അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഗീതസംവിധായകന്‍ ബിജിബാല്‍.
'അറബിക്കഥ' എന്ന സിനിമയുടെ ഉദരത്തില്‍ ജനിച്ചുവളര്‍ന്ന ഇരട്ടകളാണ് അനില്‍ പനച്ചൂരാനും ഞാനും. സിനിമയില്‍, പാട്ടില്‍ ഒരേ സമയത്താണ് ഞങ്ങളുടെ ജനനം. കവിയെന്ന നിലയില്‍ അദ്ദേഹം മുമ്പേ പ്രശസ്തനാണ്. സിനിമ എന്ന വലിയ മേഖലയിലേക്ക് സംവിധായകന്‍ ലാല്‍ജോസ് കൈ പിടിച്ചുയര്‍ത്തിയതാണ് ഞങ്ങളെ. പ്രായം കൊണ്ടും ജീവിത പരിചയം കൊണ്ടും അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്. സിനിമയുടെ വളരെ സോഫിസ്റ്റിക്കേഡായിട്ടുള്ള, കൊണ്ടുനടക്കേണ്ടതായിട്ടുള്ള ഊഷ്മളസൗഹൃദങ്ങള്‍,വിനയാന്വിതമായിട്ടു സൂക്ഷിക്കേണ്ട സിനിമാബന്ധങ്ങള്‍... ഇതിനൊന്നും അദ്ദേഹം വിലകല്പിച്ചിരുന്നില്ല, പച്ചയായ മനുഷ്യനായിരുന്നു. എന്റെ സ്‌നേഹത്തിനും സാഹോദര്യത്തിനും വിനീതവിധേയനാവാന്‍ പലപ്പോഴും അദ്ദേഹം മനസ്സുകാണിച്ചിരുന്നു. പലകാര്യങ്ങള്‍ക്കും അദ്ദേഹത്തോട് കലഹിക്കും വഴക്കുകൂടും ഉപദേശിക്കും.അപ്പോഴൊക്കെ 'അതൊക്കെ സെറ്റാക്കാടാ' എന്നു പറഞ്ഞുകൊണ്ട് അനുസരണകാണിക്കും. അതായിരുന്നു അനില്‍ പനച്ചൂരാന്‍ എനിക്ക്.
മലയാളകാല്പനികതയുടെ മറ്റൊരു മുഖമാണ് പനച്ചൂരാന്‍. ഭാഷയ്ക്ക് ആടയാഭരണങ്ങളണിയിക്കാതെ പച്ചമലയാളത്തില്‍ പറയേണ്ടത്; പാടേണ്ടത് കുറിക്കുകൊള്ളിക്കുന്നതുപോലെ വരികളെറിഞ്ഞുതരും. കാവ്യഭാഷയുടെ സംസ്‌കൃതവിധേയത്വം പാടേ എടുത്തെറിഞ്ഞ മനുഷ്യന്‍. കവിതയിലൊരു തട്ടിക്കൂട്ടുമില്ലാതെ, സമയവും കാലവുമെടുത്തുകൊണ്ട് ഹൃദയത്തില്‍ നിന്നും വാക്കുകളെടുത്ത് തരുമ്പോള്‍ സംഗീതസംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആനന്ദിക്കാറുണ്ട്. ആ വരികളുമായി, ഈണവുമായി ദിവസങ്ങളും ആഴ്ചകളുമാണ് പിന്നെ എന്റെ മുമ്പിലൂടെ കടന്നുപോകുന്നത്. ''തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു...''എന്ന് കേരളത്തെക്കുറിച്ചു പാടുമ്പോള്‍ കടന്നുവരുന്ന ഗൃഹാതുരത്വത്തിലാണ് പനച്ചൂരാന്‍ ആനന്ദിച്ചിരുന്നത്. ''ചെറുതിങ്കള്‍ തോണി, നിന്‍ പുഞ്ചിരിപോലൊരു തോണി...'', ''കാട്ടാറിന് തോരാത്തൊരു പാട്ട്...'' അന്തരീക്ഷത്തില്‍ കവിതകളും സംഗീതവും നിറഞ്ഞു നില്‍ക്കുന്നിടത്തോളം കാലം പനച്ചൂരാന്‍ ശക്തമായ ഒരു സാന്നിധ്യം തന്നെയായിരിക്കും.
ശുദ്ധമായ സംഗീതം തന്റെയുള്ളില്‍ സൂക്ഷിച്ചിരുന്നു പനച്ചൂരാന്‍. വരികളെഴുതുമ്പോള്‍ അദ്ദേഹത്തിന്റേതായ ഈണത്തില്‍ പാടിക്കേള്‍പ്പിക്കും. സിനിമാപാട്ട് എന്നതിലുപരി അതൊരു കവിതയാണെങ്കില്‍ നന്നായി ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അത് പൊളിച്ച് മറ്റൊരു ഈണത്തില്‍ സംഗീതം ചെയ്യുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ റിസ്‌ക്. ചില റിസ്‌കുകളില്‍ നമ്മള്‍ ആനന്ദം കണ്ടെത്താറുണ്ടല്ലോ. വെല്ലുവിളി തന്നെയായിരുന്നു പനച്ചൂരാന്റെ ഈണങ്ങളും കവിതകളും. അതിമനോഹരമായ ആ വെല്ലുവിളി ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചാസ്വദിച്ചു പലപ്പോഴും. ഒന്നോരണ്ടോ വരികളുമായി ദിവസങ്ങളും ആഴ്ചകളും കടന്നുപോകുമ്പോള്‍ അദ്ദേഹം പകര്‍ന്നു തന്ന ഊര്‍ജത്തെയാണ് ഈയവസരത്തില്‍ ഓര്‍ക്കുന്നത്.
കഴിഞ്ഞാഴ്ചയാണ് അവസാനമായി കണ്ടത്, വിടപറയാന്‍ വന്നതുപോലെ. വര്‍ഷങ്ങളായി ഒരു സംവിധാനസ്വപ്നം മനസ്സിലേറ്റി നടക്കുന്നുണ്ടായിരുന്നു അദ്ദേഹം. തിരക്കഥ മുഴുവനായും കേള്‍പ്പിച്ച ശേഷം പറഞ്ഞു; 'സംഗീതമായി നീയുണ്ടാവണം കൂടെ.' ഞാന്‍ ഉറപ്പ് കൊടുത്തു. വരികളായി ആ വെല്ലുവിളികള്‍ ഇനിയില്ല. പകര്‍ന്നുതരേണ്ടതായ ഊര്‍ജമെല്ലാം പാതിവഴിയാക്കി, ഭാവുകത്വത്തിന്റെ വലയില്‍ വീണ 'കിളി' സ്വതന്ത്രനായിരിക്കുന്നു.
Content Highlights: Film Music Director BijiBal condolences on the death of poet lyricist Anil Panachooran