ഹാനായ ദസ്തയേവ്സ്‌കിയുടെ ഇരുനൂറാം പിറന്നാള്‍ദിനമാണ് 2021, നവംബര്‍ 11. ലോകമെമ്പാടുമുള്ള, എണ്ണമറ്റ ദസ്തയേവ്സ്‌കി വായനക്കാര്‍ ആ ദിവസത്തെ ഒരു ഉത്പത്തിനിമിഷമായെണ്ണുന്നു; പാഴായും ശൂന്യമായും കിടന്നവയ്ക്കുമേല്‍ സൃഷ്ടിചൈതന്യം പ്രസരിച്ച പ്രാപഞ്ചികമുഹൂര്‍ത്തം. അജ്ഞാതരും അപ്രസിദ്ധരും പ്രസിദ്ധരും വിശ്വപ്രസിദ്ധരുമായ പലതരം വായനക്കാരുണ്ട് അസാധാരണനായ ആ റഷ്യന്‍ നോവലിസ്റ്റിന്. മലയാളികള്‍ക്കിടയിലും കാണാം അത്തരക്കാരെ. വിവര്‍ത്തകന്‍ എന്നനിലയില്‍ ദസ്തയേവ്‌സ്‌കിയോടൊപ്പം ഒരു ജീവിതകാലം മുഴുവന്‍ സഞ്ചരിച്ച എന്‍.കെ. ദാമോദരന്‍ അവരിലൊരാളാണ്. പില്‍ക്കാലം, വേണു വി. ദേശം എന്ന വിവര്‍ത്തകനും ഗാഢപ്രണയത്താലെന്നോണം, ഒട്ടേറെ ദസ്തയേവ്സ്‌കി കൃതികള്‍ തന്റെ മാതൃഭാഷയിലേക്ക് പകര്‍ന്നു. ഇടപ്പള്ളി കരുണാകരമേനോനായിരുന്നു ദസ്തയേവ്സ്‌കിയുടെ നമ്മുടെ ഭാഷയിലെ ആദ്യവിവര്‍ത്തകന്‍ (കുറ്റവും ശിക്ഷയും). അദ്ദേഹത്തിന്റെ പുസ്തകശേഖരമാണ് വൈലോപ്പിള്ളിയെ റഷ്യന്‍സാഹിത്യവുമായടുപ്പിച്ചത്. 'എന്റെ കവിത' എന്ന ലേഖനത്തില്‍, പിന്നീട്, വൈലോപ്പിള്ളി ആ വായനയുടെ കാലാന്തരഫലത്തെപ്പറ്റി ഇങ്ങനെ എഴുതി: 'ആ വായന എനിക്കു വേണ്ടതിലധികം തലക്കനം വെപ്പിച്ചിരിക്കണം. എനിക്കൊന്നും അദ്ഭുതമല്ലാതായി. മഹാജനങ്ങള്‍ വിലമതിക്കുന്ന ചെറിയ മാന്യതകളൊന്നും മാന്യതകളല്ലാതായി. യൗവനോല്ലാസങ്ങളിലും ആ അറിവിന്റെ നിഴലുകള്‍ എന്റെ പ്രസന്നപ്രകാശങ്ങളെ വെട്ടിത്തിരുത്തിക്കൊണ്ടിരുന്നു'.

ദസ്തയേവ്സ്‌കിയെ, കഴിഞ്ഞ നൂറ്റാണ്ടില്‍, ഏറ്റവും ഗാഢമായി വായിച്ച മലയാളികളിലൊരാള്‍ പി.കെ. ബാലകൃഷ്ണനായിരുന്നു. അദ്ദേഹത്തിന്റെ നോവല്‍ - 'സിദ്ധിയും സാധനയും' (1965) എന്ന പുസ്തകത്തില്‍ അരഡസന്‍ ദസ്തയേവ്സ്‌കി പഠനങ്ങളുണ്ട് (അതിന്റെ നേര്‍പകുതിയേ വരൂ ആ പുസ്തകത്തില്‍ ടോള്‍സ്റ്റോയിക്കായി നീക്കിവെക്കപ്പെട്ടിരിക്കുന്ന ഇടം). 'എന്താണ് ദസ്തയേവ്സ്‌കി?' എന്ന ശീര്‍ഷകത്തിനു താഴെ ബാലകൃഷ്ണന്‍ എഴുതുന്നു: 'സ്വാഭാവികമായും ദസ്തയേവ്സ്‌കിയുടെ സൗന്ദര്യാവിഷ്‌കരണങ്ങളുമായി ഇടപഴകുന്നവര്‍ അസാധാരണമായ ഒരനുഭവത്തിന്റെ തീജ്ജ്വാലയ്ക്കുള്ളിലാണകപ്പെടുന്നത്. സൗന്ദര്യത്തിന്റെ ആ ജ്വാല യുക്തിവിചാരശേഷിയെ ആലസ്യപ്പെടുത്തി ഹൃദയത്തിലേക്കു കടക്കുന്നു.

കഠിനമായി വേദനിപ്പിക്കുകയും ഒപ്പം കിക്കിളിതോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ ക്ഷതം ഹൃദയത്തില്‍ തട്ടിയതുപോലെ എന്തോ ഒന്നാണ് ആ അനുഭവം. പരസ്പരം നിഷേധിക്കുന്ന വിശേഷണപദങ്ങള്‍ ഒന്നിച്ചുകൂട്ടി പ്രയോഗിച്ച് അതേപ്പറ്റി ചിലതു സൂചിപ്പിക്കാന്‍ പക്ഷേ, കഴിഞ്ഞേക്കും. അതിനപ്പുറം അര്‍ഥസ്ഫുടതയുള്ള വിവരണത്തിനു വഴങ്ങാത്ത ഒരനുഭവവിശേഷമാണത്. ക്രൂരമായ സ്‌നേഹവും ഇരുണ്ട പ്രകാശവും വേദനിപ്പിക്കുന്ന ആനന്ദവുമാണത്.' ഇതിലേറെ ഇവിടെ എടുത്തെഴുതാനാവില്ല. പില്‍ക്കാലം കെ.പി. അപ്പനിലൊക്കെ സുലഭമായിരുന്ന 'പാരഡോക്സി'ന്റെ ഭാഷ സംസാരിക്കുകയാണിവിടെ പി.കെ. ബാലകൃഷ്ണന്‍, ദസ്തയേവ്സ്‌കിയന്‍പ്രതിഭയുടെ പ്രഹേളികാസൗന്ദര്യത്തെ വിവരിക്കാന്‍വേണ്ടി. ജി.എന്‍. പണിക്കരും കെ. സുരേന്ദ്രനു('ദസ്തയേവ്‌സ്‌കിയുടെ കഥ')മെല്ലാം ദസ്തയേവ്സ്‌കിയെക്കുറിച്ചെഴുതി. പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ', അതെഴുതപ്പെട്ട തൊണ്ണൂറുകളുടെ പകുതിമുതല്‍ ഇന്നുവരെ ഏറ്റവുമധികം വായിക്കപ്പെട്ട മലയാള നോവലുകളിലൊന്നായിമാറി. 'എന്റെ രണ്ടാമത്തെ അച്ഛന്‍' എന്നാണ് നോവലിസ്റ്റായ സുഭാഷ് ചന്ദ്രന്‍ ആ പര്‍വതസമാനനായ റഷ്യന്‍ പ്രതിഭയെ വിശേഷിപ്പിച്ചത്.

ദസ്തയേവ്‌സ്‌കിയുടെ എഴുത്തുമുറി
ദസ്തയേവ്‌സ്‌കിയുടെ എഴുത്തുമുറി

ദസ്തയേവ്സ്‌കിയുടെ 'വെളുത്ത രാത്രികള്‍'ക്ക് ഒരു ചലച്ചിത്രാവിഷ്‌കാരം കൂടിയുണ്ടായി സമീപകാലത്ത്, നമ്മുടെ ഭാഷയില്‍. ഇതത്രയും മലയാളിയുടെ ദസ്തയേവ്സ്‌കി വായനാചരിത്രത്തിലെ ചില മുന്തിയ മുഹൂര്‍ത്തങ്ങളാണെങ്കില്‍, വെര്‍ജീനിയാ വുള്‍ഫും ബക്തീനും കുന്ദേരയും ഒക്ടോവിയോ പാസും ഓര്‍ഹന്‍ പാമുക്കുമെല്ലാം പത്തൊമ്പതാം നൂറ്റാണ്ടില്‍ നോവലിന്റെ കലയില്‍ ഉത്തുംഗഗോപുരങ്ങള്‍ സൃഷ്ടിച്ച ആ ശ്രേഷ്ഠനായ മുന്‍ഗാമിയെപ്പറ്റി എഴുതിയ ഉജ്ജ്വലമായ വാങ്മയങ്ങളുമുണ്ട് നമ്മുടെമുന്നില്‍. ബോര്‍ഹെസിനെ ഉദ്ധരിച്ചുകൊണ്ടാണ് പാമുക്, 'കാരമസോവ് സഹോദരന്മാ'രെക്കുറിച്ചെഴുതുന്നത്. ആ വാക്യം ഇങ്ങനെയാണ്: 'ആദ്യമായി കടലോ പ്രയണയമോ കണ്ടെത്തുന്നതുപോലെയാണ് ആദ്യമായി ദസ്തയേവ്സ്‌കിയെ കണ്ടെത്തുന്നത് - ജീവിതയാത്രയിലെ ഒരനര്‍ഘനിമിഷം.' ദസ്തയേവ്സ്‌കിയെ ആദ്യമായി വായിച്ച നിമിഷം തന്റെ നിഷ്‌കളങ്കതാനഷ്ടത്തിന്റെ മാത്രകൂടിയായിരുന്നു എന്ന് പാമുക്. അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു അത്, പിതാവിന്റെ വിപുലമായ പുസ്തകശേഖരത്തില്‍നിന്ന്.

ദസ്തയേവ്സ്‌കിയെ ചെറുപ്പത്തില്‍ വായിക്കുക എന്നാല്‍, അടിക്കടി അത്യുഗ്രന്‍ കണ്ടെത്തലുകള്‍ നടത്തുക എന്നാണര്‍ഥം എന്നും പാമുക്. ബി.എ. അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കേ സന്ധ്യമുതല്‍ അര്‍ധരാത്രിവരെ നീണ്ട, അവസാനത്തെ ട്രാം വരുംവരെയും തുടര്‍ന്ന, നിശാനടത്തങ്ങളില്‍ ചങ്ങാതിമാരുമായി ചര്‍ച്ചചെയ്ത ദസ്തയേവ്സ്‌കിയെയാണ് 1981-ല്‍, അദ്ദേഹത്തിന്റെ ചരമശതാബ്ദിദിനത്തില്‍ എഴുതിയ ലേഖനത്തില്‍ ഒക്ടാവിയോ പാസ് ഓര്‍മിക്കുന്നത്. തുടര്‍ന്ന് ഇങ്ങനെയും: 'ദിമിത്രിയും ഐവാനും ഞങ്ങളോരോരുത്തരിലും പോരടിച്ചു'. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രകാരന്‍, മഹാനായ സമകാലികന്‍ എന്നിങ്ങനെ പാസ് ദസ്തയേവ്സ്‌കിയെ വിവരിക്കുന്നു; വിശുദ്ധരുടെയും കുറ്റവാളികളുടെയും വിഡ്ഢികളുടെയും പ്രതിഭകളുടെയും ഒരു ഗ്ലാസ് പച്ചവെള്ളംപോലെ പവിത്രകളായ സ്ത്രീകളുടെയും പിതാക്കന്മാരാല്‍ പീഡിപ്പിക്കപ്പെടുന്ന കുരുന്നുമാലാഖമാരുടെയും ലോകം എന്ന് ആ കഥാപാത്രപ്രപഞ്ചത്തെയും. കുറ്റവാളിയാക്കപ്പെടുന്ന നായകന്‍ എന്ന പ്രമേയം റസ്‌കാള്‍ നിക്കോഫില്‍നിന്ന് ജോസഫ് കെ-യോളം നീളുന്നതായി കുന്ദേര. ആദ്യന്‍ ശിക്ഷയന്വേഷിച്ചു പോകുന്നു, അപരന്‍ കുറ്റവും! 'തിളച്ചുമറിയുന്ന നീര്‍ച്ചുഴികളാണ് ദസ്തയേവ്സ്‌കിയുടെ നോവലുകള്‍, ചുറ്റിയടിക്കുന്ന മണല്‍ക്കാറ്റുകള്‍, തപിക്കുകയും സീല്‍ക്കരിക്കുകയും നമ്മെ ഈമ്പിക്കുടിക്കുകയും ചെയ്യുന്ന ജലസ്തംഭങ്ങള്‍' എന്ന് വെര്‍ജീനിയാ വുള്‍ഫ്. ദസ്തയേവ്‌സ്‌കിയുടെ ആവിഷ്ടതയനുഭവിച്ച കൗമാരവും യൗവനവും അതിന്റെ സൗമ്യമായ സായാഹ്നപ്രഭയില്‍ മുങ്ങിനില്‍ക്കുന്ന മധ്യവയസ്സില്ലാത്ത വായനക്കാരനോ വായനക്കാരിയോ ആയ ഒരു മലയാളിയെ സങ്കല്പിക്കാന്‍ പ്രയാസമാണ്. അവരോടു ചേര്‍ന്നുനിന്നുകൊണ്ടും വേണു വി. ദേശത്തിന്റെ നോവല്‍ശീര്‍ഷകം കടമെടുത്തുകൊണ്ടും ആ റഷ്യന്‍ ക്രിസ്തുവിന് ഇരുനൂറാം പിറന്നാള്‍ വാഴ്ത്തുകള്‍!

Content Highlights: Dostoevsky’s 200th birthday