1999-ല്‍ നടന്ന കാര്യമാണ്... ഡോ. മോഹന്‍ റാമിന്റെ മൈനറായ മകന്‍ ഋഷഭിന്റെ പേരില്‍ റിസര്‍വ് ബാങ്ക് ബോണ്ടുകള്‍ വാങ്ങാന്‍ അദ്ദേഹത്തിന്റെ ഭാര്യ ഗീത അപേക്ഷ നല്‍കി. ബാങ്ക് അവരോട് ഒന്നുകില്‍ അച്ഛന്‍ ഒപ്പിട്ട അപേക്ഷയോ അല്ലെങ്കില്‍ അമ്മ രക്ഷകര്‍ത്താവാണ് എന്ന യുക്തമായ തെളിവോ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അന്ന് Hindu Minority and Guardianship Act, 1956 (HMGA) ന്റെ 6 എ സെക്ഷന്‍ പ്രകാരം അച്ഛന്‍ 'കഴിഞ്ഞിട്ടേ' (after) അമ്മയ്ക്ക് രക്ഷാകര്‍തൃത്വം വരികയുള്ളൂ. ഭരണഘടന ആര്‍ട്ടിക്കിള്‍ 14-ഉം 15-ഉം പ്രകാരം ഉറപ്പുനല്‍കുന്ന 'തുല്യത' ലംഘിക്കുന്ന ഇക്കാര്യത്തെ ഗീത ഹരിഹരന്‍ എന്ന ആ അമ്മ അന്ന് കോടതിയില്‍ ചോദ്യം ചെയ്തു. ഇന്ദിര ജയ്‌സിങ് വാദിച്ചു ജയിച്ച ആ കേസിലെ വിധിപ്രകാരം ഇന്ന് അമ്മയോ അച്ഛനോ, കുഞ്ഞിന്റെ ക്ഷേമത്തില്‍ താത്പര്യമുള്ള വ്യക്തി ആരാണോ, ഒരുപോലെ ഒരു കുഞ്ഞിന്റെ രക്ഷകര്‍ത്താവാകാം. അതാണ് ഗീത ഹരിഹരന്‍... ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിയില്ലാത്ത വ്യക്തി.

ഗീതയുടെ പേര് പക്ഷേ, അതിനു മുന്‍പേ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്... 1992-ല്‍ പ്രസിദ്ധീകരിച്ച, 1993-ലെ കോമണ്‍വെല്‍ത്ത് ആദ്യ പുസ്തകസമ്മാനം നേടിയ, 'ദ തൗസന്റ് ഫേസസ് ഓഫ് നൈറ്റ്' എന്ന പുസ്തകത്തിലൂടെ. ഇന്നും വിമര്‍ശകര്‍ പലയിടത്തും നല്ല എഴുത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടുന്ന ഈ പുസ്തകം 'സ്ത്രീസ്വാതന്ത്ര്യം' എന്ന വിഷയത്തിനു ചുറ്റും എഴുതപ്പെട്ട ഒന്നാണ്.

ഇതില്‍, അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത് തിരിച്ചു മദ്രാസിലെത്തുന്ന ദേവി വീട്ടുകാര്‍ നിശ്ചയിക്കുന്ന വിവാഹത്തിന് സമ്മതിക്കുന്നതും അതില്‍ അവള്‍ക്കുണ്ടാകുന്ന അതൃപ്തി അവളെ കൊണ്ടുപോകുന്ന വഴികളും അതിശയകരമായ കൈയടക്കത്തോടെ കുറിക്കുന്നു. കേട്ട് തഴമ്പിച്ചതെന്ന്, ഇന്ന് കേള്‍ക്കുമ്പോള്‍ വിഷയത്തെപ്പറ്റി തോന്നാമെങ്കിലും ഗീതയുടെ രചനാവൈഭവവും ഭാവാത്മകമായ ഗദ്യവും ഈ പുസ്തകത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു. കഥയുടെ ഗതി ആവശ്യപ്പെടുന്നതിലധികം ഒരു വാക്ക് പോലും ഗീതയുടെ എഴുത്തിലുണ്ടാകാറില്ല എന്നത് വിമര്‍ശകര്‍ എടുത്തുപറയുന്ന കാര്യമാണ്.

ഗീത പിന്നെയും നാല് നോവലുകളും -('വെന്‍ ഡ്രീംസ് ട്രാവല് (1999), 'ഇന്‍ ടൈംസ് ഓഫ് സീജ്' (2003), 'ഫുജിറ്റീവ് ഹിസ്റ്ററീസ്' (2009), 'ഗോസ്റ്റ്‌സ് ഓഫ് വാസു മാസ്റ്റര്‍' (2009))- ഒരു ചെറുകഥാ സമാഹാരവും ('ദ ആര്‍ട്ട് ഓഫ് ഡൈയിങ്' (2009) ഒരു ലേഖന സമാഹാരവും ('സിറ്റീസ് ആന്‍ഡ് അദര്‍ േപ്ലസസ്) രചിച്ചിട്ടുണ്ട്. കൂടാതെ, പരിഭാഷപ്പെടുത്തിയ കഥകളുടെ സമാഹാരമായ 'എ സതേണ്‍ ഹാര്‍വെസ്റ്റ്', 'ഇന്ത്യ ടു പലസ്തീന്‍: എസേയ്‌സ് ഇന്‍ സോളിഡാരിറ്റി' എന്നീ പുസ്തകങ്ങളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള രചനകളും ഗീത എഴുതാറുണ്ട്.

അറേബ്യന്‍ നൈറ്റ്‌സിലെ നായികയായ ഷെഹര്‍സാദിനും സഹോദരി ദുന്യസാദിനും സുല്‍ത്താനായ ഷഹറ്യാരിനും കഥപറച്ചിലിന്റെ ആ രാത്രിക്ക് ശേഷം എന്ത് സംഭവിച്ചു എന്ന് പറയുന്നു 'വെന്‍ ഡ്രീംസ് ട്രാവല്‍' എന്ന നോവല്‍.

മദ്ധ്യവയസ്‌കനായ നായകനായ പ്രൊഫസര്‍ മൂര്‍ത്തി, ആകസ്മികമായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്ന ചെറുപ്പക്കാരിയായ പെണ്‍കുട്ടി, മൂര്‍ത്തിയുടെ ചരിത്ര പാഠപുസ്തകത്തിനു നേരെ മത തീവ്രവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി, അതിനോടുള്ള മൂര്‍ത്തിയുടെ അപ്രതീക്ഷിതമായ പ്രതികരണം... ഇങ്ങനെ പോകുന്നു കാലികമായി പ്രസക്തി എന്നും നിലനിര്‍ത്തുന്ന 'ഇന്‍ ടൈംസ് ഓഫ് സീജി'ന്റെ ഇതിവൃത്തം.

'ഫുജിറ്റീവ് ഹിസ്റ്ററീസ്' ഒരു അമ്മയുടെയും മകളുടെയും അവരുടെ അന്യമതസ്ഥയായ സ്ത്രീസുഹൃത്തിന്റെയും ജീവിതങ്ങള്‍ കോര്‍ത്തിണക്കിയ ആഖ്യാനമാണ് 'ഗോസ്റ്റ്‌സ് ഓഫ് വാസു മാസ്റ്റര്‍' ഒരു ചെറുപട്ടണത്തിലെ അടുത്തൂണ്‍ പറ്റിയ സ്‌കൂള്‍ മാഷിന്റെ ജീവിതത്തിലൂടെയും അദ്ദേഹം കുട്ടികള്‍ക്കായി നെയ്യുന്ന കഥകളിലൂടെയും ജീവിതത്തിന്റെ പ്രഹേളികകള്‍ പ്രതീകാത്മകമായി കുറിച്ചിടുന്നു.

പത്ത് കൊല്ലത്തിനു ശേഷം ഗീത ഹരിഹരന്‍ എന്ന എഴുത്തുകാരി പുതിയ പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. 'ഐ ഹവ് ബികം ദ ടൈഡ്' എന്ന ശീര്‍ഷകത്തില്‍ ഈയാഴ്ച ഇറങ്ങിയ നോവല്‍ സമകാലീന ഇന്ത്യയുടെ കഥയാണ്.

നൂറ്റാണ്ടുകള്‍ക്കു മുന്പ് 'ആനന്ദഗ്രാമം' എന്ന, എല്ലാവരും തുല്യരെന്നു കരുതിയിരുന്ന ഇടത്ത് അഭയംതേടുന്ന ചിക്ക എന്ന പെണ്‍കുട്ടി. അവള്‍ കന്നുകാലികളുടെ തോലുരിക്കുന്ന ജോലി ചെയ്യുന്നയാളുടെ മകളാണ്. ആനന്ദഗ്രാമത്തില്‍ പ്രാര്‍ത്ഥനയും പ്രവൃത്തിയും സംഗീതവും വേവ്വേറെയല്ല, സ്‌നേഹവും പ്രണയവും ഭൂമിയും നദിയും എല്ലാം ഒന്നുതന്നെ. ചിക്ക അവിടെ ചിക്കിയ എന്ന അലക്കുകാരിയായി ജീവിച്ചുപോരുന്നു. ജാതിവെറിക്കെതിരേ ആനന്ദഗ്രാമം നടത്തിയ പ്രസ്ഥാനം പതിയെ പരാജയപ്പെടുകയും അവിടത്തെ അന്തേവാസികള്‍ കൊല്ലപ്പെടുകയോ അവിടെ നിന്ന് ഓടിപ്പോകാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം പ്രൊഫസര്‍ കൃഷ്ണയുടെ അന്വേഷണത്തില്‍ കന്നഡ എന്ന പാട്ടുകാരനായ സന്ന്യാസി ചിക്കിയയുടെ പുത്രനാണെന്ന് മനസ്സിലാക്കുന്നു. ഒരു താളിയോലഗ്രന്ഥത്തില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വച്ച് പ്രൊഫസര്‍, ആനന്ദഗ്രാമത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെ പല കഥകളും കണ്ടെത്തുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഗവേഷണത്തിന് തടസ്സമായി പലതും പലരുമുണ്ട്. അവിടെ വെടിയുണ്ടയും ബോംബും ഭീഷണിയുമുണ്ട്. അതിനിടയില്‍, തങ്ങള്‍ക്കും കുടുംബത്തിനും അന്തസ്സായ ജീവിതവും ഭാവിയും സ്വപ്നംകാണുന്ന ആശ, സത്യ, രവി എന്നീ കഥാപാത്രങ്ങള്‍. മൂവരും ദളിത് വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥികളാണ്. ചിക്കിയയുടെ കഥയില്‍ നിന്ന് ഈ മൂന്നുപേരുടെ കഥയില്‍ എത്തുമ്പോള്‍, ഈ രാജ്യത്ത് എന്ത് മാറ്റമാണ് വന്നിട്ടുള്ളത് എന്നന്വേഷിക്കുന്നു ഈ നോവല്‍.

കോയമ്പത്തൂരില്‍ 1954-ല്‍ ജനിച്ച് പഴയ ബോംബൈയിലും മനിലയിലും വളര്‍ന്ന ഗീത ഹരിഹരന്‍, ബോംബെ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും അമേരിക്കയിലെ ഫെയര്‍ ഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്ന് 'കമ്യൂണിക്കേഷന്‍സി'ല്‍ ബിരുദാനന്തര ബിരുദവും നേടി. ന്യൂയോര്‍ക്കിലെ 'പബ്ലിക് ബ്രോഡ്കാസ്റ്റിങ് സിസ്റ്റ'ത്തില്‍ ജോലിചെയ്ത ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി ഒരു പ്രസാധകന്റെ ഒപ്പം എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വതന്ത്രമായി എഡിറ്റിങ് രംഗത്തുള്ള, ഡല്‍ഹിയില്‍ താമസിക്കുന്ന ഗീത സാമൂഹിക ചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന, അവയോട് പ്രതികരിക്കുന്ന എഴുത്തുകാരിയാണ്.

Content Highlights:  Githa Hariharan, The Winning Team, In Times of Siege, When Dreams Travel, The Ghosts of Vasu Master,  The Art of Dying, The Thousand Faces of Night, Fugitive Histories