ണ്‍ലൈന്‍ വായനയുടെ കാലത്ത് പുസ്തക വായനയ്ക്ക് മരണം സംഭവിച്ചുവെന്ന വാദങ്ങള്‍ക്കിടെ ബെംഗളൂരുവിലെ 'ഗുപ്ത സര്‍ക്കുലേറ്റിങ് ലൈബ്രറി'യെക്കുറിച്ച് നാം അറിയാതെ പോകരുത്. 65 വര്‍ഷങ്ങള്‍ക്കുമുമ്പ് രണ്ടു സഹോദരങ്ങള്‍ ചേര്‍ന്നു തുടങ്ങിയ ലൈബ്രറി ചരിത്രത്തിന്റെ പെരുമയുമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. 'ഗുപ്ത സര്‍ക്കുലേറ്റിങ് ലൈബ്രറി' കര്‍ണാടകത്തിലെ പുസ്തകപ്രേമികളുടെ ഇഷ്ട ലൈബ്രറിയായി മാറിയത് ചരിത്രമാണ്. 

പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ജി.ആര്‍.ജെ. ഗുപ്തയും ജി.ആര്‍.പി. ഗുപ്തയും പത്തും പന്ത്രണ്ടും വയസ്സുള്ളപ്പോള്‍ കുടുംബം പുലര്‍ത്താന്‍ ലൈബ്രറി ആരംഭിക്കുന്നത്. ജി.ആര്‍.ജെ. ഗുപ്തയ്ക്ക് ഇപ്പോള്‍ 75 വയസ്സായി. ജി.ആര്‍.പി. ഗുപ്തയ്ക്ക് 77 വയസ്സും. മല്ലേശ്വരത്ത് തിരക്കേറിയ സാംപിഗെ റോഡിലാണ് ഗുപ്ത സര്‍ക്കുലേറ്റിങ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ലൈബ്രറിയില്‍ ഇന്നും ദിവസേന നിരവധിപേര്‍ എത്തുന്നു.

തുടക്കം പതിയെയായിരുന്നെങ്കിലും പിന്നീട് ലൈബ്രറിയുടെ വളര്‍ച്ച പെട്ടന്നായിരുന്നു. പ്രമുഖ പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, കന്നഡ പത്രം ഉദയവാണി, ഹൈദരാബാദ് പത്രം ചിത്രാലയ തുടങ്ങിയ പത്രങ്ങളുടെ ബെംഗളൂരുവിലെ വിതരണാവകാശം ഗുപ്ത ലൈബ്രറി നേടിയതോടെയാണ് വളര്‍ച്ച തുടങ്ങുന്നത്. പിന്നീടങ്ങോട്ട് നിരവധി മാസികകളുടേയും പത്രങ്ങളുടേയും ആഴ്ചപ്പതിപ്പികുകളുടേയും വിതരണക്കാരായി ലൈബ്രറി മാറി. പത്രങ്ങള്‍ വിതരണം ചെയ്യാന്‍ മാത്രം ഗംഗാവരം ഏജന്‍സി എന്ന ഏജന്‍സിയും തുടങ്ങി.

പുലര്‍ച്ചെ മൂന്നിന് ഉറക്കമെണീറ്റ് പത്രം വിതരണം ചെയ്യാന്‍ സൈക്കിളില്‍ അമ്പത് കിലോമീറ്ററോളം സഞ്ചരിക്കുമായിരുന്നുവെന്ന് ഗുപ്ത സഹോദരങ്ങള്‍ പറഞ്ഞു. മല്ലേശ്വരത്തുനിന്ന് ഹലസൂരുവിലേക്കും അവിടെ നിന്ന് ജാലഹള്ളിയിലേക്കും ദിവസേന സൈക്കിളില്‍ പോയിരുന്നു. പത്രം വിതരണം ചെയ്ത ശേഷമാണ് സ്‌കൂളില്‍ പോയിരുന്നത്. കന്റോണ്‍മെന്റിനു സമീപം ശേഷാദ്രിപുരം സ്‌കൂളിലായിരുന്നു പഠനം. 

പുസ്തകങ്ങളുടെ കലവറ ആദ്യകാലങ്ങളില്‍ പത്രങ്ങളും മാസികകളും വിതരണം ചെയ്യുന്നതിലായിരുന്നു ശ്രദ്ധ. പിന്നീട് 1965-ല്‍ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങല്‍ ലൈബ്രറിയിലെത്തിച്ച് വായനക്കാരെ ആകര്‍ഷിക്കാന്‍ തുടങ്ങി. ആദ്യകാലത്ത് കന്നഡ, തമിഴ്, ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മലയാളം, ബെംഗാളി, തെലുഗു, മറാത്തി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തിച്ചു. ഒരുകാലത്ത് ലൈബ്രറിയില്‍ 3500 സ്ഥിരം അംഗങ്ങള്‍ ഉണ്ടായിരുന്നു.

മുന്‍ രാഷ്ട്രപതി വി.വി. ഗിരിയും കുടുംബാംഗങ്ങളും ലൈബ്രറിയിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. 1965ല്‍ വി.വി.ഗിരി കര്‍ണാടക ഗവര്‍ണറായിരുന്നപ്പോള്‍ തെലുഗു നോവലിനു വേണ്ടി ലൈബ്രറി സ്ഥിരം സന്ദര്‍ശിക്കുമായിരുന്നുവെന്ന് ഗുപ്ത പറഞ്ഞു. ചെന്നൈ, മംഗളൂരു, മണിപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുസ്തക പ്രേമികള്‍ മാസത്തിലൊരിക്കല്‍ ലൈബ്രറി സന്ദര്‍ശിക്കുമായിരുന്നു. ലൈബ്രറി തുടങ്ങിയ സമയത്ത് 50 പൈസയായരുന്നു അംഗത്വഫീസ്. പുസ്തകം വായിക്കാനെടുക്കുന്നതിനും 50 പൈസയായിരുന്നു നിരക്ക്. 

പിന്നീട് പുസ്തകങ്ങള്‍ ആവശ്യക്കാര്‍ക്ക് വീടുകളിലെത്തിച്ചു കൊടുക്കുന്ന സംവിധാനം തുടങ്ങി. ഈ നീക്കത്തെ ബെഗളൂരുവിലെ പുസ്തകപ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. നിലവില്‍ ഗുപ്ത സര്‍ക്കുലേറ്റിംഗ് ലൈബ്രറിക്ക് ഹനുമന്തനഗര്‍, ബസവനഗുഡി, ജയനഗര്‍, അള്‍സൂരു, ജാലഹള്ളി എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. 40 ജീവനക്കാരാണുള്ളത്. നിലവില്‍ 500 അംഗങ്ങളാണ് ലൈബ്രറിക്കുള്ളത്. കൂടുതല്‍ പേരും 50നും 70നും ഇടയില്‍ പ്രായമുള്ളവരാണ്. നിലവില്‍ കന്നഡ, ഇംഗ്ലീഷ്, തെലുഗു, തമിഴ് പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉള്ളത്.

Content Highlights : gupta circulating library, Libraries In Bangalore, library, books