ അവ സഹായകമായി. ഒരുഭാഗത്ത് ശതകോടീശ്വരന്മാരുടെ ന്യൂനപക്ഷവും മറുഭാഗത്ത് താണ ഇടത്തരക്കാരുടെ ഭൂരിപക്ഷവുമുള്ള നാടായി പരിണമിച്ചു ചൈന.

മേൽ സൂചിപ്പിച്ച സാമ്പത്തികത്തിളക്കത്തിന് പക്ഷേ, ചൈനക്കാർ വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. മാവോ സേ തുങ്ങിനുശേഷം രാജ്യത്തിന്റെ സമുന്നത പദവിയിലെത്തിയ ദെങ് സിയാവോപിങ്തന്നെ അത് സൂചിപ്പിക്കാതിരുന്നിട്ടില്ല. ‘ ‘ മാവോ 70 ശതമാനം ശരിയും 30 ശതമാനം തെറ്റുമായിരുന്നു’ ’ എന്നാണദ്ദേഹം പറഞ്ഞത്. സമഗ്രാധിപത്യശൈലി പിന്തുടർന്ന ചെയർമാൻ മാവോയുടെ ആദ്യത്തെ പ്രധാന നടപടികളിലൊന്ന് ഭൂപരിഷ്കരണമായിരുന്നു. മൊത്തം കൃഷിഭൂമിയുടെ 40 ശതമാനം ഭൂവുടമകളിൽനിന്ന് പിടിച്ചെടുത്ത് സാധാരണക്കാർക്ക് വിതരണംചെയ്ത അദ്ദേഹം ആ പ്രക്രിയയ്ക്കിടയിൽ അരങ്ങേറിയ വിവരണാതീതമായ ഹിംസയ്ക്കുനേരെ അക്ഷന്തവ്യമാംവിധം കണ്ണടച്ചു. ആറു ഭൂവുടമാ കുടുംബങ്ങളിൽനിന്ന് ഒരാൾവീതം എന്ന കണക്കിൽ ഒട്ടേറെപ്പേർ അന്ന് കൊല്ലപ്പെട്ടു. പലരെയും തെരുവുകളിലൂടെ വലിച്ചുകൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. മാവോയുടെ ‘ പുതിയ ചൈന’ അതിന്റെ തുടക്കംകുറിച്ചത് ചുരുങ്ങിയത് പത്തുലക്ഷം പേരുടെയെങ്കിലും കൊലയിലൂടെയാണ്. (See Ananth Krishnan, India’ s China challenge, P.17)

അത് കഴിഞ്ഞു നടന്ന രണ്ടുസംഭവങ്ങളത്രേ മഹാ കുതിച്ചുചാട്ട (1958-’ 62) വും സാംസ്കാരിക വിപ്ളവ (1966-’ 76) വും. രാജ്യത്തെ അതിദ്രുതം വ്യവസായവത്കരിക്കുക എന്ന ലക്ഷ്യത്തോടെ മാവോ 1958-ൽ കർഷകരെ മുഴുവൻ കൃഷിപ്പണിയിൽനിന്ന് ഇരുമ്പുത്പാദനത്തിലേക്ക് തെളിച്ചു. കൃഷിപ്പാടങ്ങൾ വെറുതേ കിടന്നപ്പോൾ ജനങ്ങൾ പട്ടിണികിടന്നു. മഹാകുതിച്ചുചാട്ടം ഫലത്തിൽ മഹാദുരിതത്തിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു. രാജ്യം അതിരൂക്ഷമായ ക്ഷാമത്തിന്റെ പിടിയിലമർന്നു. മനുഷ്യചരിത്രത്തിൽ ഒരിക്കലുമുണ്ടായിട്ടില്ലാത്തത്ര വലിയ വറുതിക്കാണ് ചൈന സാക്ഷ്യംവഹിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ആ ക്ഷാമനാളുകളിൽ വിശന്നുമരിച്ചത് 160 ലക്ഷം പേരാണ്. അനൗദ്യോഗിക കണക്കുപ്രകാരം 360 ലക്ഷം പേർ ക്ഷാമത്തെത്തുടർന്ന് മൃതിയടഞ്ഞിട്ടുണ്ട്.

‘ പ്രതിവിപ്ളവകാരികൾ’ ക്കെതിരേ മാവോ നടത്തിയ യുദ്ധപ്രഖ്യാപനമായിരുന്നു 1966 മേയിൽ തുടങ്ങിയ ‘ മഹത്തായ തൊഴിലാളിവർഗ സാംസ്കാരികവിപ്ളവം’ . ‘ മുതലാളിത്തപാതക്കാരൻ’ , ‘ വലതുപക്ഷക്കാരൻ’ , ‘ ബുദ്ധിജീവി’ , ‘ ഭൂവുടമ’ തുടങ്ങിയവരെല്ലാം പ്രതിവിപ്ളവകാരിപ്പട്ടികയിൽ ചേർക്കപ്പെട്ടു. തന്റെ അധികാര കേന്ദ്രീകരണത്തിന് ഭീഷണിയായേക്കുമെന്നു താൻ കരുതിയ എല്ലാവരെയും ഉന്മൂലനം ചെയ്യുക എന്നതായിരുന്നു മാവോയുടെ ഉള്ളിലിരിപ്പ്. ദെങ് സിയാവോപിങ്, ഹുയവോബാങ്, ലിയു ഷാവോഖി തുടങ്ങിയ പാർട്ടിനേതാക്കൾപോലും സാംസ്കാരിക വിപ്ളവകാലത്ത് വേട്ടയാടപ്പെടുകയുണ്ടായി. ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ആ സംസ്കാരശൂന്യ താണ്ഡവത്തിൽ ദശലക്ഷങ്ങളാണ് നിർദയം കൊല്ലപ്പെട്ടത്. ഒട്ടനവധിപേർ തുറുങ്കിലടയ്ക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. കൺഫ്യൂഷ്യസിന്റെ സെമിത്തേരിയുൾപ്പെടെ ഒട്ടേറെ ചരിത്രശേഷിപ്പുകൾ നശിപ്പിക്കപ്പെടുകകൂടി ചെയ്തു ആ നാളുകളിൽ.

മാവോയെപ്പറ്റി മറ്റൊരു മാവോ പറഞ്ഞത് ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. ചൈനയിലെ എണ്ണംപറഞ്ഞ ധനശാസ്ത്രജ്ഞരിൽ ഒരാളാണ് മാവോ യുഷി. ദെങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരത്തിന്റെ അണിയറശില്പികളിൽ പ്രമുഖനാണദ്ദേഹം. 2011-ൽ മാവോ യുഷി എഴുതിയതും ഇന്റർനെറ്റിൽ കോളിളക്കം സൃഷ്ടിച്ചതുമായ ഒരു പ്രബന്ധമുണ്ട്. ‘ Returing Mao Zedung to Human Form’ (മാവോ സേതുങ്ങിനെ മനുഷ്യരൂപത്തിലേക്ക് പുനരാനയിക്കൽ) എന്നാണതിന്റെ തലക്കെട്ട്. മാവോ സേ തുങ്ങിനെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ദൈവീകരിക്കുന്നതിനെതിരേ ആഞ്ഞടിക്കുകയാണ് തന്റെ പ്രബന്ധത്തിൽ യുഷി ചെയ്യുന്നത്. മഹാകുതിച്ചുചാട്ടത്തിന്റെയും സാംസ്കാരികവിപ്ളവത്തിന്റെയും കരിദിനങ്ങളിൽ മാവോ വരുത്തിവെച്ച മാപ്പർഹിക്കാത്ത ദുരന്തങ്ങളെ വെള്ളപൂശുന്ന പതിവ് സി.സി.പി. അവസാനിപ്പിക്കണമെന്ന് പ്രബന്ധകാരൻ ആവശ്യപ്പെടുന്നു. ചൈനയുടെ സ്ഥാപകപിതാക്കളിൽ പ്രമുഖനായ മാവോ സേതുങ്ങിനെ മാവോ യുഷി വിലയിരുത്തുന്നതിങ്ങനെയാണ്: ‘ ‘ മാവോ സേ തുങ്ങിന്റെ കണ്ണുകളിൽ ജനങ്ങൾ വെറും മാംസവും പേശിയുമായിരുന്നു. ‘ നീണാൾ വാഴട്ടെ’ എന്ന് ഉച്ചത്തിൽ വിളിക്കാൻ അദ്ദേഹം ഉപയോഗിച്ച ഉപകരണങ്ങളായിരുന്നു അവർ. അധികാരദാഹമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അധികാരത്തിനായുള്ള നെട്ടോട്ടം അദ്ദേഹത്തെ ഭ്രാന്തിലേക്ക് നയിച്ചു.’ ’ (Ananth Krishnan, op.cit, P.4-5)

സ്ഥാപകപിതാക്കൾ എന്നപോലെ ‘ സ്ഥാപക കുറ്റകൃത്യങ്ങൾ’ എന്ന ഒരു പ്രതിഭാസവുമുണ്ടെന്ന് സ്ലൊവേനിയൻ ചിന്തകനായ സ്ളാവോജ് സിസെക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാംസ്കാരിക വിപ്ളവവും മഹാകുതിച്ചുചാട്ടവും കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപക കുറ്റകൃത്യങ്ങളിൽപ്പെടും. മാവോയുടെ സാമ്പത്തികശാസ്ത്രം തിരസ്കരിച്ച ദെങ് സിയാവോപിങ്ങിന്റെ കാലത്തും അത്തരം കുറ്റകൃത്യങ്ങൾ നടക്കാതിരുന്നിട്ടില്ല. മാവോയുടെ രാഷ്ട്രീയശാസ്ത്രം ദെങ്ങ് ഉപേക്ഷിച്ചില്ല എന്നതാണതിനു കാരണം. പാർട്ടിക്കും ഭരണത്തിനുമെതിരേയുള്ള വിയോജനശബ്ദം നിഷ്കരുണം അടിച്ചമർത്തുന്ന മാവോയിസ്റ്റ് രീതി ദെങ്ങും പിന്തുടർന്നു. അതിന്റെ തെളിവായിരുന്നു ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയും അഴിമതി വിപാടനത്തിനുവേണ്ടിയും പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർഥികൾക്ക് നേരെ 1989 ജൂൺ നാലിന് ടിയാനൻമെൻ ചത്വരത്തിൽ നടത്തപ്പെട്ട നരക്കശാപ്പ്.

ദെങ്ങിൽനിന്ന് ജിയാങ് സെമിനിലൂടെയും ഹുജിന്താവോയിലൂടെയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ഷി ജിൻപിങ്ങിൽ എത്തിനിൽക്കുമ്പോൾ എന്താണ് സ്ഥിതി? 2012-ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ ഷിയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് 2013-ൽ നടന്നപ്പോൾ പാർട്ടിയിൽക്കണ്ട അനന്യമായ ഐക്യം ലോകത്തെ വിസ്മയിപ്പിച്ചു. ആകെയുള്ള 2952 വോട്ടും ഷിക്ക് ലഭിച്ചു. ഒരു എതിർവോട്ടുപോലുമുണ്ടായില്ല. സോവിയറ്റ് യൂണിയനിൽ സ്റ്റാലിന്റെ കാലത്തും ചൈനയിൽ മാവോയുടെ നാളുകളിലും നിലനിന്ന അതേ പാർട്ടിഐക്യം ഷി ജിൻ പിങ്ങിന്റെ ചൈനയിലും നിലനിൽക്കുന്നു. ‘ ദ പാർട്ടി’ എന്ന പുസ്തകമെഴുതിയ റിച്ചാർഡ് മെക്ഗ്രെഗറോട് ബെയ്ജിങ്ങിലെ റെൺമിൻ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർ പറഞ്ഞതാണ് ശരി: ‘ ‘ പാർട്ടി ദൈവത്തെപ്പോലെയാണ്. അവൻ എല്ലായിടത്തുമുണ്ട്. നിങ്ങൾക്കവനെ കാണാൻ കഴിയില്ല.’ ’

മുപ്പത് വർഷത്തെ മാവോയിസത്തിനും മുപ്പത് വർഷത്തെ ‘ സോഷ്യലിസ്റ്റ് വിപണി സമ്പദ് വ്യവസ്ഥ’ എന്ന ദെങ്ങിസത്തിനും ശേഷം ഒരു പുതിയ ഇസത്തിന്റെ വ്യാപനമാണ് ഷി ജിൻ പിങ്ങിന്റെ അധികാരാരോഹണത്തെത്തുടർന്നു ചൈനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഷിയിസം (Xiism) എന്നതിനെ വിളിക്കും. മാവോയുടെ രാഷ്ട്രീയശാസ്ത്രത്തിനും ദെങ്ങിന്റെ സാമ്പത്തികശാസ്ത്രത്തിനും പുറമേ ചൈനയുടെ തീവ്രദേശീയ വികാരം (ഹാൻ ചൈനീസ് വികാരം) കൂടി ഉൾച്ചേർന്നതാണത്. ദെങ് നടപ്പിൽ വരുത്തിയ കൂട്ടായ നേതൃത്വം എന്ന തത്ത്വവും പ്രസിഡന്റിന്റെ രണ്ടുവട്ടക്കാലാവധി എന്ന ചട്ടവും ഒഴിവാക്കി ആജീവനാന്ത പ്രസിഡന്റ് എന്ന തലത്തിലേക്ക് തന്നെത്തന്നെ ജിൻപിങ് പ്രതിഷ്ഠിച്ചുകഴിഞ്ഞിട്ടുണ്ട്. പാർട്ടിവേറെ, രാഷ്ട്രം വേറെ എന്ന ദെങ്ങിയൻ സിദ്ധാന്തം ഒഴിവാക്കുകയും പാർട്ടിയും രാഷ്ട്രവും ഒന്നുതന്നെ എന്ന അതിസമഗ്രാധിപത്യ സിദ്ധാന്തം സ്വാംശീകരിക്കുകയുമാണ് ഷിയിസം ചെയ്യുന്നത്. പാർട്ടിയുടെ ജനറൽ സെക്രട്ടറി, റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്, സെൻട്രൽ മിലിട്ടറി കമ്മിഷന്റെ ചെയർമാൻ എന്നീ പദവികളിലൂടെ ഷി അധികാരം മുഴുക്കെ തന്നിലേക്ക് കേന്ദ്രീകരിച്ചതോടെ നേരത്തേ ഏക പാർട്ടി രാഷ്ട്രമായിരുന്ന ചൈന ഇപ്പോൾ ഏക വ്യക്തിരാഷ്ട്രമായി മാറിയിരിക്കുന്നു.

കമ്യൂണിസ്റ്റ് പാർട്ടിയല്ലാത്ത മറ്റൊരു രാഷ്ട്രീയ ബദലിനെക്കുറിച്ച് ചിന്തിക്കാൻപോലും സ്വാതന്ത്ര്യമില്ലാതെയാണ് ചൈനീസ് ജനത 72 വർഷമായി ജീവിക്കുന്നത്. എതിർസ്വരം പുറപ്പെടുവിക്കുന്നവർ നിശ്ശബ്ദരാക്കപ്പെടുകയോ പ്രാന്തീകരിക്കപ്പെടുകയോ ചെയ്യുന്ന ഇരുണ്ട ചരിത്രം പുതിയ കാലത്തും തുടരുന്നു. 1958-’ 62 കാലത്തെ കൊടുംക്ഷാമത്തെക്കുറിച്ച് Tombstone എന്ന ഗ്രന്ഥം രചിച്ച യാങ് ജിഷെങ് എന്ന പ്രശസ്ത പത്രപ്രവർത്തകന്റെ അനുഭവം ഉദാഹരണങ്ങളിലൊന്നാണ്. ഹോങ്കോങ്ങിൽ പ്രസിദ്ധീകരിക്കുകയും ചൈനീസ് ഭരണകൂടം നിരോധിക്കുകയും ചെയ്ത ആ പഠനഗ്രന്ഥം 2016-ൽ ഹാർവാഡ് സർവകലാശാലയുടെ പുരസ്കാരത്തിനർഹമായി. പക്ഷേ, പുരസ്കാരം സ്വീകരിക്കുന്നതിന് അമേരിക്കയിലേക്ക് പോകാൻ ജിഷെങ്ങിന് ഭരണകൂടം അനുമതി നൽകിയില്ല.

സ്വാതന്ത്ര്യഹനനവും അസഹിഷ്ണുതയും സമഗ്രാധിപത്യ നിലപാടുകളും മറ്റു മേഖലകളിലുമുണ്ട് ‘ ഒരു രാഷ്ട്രം, രണ്ടു വ്യവസ്ഥകൾ’ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ1997-ൽ പ്രത്യേക ഭരണപ്രദേശം എന്ന നിലയിൽ ചൈനയുടെ ഭാഗമായി മാറിയ മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ്ങിൽ ജനാധിപത്യത്തിനും സ്വയം ഭരണാവകാശത്തിനും വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിനുനേരെ ജിൻപിങ് ഭരണകൂടം അടിച്ചമർത്തൽ നയം ആരംഭിച്ചിട്ട് രണ്ടുവർഷം പിന്നിട്ടിരിക്കുന്നു. ചൈനയിൽനിന്നു വ്യത്യസ്തമായി സ്വതന്ത്രമാധ്യമങ്ങൾ നിലനിന്ന ഹോങ്കോങ്ങിൽ അവയ്ക്ക് നിലനിൽപ്പില്ലാതായിക്കഴിഞ്ഞു. ജനാധിപത്യാനുകൂല നിലപാട് സ്വീകരിച്ചുപോന്ന ആപ്പിൾ ഡെയ്ലി എന്ന പത്രത്തിനെതിരേ ഭരണകൂടം നടപടി സ്വീകരിച്ചതിനാൽ ആ പത്രത്തിന് ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പ്രസിദ്ധീകരണം നിർത്തിവെക്കേണ്ടിവന്നു. തിരുവായ്ക്ക് എതിർവാ അരുത്.

ചൈനീസ് പ്രവിശ്യയായ സിൻജിയാങ്ങിലെ ഭൂരിപക്ഷ ജനവിഭാഗമായ ഉയിഗുർ മുസ്ലിങ്ങൾക്കുനേരെ ഭരണകൂടം സ്വീകരിച്ചുപോരുന്നതും അടിച്ചമർത്തൽനയം തന്നെ. 1949-ൽ സിൻജിയാങ്ങിലെ ജനസംഖ്യയിൽ 94 ശതമാനം ഉയ്ഗുറുകളും ആറ് ശതമാനം ഹാൻ വംശജരുമായിരുന്നു. ഈ അനുപാതം മാറ്റുന്നതിന് മറ്റിടങ്ങളിൽനിന്ന് ഹാൻ ചൈനക്കാരെ സിൻജിയാങ്ങിൽ കുടിയിരുത്തുന്ന നയം ഭരണകൂടം സ്വീകരിച്ചു. ഇപ്പോൾ അവിടത്തെ ജനസംഖ്യയിൽ നാൽപത് ശതമാനം ഹാൻ വംശജരാണ്. മാത്രവുമല്ല, പുനർവിദ്യാഭ്യാസത്തിനെന്ന പേരിൽ ഒരു ദശലക്ഷത്തോളം ഉയ്ഗുറുകൾ തടങ്കൽ പാളയസമാനമായ പുനർവിദ്യാഭ്യാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെടുകയും ചെയ്തിരിക്കുന്നു. ടിബറ്റിന്റെയും തയ്വാന്റെയും കാര്യത്തിലും തദ്ദേശീയരുടെ വികാരം തരിമ്പും കണക്കിലെടുക്കാൻ ചൈനീസ് ഭരണകൂടം തയ്യാറാകുന്നില്ല.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശതാബ്ദിയുടെ നിറവിൽ നിൽക്കുമ്പോൾ 72 വയസ്സ് പൂർത്തിയാക്കാൻ പോകുന്ന പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ പീപ്പിൾസ് എവിടെയാണ് നിൽക്കുന്നത്? അവർക്ക് വ്യക്തിസ്വാതന്ത്ര്യം കൈവന്നോ? പൗരന്മാർ എന്ന നിലയിലുള്ള ജനാധിപത്യാവകാശങ്ങൾ ആവരെതേടിയെത്തിയോ? രണ്ടാമതൊരു പാർട്ടിയെ പരീക്ഷിക്കാനുള്ള അവസരം അവർക്ക് ലഭിച്ചോ? എന്തിന്, കമ്യൂണിസവും സോഷ്യലിസവും വാഗ്ദാനം ചെയ്യുന്ന സമത്വ സുന്ദര സമൂഹത്തിന്റെ ഏഴയലത്തെങ്കിലും അവരെത്തിയോ? ഇല്ലെന്നു മാത്രമല്ല, സിസൈക്കിന്റെ വാക്കുകൾ കടംകൊണ്ടു പറഞ്ഞാൽ, ചൈനയിൽ അധികാരത്തിലിരിക്കുന്ന കമ്യൂണിസ്റ്റുകളാണ് ഇന്നത്തെ ഏറ്റവും ഊർജസ്വലരായ കാപിറ്റലിസ്റ്റുകൾ എന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്. സാമ്പത്തിക അസമത്വത്തിൽ മുതലാളിത്തരാഷ്ട്രങ്ങളെ കടത്തിവെട്ടിയിരിക്കുന്നു ചൈന. നൂറുവർഷം മുമ്പ് സി.സി.പി.ക്ക് അസ്തിവാരമിടുന്നതിൽ മുഖ്യപങ്കുവഹിച്ച ബുദ്ധിജീവികളായ ചെൻ ദുക്സിയുവും ലി ദഷാവോവും സ്വപ്നം കണ്ട ചൈനയെവിടെ, ഇന്നത്തെ ചൈനയെവിടെ?

Content Highlights : Hameed Chennamangalur writes about China and and its political Consequences