'കാവ്യലോകസ്മരണകള്‍' എഴുതിത്തീര്‍ന്ന് അധികം കഴിയുംമുന്‍പ് ഒരു ദിവസം വൈലോപ്പിള്ളിമാഷ് എന്നോട് പറഞ്ഞു: ''ഇനിയുമുണ്ട് കുറേ കാര്യങ്ങള്‍കൂടി എഴുതാന്‍.'' ഞാന്‍ നിശ്ശബ്ദനായിരുന്നു, പതിവുപോലെ. മാഷ് തുടര്‍ന്നു: ''ചിലപ്പോള്‍ തോന്നും അതും എഴുതാമെന്ന്. പിന്നെ തോന്നും, വേണ്ട, എന്തിനാ വെറുതേ ശത്രുക്കളെ ഉണ്ടാക്കുന്നത് എന്ന്.''

''എഴുതാത്തതുകൊണ്ട് ശത്രുക്കള്‍ക്ക് കുറവൊന്നും വന്നിട്ടില്ലല്ലോ'', ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മാഷും ചിരിച്ചു. എന്നിട്ട് ഏതാനും നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം എന്നോടുചോദിച്ചു: ''ശങ്കരക്കുറുപ്പും പുത്തേഴനും തമ്മിലുള്ള വഴക്കിന്റെ തുടക്കം, കാരണം തനിക്കറിയ്വോ?'' ജ്ഞാനപീഠപുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുള്ള കൃതി മലയാളത്തിലില്ല എന്ന് പുത്തേഴത്ത് രാമന്‍മേനോന്‍ പറഞ്ഞതും എന്‍.വി.യുടെ ശ്രമത്തിലൂടെ ആദ്യ ജ്ഞാനപീഠപുരസ്‌കാരം ജിക്ക് കിട്ടിയതും എല്ലാവര്‍ക്കും അറിയാവുന്ന കഥയായിരുന്നു.

''ജിയുടെ കവിത അസ്സല്‍ കവിതയല്ലേ? പുത്തേഴന് അത് മനസ്സിലാവുകയും ചെയ്യും'', മാഷ് പറഞ്ഞു: വ്യക്തിപരമായ അസ്വാരസ്യമാണ് കാരണം. അതറിയ്വോ?''
''ഇല്ല''
''കുറച്ച് പഴയ കഥയാണ്. 1937-ലോ മറ്റോ ആണ്. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവിളംബരം വന്നിട്ട് അധികമായില്ല. ശങ്കരക്കുറുപ്പ് അന്ന് എറണാകുളത്ത് അധ്യാപകനാണ്'', മാഷ് ഓര്‍മയുടെ ചുരുള്‍ നിവര്‍ത്തി.

''എറണാകുളത്തമ്പലത്തിന്റെ തെക്കുവശത്ത് കൊച്ചി തമ്പുരാക്കന്മാര്‍ക്ക് ഒരു കൊട്ടാരമുണ്ട്. മഹാരാജാവ് ചിലപ്പോള്‍ അവിടെ ഒന്നുരണ്ടുദിവസം വന്ന് താമസിക്കും. അന്നത്തെ തമ്പുരാന് ഒരു മോഹം. കൊച്ചി തമ്പുരാക്കന്മാര്‍ ശുദ്ധഗതിക്കാരാണ്; യാഥാസ്ഥിതികരും. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നു കേട്ടിട്ടുണ്ടോ? അതന്നെ. ഈ തമ്പുരാന് ഒരു തോന്നല്‍. ക്ഷേത്രപ്രവേശനം വന്നതോടെ തിരുവിതാംകൂറിലെ അമ്പലങ്ങളിലെ ദേവന്മാരെല്ലാം നാടുവിട്ട് കൊച്ചിയിലെത്തി എന്ന ആശയത്തില്‍ ഒരു കവിത വേണം. പത്തോ മുപ്പതോ ശ്ലോകം. ഒരു ശ്ലോകത്തിന് ഒരുറുപ്പിക പ്രതിഫലം കൊടുക്കാം. തമ്പുരാന്‍ അതെഴുതാന്‍ പറ്റിയ ഒരാളെ കണ്ടുപിടിക്കാനുള്ള ചുമതല അന്ന് വല്യ ഉദ്യോഗസ്ഥനായിരുന്ന-സര്‍വാധികാര്യക്കാരോ മറ്റോ ആണ്-പുത്തേഴനെ ഏല്പിച്ചു.

തമ്പുരാന്റെ കല്പന സര്‍വാധികാര്യക്കാര്‍ക്ക് അനുസരിക്കുകയല്ലാതെ വഴിയില്ലല്ലോ. എന്നിട്ടും പുത്തേഴന്‍ ഉണര്‍ത്തിച്ചുവത്രേ: ''എഴുതാന്‍ പറ്റിയ ഒരാളുണ്ട്. ജി. ശങ്കരക്കുറുപ്പ്. പക്ഷേ, ഞാന്‍ പറഞ്ഞാലൊന്നും ഇങ്ങനെ ഒന്ന് അദ്ദേഹം എഴുതില്ല. ഇവിടുന്ന് നേരിട്ട് കല്പിച്ചാല്‍ എന്താവും എന്നറിയില്ല.''
മഹാരാജാവ് ഉത്തരവായത്രെ. ''നേരിട്ടുതന്നെ പറയാം. അയാളോട് ഉച്ചതിരിഞ്ഞ് ഒന്ന് വരാന്‍ പറയൂ.''
കല്പനയനുസരിച്ച് ജി ഹാജരായി. തമ്പുരാന്‍ വിവരം പറഞ്ഞു. ജി ക്ഷുഭിതനായി. എങ്കിലും പണിപ്പെട്ട് ക്ഷോഭമടക്കി പറഞ്ഞു: ''വയ്യ. ഞാന്‍ എഴുതില്ല.''

കുറുപ്പുമാസ്റ്റര്‍ ഇറങ്ങിപ്പോന്നു. പിന്നാലെയെത്തിയ പുത്തേഴന്‍ പറഞ്ഞത്രെ: ''ഞാന്‍ അപ്പോഴേ ഉണര്‍ത്തിച്ചതാണ് വേണ്ട, ഫലമുണ്ടാവില്ല. അങ്ങനെ ഒരു കവിതതന്നെ വേണ്ട എന്ന്. പക്ഷേ, തമ്പുരാന് നിര്‍ബന്ധം. കല്പിച്ചാല്‍ അനുസരിക്കാതെ എനിക്ക് നിവൃത്തിയില്ലല്ലോ. കുറുപ്പ് എന്നെ തെറ്റിദ്ധരിക്കരുത്.''
പക്ഷേ, കുറുപ്പ് തെറ്റിദ്ധരിച്ചു. പുത്തേഴന്‍ പറഞ്ഞിട്ടാണ് ഇങ്ങനെ ഒരാശയം തമ്പുരാന്‍ തന്റെമുന്നില്‍ വെച്ചത് എന്നാണ് എവിടെയോ സംസാരിച്ചത്. എവിടെയോ എഴുതുകയും ചെയ്തിട്ടുണ്ട്. 

ഒന്നുകില്‍ താന്‍ ക്ഷേത്രപ്രവേശനത്തിന് എതിരാണ് എന്നുവരുത്തുക, അല്ലെങ്കില്‍ തന്നെ രാജാവിന്റെ അപ്രീതിക്ക് പാത്രമാക്കുക -ഈ കെണി പുത്തേഴന്‍ ഒരുക്കി എന്നാണ് ജി ധരിച്ചത്. പുത്തേഴന്‍ തന്റെ പിന്നാലെവന്ന് തനിക്ക് രാജനിയോഗത്തില്‍ പങ്കില്ല എന്നു പറഞ്ഞകാര്യം ജി വെളിപ്പെടുത്തിയില്ല. അതിന്റെ കാരണം എനിക്ക് നിശ്ചയമില്ല. അന്നുതുടങ്ങിയതാണ് പരസ്പരം കൊമ്പുകോര്‍ക്കല്‍.''

അതെനിക്ക് പുതിയ അറിവായിരുന്നു. കുറുപ്പുമാസ്റ്റര്‍ ഒരിക്കലും അതൊന്നും സൂചിപ്പിച്ചിട്ടുപോലുമില്ല എന്നോട്.
പക്ഷേ, ശങ്കരാ കോളേജുമായി ബന്ധപ്പെട്ട് ഇവര്‍തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ എനിക്കറിയാമായിരുന്നു ആ കഥ ഞാന്‍ മാഷോടും പറഞ്ഞു.

ശ്രീ ശങ്കരാ കോളേജ് തുടങ്ങിയ കാലം. ആഗമാനന്ദസ്വാമികളാണ് കോളേജ് ഭരണസമിതി അധ്യക്ഷന്‍. ജി മഹാരാജാസില്‍നിന്ന് പെന്‍ഷന്‍ പറ്റിയ ദിവസങ്ങള്‍. ശ്രീ ശങ്കരാ കോളേജില്‍ മലയാളം പ്രൊഫസറായി ജി വന്നാല്‍ നന്ന് എന്ന് സ്വാമിജിക്ക് തോന്നി. അന്ന് ജിയുടെ അമ്മ ജീവിച്ചിരിപ്പുണ്ട്, നായത്തോട് എന്ന ഗ്രാമത്തിലെ തറവാട്ടുവീട്ടില്‍. ശ്രീ ശങ്കരാ കോളേജില്‍നിന്ന് നായത്തോട്ടേക്ക്-ഇന്നത്തെ കൊച്ചിന്‍ എയര്‍പോര്‍ട്ട് -നാലുകിലോമീറ്റര്‍മാത്രം.

ആഗമാനന്ദസ്വാമികളുടെ നിര്‍ദേശം ജി സസന്തോഷം സ്വീകരിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോളേജിലുണ്ടാവും. മഹാകവി കരുതിയത് എറണാകുളത്തുനിന്ന് ഞായറാഴ്ച തറവാട്ടിലെത്തുക. അന്നുരാത്രിയും തിങ്കളും ചൊവ്വയും അമ്മയോടൊപ്പം താമസിക്കുക എന്നതാണ്. സ്വാമിജിക്കും സമ്മതം.

അപ്പോഴാണ് ഔപചാരികമായ ഇന്റര്‍വ്യൂ വേണം എന്ന് പുത്തേഴന്‍ പറഞ്ഞത്. കുശലംപറയുക എന്നതിലധികമൊന്നും അര്‍ഥം അതിനില്ല എന്നാണ് സ്വാമിജിയും ജിയും കരുതിയത്. പക്ഷേ, പുത്തേഴന്‍, കുറുപ്പുമാഷോട് മലയാള സാഹിത്യചരിത്രത്തെപ്പറ്റി, എഴുത്തച്ഛന്റെ കാലത്തെപ്പറ്റി ഒക്കെ ചോദിക്കാന്‍ തുടങ്ങി. ക്ഷുഭിതനായ കുറുപ്പുമാസ്റ്റര്‍, 'സംശയമുണ്ടെങ്കില്‍ ഉള്ളൂരിന്റെ സാഹിത്യചരിത്രം നോക്കിക്കോളൂ' എന്ന് പുത്തേഴനോട് പറഞ്ഞ് ഇറങ്ങിപ്പോന്നുവത്രേ.

Content Highlights: g sankara kurup, puthezhath raman menon