രു നാടിന്റെ സ്പന്ദനം അവിടത്തെ ഭാഷ ആണെന്നാകില്‍, ആത്മാവ് അവിടത്തെ നാട്ടാരുടെ കഥകളിലാണ് കുടികൊള്ളുന്നത്. ആ കഥകള്‍ അറിഞ്ഞും പറഞ്ഞും കേട്ടും വായിച്ചും അനുഭവിച്ചുമാണ് നമുക്ക് ആ ആത്മാവിനെ തൊട്ടറിയാന്‍ സാധിക്കുക. അതില്‍ത്തന്നെ ചില കഥകള്‍ ഭാഷയുടെ അതിര്‍വരമ്പുകളെത്തന്നെ ഭേദിച്ചുകടന്ന് ആ ജനതയുടെ പ്രജ്ഞയുടെ തന്നെ ഭാഗമായി മാറുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. മലയാള സാഹിത്യത്തില്‍ നിന്ന് പരിഭാഷ ചെയ്യപ്പെട്ട്, 'മലയാളിയുടെ മനസ്സാക്ഷിയുടെ മൊഴി' എന്നോ 'ആത്മബോധത്തിന്റെ പരിച്ഛേദങ്ങള്‍' എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ചില കൃതികളെ പരിചയപ്പെടാം.

ഔട്ട്കാസ്റ്റ്  (ഭ്രഷ്ട്)

കുറിയേടത്ത് താത്രിയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉതകുന്ന പഠനഗ്രന്ഥമാണ് ആലംകോട് ലീലാകൃഷ്ണന്‍, ചരിത്ര സാമഗ്രികളുടെ പിന്‍ബലത്തോടെ വിശകലനം ചെയ്‌തെഴുതിയ 'താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം'. ചാതുര്‍വര്‍ണ്യത്തിനെതിരേ സാമൂഹിക പ്രക്ഷോഭങ്ങള്‍ അരങ്ങേറിത്തുടങ്ങിയ കാലഘട്ടത്തിലും ഉന്നതകുലജാതര്‍ എന്നവകാശപ്പെട്ടിരുന്ന മലയാളി ബ്രാഹ്മണ സമുദായാംഗങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ സ്ഥിതി തുലോം ദയനീയമായിരുന്നു. ആ നീചാവസ്ഥയുടെയും ജീര്‍ണമായിരുന്ന ലൈംഗിക അരാജകത്വത്തിന്റെയും നേര്‍ക്കാഴ്ചയായി മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലയ്ക്കും വിധം അരങ്ങേറിയ ഒന്നാണ് 1905-ല്‍ നടന്ന താത്രിക്കുട്ടിയുടെ 'സ്മാര്‍ത്തവിചാരം'.

കേവലം ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സുള്ള 'കുറിയേടത്ത് താത്രി' എന്ന അന്തര്‍ജനത്തെ 'സ്മൃതി' നിയമങ്ങളുടെ പശ്ചാത്തലത്തില്‍ 'ചാരിത്ര്യദോഷം' ആരോപിച്ച് പ്രാകൃതമായ സ്മാര്‍ത്തവിചാരം എന്ന ദുരാചാരത്തിന് പാത്രമാക്കുന്നു. 64 പുരുഷനാമങ്ങള്‍ വെളിവാക്കപ്പെടുകയും ഒരു അടയാളമോതിരം കാട്ടി, 'ഈ പേരും പറയണമോ...?' എന്ന മറുചോദ്യത്തിന് 'വേണ്ട, വേണ്ട' എന്ന് സ്മാര്‍ത്തനും രാജാവും അടിയറവ് പറയുന്നതോടെയാണ് 40 ദിവസം നീണ്ടുനിന്ന ഈ വിചാരണ അവസാനിക്കുന്നത്.

വി.ടി. ഭട്ടതിരിപ്പാടിന്റെ നിരീക്ഷണം അനുസരിച്ചാണെങ്കില്‍, താത്രിക്കുട്ടി അക്കാലത്ത് നിലനിന്നിരുന്ന പുരുഷ മേധാവിത്വത്തിന്റെ ലൈംഗികമായ അരാജകത്വത്തിനെതിരേ അതേ ആയുധംകൊണ്ട് ബോധപൂര്‍വം സമരം ചെയ്യുകയായിരുന്നു. നാട്ടറിവുചരിത്രമായി മാറിയ ആ നവോത്ഥാന നായികയുടെ ജീവിതത്തെ ആസ്പദമാക്കി മാടമ്പ് കുഞ്ഞിക്കുട്ടന്‍ 1973-ല്‍ എഴുതിയ നോവലാണ് 'ഭ്രഷ്ട്'.

ചെറിയേടത്ത് പാപ്തിക്കുട്ടി എന്ന തന്റെ നായികയെ, പ്രതികാരമോഹിയായ സാക്ഷാല്‍ ഭദ്രകാളിയുടെ അവതാരമായാണ് അദ്ദേഹം വിവക്ഷിക്കുന്നത്. സ്വസമുദായത്തില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ചൂഷണങ്ങള്‍ക്ക് എതിരേ, ഒരു അന്തര്‍ജനത്തിന്റെ എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടുതന്നെ പാപ്തിക്കുട്ടി തീര്‍ത്ത പ്രതിരോധത്തിന്റെ കഥയാണ് 'ഭ്രഷ്ട്'.

'അഗ്‌നിസാക്ഷി', 'ആഗ്‌നേയം', 'ഊരുകാവല്‍' എന്നീ മികച്ച കൃതികളുടേയും പരിഭാഷകളിലൂടെ പരിചിതയായ വാസന്തി ശങ്കരനാരായണന്‍ എന്ന പത്രപ്രവര്‍ത്തകയാണ് ഈ നോവലിനെ 'ദ ഔട്ട്കാസ്റ്റ്' എന്ന പേരില്‍ ലോകത്തിന് മുന്നില്‍ എത്തിച്ചിരിക്കുന്നത്. 'മീ ടൂ', 'ടൈംസ് ആപ്പ്' പോലെയുള്ള വനിതാവകാശ മുന്നേറ്റങ്ങള്‍ ഉരുത്തിരിയുന്ന ഈ കാലഘട്ടത്തില്‍, നൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്നിരുന്ന എല്ലാ പരിമിതികള്‍ക്കും ഇടയില്‍ നിന്ന് ഒരു സ്ത്രീ ഒറ്റയ്ക്ക് നടത്തിയ നവോത്ഥാന വിപ്ലവത്തിന്റെ കഥ പുത്തന്‍ തലമുറയ്ക്ക് പ്രചോദനമെന്നവണ്ണം ഓര്‍മപ്പെടുത്തുക എന്ന ദൗത്യമാണ്, പത്രപ്രവര്‍ത്തക കൂടിയായ ഈ ലേഖികയെ ഇരുപതില്‍പ്പരം വര്‍ഷങ്ങള്‍ക്കിപ്പുറം ഈ പരിഭാഷയിലേക്ക് കൊണ്ടെത്തിച്ചത്.

ലെജന്‍ഡ്‌സ് ഓഫ് ഖസാഖ് (ഖസാക്കിന്റെ ഇതിഹാസം)

കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടടുത്ത് (1968- ജനുവരിയില്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലൂടെയാണ് ഒ.വി. വിജയന്റെ ഖസാക്ക് ആദ്യമായി എത്തുന്നത്) പുറത്തുവന്ന, 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലാണ് സഹൃദയത്വമോ വായന-ചിന്താ ശീലങ്ങളോ സ്വന്തമായുള്ള ഏതൊരു മലയാളിയുടെയും ചിന്താധാരകളേയും ബോധതലത്തെ തന്നെയും അന്നും ഇന്നും എന്നും ഏറ്റവും സ്വാധീനിക്കുകയും വേട്ടയാടുകയും ചെയ്തിട്ടുള്ളത് എന്നു പറയാം. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറവും 'ഖസാക്ക്' ചര്‍ച്ച ചെയ്യപ്പെടാതെ ഒരു സാഹിത്യ സമ്മേളനമോ സാഹിതീ സംഗമമോ പൂര്‍ണമാകുന്നില്ല എന്നതു തന്നെ ആ സത്യത്തെ വീണ്ടും വീണ്ടും വിളിച്ചോതുന്നുണ്ട്.

'ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ് നടക്കാനിറങ്ങിയ രണ്ട് ജീവബിന്ദുക്കളുടെ' കഥയിലൂടെ സരളമായി പ്രപഞ്ചോത്പത്തിയുടെ കഥ കുട്ടികള്‍ക്ക് വിവരിച്ചുകൊടുക്കുന്ന രവിയുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയിലൂടെ 'ഖസാക്ക്' എന്ന കൊച്ചുഗ്രാമത്തേയും അവിടത്തെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരേയും മലയാളിയുടെ മനസ്സിലേക്ക്, ആത്മാവിലേക്ക് കോറിയിടുകയാണ് ഇതിഹാസകാരന്‍ ചെയ്തത്.

നീണ്ട 12 വര്‍ഷങ്ങളുടെ സപര്യയിലൂടെ പൂര്‍ത്തിയാക്കപ്പെട്ട ഈ കൃതി, സ്വയം ഒരു ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം, 'ലെജന്‍ഡ്‌സ് ഓഫ് ഖസാഖ്' എന്ന പേരില്‍, 25 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വയം പരിഭാഷപ്പെടുത്തിയപ്പോള്‍, അപ്പുക്കിളിയും കുഞ്ഞാമിനയും അള്ളാപ്പിച്ചാ മൊല്ലാക്കയും എന്നുവേണ്ട ചെതലിയും കൂമന്‍കാവും പോതിയുടെ പുളിയും വരെ അതേ മിഴിവോടെ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.

ഗോട്ട് ഡേയ്‌സ് (ആടുജീവിതം)

കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനും (2009) സാഹിത്യത്തിനുള്ള ജെ.സി.ബി പുരസ്‌കാരത്തിനും (2018) ശേഷം കേരളത്തിനു പുറത്ത് ഏറ്റവും അധികം അറിയപ്പെടുന്ന മലയാള സാഹിത്യകാരന്‍ ബെന്യാമിന്‍ തന്നെ ആയിരിക്കണം. 'ഒരു നല്ല കുടുംബവും കുടുംബ ജീവിതവും' എന്ന സ്വപ്നം മനസ്സില്‍ താലോലിച്ചാണ് ഹരിപ്പാടുകാരനായ നജീം മുഹമ്മദ്, വിവാഹിതനായി ദിവസങ്ങള്‍ക്കുള്ളില്‍ സൗദി അറേബ്യയിലേക്ക് പറക്കുന്നത്. എന്നാല്‍, അവിടെ മരുഭൂമിയുടെ ചുട്ടെരിക്കുന്ന ഏകാന്തതയില്‍ അറബിയുടെ അടിമയായി ആടുകളെ പോറ്റി ജീവിക്കുമ്പോള്‍, നാടും മനുഷ്യരും ഭാഷയും എല്ലാമെല്ലാം അന്യമായിപ്പോവുന്ന യാതനകളുടെ ഒടുവില്‍ താന്‍ പരിപാലിക്കുന്ന ആടുകളില്‍ ഒരാളായി അയാളുടെ അസ്തിത്വം താദാത്മ്യം പ്രാപിക്കുകയാണ്. 2008-ല്‍ പ്രസിദ്ധീകൃതമായ ഈ കൃതിയുടെ, 'ഗോട്ട്‌ േഡയ്‌സ്' എന്ന പേരിലുള്ള ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ജോസഫ് കോയിപ്പള്ളി എന്ന സാഹിത്യാധ്യാപകനാണ്.

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളില്‍ മലയാളിയുടെ ആത്മബോധത്തിന്റെയോ മനസ്സാക്ഷിയുടെയോ ഒക്കെ ഭാഗമാവുകയും കാലത്തെ അതിജീവിച്ച് പ്രസക്തമായി തുടരുകയും ചെയ്യുന്ന മൂന്ന് നോവലുകളാണ് ഇവ. അതുകൊണ്ടുതന്നെ, ഓരോ മലയാളിയുടേയും സ്വത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും പരിച്ഛേദങ്ങളായി ഇവയെ കാണാനാവും. കാല-ദേശ-ഭാഷയ്ക്ക് അതീതമായി നമ്മുടെ സ്വത്വത്തെ എത്തിക്കുക എന്ന ദൗത്യമാണ്, അല്ലെങ്കില്‍ അതിലൂടെ കിട്ടുന്ന സംതൃപ്തിയാണ് ഇത്തരം നല്ല പരിഭാഷകള്‍ നമുക്ക് സമ്മാനിക്കുന്നത്.

ഈ പട്ടികയില്‍ ഇടം പിടിക്കേണ്ടിയിരുന്നതും വിസ്താര ഭയത്താല്‍ ഒഴിവാക്കപ്പെട്ടതുമായ ഒട്ടനവധി പുസ്തകങ്ങള്‍ ബാക്കിയുണ്ടുതന്നെ. അതില്‍ ചിലത് താഴെ ചേര്‍ക്കുന്നു:

1. 'ദി അണ്‍സീയിങ് ഐഡല്‍ ഓഫ് ലൈറ്റ്' ('നേത്രോന്മീലനം') -കെ.ആര്‍. മീര; മിനിസ്തി എസ്.

2. 'ഫയര്‍ മൈ വിറ്റന്‍സ്' (അഗ്‌നിസാക്ഷി') -ലളിതാംബിക അന്തര്‍ജനം; വാസന്തി ശങ്കരനാരായണന്‍.

3. 'ഭീമ: ലോണ്‍ വാരിയര്‍' ('രണ്ടാമൂഴം') -എം.ടി. വാസുദേവന്‍ നായര്‍; ഗീത കൃഷ്ണന്‍കുട്ടി.

Content Highlights: Goat Days, Benyamin,The Legends of Khasak , O. V. Vijayan, outcast, Madampu Kunjukuttan