കോഴിക്കോട്: ''മൂപ്പരെ കാണുമ്പോ എം.ടീ.നെപ്പോലെത്തന്നെണ്ടല്ലോ... അവര് തമ്മില് എന്തെങ്കിലും ബന്ധണ്ടോ?...'' - പോകുന്നിടത്തുനിന്നെല്ലാം ഈ ചോദ്യം രണ്ടോ മൂന്നോ ആളുകളെങ്കിലും ചോദിക്കും. കോഴിക്കോട് 'മാതൃഭൂമി'ക്കടുത്തുള്ള 'അശോക' ഹോട്ടലില്‍ കയറുന്നവരില്‍ ചിലര്‍ കാഷ്‌കൗണ്ടറിലേക്ക് ഒന്നുകൂടി സൂക്ഷിച്ചുനോക്കുമായിരുന്നു രണ്ടു വര്‍ഷം മുമ്പുവരെ. 'എം.ടി.യെപ്പോലൊരാളാണല്ലോ ആ ഇരിക്കുന്നത്' എന്ന ചിന്തയില്‍.

അങ്ങനെ ചിലര്‍ അദ്ദേഹത്തിന് ഒരു വിളിപ്പേരിട്ടു: 'അശോക ഹോട്ടലിലെ എം.ടി.' വാസ്തവത്തില്‍ അദ്ദേഹം എം.ടി.യല്ല, എം.ജി.യാണ്- ഫറോക്ക് ചുള്ളിപറമ്പ് മുദാംപറമ്പത്ത് ഗംഗാധരന്‍. രണ്ടു വര്‍ഷത്തോളമായി ഹോട്ടലില്‍ വരാറില്ല. ചുള്ളിപറമ്പിലെ 'സൗപര്‍ണിക'യെന്ന വീട്ടില്‍ ഭാര്യ പ്രസന്നയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുന്നു ഈ എഴുപത്തിയൊമ്പതുകാരന്‍.

എം.ടി.യുമായുള്ള സാദൃശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, മുഖത്തൊരു ചിരി വിരിഞ്ഞു. 'അശോക'യിലെത്തിയശേഷമാണ് ആളുകള്‍ അങ്ങനെ പറഞ്ഞുതുടങ്ങിയത്. മുപ്പത്തഞ്ചുകൊല്ലമായി അവിടെയായിരുന്നു. എം.ടി.യെ രണ്ടുമൂന്നുതവണ അടുത്തുകണ്ടിട്ടുണ്ട്. 'മാതൃഭൂമി'യിലുള്ളപ്പോള്‍ അദ്ദേഹം ഹോട്ടലിലേക്കു വരാറുണ്ട്. ചിരിയും സംസാരവുമൊന്നുമുണ്ടായിട്ടില്ല. അദ്ദേഹം വലിയൊരാളല്ലേ, സംസാരിക്കാനൊക്കെ എങ്ങനെയാ കഴിയുക?'' -ചോദ്യങ്ങള്‍ക്ക് ചെറുവാക്കുകളിലാണ് മറുപടി. ചുണ്ടുകോട്ടിയുള്ള ചെറുചിരി ആ മുഖത്ത് 'എം.ടിത്തം' കൊണ്ടുവരുന്നു.

എന്താണ് എം.ടി.യെക്കുറിച്ച് പറയാനുള്ളത്?

''മഹാഭാഗ്യവാനും മാന്യനുമാണ്.''

പിറന്നാളിന് കൊല്ലൂര്‍ മൂകാംബികയില്‍ പോകുന്ന പതിവ് ഗംഗാധരനുമുണ്ട്. തുലാമാസത്തിലെ രേവതിയാണ് നാള്‍. പിറന്നാളിനല്ലാതെയും പോകും. ഒരുതവണ അവിടെവെച്ചും എം.ടി.യെ കാണാനിടയായിട്ടുണ്ടെന്ന് ഭാര്യ പ്രസന്ന ഓര്‍ത്തെടുത്തു. ഇന്ത്യക്കുള്ളിലും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പോകാറുപതിവാണ് ഈ ദമ്പതിമാര്‍. രണ്ടുവര്‍ഷം മുമ്പ് നേപ്പാളില്‍ പോയപ്പോഴും ഒരു മലയാളികുടുംബം ഗംഗാധരന്റെ എം.ടി. സാദൃശ്യംകണ്ട് അതിശയിച്ച കാര്യം പ്രസന്ന പങ്കുവെച്ചു. കോവിഡ് വന്നതില്‍പ്പിന്നെ അമ്പലസന്ദര്‍ശനങ്ങളൊന്നും നടക്കുന്നില്ലെന്ന വിഷമമേയുള്ളൂ.

ഗംഗാധരന്‍ എം.ടി.യെ വായിച്ചിട്ടില്ല. സിനിമകള്‍ കാണുന്നതും കഷ്ടി. കാണാന്‍ തുടങ്ങിയാലും മുഴുമിപ്പിക്കാറില്ല. എന്നാല്‍, 'ഒരു വടക്കന്‍ വീരഗാഥ' കണ്ടതും ആസ്വദിച്ചതും പ്രസന്നയുടെ ഓര്‍മയില്‍ ഒളിമങ്ങാതെയുണ്ട്. ''മൂപ്പരെ നിര്‍ബന്ധിച്ചുവേണം സിനിമയ്ക്കു കൊണ്ടുപോകാന്‍''- ഭാര്യയുടെ വാക്കുകള്‍ ഒരു 'എം.ടി.ച്ചിരി'യോടെ ശരിവെക്കുന്നു ഗംഗാധരന്‍.

Content Highlights: Gangadharan talks about facial similarities with MT Vasudevan Nair