സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചുപയോഗിച്ച് മുഷിഞ്ഞ പദമാണ് മതേതരത്വം എന്നത്. എന്നാല്‍, ആ പദത്തിന്റെ അര്‍ഥവും അതിന്റെ പരികല്പനയും അത്രമേല്‍ ആഴമേറിയതും വിശാലവുമാണ്. ജനതയ്ക്ക് മതവിശ്വാസമുണ്ടാകാം, രാജ്യത്തിന് തത്ത്വചിന്തയാണുണ്ടാകേണ്ടത്. ഇതാണ് ദക്ഷിണാഫ്രിക്കയിലെയും ശ്രീലങ്കയിലെയും മുന്‍ ഇന്ത്യന്‍ സ്ഥാനപതിയും മഹാത്മാഗാന്ധിയുടെയും രാജഗോപാലാചാരിയുടെയും പൗത്രനുമായ ലേഖകന്‍ ഇവിടെ പരാമര്‍ശിക്കുന്നത്

ന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ചരമവാര്‍ഷികദിനത്തിന് തൊട്ടടുത്തദിവസമാണ് എം.പി. വീരേന്ദ്രകുമാറിന്റെയും ഓര്‍മദിവസമെത്തുന്നത്. ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങള്‍ ക്ഷയിച്ചില്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നെഹ്രുവിന്റെ ആദര്‍ശങ്ങളെ ഇന്ത്യ മാത്രമല്ല, ഈ ലോകംതന്നെ ആവശ്യപ്പെടുന്നുണ്ട്. ഈ രണ്ടുദിനങ്ങള്‍ക്കും പിന്നാലെ മറ്റൊരു പ്രധാനപ്പെട്ട ദിവസം കൂടിയെത്തുന്നുണ്ട്. മെയ് 26-ലെ ബുദ്ധപൂര്‍ണിമ. കോവിഡ് വൈറസ് കോടിക്കണക്കിന് മനുഷ്യരുടെ ജീവശ്വാസമെടുക്കുന്ന ഇക്കാലത്ത് ഈ മൂന്നുദിനങ്ങളുടെയും സംഗമം ഏറെ പ്രധാനപ്പെട്ടതും പ്രസക്തവുമാകുന്നു.

രണ്ടാംതരംഗം അതിതീവ്രമായ ഈസമയത്ത് ഈവിഷയത്തെ അഭിസംബോധന ചെയ്യാതെ മറ്റെന്തിനെങ്കിലും സമയംകളയുന്നത് തെറ്റാണ്. എന്നാലും മാനസികവും ശാരീരികവുമായ പ്രവൃത്തികള്‍ക്ക് വിരാമമിടാന്‍ ആര്‍ക്കുമാവില്ല. മഹാമാരിക്കാലവുമായി ഈ ചിന്ത വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുണ്ട്. അതേസമയം, വൈറസ് വ്യാപനത്തില്‍നിന്ന് ഓടിയൊളിക്കുന്നതില്‍ നമ്മുടെ ഹൃദയശൂന്യത വലിയരീതിയില്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന യാഥാര്‍ഥ്യംകൂടി നമ്മളംഗീകരിക്കേണ്ടിയിരിക്കുന്നു.

'മതേതരത്വത്തിലുള്ള വിശ്വാസം' എന്ന എന്റെ പ്രസംഗത്തിന്റെ പ്രമേയവുമായി ഇതെങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? കോവിഡ് നിയന്ത്രണത്തിനായുള്ള പൊതുജനപങ്കാളിത്തം, അല്ലെങ്കില്‍ അതിന്റെ അഭാവം, അതിന് പ്രത്യക്ഷത്തില്‍ ജനാധിപത്യവുമായി നേരിട്ടുബന്ധമൊന്നും കാണാനാവില്ല. എന്നാല്‍, ഈ വിഷയത്തെ വളരെ അടുത്തുനിന്ന്, ശ്രദ്ധയോടെ, അല്ലെങ്കില്‍ ബുദ്ധന്‍ പറഞ്ഞതുപോലെ മനോമയഭാവത്തോടെ (ങശിറളൗഹില)ൈ സമീപിച്ചാല്‍ ഇവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി കാണാനാകും. കോവിഡിനുനേരെയുള്ള ഈ പോരാട്ടത്തില്‍, അതിന്റെ ഹൃദയഭാഗത്ത്, പ്ല'അപരനോ'ടുള്ള ബഹുമാനമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആളുകള്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നത് വെറും യാദൃച്ഛികമെന്നുപറഞ്ഞ് തള്ളാനാവില്ല, പകരം അപരനോടുള്ള കരുതലില്ലായ്മയാണത് കാണിക്കുന്നത്. വീട്ടിലായിരിക്കുമ്പോള്‍ അത് മുതിര്‍ന്നവരോടും ചെറുപ്രായക്കാരോടുമുള്ള കരുതലില്ലായ്മയും അയല്‍ക്കാരോടും തൊട്ടടുത്ത പരിസ്ഥിതിയോടും സഹാനുഭൂതിക്കുറവും സൂചിപ്പിക്കുന്നു. മറ്റൊരു ബുദ്ധമതശൈലികൂടി പറയട്ടെ, പാലിഭാഷയില്‍ 'മൈത്രി' എന്നുപറയും. അപരനോടുള്ള അനുകമ്പയെന്നര്‍ഥം. ഇന്നത് മതേതരത്വത്തിന്റെ ഹൃദയംകൂടിയാണ്.

മതേതരത്വത്തിലെ വിശ്വാസത്തെ രണ്ടുരീതിയില്‍ വായിക്കാം, ഒന്നാമത്തേതും ഏറ്റവും സ്പഷ്ടമായതും മതേതരത്വമെന്ന ആശയത്തിലുള്ള ആത്മവിശ്വാസമാണ്. മതേതരത്വത്തോടുള്ള പ്രതിജ്ഞാബദ്ധത. തമിഴില്‍ പറഞ്ഞാല്‍ 'നമ്പിക്കൈ', അഥവാ 'മതേതരത്വത്തിന്‍മേലെ നമ്പിക്കൈ'. ഏതെങ്കിലുമൊരു മതത്തെ പ്രതിനിധാനംചെയ്യുന്ന വിശ്വാസം എന്ന് ധ്വനി. മതമെന്ന അര്‍ഥത്തിലുള്ള വിശ്വാസവും മതപരമായ വിശ്വാസവും. മതത്തിലുള്ള വിശ്വാസം മതേതരത്വത്തിന്റെ ധാര്‍മികതയെ ആശ്ലേഷിക്കുന്നുണ്ടോ? മതേതരത്വം വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഈ രണ്ടുവിഷയങ്ങളെക്കുറിച്ചും ഞാന്‍ പറയാന്‍ ശ്രമിക്കാം.

'മതേതരം' എന്ന വാക്കിന് മതത്തിന് എതിര്‍ദിശയില്‍ നില്‍ക്കുന്നതെന്നാണ് ഇംഗ്ലീഷിലെ അര്‍ഥം. നിങ്ങള്‍ക്ക് ഒന്നുകില്‍ ഒരു മതേതരവിശ്വാസിയോ അല്ലെങ്കില്‍ മതവിശ്വാസിയോ ആകാം. ഇതുപ്രകാരം മതേതരമെന്ന ആശയഭൂമികയില്‍ മതത്തിന് ഇടമില്ല. എന്നാല്‍, മതേതരത്വം ദേശീയ ആശയമായി തിരഞ്ഞെടുത്തിട്ടുള്ള ഇന്ത്യ ഈ വ്യാഖ്യാനം സ്വീകരിക്കുന്നില്ല. നമ്മളതിന്റെ നിര്‍വചനത്തെ കുറേക്കൂടി ആഴമുള്ളതാക്കി.

സ്വന്തം അനുഭവങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യ മതേതരത്വത്തെ പുനര്‍നിര്‍വചിച്ചു. വിശ്വാസത്തിന്റെ അഭാവമെന്നല്ല, പകരം എല്ലാമതങ്ങളെയും ബഹുമാനിക്കുക എന്നതായിരുന്നു അത്. നിരീശ്വരവാദമടക്കം എല്ലാവിശ്വാസങ്ങളോടുമുള്ള തുല്യ ബഹുമാനം. നിരീശ്വരവാദവും ഒരു വിശ്വാസമാണ്.

എന്നാല്‍, ഇതോടൊപ്പം മതേതരത്വമെന്ന ആശയത്തിന് ഇന്ത്യ നല്‍കിയ മറ്റൊരു മാനമുണ്ട്. രാജ്യത്തെ മതത്തില്‍നിന്ന് അകറ്റിനിര്‍ത്തുക എന്നതാണത്. എല്ലാവിശ്വാസങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നതാകണം രാജ്യം. എന്നാല്‍, അതിന് സ്വന്തമായി ഒരു മതമുണ്ടാകരുത്. ഏഴുനിറമുള്ള മഴവില്ലിന് സ്വന്തമായൊരു നിറമില്ലാത്തതുപോലെ. ദക്ഷിണാഫ്രിക്കയെ ഒരു മഴവില്‍ രാജ്യമെന്നു വിളിച്ച നെല്‍സണ്‍ മണ്ടേല, എല്ലാ വംശ, മത, ഭാഷാ വൈവിധ്യങ്ങള്‍ക്കും സ്ഥാനമുള്ളയിടമെന്നാണ് അതുകൊണ്ടര്‍ഥമാക്കിയത്. ഇന്ത്യയുടെ മതേതരത്വത്തെക്കൂടി ഇത് പ്രതിഫലിപ്പിക്കുന്നു.

മതേതരത്വമെന്ന ഈ ആശയത്തിന്റെ വേര് അശോക ചക്രവര്‍ത്തിയുടെ ഭരണകാലത്തിലേക്ക് ആഴ്ന്നുകിടക്കുന്നു. ഏതെങ്കിലും മതത്തെ അട്ടിമറിച്ചുകൊണ്ട് സ്വന്തം 'ധമ്മം' സ്ഥാപിക്കുമെന്ന് ഒരു ശാസനങ്ങളിലും അശോകന്‍ പറയുന്നില്ല. ശ്രീബുദ്ധന്‍ തന്നെ എത്ര ആഴത്തില്‍ ഉദ്‌ബോധിപ്പിച്ചുവെന്നു മാത്രമാണ് ലുംബിനി ശാസനത്തില്‍ അദ്ദേഹം പറയുന്നത്. മതേതരത്വത്തിലുള്ള ഇന്നത്തെ നമ്മുടെ വിശ്വാസത്തിലെ ഏറ്റവും സുപ്രധാനമായ ഒന്നിനെ ധമ്മം അംഗീകരിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പ്രാധാന്യത്തെ, 'വിശ്വാസം' എന്ന വാക്കിനെ അതിന്റെ ഏറ്റവും ശുദ്ധമായ അര്‍ഥത്തില്‍ ഉപയോഗിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. നന്മയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. പണ്ഡിതന്മാര്‍ പാപം, പുണ്യം എന്നൊക്കെ കളിവാക്ക് പറയുമായിരിക്കും. എന്തെങ്കിലും നല്ലതുകാണുമ്പോള്‍ നിങ്ങള്‍ പറയും 'ഇത് നല്ലത്' എന്ന്. അതൊരുപക്ഷേ ഒരു വ്യക്തിയെയാകാം, ശ്രീ രമണ മഹര്‍ഷിയെ ആകാം, അതൊരു കുഞ്ഞാകാം, അതൊരു രാഷ്ട്രീയപ്രവൃത്തിയുമാകാം.

അശോകന് ഇന്ത്യയെന്നൊരു സങ്കല്പമുണ്ടായിരുന്നില്ല. അദ്ദേഹമൊരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. അവിടെ ആദിവാസികളുണ്ടായിരുന്നു, നഗരജീവികളുണ്ടായിരുന്നു, ഗ്രാമീണരും കര്‍ഷകരും അധികാരിവര്‍ഗത്തിന്റെ ശൃംഖലയുമുണ്ടായിരുന്നു. അതായത്, അവിടെ ഇന്ത്യയുടെ പരിച്ഛേദംതന്നെയുണ്ടായിരുന്നു. മതത്തിലുള്ള വിശ്വാസം ഇന്ത്യയില്‍ സാര്‍വത്രികമാണെന്ന് അശോകനറിഞ്ഞിരുന്നു. ഇന്ത്യയില്‍ നിരീശ്വരവാദത്തിന് ശക്തമായൊരു പാരമ്പര്യം അവകാശപ്പെടാനുണ്ട്. പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ നിരീശ്വരവാദത്തിന് ഉദാഹരണമായിരുന്നു. അങ്ങേയറ്റം ധാര്‍മികവുമായിരുന്നു അത്. ആന്ധ്രാപ്രദേശിലെ ഗോറയെപ്പോലെ നിരീശ്വരവാദികളായ ഗാന്ധിയന്മാരുമുണ്ടായിരുന്നു.

മതവിശ്വാസങ്ങള്‍ക്ക് ആന്തരികശുദ്ധീകരണം ആവശ്യമുണ്ടെന്ന് അശോകന്‍ കണ്ടു. വിശ്വാസങ്ങളെ അവയുടെ അടിസ്ഥാനത്തില്‍നിന്നുതന്നെ ശുദ്ധീകരിക്കുന്ന തത്ത്വചിന്തയെയാണ് അദ്ദേഹം 'ധമ്മം' എന്നുവിളിച്ചത്. 'എന്റെ പ്രജകളെല്ലാം എന്റെ കുഞ്ഞുങ്ങളാണ്' എന്ന് അശോകന്‍ പറയുകയുണ്ടായി. അപൂര്‍വമായൊരു പ്രസ്താവന. മഗധി പ്രാകൃതിലെ കലിംഗ ശാസനത്തിലാണ് അതുള്ളത്. ഭരണകൂടത്തിന്റെ കാര്യത്തില്‍ അതായിരുന്നു അദ്ദേഹത്തിന്റെ മതം. രാജ്യത്തിന് മതമില്ല, എന്നാല്‍, എല്ലാ പ്രജകളും തന്റെ കുഞ്ഞുങ്ങളെന്നുപറഞ്ഞ ധമ്മമുണ്ട്. അശോകന്റെ ധമ്മവും അംബേദ്കറിന്റെ ഭരണഘടനയും. ബുദ്ധനും അശോകനും ഗാന്ധി, നെഹ്രുവും അംബേദ്കറുമെല്ലാം എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന ആ തത്ത്വചിന്തയെയാണ് ഭരണഘടനയിലൂടെ നമുക്കു പകര്‍ന്നുതന്നത്. സഹിഷ്ണുതയും പാരസ്പര്യവും ഉണ്ടായിരിക്കണമെന്ന് രാജ്യം നമ്മോടുപറയുന്നു. പാരസ്പര്യവും സഹിഷ്ണുതയുമില്ലാതാകുന്നത് നമ്മളെയില്ലാതാക്കും. ജനതയ്ക്ക് മതവിശ്വാസമുണ്ടാകാം, രാജ്യത്തിന് തത്ത്വചിന്തയാണുണ്ടാകേണ്ടത്. അശോകന്റേത് ബുദ്ധധമ്മമായിരുന്നു. നമ്മുടേത് ഭരണഘടനയും. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും മുമ്പ്, അന്താരാഷ്ട്ര തത്ത്വങ്ങള്‍ക്കുമുമ്പ് അത് 'ന്യായ'ത്തെ (നീതിയെ) കുറിച്ച് സംസാരിക്കും.

നീതിയെന്നാല്‍ കരുണയും പരസ്പരബഹുമാനത്തിലൂന്നിയ സഹാനുഭൂതിയുമാണെന്ന അര്‍ഥമുണ്ടാകണം. ആശുപത്രിയില്‍ ഡോക്ടറും നഴ്‌സും കാണിക്കുന്ന അതേ കരുതലും ശ്രദ്ധയും. പ്രാണവായുവിനുവേണ്ടി പിടയുന്നൊരാള്‍ക്ക് ഡോക്ടറോ നഴ്‌സോ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആണെന്നത് പ്രശ്‌നമാണോ? ഒരു ഡോക്ടര്‍ക്ക് രോഗി ഹിന്ദുവാണോ മുസ്ലിമാണോയെന്നത് പ്രശ്‌നമാണോ? ഇന്ന് ഇന്ത്യ ഏറ്റവും ആവശ്യപ്പെടുന്നത് പരസ്പരബഹുമാനമാണ്. അത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലായാലും ജനങ്ങളും സമൂഹവും സംഘടനകളും സ്ഥാപനങ്ങളും തമ്മിലായാലും. ഭരണകൂടം ജുഡീഷ്യറിയെയും ജുഡീഷ്യറി ഭരണഘടനയെയും ബഹുമാനിക്കണം. ഭരണഘടന ഓരോരുത്തരെയും തുല്യരായി കാണുന്നു എന്നത് സൂചിപ്പിക്കുന്നത് എല്ലാവരും ശരിയാണെന്നല്ല.

ഒരൊറ്റകാര്യം പറഞ്ഞുനിര്‍ത്തട്ടെ, ഇന്ത്യ മതങ്ങളില്‍ വിശ്വസിക്കുന്നുവെന്ന സത്യത്തെ മതേതരത്വം ബഹുമാനിക്കണം. അതോടൊപ്പം എല്ലാത്തിനോടുമുള്ള തുല്യബഹുമാനത്തിനപ്പുറം രാജ്യത്തിനു സ്വന്തമായൊരു മതമില്ലെന്ന് ഭരണകൂടവും ഓര്‍മിക്കണം -ഭരണഘടനയെ ബഹുമാനിക്കുന്നുവെന്ന തികഞ്ഞ ബോധമൊഴികെ, മറ്റൊരു മതവും സ്വന്തമായില്ലെന്നും എല്ലാ വിശ്വാസങ്ങളില്‍നിന്നുമുള്ള തുല്യമായ അകലം കാത്തുസൂക്ഷിക്കുമെന്നും കൂടി.

(മേയ് 28-ന് എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ഓര്‍മദിനത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തലിഖിത രൂപം)

Content Highlights: Gopalkrishna Gandhi speech about secularism in India