ആധുനിക ശാസ്ത്രവിപ്ലവത്തിന് തുടക്കം കുറിച്ചവരില്‍ പ്രധാനിയായ ഗലീലിയോ ഗലീലിയുടെ ചരമവാര്‍ഷിക ദിനമാണിന്ന്. നിരീക്ഷണം, പരീക്ഷണം, ഗണിതവത്കരണം-ഇവയാണ് ശാസ്ത്രത്തിന്റെ പണിയായുധങ്ങളെന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്ത പ്രതിഭ. 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെ'ന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആധുനിക ഭൗതികശാസ്ത്രത്തിന് അടിത്തറയിട്ട സാക്ഷാല്‍ ഐസക് ന്യൂട്ടന്‍ പോലും ഗലീലിയോ സൃഷ്ടിച്ച അടിത്തറയില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്.
'ശാസ്ത്രജ്ഞന്‍' (scientist) എന്ന പദം ഇരുപതാംനൂറ്റാണ്ടിന്റെ സംഭാവനയാണെങ്കിലും, 'ആദ്യശാസ്ത്രജ്ഞന്‍' എന്ന് ഗലീലിയോയെ വിശേഷിപ്പിക്കാന്‍ ഇന്ന് ചരിത്രകാരന്മാര്‍ മടിക്കുന്നില്ല. നിലവിലുള്ള വസ്തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്തും തിരുത്തിയും മാത്രമേ ശാസ്ത്രത്തിന് മുന്നേറാന്‍ കഴിയൂ എന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു. അതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ പക്ഷേ, വിശ്വാസവും (സഭയും) ശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നടുത്തളത്തില്‍ ഗലീലിയോയെ പ്രതിഷ്ഠിച്ചു.
ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്ന് പറയുന്ന ടോളമിയുടെ പ്രപഞ്ചമാതൃകയാണ് കത്തോലിക്കാസഭ അംഗീകരിച്ചിരുന്നത്. അതിന് വിരുദ്ധമായി കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചമാതൃക പ്രചരിപ്പിച്ചതിന്, ഡൊമിനിക്കന്‍ സന്ന്യാസിയും ഗണിതശാസ്ത്രജ്ഞനുമായിരുന്ന ഗിയോര്‍ദാനോ ബ്രൂണോയെ മതനിന്ദാക്കുറ്റം ആരോപിച്ച് 1600-ല്‍ സഭ ചുട്ടുകൊല്ലുകയുണ്ടായി. ഈ സംഭവം നടന്ന് വെറും ഒരു പതിറ്റാണ്ട് കഴിയുമ്പോഴാണ് ഗലീലിയോ തന്റെ വിപ്ലവകരമായ കണ്ടെത്തലുകളുമായി രംഗത്തെത്തുന്നത്.
ഇറ്റലിയിലെ പിസ നഗരത്തില്‍ ഒരു സംഗീതജ്ഞന്റെ മകനായി 1564-ല്‍ ഗലീലിയോ ജനിച്ചു. മകന്‍ മെഡിസിന്‍ പഠിക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും ഗണിതവും ഫിസിക്‌സുമായിരുന്നു ഗലീലിയോയുടെ ഇഷ്ടവിഷയങ്ങള്‍. 25 വയസ്സുള്ളപ്പോള്‍ പിസ സര്‍വകലാശാലയില്‍ ചെറിയ ശമ്പളത്തില്‍ ഗണിത പ്രൊഫസറായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഗലീലിയോ, 1591-ല്‍ പാദുവ പട്ടണത്തിലേക്കും 1610-ല്‍ ഫ്‌ളോറന്‍സിലേക്കും താമസം മാറ്റി. അതിന് മുമ്പുതന്നെ പെന്‍ഡുലത്തിന്റെ ചലനസിദ്ധാന്തം പോലുള്ളവ കണ്ടെത്തിയിരുന്നെങ്കിലും ഗലീലിയോയെ പ്രശസ്തനാക്കുന്നത് 1610-ല്‍ ടെലസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ വാനനിരീക്ഷണങ്ങളാണ്.
ടെലസ്‌കോപ്പ് വികസിപ്പിച്ചത് ഗലീലിയോ അല്ല. അതുപയോഗിച്ച് പക്ഷേ, ജ്യോതിശ്ശാസ്ത്ര കണ്ടെത്തലുകള്‍ നടത്തുന്ന ആദ്യവ്യക്തി അദ്ദേഹമായിരുന്നു. ചന്ദ്രനിലെ പര്‍വതങ്ങളും ശുക്രന്റെ വൃദ്ധിക്ഷയങ്ങളും വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളും ശനിഗ്രഹത്തിന്റെ ബാഹ്യഘടനയും സൂര്യനിലെ കറുത്ത പാടുകളും (സൂര്യകളങ്കങ്ങള്‍) ഗലീലിയോ നിരീക്ഷിച്ചു. ആകാശത്ത് നഗ്‌നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ കഴിയാത്ത അസംഖ്യം നക്ഷത്രങ്ങളുണ്ടെന്നും അദ്ദേഹം ആദ്യമായി കണ്ടെത്തി. ടെലസ്‌കോപ്പുപയോഗിച്ച് ഗലീലിയോ നടത്തിയ കണ്ടെത്തലുകളാണ് ആധുനിക ജ്യോതിശ്ശാസ്ത്രത്തിന് തുടക്കംകുറിച്ചത്. തന്റെ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 1610-ല്‍ 'നക്ഷത്രങ്ങളില്‍ നിന്നുള്ള സന്ദേശം' (Sidereal Messenger) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഗലീലിയോയെ പ്രശസ്തനാക്കി.
ഭൂമിയെ സൂര്യനല്ല, സൂര്യനെ ഭൂമിയും മറ്റ് ഗ്രഹങ്ങളുമാണ് ചുറ്റുന്നതെന്ന കോപ്പര്‍നിക്കസിന്റെ നിഗമനത്തെ പിന്തുണയ്ക്കുന്നതായിരുന്നു ഗലീലിയോയുടെ ജ്യോതിശ്ശാസ്ത്ര കണ്ടെത്തലുകള്‍. സ്വാഭാവികമായും ഗലീലിയോ സഭയുടെ നോട്ടപ്പുള്ളിയായി. ടോളമിയുടെയും കോപ്പര്‍നിക്കസിന്റെയും പ്രപഞ്ചമാതൃകകളെക്കുറിച്ചുള്ള സംവാദം എന്ന നിലയ്ക്ക് 1632-ല്‍ തന്റെ പ്രസിദ്ധമായ 'ഡയലോഗ്' (Dialogue Concerning the Two Chief World Systems) ഗലീലിയോ പ്രസിദ്ധീകരിച്ചു. കോപ്പര്‍നിക്കസിന്റെ സിദ്ധാന്തത്തിന് സാധുത നല്‍കാനാണ് അതില്‍ ഗലീലിയോ ശ്രമിച്ചത്. റോമിലുള്ള ബന്ധങ്ങളും സ്വാധീനവും തനിക്ക് തുണയാകുമെന്ന് ഗലീലിയോ കരുതി. എന്നാല്‍, അതുണ്ടായില്ല. സൂര്യകേന്ദ്രിത പ്രപഞ്ചമാതൃക അംഗീകരിക്കുക വഴി ആ ശാസ്ത്രജ്ഞന്‍ മതനിന്ദ നടത്തിയതായി സഭാധികാരികള്‍ ആരോപിച്ചു. മതദ്രോഹവിചാരണയ്ക്ക് വിധേയനാക്കി അദ്ദേഹത്തെ 69-ാം വയസ്സില്‍ വീട്ടുതടങ്കലിലാക്കി. ഗലീലിയോയുടെ പുസ്തകം സഭ നിരോധിച്ചു. 1633 മുതല്‍ മരിക്കുന്നതുവരെയുള്ള ഒന്‍പതുവര്‍ഷം ഗലീലിയോ വീട്ടുതടങ്കലില്‍ കഴിഞ്ഞു.
പെന്‍ഡുലസിദ്ധാന്തം ഉള്‍പ്പെടെ, ചലനം, ത്വരണം, ജഡത്വം എന്നിവ സംബന്ധിച്ച് ബലതന്ത്രത്തില്‍ താന്‍ നടത്തിയ സുപ്രധാന കണ്ടെത്തലുകളെക്കുറിച്ചുള്ള ഗ്രന്ഥം (Discourses Concerning Two New Sciences) വീട്ടുതടങ്കലിലായിരിക്കുമ്പോള്‍ 1638-ല്‍ ഗലീലിയോ പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ ആരാധകര്‍ ആ ഗ്രന്ഥം രഹസ്യമായി ഇറ്റലിക്ക് വെളിയിലെത്തിച്ച് പ്രസിദ്ധീകരിച്ചു. 1642-ല്‍ ഗലീലിയോ വിടവാങ്ങി. ശാസ്ത്രചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പിന്തുടര്‍ച്ചയെന്ന വിധം, ഗലീലിയോ മരിച്ചവര്‍ഷം ഐസക് ന്യൂട്ടന്‍ ജനിച്ചു!
ഗലീലിയോയെ ശിക്ഷിച്ചതില്‍ കത്തോലിക്കാസഭ ഇപ്പോള്‍ പശ്ചാത്തപിക്കുന്നു. ഇക്കാര്യത്തില്‍ സഭയ്ക്ക് തെറ്റുപറ്റിയതായി, പതിമ്മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനുശേഷം 1992 ഒക്ടോബര്‍ 31-ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകത്തോട് ഏറ്റുപറഞ്ഞു.
Content Highlights: Galileo Galilei life story Malayalam