പിതാവിന്റെ സുഹ്യത്തും പത്രപ്രവര്‍ത്തകനുമായ കെ.സി. സക്കറിയാസിന്റെ കൂടെയുള്ള സഹവാസമാണ് ജോര്‍ജ് ഓണക്കൂറിനെ സാഹിത്യ മേഖലയിലേക്ക് എത്തിക്കുന്നത്. 1941 നവംബര്‍ 16-ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലാണ് ജോര്‍ജ് ഓണക്കൂറിന്റെ ജനനം. നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരന്‍, ജീവചരിത്രകാരന്‍, തിരക്കഥാകൃത്ത്, സാഹിത്യവിമര്‍ശകന്‍, ഗവേഷകന്‍, കോളജ് അധ്യാപകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം തന്റെ മികവ് തെളിയിച്ചു.

സാഹിത്യ അക്കാദമി അവാര്‍ഡ്, ഇന്ദിര ഗാന്ധി ജന്മശതാബ്ദി പുരസ്‌കാരം, തകഴി അവാര്‍ഡ്, യമനം എന്ന ചലച്ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയില്‍ ലഭിച്ച പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ക്ക് ഓണക്കൂറിന് ലഭിച്ചു. ഇപ്പോഴിതാ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും മലയാളത്തിന്റെ പ്രിയ കഥാകാരനെ തേടിയെത്തിയിരിക്കുന്നു. ഹൃദയരാഗങ്ങള്‍ എന്ന പേരില്‍ അദ്ദേഹമെഴുതിയ സംഭവബഹുലമായ ആത്മകഥയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയിരിക്കുന്നത്. 

ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍ പകര്‍ത്തിവെച്ച ആത്മകഥയാണ് ഹൃദയരാഗങ്ങള്‍. ഒരു നോവല്‍ പോലെ വായനക്കാരന് വായിച്ചു പോകാവുന്ന ആത്മകഥ. ജീവിതത്തിലുടനീളമുണ്ടായ ദുരനുഭവങ്ങളെല്ലാം അതിജീവിച്ച ഒരാള്‍ അവയെ ഓര്‍ത്തെടുക്കുന്ന പകരംവെക്കാനില്ലാത്ത വായനാനുഭവം. 

ആത്മകഥയുടെ ആമുഖമായി ഓണക്കൂര്‍ ഇങ്ങനെ കുറിച്ചു: "ആത്മകഥ എഴുതുക ശരിക്കും ഒരു വെല്ലുവിളിയാണ്. അതില്‍ സത്യമാണ് പ്രധാനം. പക്ഷേ, എല്ലാ സത്യങ്ങളും രേഖപ്പെടുത്താനാകുമോ? അപ്രിയമായവ മറച്ചു പിടിക്കേണ്ടി വരും. അത് രചനയുടെ നിറം കെടുത്തും; അവിശ്വസനീയത സൃഷ്ടിക്കും. അതേസമയം യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് പിന്‍വാങ്ങാനും കഴിയില്ല. അത് ആത്മാവിന്റെ അനുശാസനങ്ങള്‍ക്ക് വിരോധമാണ്.

ഒട്ടേറെ വിവിധ സഞ്ചാരപഥങ്ങള്‍ പിന്നിട്ട ഒരാളാണ് ഇത് എഴുതുന്നത്; വളരെ ചെറുപ്പത്തിലേ സജീവമായിത്തീര്‍ന്ന ജീവിതം; അതിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. ആത്മകഥ എന്ന വിശേഷണത്തിനു താഴെ വ്യക്ത്യനുഭവങ്ങള്‍ മുഴുവന്‍ പൂര്‍ണ്ണമായിത്തന്നെ ഉണ്ട്; പിന്നിട്ട ജീവിതസമരങ്ങള്‍, തകര്‍ന്നുപോയി എന്നു തീര്‍ച്ചയായ ജീവിതഘട്ടങ്ങള്‍, ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഗൂഢശക്തികള്‍.

പക്ഷേ വിനയത്തോടെ ആശ്വസിക്കുന്നു; അഭിമാനിക്കുന്നു. വീണു എങ്കിലും വേഗത്തില്‍ എഴുന്നേറ്റു; നേരെ തലയുയര്‍ത്തി നിലകൊണ്ടു. നട്ടെല്ലു വളഞ്ഞിട്ടില്ല. ഉയരം കുറഞ്ഞിട്ടില്ല, ഇതുവരെ. സ്വന്തം മിടുക്കല്ല. ഗുരുവിന്റെ കരസ്പര്‍ശം മുന്നോട്ടു നയിച്ചു; വഴിയില്‍ വെളിച്ചമുണ്ടായിരുന്നു; കാലുകള്‍ ഇടറുകയില്ല. ..."

onakkoorകേരളഭാഷാഗംഗ' യാണ് ഓണക്കൂറിന്റെ ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. 'ഉള്‍ക്കടലി'ന്റെ പ്രസിദ്ധീകരണത്തോടെ മലയാള സാഹിത്യത്തിന്റെ മുന്‍നിരയിലേക്ക് എത്തി. എഴുപതുകളില്‍ നടന്ന സ്വകാര്യ കോളേജ് അദ്ധ്യാപകസമരത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് 'സമതലങ്ങള്‍ക്കപ്പുറം'. ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള നോവലാണ് 'പര്‍വ്വതങ്ങളിലെ കാറ്റ്'. കല്‍ത്താമര എന്ന നോവല്‍ ഓര്‍ക്കിഡ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്‌ലാന്റാ യൂണിവേഴ്‌സിറ്റിയില്‍ പഠനഗ്രന്ഥം ആണ്. എം.പി. പോളിന്റെയും സി.ജെ. തോമസിന്റെയും ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി എഴുതിയതാണ് 'ഹൃദയത്തില്‍ ഒരു വാള്‍ ' എന്ന നോവല്‍. ക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഹൃദയത്തില്‍ കുരിശുമരണം ഏല്‍പ്പിച്ച ആഘാതമാണ് ഹൃദയത്തില്‍ ഒരു വാള്‍. ഉള്‍ക്കടല്‍, അകലെ ആകാശം, കാമന എന്നീ നോവലുകള്‍ ചലച്ചിത്രങ്ങളായി. ഇവയുടെ തിരക്കഥകളും അദ്ദേഹം തന്നെയാണ് രചിച്ചത്. 

കുട്ടികളുടെ സാഹിത്യവും നോവലുകളും മാത്രമല്ല യാത്രാവിവരണങ്ങളും ഏറെ പ്രിയപ്പെട്ട മേഖലയായിരുന്നു ജോര്‍ജ് ഓണക്കൂറിന്. മരുഭൂമിയുടെ ഹ്യദയം ഏറെ വായിക്കപ്പെട്ടു. അടരുന്ന ആകാശം എന്ന യാത്രാവിവരണത്തിലൂടെ 2004-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തേടിയെത്തി. ബാലസാഹിത്യം കൈമുതലാക്കിയ അദ്ദേഹം ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Content Highlights: George Onakkoor