ത്തിരുപത്തിനാല് കൊല്ലം മുന്‍പ്. ഞാന്‍ പത്രപ്രവര്‍ത്തകനായി ജോലി തുടങ്ങിയിട്ടേയുള്ളൂ. രാത്രിവേല കഴിഞ്ഞ് ഒരു പുലര്‍ച്ചെ. കൊല്ലത്തേയ്ക്ക് പോകണം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വണ്ടി കാത്തിരിക്കുകയാണ്. ഒരു സായിപ്പ് ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. ബോറടിച്ചപ്പോ പരിചയപ്പെട്ടു, സംസാരമായി.  അയാള്‍ വെളിപ്പെടുത്തി:ഞാനൊരു പ്രേതവേട്ടക്കാരനാണ്. ഗോസ്റ്റ് ഹണ്ടര്‍.

ഞാനെന്റെ ജീവിതത്തില്‍ അങ്ങനൊരു തസ്തിക കേട്ടിട്ടില്ലായിരുന്നു.

സായിപ്പ് ബാഗിലിരുന്ന ഉപകരണങ്ങള്‍ പരിചയപ്പെടുത്തി: നൈറ്റ് വാച്ച്മാന്‍,  ഒരു തരം കണ്ണടയാണ്. രാത്രിയും കാഴ്ച ലഭിക്കും. മോഷന്‍ ഡിറ്റക്ടര്‍, ഇരുട്ടിലെ അപ്രതീക്ഷിത ചലനങ്ങളെ രേഖപ്പെടുത്താനാണ്. തെര്‍മല്‍ ഡിറ്റക്ടര്‍,  അന്തരീക്ഷ ഊഷ്മാവിലെ വ്യതിയാനം തിരിച്ചറിയാം.  ഇതൊക്കെ വച്ചാണ് പ്രേതസാന്നിധ്യം തിരിച്ചറിയുന്നത്. പുതിയ അറിവായിരുന്നു അത്.

സായിപ്പ് മൂന്നാറില്‍ പോയിട്ടു വരുന്ന വഴിയാണ്. നൂറു കൊല്ലത്തിലേറെ പഴക്കമുള്ള ശ്മശാനങ്ങളാണ് പുള്ളിയുടെ ലക്ഷ്യം. ബ്രിട്ടീഷുകാരനായിരുന്നു. ബ്രിട്ടീഷ് ഗോസ്റ്റ് ഹണ്ടേഴ്‌സ് സൊസൈറ്റിയില്‍ അംഗമാണത്രേ. ഞാന്‍ ചോദിച്ചു: എത്ര പ്രേതങ്ങളെ കണ്ടിട്ടുണ്ട്?

അയാള്‍ പറഞ്ഞു: പ്രേതങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതു പോലെ മനുഷ്യരൂപങ്ങളല്ല. സാന്നിധ്യം മാത്രമാണ്. അത് തിരിച്ചറിയാന്‍ ഇത്തരം ഉപകരണങ്ങളാണ് സഹായിക്കുന്നത്.

ഞാന്‍ ചോദിച്ചു: എന്താണ് പ്രേതം?

എന്തുമാകാം. ഇരുട്ടിലെ ചില സഞ്ചാരം. മനുഷ്യപഥങ്ങളില്‍ നിന്ന് മാറി, എന്തൊക്കെയോ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ള സൂക്ഷ്മമായ ഊര്‍ജകണങ്ങള്‍. ജീവനും ഊര്‍ജമാണ്. അത് കൊണ്ട് ആത്മാവെന്നൊക്കെ പറയാം. പക്ഷേ ഒന്നുണ്ട്. ഒരു ഊര്‍ജത്തുള്ളിയും മരിച്ചയുടന്‍ വറ്റിപ്പോകുന്നില്ല.

എനിക്ക് മനസ്സിലായില്ല. അയാള്‍ വിശദീകരിച്ചു. നിങ്ങള്‍ വരണ്ട നിലത്ത് ഒരു പാത്രം വെള്ളമൊഴിച്ചാല്‍ എന്തുപറ്റും? വെള്ളം ശടേന്ന് താഴ്ന്നുപോകും. എന്നാല്‍ തറനിരപ്പില്‍ ജലമുള്ള പ്രദേശമാണെങ്കിലോ.. വെള്ളം വലിയുന്നത് മെല്ലെയേ സംഭവിക്കൂ. അതുപോലെയാണ് ആത്മാക്കള്‍. അതിന് പ്രകൃതിയില്‍ വിലയം കൊണ്ടേ പറ്റൂ. പക്ഷേ ചിലത് അനുകൂലസാഹചര്യങ്ങളില്‍ കുറച്ചുനാള്‍ കൂടി തങ്ങിനില്‍ക്കും. പാവലിന്റെ വള്ളികള്‍ പോലെ വേണ്ടപ്പെട്ടവരുടെ ഓര്‍മകളിലാണ് അവയുടെ പിടുത്തം. നമ്മുടെ ഓര്‍മകള്‍ വിട്ടകലുമ്പോ അവയുടെ പിടുത്തം വിടും. അഥവാ ചെടി കരിഞ്ഞാലും, അതായത്, ആ ആത്മാവ് വിഘടിച്ചാലും, പിടിത്തം വിട്ടുപോകും.  

മനുഷ്യര്‍ക്കും പല ജന്തുക്കള്‍ക്കും ഉള്ളതു പോലെ ആത്മാക്കള്‍ക്കും ആയുസ്സ് ഉണ്ട്. ഒരു ദിവസം വിഘടിപ്പിച്ച് മറ്റെന്തൊക്കെയോ ആകും.മെല്ലെ ഇല്ലാതാകുന്ന ഈ ആത്മാക്കളാകട്ടെ ഓര്‍മകള്‍, അവരെ തേടി വരുന്നവര്‍ തുടങ്ങിയവയില്‍ നിന്ന് ഊര്‍ജം കൊളളും. ചില പ്രത്യേക ഇടത്ത്, അവര്‍ അനക്കമായോ, ഊര്‍ജമായോ ഒക്കെ സന്നിഹിതരാകും. ഞാനതു തേടി നടക്കുകയാണ്. അവരെന്നെയും തേടിവരും. പ്രേതകഥകളിലൊക്കെ പണ്ടേ തല്‍പരനായിരുന്നെങ്കിലും, ഇത്തരം നിഗൂഢജീവിതങ്ങളില്‍ ഇമ്പം പടര്‍ത്തിയത് ഈ ബ്രിട്ടീഷുകാരനാണ്. ഞാനയാളെ വച്ച് 98ലോ 99 ലോ ഒരു ചെറുകഥയെഴുതി: പ്രേതവേട്ടക്കാരന്‍.

കാര്‍ത്ത്യായനി, ചെവിയുടെ പിന്നില്‍

അഞ്ചാറു വര്‍ഷത്തിനു ശേഷം കൊച്ചിയിലുണ്ടായിരുന്ന കാലത്ത്, ഞാനും എന്റെ ഒരു സഹപ്രവര്‍ത്തകനും കൂടി പ്രേതങ്ങളെ തപ്പിയിറങ്ങി. പരിചയക്കാരോടൊക്കെ അന്വേഷിച്ചു. അങ്ങനെയാണ് ഒരു മനോരോഗ ചികിത്സകന്റെ അടുത്തെത്തിയത്. ഒരു നാലുകെട്ടാണ്. ആള്‍ ഒറ്റയ്ക്ക് താമസം. ഞങ്ങള്‍ ചെല്ലുമ്പോ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. ഞങ്ങളോട് ചെവിയില്‍ പറഞ്ഞു: അതിഥികള്‍ വരുമെന്ന് അറിയാമായിരുന്നു. അവള്‍ ചെവിക്കടുത്ത് വന്ന് പറഞ്ഞു.ഞങ്ങള്‍ ചോദിച്ചു: ആര്? ഡോക്ടര്‍ പറഞ്ഞു: കാര്‍ത്യായനി. അവള്‍ പറഞ്ഞു: വരുന്നുണ്ട്. രണ്ടവന്മാര്‍. നിങ്ങളെ ഇവിടുന്ന് എഴുന്നേല്‍പ്പിച്ച് കൊണ്ടുവിടാനാ പരിപാടിയെങ്കീ ഞാനവരെ പേടിപ്പിക്കും. ഞാന്‍ അവളോടുപറഞ്ഞു: അത്ര കടുംപിടിത്തം വേണ്ട. വല്ല മന്ത്രവാദികളുമാണ് വരുന്നതെങ്കീ നിന്റെ കാര്യം പോക്കാ. നിന്നേയും കൊണ്ടു പോകും.

ഞാന്‍ ചോദിച്ചു: ഇപ്പോ എവിടുണ്ട് കാര്‍ത്യായനി.
ഡോക്ടര്‍: എന്റെ ചെവിയുടെ പിറകെ. അല്ലാതെവിടെ?

ഡോക്ടര്‍ വിശദീകരിച്ചു: ഭാര്യ പിണങ്ങിപ്പോയി വല്ലാത്ത ഒറ്റപ്പെടല്‍ തോന്നിയപ്പോ, സുഹൃത്തായ ഒരു മന്ത്രവാദിയോടു പറഞ്ഞു. അയാള്‍ ഒരു സ്ത്രീരൂപം ഉണ്ടാക്കിക്കൊടുത്തു. കാര്‍ത്യായനി. ഇവിടെ വീട്ടില്‍ കൊണ്ടു വച്ചു. മെല്ലെ കാര്‍ത്യായനി വീട് ഏറ്റെടുക്കുന്നതായി തോന്നി. ചെവിക്കു തൊട്ടുപിന്നില്‍ അവളുടെ ഉച്ഛാസം അനുഭവിക്കാന്‍ കഴിയുന്നു.  ആദ്യമൊരു കൂട്ടായി. പിന്നപ്പിന്നെ വീടിനു വെളിയിലേക്ക് വിടാതായി.  അയ്യോ, ഒറ്റയ്ക്കായിപ്പോകുമെന്ന് കരച്ചില്‍. വീട്ടില്‍ കണ്‍സള്‍ട്ടേഷന് സ്ത്രീകള്‍ വന്നാല്‍ തൊട്ടു പിന്നില്‍ നിന്നൊരു അസൂയയുടെ മുറുമുറുപ്പ്. ഞാന്‍ കാര്‍ത്യായനിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

അവളെ കൊണ്ടു വന്നു വച്ച സ്ഥലത്തു നോക്കിയപ്പോള്‍ ഞെട്ടി. പ്രതിമ കാണാനില്ല. എന്നെക്കൊണ്ടു തന്നെ അവള്‍ എങ്ങോട്ടോ മാറ്റിച്ചതാണ്. വീടു മുഴുവന്‍ പരിശോധിച്ചു. കാണുന്നില്ല. അടുത്ത നടപടിയിലേക്ക് കടക്കണം. പക്ഷേ അവളങ്ങ് വിട്ടുപോകുമോയെന്നൊരു സങ്കടവുമുണ്ട്. ഡോക്ടര്‍ പറഞ്ഞു.

പച്ചയും ചുവപ്പും വെളിച്ചം, നടുവില്‍ അപ്പൂപ്പനും

എന്റെ അപ്പൂപ്പന്‍ പറഞ്ഞ കഥയാണ്. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കാലം. അര്‍ധരാത്രി. കൊല്ലത്ത് പോളയത്തോട് ശ്മശാനം. അന്ന് മതില്‍ക്കെട്ടൊന്നുമില്ലാതെ വിജനമാണ്. നഗരത്തിലുള്ള ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ബര്‍മാഷെല്ലിലെ പണി കഴിഞ്ഞ് അര്‍ധരാത്രിക്കുശേഷം എന്റെ അപ്പൂപ്പന് ഒരു ദിവസം അതുവഴി സഞ്ചരിക്കേണ്ടി വന്നു. ഒറ്റയ്ക്ക്.

indugopan
അമ്മിണിപ്പിള്ള വെട്ടുകേസ് വാങ്ങാം

ശ്മശാനത്തിനു പിന്നിലുള്ള റെയില്‍റോഡ് വഴിയാണ് യാത്ര. ശ്മശാനത്തിലേക്ക് നോക്കിയപ്പോ ഒരു പച്ചവെളിച്ചം അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുവന്നു.  ശ്മശാനം കഴിഞ്ഞ് മഹാവിജനതയാണ്. അപ്പൂപ്പന്‍ ധൈര്യം സംഭരിച്ചു നടന്നു.  വെളിച്ചം പിറകെതന്നെയുണ്ട്. എന്തു ചെയ്യും? മനസ്സില്‍ കുടുംബക്ഷേത്രത്തിലെ യോഗീശ്വരനെ ധ്യാനിച്ചു. മുന്നിലൊരു ചുവന്നവെട്ടം തെളിഞ്ഞു. അതിനെ നോക്കി, പിന്‍തിരിഞ്ഞുനോക്കാതെ മുന്നോട്ടുനടക്കാന്‍ വെളിപാടുണ്ടായി. സുരക്ഷിതമായി അദ്ദേഹം വീട്ടിലെത്തി. ഒരു വട്ടം ഈ കഥ കേട്ടപ്പോ, ഞാന്‍ പറഞ്ഞു: റെയില്‍വേ ട്രാക്കല്ലേ. പച്ചവെളിച്ചവും ചുവപ്പും. വല്ല സിഗ്‌നലുമാകും. അപ്പൂപ്പന്‍ എന്റടുത്തുള്ള കഥപറച്ചില്‍ അവസാനിപ്പിച്ചു. വലിയ നഷ്ടമായിരുന്നു. ബാല്യത്തിന്റെ നിഷ്‌കളങ്കത മാറി നാം മുതിര്‍ന്നുപോയെന്നു മനസ്സിലായി. നിഷ്‌കളങ്കര്‍ക്കുള്ളതാണ് നിഗൂഢകഥകളുടെ ലോകം.

പ്രേതങ്ങള്‍ക്ക് വാശിയില്ല

പണ്ട് ഇരുട്ട് അഗാധമായിരുന്നു. തെരുവുവിളക്കില്ല. ജനവാസം കുറവായിരുന്നു. ഭയം കൂടുതലായിരുന്നു; കഥകളും. വൈദ്യുതവിളക്ക് വന്നതോടെ പ്രേതങ്ങള്‍ അപ്രത്യക്ഷമായി. ഭയപ്പെടുത്തുന്ന പ്രേതഭവനങ്ങള്‍ ഹോസ്റ്റലുകളായി. പയ്യന്മാരുടെ ശല്യം മൂലം പ്രേതങ്ങള്‍ ഒളിച്ചോടി. ശാസ്ത്രം വികസിച്ചപ്പോ തീ കൊണ്ട പ്ലാസ്റ്റിക് പോലെയായി പ്രേതകഥകള്‍. അപ്പൂപ്പന്‍ ഭയന്നത്, ശ്മശാനത്തിലെ കത്തിയ എല്ലുകള്‍ക്കിടയില്‍ നിന്ന് വിടുതി നേടിയ ഫോസ്ഫറസിന്റെ പച്ചനിറം കണ്ടാണെന്നു പറഞ്ഞാല്‍, അത് രസംകൊല്ലിയായി. കലയിലെ ലാവണ്യവും ശാസ്ത്രത്തിലെ കണിശതയും രണ്ടാണ്. ശാസ്ത്രനോവല്‍ എഴുതിയപ്പോള്‍ തന്നെ ഞാന്‍ പ്രേതകഥകളും ചിലത് എഴുതി. വിശ്വാസമില്ലാതെ തന്നെ.

ഒരുപാട് ഇരുട്ടില്‍ അലഞ്ഞിട്ടും ഞാന്‍ പ്രേതങ്ങളെ കണ്ടിട്ടില്ല. എന്തു കൊണ്ടാണത്? പ്രേതവിശ്വാസികളായ എന്റെ സുഹൃത്തുക്കള്‍ അതിന് പറയുന്ന കാരണം ഇതാണ്. ഒന്നാമത്. നീ വിശ്വാസിയല്ല. അതിനെ ഭയക്കുന്നവരുടെ മുന്നിലേ അത് സാന്നിധ്യമറിയിക്കൂ. തങ്ങളുടെ സാന്നിധ്യം ഇല്ലെന്നു കരുതുന്നവരെ അതിന് പേടിപ്പിക്കേണ്ടതില്ല. വാശിയൊക്കെ മനുഷ്യര്‍ക്കാണ്. പ്രേതങ്ങള്‍ക്ക് അതില്ല.

ഞാന്‍ സമ്മതിക്കാം; പക്ഷേ എനിക്ക് വിശ്വാസമുണ്ട്. പ്രേതങ്ങളിലല്ല, പ്രേതങ്ങളെക്കുറിച്ചുള്ള ഭാവനാകഥകള്‍ എഴുതുന്ന കാര്യത്തില്‍. അതിലൂടെ ഭയത്തിന്റെ അടരുകളെ മെല്ലെ കുത്തിയുണര്‍ത്തുന്ന ആ പ്രക്രിയയുണ്ടല്ലോ; അതൊരു സുഖകരമായ ഏര്‍പ്പാടാണ്. കുറേക്കാലം കഴിഞ്ഞ് എന്റെ പത്രാധിപര്‍ വാര്‍ഷികപ്പതിപ്പിലേക്ക് ഒരു ഫീച്ചര്‍ ചെയ്യാമോയെന്നു ചോദിച്ചു. പ്രേതവീടുകളില്‍ രാത്രിയില്‍ ഒറ്റയ്ക്ക് ഉറങ്ങി ആ അനുഭവം എഴുതണം.

വല്യ ഭയമില്ലാത്തതിനാല്‍ ഏറ്റു. ഭയം കുറഞ്ഞിരിക്കാന്‍ കാരണം നമ്മുടെ കഴിവല്ല. ബാല്യകാലഅനുഭവമാണ്. ഭീകരമായ, കടല്‍ പോലെ വിജനമായിക്കിടക്കുന്ന ഒരു വയലിന്റെ ഇരുട്ടിന്റെ നടുവിലായിരുന്നു കുട്ടിക്കാലം. അങ്ങനെ ഫീച്ചറെഴുതാന്‍ യാത്ര പുറപ്പെട്ടു. പ്രേതബാധ ഉണ്ടെന്ന് ഭയപ്പെട്ടിരുന്ന ആദ്യത്തെ വീട്ടില്‍ എത്തി.  ഭയമില്ല എന്ന് ആര്‍ക്കും അഹങ്കരിക്കാനാവില്ല. ജീവിയാണോ ജീവഭയം ഉണ്ടായേ തീരൂ. ആകയാല്‍ ഏതു സമയത്തും നാം ഭയത്തില്‍ പെടാം. ഞാനതു കൊണ്ട് ആദ്യമേ തന്നെ, കേള്‍ക്കാനിടയുള്ള ശബ്ദങ്ങള്‍, മരപ്പട്ടി, കരിമ്പൂച്ച മുതലായവയുടെ സാന്നിധ്യം തുടങ്ങിയവയൊക്കെ പ്രതീക്ഷിച്ചു.

മറ്റൊരു അപകടം ശബ്ദത്തിന് കടന്നുവരാനുള്ള വഴികളാണ്. കാറ്റു വന്ന് ചൂളം വിളിക്കാം.  ഏറ്റവും ഭീകരമായ മറ്റൊരു സാധ്യത അവനവനെ കണ്ട് ഭയക്കുക എന്നതാണ്. അതായത് നിലക്കണ്ണാടിയാണ് അപകടകാരി. അവനവനെക്കണ്ട് ഇത് ഞാനാണെന്ന് തിരിച്ചറിയും മുന്‍പ് ബോധംകെട്ടു വീഴാം. ഉണരുമ്പോ, അത് നീയായിരുന്നുവെന്ന് മനസ്സ് ഒരിക്കലും സമ്മതിക്കില്ല. രണ്ടു പേരുടെ ആത്മഹത്യ നടന്ന ഒരു വീടായിരുന്നു രണ്ടാമത്തേത്. അവിടെ ഞാനായിരുന്നു മറ്റുള്ളവര്‍ക്ക് പ്രേതമായത് എന്നതാണ് വിചിത്രം.

ആ വീടിന്റെ രണ്ടാം നിലയില്‍, ആത്മഹത്യ നടന്ന മുറിയില്‍ പാതിരാത്രി ഇരിക്കവേ, ബോറടിച്ചു. ഞാന്‍ ലാപ് ടോപ് തുറന്ന് ചെയ്യാനുള്ള ചില ജോലികള്‍ ചെയ്തുതുടങ്ങി. ആരോ നടക്കുന്ന ശബ്ദം പുറത്തു കേട്ടു. ഞാന്‍ ജനാലയ്ക്കല്‍ ചെന്നു നോക്കി. വീടിനു മുന്നിലെ റോഡില്‍ രണ്ടു പേര്‍. അവന്മാര്‍ പെട്ടെന്ന് മുകളിലേക്ക് നോക്കി അലറിവിളിച്ചു പാഞ്ഞു. ജനാലയ്ക്കല്‍ എന്നെ കണ്ടതു കൊണ്ടാണോയെന്ന് ഉറപ്പില്ല. പക്ഷേ ലാപ്‌ടോപ്പിന്റെ നീലവെളിച്ചം. അതാണ് പ്രശ്‌നമുണ്ടാക്കിയത്. ഞാന്‍ ലാപ്‌ടോപ്പ് അണച്ചുവച്ചു. ഭയം വന്നെന്നെ മൂടി. ഈ പോയവര്‍ തിരികെ ആള്‍ക്കാരുമായി വന്നാല്‍...

ചങ്ങലക്കിലുക്കം

വാഷിങ്ടണിലുള്ള എന്റെ സുഹൃത്ത് പറഞ്ഞ പ്രേതകഥയുണ്ട്.  പുലര്‍ച്ചെ. നല്ല മഞ്ഞുണ്ട്. കാറില്‍ സഞ്ചരിക്കുകയായിരുന്നു അവന്‍. പെട്ടെന്നാണ് അര്‍ധശരീരം മാത്രമുള്ള വിചിത്രമായ മുഖമുള്ള ഒരു  മനുഷ്യന്‍ കാറിനു മുന്നിലേക്ക് അന്തരീക്ഷത്തിലൂടെ ഒഴുകിവന്നത്. കാറിനെ ഇടിക്കുമെന്ന മട്ടില്‍ വെട്ടിയൊഴിഞ്ഞ് അപ്രത്യക്ഷമായി. അവന്‍ സഡന്‍ബ്രേക്കിട്ടു. പിന്നില്‍ മൂടല്‍മഞ്ഞു മാത്രം. ഒന്നുമില്ല. അവന്‍ തകര്‍ന്നു പോയി. പല ദിവസം കഴിഞ്ഞിട്ടും ഭയം മാറുന്നില്ല. എന്തെന്നറിഞ്ഞേ അടങ്ങൂ എന്നായി. മറ്റൊരു കൂട്ടുകാരനെയും വിളിച്ച് മൂന്നാലു ദിവസം ഇതേ സ്ഥലത്ത് പോയി. അഞ്ചാം ദിവസം കണ്ടുപിടിച്ചു. റോഡില്‍ റോളര്‍സ്‌കേറ്റു ചെയ്യുന്ന ഒരാള്‍. അല്‍പം നീണ്ട മുഖമുള്ള ഒരു മനുഷ്യന്‍. മൂടല്‍മഞ്ഞില്‍ അയാളുടെ അരയ്ക്കു താഴെ അപ്രത്യക്ഷമായിരുന്നതു കൊണ്ടാണ്, അയാളുടെ വേഗത്തില്‍ അതൊരു ഭീകരദൃശ്യമായി തോന്നിയത്. അതായത് പിന്നാലെ നടന്നാല്‍, രഹസ്യം വെളിവായാല്‍ പിന്നെ പ്രേതകഥകളില്ല.

നാട്ടിന്‍പുറത്ത് ഒരു പഴയ തറവാട്. ഒരു കാരണവശാലും വില്‍ക്കാനാവുന്നില്ല. രാത്രിയില്‍ ആ വീട്ടില്‍ കിടക്കാനാവില്ല. അര്‍ധരാത്രി കഴിഞ്ഞാല്‍ വീടിനു ചുറ്റുമൊരു ചങ്ങലക്കിലുക്കമാണ്. ഒപ്പം മണിയടിയുടെ നാദവും. ധൈര്യശാലിയായ ഒരു അനന്തരവന്‍ രാത്രി താമസിച്ചു. പിറ്റേന്ന് ഭയന്ന് പനിപിടിച്ചാണ് തിരിച്ചുവന്നത്. അങ്ങനെ കുറഞ്ഞ വിലയ്ക്ക് തറവാട് വിറ്റു. പരിസരത്തുള്ള ഒരാള്‍ വാങ്ങി. പിന്നെ ചങ്ങലക്കിലുക്കം ഉണ്ടായില്ല. വാങ്ങിയ ആളിന്റെ വീട്ടിലെ സ്റ്റോര്‍റൂമിന്റെ ഒരു മൂലയില്‍ പില്‍ക്കാലം ഓട്ടുമണികള്‍ പിടിപ്പിച്ച ഒരു ചങ്ങല കാണുമാറായി. ചെറുമകനോട് ആ വീട്ടിലെ കാരണവര്‍ രഹസ്യം വെളിപ്പെടുത്തി: ഓ, ഞാന്‍ പാതിരാ കഴിയുമ്പോ നായയുടെ പുറത്ത് ചങ്ങല കെട്ടിവച്ച് അഴിച്ചുവിടും. വീടിന്റെ നാലുമൂലയിലും ഓരോ ഉണക്കമീന്‍ വച്ചിരിക്കും. പിന്നെയും കിട്ടുമെന്നാശയില്‍ കുറേ നേരം ആ നായ ഇങ്ങനെ വീടിനെ ചുറ്റിക്കൊണ്ടിരിക്കും. കിലുകിലാ മണിയടിച്ചുകൊണ്ട്....

(ഇന്ദുഗോപന്റെ നിഗൂഢ, പ്രേത കഥകളെല്ലാം ചേര്‍ത്ത് മാതൃഭൂമി ബുക്‌സ് അടുത്തു തന്നെ പുസ്തകമാക്കുന്നുണ്ട്)

ഇതുപോലെ നിങ്ങള്‍ക്കുമുണ്ടാവില്ലേ ഭയംകൊണ്ട് ഉറഞ്ഞുപോയ ദിവസങ്ങള്‍. അല്ലെങ്കില്‍ നിഗൂഢത തോന്നിയ അനുഭവങ്ങള്‍. അവ ഗൃഹലക്ഷ്മിക്ക് എഴുതൂ. മികച്ച രചനകള്‍ പ്രസിദ്ധീകരിക്കാം. Email: grihalakshmi@mpp.co.in

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: G R Indhugopan writes about untold stories of haunted houses and ghosts