മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജന്മവാര്ഷിക ദിനമാണ് ജൂണ്‍ 3. അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകള്‍. ദര്‍ശനങ്ങളുടെ വിവിധ ആകാശങ്ങള്‍ അവ കാണിച്ചുതന്നു.
കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജിയെ ദാര്‍ശനികകവിയെന്നു വിളിക്കാം. ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു.
1901 ജൂണ്‍ 3ന് കാലടി നായത്തോട് ഗ്രാമത്തില്‍ ശങ്കരവാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനനം. ചെറുപ്പത്തിലേ സംസ്കൃതം പഠിച്ചു. ഹയര്‍ പരീക്ഷ ജയിച്ച് 17-ാം വയസ്സില്‍ ഹെഡ്മാസ്റ്ററായി ജോലി ലഭിച്ചു. നാലാംവയസ്സില്‍തന്നെ കവിതയെഴുതിത്തുടങ്ങിയ ജി. അപ്പോള്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നു. പിന്നീട് വൈക്കത്ത് കോണ്‍വെന്റ് സ്കൂളില്‍ ജോലിചെയ്ത ജി., പണ്ഡിത പരീക്ഷ ജയിച്ചു. പിന്നീട് വീണ്ടും സംസ്കൃത പഠനം. പലേടത്തും അധ്യാപനം. ഒപ്പം കവിതയെഴുത്തും. 1926-ല്‍ വിദ്വാന്‍പരീക്ഷ ജയിച്ച് തൃശ്ശൂര്‍ ട്രെയ്നിങ് കോളേജില്‍ ചേര്‍ന്നു. 1937-ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1956-ല്‍ വിരമിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ജി. പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു. വിശ്വദര്‍ശനം എന്ന കൃതിക്ക് 1963-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 'ഓടക്കുഴ'ലിന് 1965-ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. പദ്മഭൂഷണ്‍ പുരസ്കാരവും ജി.യെ തേടിയെത്തി. 1978 ഫിബ്രവരി 2ന് അന്തരിച്ചു.
പ്രകൃതിയുടെ സൗന്ദര്യവും വിശ്വത്തിന്റെ അമേയതയും ഉണര്‍ത്തുന്ന അത്ഭുതം, അജ്ഞേയ വിശ്വശക്തിയോടുള്ള ആരാധന, ജീവിതത്തെ ആര്‍ദ്രവും സുരഭിലവുമാക്കുന്ന പ്രേമവാത്സല്യങ്ങള്‍, സ്വാതന്ത്ര്യതൃഷ്ണ തുടങ്ങിയ ആദ്യകാല ഭാവങ്ങള്‍ പിന്നീട് ജീവിതരതിയിലേക്കും ആസ്തിക്യബോധത്തിലേക്കും നീങ്ങുന്നതു കാണാം. അന്വേഷണം, എന്റെ വേളി, സൂര്യകാന്തി, ഇന്നു ഞാന്‍ നാളെ നീ തുടങ്ങിയ പ്രശസ്ത ഭാവഗീതങ്ങളടങ്ങിയ സൂര്യകാന്തി (1933) ജി.യെ അതിപ്രശസ്തനാക്കി. ടാഗോറിന്റെ കവിതകള്‍ ജി.യെ സ്വാധീനിച്ചിട്ടുണ്ട്. ടാഗോര്‍ക്കവിതകളുടെ പല സവിശേഷതകളും ജി.ക്കും ബാധകമാണെന്ന് നിരൂപകര്‍ പറയുന്നു. ചന്ദനക്കട്ടില്‍, കല്‍വിളക്ക്, ഇണപ്രാവുകള്‍, ഭഗ്നഹൃദയം, ശ്വസിക്കുന്ന പട്ടട, പെരുന്തച്ചന് തുടങ്ങിയ ആഖ്യാനകവിതകള്‍ പ്രശസ്തങ്ങളാണ്.
കാളിദാസന്റെ മേഘസന്ദേശത്തിന് സ്രഗ്ധരാ വൃത്തത്തില്‍ തര്‍ജമ തയ്യാറാക്കിയത് - മേഘച്ഛായ - 1944 ലാണ്.
ജി. ശങ്കരക്കുറുപ്പിനെതിരെയുയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം സുകുമാര്‍ അഴീക്കോടിന്റേതാണ് - 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു'. ഈ ഗ്രന്ഥനാമംതന്നെ ശങ്കരക്കുറുപ്പിന്റെ അന്നത്തെ ഔദ്ധത്യം വ്യക്തമാക്കുന്നുണ്ട്.
കാവ്യപരാഗങ്ങള്‍
ഇന്നു ഞാന്‍, നാളെ നീ (ഇന്നു ഞാന്‍ നാളെ നീ)
കാലമെന്‍ ശിരസ്സിങ്കലണിയിക്കയായ് മുല്ല-
മാല, ഫാലത്തില്‍ ചേര്‍ത്തുകഴിഞ്ഞു വരക്കുറി
വരണം വരന്മാത്രം ആസന്നമായിപ്പോയീ
വരണം സനാതന നിയമം ലംഘിക്കാമോ? (എന്റെ വേളി)
നോവുതിന്നും കരളിനേ പാടുവാ-
നാവു നിത്യമധുരമായാര്‍ദ്രമായ് (ഹിമബിന്ദു)
ഹാ! വരും വരും നൂനമാദ്ദിനമെന്‍ നാടിന്റെ
നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും.(അഴിമുഖത്ത്)
കൃതികള്‍
കവിതാ സമാഹാരങ്ങള്‍:
സാഹിത്യ കൗതുകം
(നാലു ഭാഗങ്ങള്‍) (1923-1931)
സൂര്യകാന്തി (1933)
നവാതിഥി (1935)
പൂജാപുഷ്പം (1943)
ചെങ്കതിരുകള്‍ (1945)
നിമിഷം (1946)
മുത്തുകള്‍ (1946)
വനഗായകന് (1947)
ഇതളുകള്‍ (1948)
ഓടക്കുഴല്‍ (1950)
പഥികന്റെ പാട്ട് (1951)
അന്തര്‍ദാഹം (1953)
വെള്ളില്‍പ്പറവകള്‍ (1955)
വിശ്വദര്‍ശനം (1960)
മൂന്നരുവിയും ഒരു പുഴയും (1963)
ജീവനസംഗീതം (1964)
മധുരം, സൗമ്യം, ദീപ്തം (1966)
സാന്ധ്യരാഗം (1971)
വിവര്‍ത്തനങ്ങള്‍:
വിലാസലഹരി (1931) (ഒമര്‍ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവര്‍ത്തനം)
മേഘച്ഛായ (1944) (കാളിദാസന്റെ മേഘസന്ദേശത്തിന്റെ വിവര്‍ത്തനം)
ലേഖന സമാഹാരങ്ങള്‍:
ഗദ്യോപഹാരം, ലേഖമാല, മുത്തും ചിപ്പിയും, രാക്കുയിലുകള്‍, ജി.യുടെ നോട്ട്ബുക്ക്, ജി.യുടെ ഗദ്യലേഖനങ്ങള്‍.
ആത്മകഥ: ഓര്‍മയുടെ ഓളങ്ങളില്‍
ബാലകവിതകള്‍:
ഇളംചുണ്ടുകള്‍, ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ
Content Highlights: G Sankara Kurup birth anniversary