പ്രവാസപ്പച്ചയെ ഒലീവ് പച്ചയാക്കുമ്പോള്‍ കവിതയ്ക്ക് അഴകും അലങ്കാരവും താളവും കൈവരും. അങ്ങനെ ഭ്രാന്തോളമെത്തുന്ന വൈകാരികതയില്‍ വാക്കിന് കൃത്യമായ സ്ഥാനവും ധ്വനിയും ചേര്‍ക്കുമ്പോള്‍ വായനക്കാരനും കവിയായി രൂപാന്തരം പ്രാപിക്കുന്നു. ഒരു ചെടി, ചെടി മാത്രമല്ല എത്രയോ ഓക്സിജന്‍ നല്‍കുന്ന ജൈവ പ്രക്രിയയാണെന്നതുപോലെ വാക്കിന് ചിലപ്പോള്‍ സാന്ത്വനം നല്‍കാനും നീചചിന്തയില്‍നിന്ന് സദ്ഗുണജീവിതത്തിലേക്ക് അടുപ്പിക്കാനും കഴിയും. ജീവിതസമ്പര്‍ക്കത്തിന്റെ പൗരജീവിതഗതി ചെണ്ടകൊട്ടുമ്പോള്‍ ജനിതകമായ ജീനുകളുടെ ഇടപെടല്‍ ആര്‍ക്കും ഒഴിവാക്കാനാവില്ല. അതില്‍ നരവംശശാസ്ത്രപരമായ പല ഘടകങ്ങളും ഉണ്ട്. കടലും കുന്നും മരുഭൂമിയും പച്ചപ്പും തരുന്ന ദേശത്തനിമയ്ക്ക് അതിരില്ല. അതിലുണ്ട് എന്റെയും നിങ്ങളുടെയും കാല്പാട്.

മേഘങ്ങളിലുണ്ട് മേയലിന്റെ സ്വാതന്ത്ര്യം, അടുക്കള പുറത്താക്കുന്ന പുകയിലുണ്ട് പുറത്താക്കിയ കിതപ്പ്, ഒരു മരം നട്ടുപിടിപ്പിക്കുക എന്നത് സംസ്‌കാരത്തിന്റെ ശ്രേഷ്ഠമായ കര്‍മമാകുന്നു. ആ ജൈവധര്‍മത്തെക്കുറിച്ച് പഴയകാലത്ത് എഴുതിയത് ഇങ്ങനെയാകുന്നു. 'പത്ത് കിണറിന് സമം ഒരു കുളം, പത്ത് കുളത്തിന് സമം ഒരു ജലാശയം, പത്ത് ജലാശയത്തിന് സമം ഒരു പുത്രന്‍, പത്തുപുത്രന്മാര്‍ക്ക് സമം ഒരു വൃക്ഷം'.

മഴക്കാറ് കാണുമ്പോള്‍ പീലിവിടര്‍ത്തുന്ന മയിലിനെപ്പോലെ ചില ദൃശ്യങ്ങള്‍ നമ്മളെ അടിമുടി കോരിത്തരിപ്പിക്കും. കടലിനെ നോക്കി എത്രയോ നേരം ചെലവിടുന്നവരില്‍, കുന്നുമ്പുറങ്ങളും ഉള്‍നാടന്‍ ഗ്രാമീണതയും പച്ചക്കറിത്തോട്ടങ്ങളും സന്ദര്‍ശിക്കുന്നവരില്‍, കുന്നിന്‍ചെരുവിലെ ജലാശയത്തിലിറങ്ങി നനയുന്നവരില്‍ ഇത്തരമൊരു ജന്മവികാരം ഉണ്ട്. അത് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒന്നുമല്ലെങ്കിലും അനുഭവിക്കുന്നവര്‍ക്ക് റീച്ചാര്‍ജിങ്ങാണ്. ഒഴിവുദിവസങ്ങളില്‍ ഒത്തുകൂടി കാത്തിരിപ്പിന്റെ നിരാശയും മടുപ്പിന്റെ കനവും കൊഴിച്ചുകളയുമ്പോള്‍ പ്രവാസി വീണ്ടെടുക്കുന്നത് അവരവരെത്തന്നെയാണ്. നല്ല കൃഷിക്കാരന്‍ ഇലകള്‍ കത്തിച്ചുകളയില്ല. അവനറിയാം അതിലടങ്ങിയ സൗരോര്‍ജം. മനുഷ്യരെപ്പോലെ ഭൂമിയും വൃക്ഷങ്ങളും ശ്വാസം നിര്‍വഹിക്കുന്നുണ്ട്. അതുകൊണ്ട് വൃക്ഷസംരക്ഷണം എല്ലാ സംസ്‌കാരവും പ്രാധാന്യത്തോടെ കാണുന്നു. ഒരു തൈ കുഴിച്ചിടുക എന്ന അനുഷ്ഠാനത്തോടെ വൃക്ഷസ്‌നേഹം തീരുന്നില്ല. ഒരാള്‍ക്ക് പ്രകൃതിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമെങ്കില്‍ അത് പിന്നീടുള്ള ജൈവ ജിവിതക്രമത്തിലേക്കുള്ള ചുവടുവെപ്പാണ്. 

ഏകാന്തതയുടെ ഊടുവഴിയിലെ തണലാണ് വൃക്ഷങ്ങള്‍. പഴുത്ത ഇല കൊഴിയുമ്പോള്‍ പച്ച ഇലയ്ക്കറിയാം നാളെ പഴുത്ത ഇലയായി മാറുന്ന അവസ്ഥ. ഇലകളുടെ കൈമലര്‍ത്തലില്‍ ഹരിതം നിറഞ്ഞ് അന്നമായിത്തീരുന്ന ധാന്യമുണ്ട്. ഇതെഴുതുമ്പോള്‍ വി. മുസഫര്‍ എഴുതിയ വരികളാണ് മനസ്സില്‍ നിറഞ്ഞത്. 'മണല്‍ക്കൂനകള്‍ക്കിടയിലായി അങ്ങിങ്ങ് ഗാഫ് വൃക്ഷങ്ങള്‍ കാണാം. ഉണങ്ങി വിറകുപാകത്തില്‍ നില്‍ക്കുന്നവയാണ് ഭൂരിഭാഗവും പറ്റെച്ചെറിയവ മുതല്‍ ഒരാള്‍ ഉയരത്തിലുള്ളവവരെയുണ്ട്. പറ്റിക്കിടന്ന് വളര്‍ന്നുതുടങ്ങുന്ന ചിലവയില്‍ അപൂര്‍വമായാണെങ്കില്‍ പച്ച ഇലകളുണ്ട്. കരിഞ്ഞുണങ്ങി പൂര്‍ണമായും തവിട്ടുനിറത്തിലായിക്കഴിഞ്ഞ ഒരു മരത്തിന് ചുവട്ടില്‍നിന്ന് വള്ളിപോലെ പടര്‍ന്നുകയറാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം പച്ചയിലകള്‍ ജൈവികതയുടെ തൂമന്ദഹാസമായി നിലകൊണ്ടു. അവസാനത്തെ പച്ച എന്ന പ്രയോഗത്തെ ആ മരുഭൂ പ്രകൃതിയില്‍ ആ ഇലക്കൂട്ടം സാധൂകരിക്കുകയാണോ എന്നു തോന്നി.' (മരുമരങ്ങള്‍).

ജീവിതത്തിലെ പ്രധാനഭാഗം ചെലവഴിച്ച മണലാരണ്യത്തിലെ തുറമുഖജീവിതം വലിയൊരു കാവ്യഭാഗം എഴുതിച്ചേര്‍ക്കാന്‍ അവസരം നല്‍കി. ഇവിടെനിന്നാണ് കപ്പല്‍, ജലാശയം, മീന്‍പരാതിയൊക്കെ കവിയില്‍ കയറിപ്പറ്റിയത്. സുതാര്യമായൊരു സംഭാഷണമാണ് കടല്‍ത്തീരത്ത് എനിക്ക് കവിത. അറബി, ബലൂച്ചി, ഇറാനി, പാകിസ്താനി, സുഡാനി, ബംഗാളി, പലസ്തീന്‍, ശ്രീലങ്ക എന്നീ ഭാഷാസങ്കരം സ്വരവ്യഞ്ജനമായി എന്നിലേക്ക് വന്നുചേര്‍ന്നു. തോറ്റവരുടെ-പാര്‍ശ്വത്കരിക്കപ്പെട്ടവരുടെ നീന്തലാണ് മുഖ്യം. മീന്‍ സങ്കടം, കണവയുടെ ഇന്ത്യന്‍ മഷി, തിരണ്ടിവാല്‍, മത്തി കവിതയിലേക്ക് ഒളിച്ചുകടത്തുമ്പോള്‍ ശ്രീമതി കരഞ്ഞുപിരിയുന്ന കപ്പലായി (വെല) പിന്തുടരുന്നു. കപ്പലുകള്‍കണ്ട് എന്റെ പ്രഭാതം തുടങ്ങുന്നു. കപ്പല്‍ കരച്ചിലുമായി തുറമുഖം വിടുമ്പോള്‍ കാത്തിരിപ്പിന്റെ തീജ്ജ്വാലയില്‍ പൊള്ളുന്നു. (തുറമുഖഭാഷയില്‍ കപ്പല്‍ സ്ത്രീലിംഗമാകുന്നു). കത്തുന്ന ജീവിതത്തിന്റെ കടല്‍ ഇരമ്പുന്നിടത്തുനിന്നാണ്.

'തിരപ്പൂഴിയില്‍ പെരുവിരലൂന്നി

സഞ്ചാരികള്‍ക്ക് ജാതകം കുറിച്ച

ചെങ്കുത്തായ കുന്ന്

ഞങ്ങളുടെ പാലം' (ഖോര്‍ഫക്കാന്‍കുന്ന്) എന്നെഴുതിയത്.

കടലിന്റെ ആഴത്തില്‍നിന്ന് സംസ്‌കാരത്തിന്റെ ആഴത്തിലേക്ക്, രൂക്ഷതയിലേക്ക് മൗനപ്രകമ്പനത്തിലേക്ക് ഇടംനേടാനാണ് പാട്. മറ്റൊരു ലോകം എനിക്ക് പ്രണയമാണ്. കപ്പല്‍, പുഴ, വിവസ്ത്രയായ കുന്ന്, സ്ത്രീയും പ്രണയവും മാറിനില്‍ക്കാതെ നിരവധി രൂപകങ്ങളായി എന്നെ ഭ്രാന്തനാക്കുന്നു.

പ്രിയപ്പെട്ട കവി കെ.ജി. ശങ്കരപ്പിള്ളയുടെ വാക്കുകള്‍ കടമെടുത്ത് ഇതവസാനിപ്പിക്കുന്നു.

''ഞാനൊരു മയിലിനെ വരയ്ക്കുകയാണെങ്കില്‍

തലയും ഉടലും വരച്ച് പിന്നില്‍

ഒരു വിടര്‍ത്തിയ ചൂലും കെട്ടിവെക്കുകയേ ചെയ്യൂ

നാം പ്രകൃതിയെ എന്താക്കി എന്ന് അത് പറയും"

Content Highlights: gulf life, literature, Sathyan Madakkara