നിത്യജീവിതത്തിൽ മാത്രമല്ല, സാഹിത്യത്തിലും സംസ്കാരത്തിലും നിറങ്ങൾ വളരെ സുപ്രധാനമായ ഇടങ്ങൾ തന്നെ നേടിയിട്ടുണ്ട്. നിറം പിടിപ്പിക്കലുകൾ വളരെ സാധാരണയായിരിക്കുന്ന ഒരു ഹോളി ദിനത്തിൽ നിറങ്ങൾ കീഴടക്കിയ ചില തലക്കെട്ടുകൾ പരിചയപ്പെടാം. നിറങ്ങൾ തലക്കെട്ടായി വന്ന പ്രധാന പുസ്തകങ്ങൾ ഇവയൊക്കെയാണ്.

നോറ റോബർട്സിന്റെ 'ബ്ലൂ ഡാലിയ'

ഒരു പൂന്തോട്ടപരിചാരകനുമായി അനുരാഗത്തിലാവുന്ന വിധവയുടെ കഥ പറയുന്ന നോവലാണ് ബ്ലൂ ഡാലിയ. മറ്റുള്ളവർക്ക് വളരെ അസുഖകരമായി തോന്നിയേക്കാവുന്ന തങ്ങളുടെ ബന്ധത്തെ മറ്റാരുടെയും കണ്ണിൽ പെടുത്താതെ കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടുകളും പ്രതികാരവുമാണ് പ്രമേയം.

എൽ.എം മൗണ്ട്ഗോമറിയുടെ 'ആൻ ഓഫ് ഗാബ്ൾസ്'

1908-ലാണ് ആൻ ഓഫ് ഗാബ്ൾസ് പുറത്തിറങ്ങിയത്. ആബാലവൃദ്ധത്തിന് ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതിയാണിത്. ബാലസാഹിത്യത്തിലെ ക്ലാസിക്ക് രചനയായി വാഴ്ത്തപ്പെടുന്ന ഈ കൃതിയെ മാർക് ട്വെയ്ൻ നിർവചിച്ചതിങ്ങനെയാണ്: 'അനശ്വരയായ ആലീസിന് ശേഷം ഏറ്റവും പ്രിയങ്കരിയായ കഥാപാത്രമാണ് അന്ന'.

ഇ.എൽ ജെയിംസ് എഴുതിയ 'ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ'

ഇ.എൽ ജെയിംസിൻെര നോവൽത്രയങ്ങളിലെ പ്രഥമ നോവലാണ് 'ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ'. ലൈംഗികതയെ മുഖ്യപ്രമേയമാക്കി അവതരിപ്പിച്ച കൃതിയാണിത്. ഫിഫ്റ്റി ഷേഡ്സ് ഓഫ് ഡാർക്കർ, ഫിഫ്റ്റി ഷേഡ്സ് ഓഫ് ഫ്രീഡ് എന്നിവയാണ് നോവൽ ത്രയത്തിലെ മറ്റ് രണ്ട് കൃതികൾ. ബിരുദധാരിയായ അനസ്തേഷ്യാ സ്റ്റീൽ എന്ന യുവതിയും ക്രിസ്ത്യൻ ഗ്രേ എന്ന യുവബിസിനസ്സുകാരനുമായി പുലർത്തുന്ന പ്രണയവും തുടർസംഭവങ്ങളുമാണ് പ്രമേയം.

അന്ന സീവെല്ലിന്റെ 'ബ്ലാക് ബ്യൂട്ടി'

1877-ൽ പുറത്തിറങ്ങിയ നോവലാണ് 'ബ്ലാക് ബ്യൂട്ടി'. ഓട്ടോബയോഗ്രഫിക്കൽ നോവൽ വിഭാഗത്തിൽ ഉൾപ്പെട്ട ഈ നോവൽ ബ്ലാക് ബ്യൂട്ടി എന്നു പേരായ ഒരു കുതിരയെക്കുറിച്ചുള്ള വിവരണത്തിലൂടെയാണ് പുരോഗമിക്കുന്നത്. മൃഗങ്ങളോട് നമ്മൾ പുലർത്തേണ്ടിയിരിക്കുന്ന കരുണയും ബഹുമാനവും ഈ കൃതി നമ്മെ പഠിപ്പിക്കുന്നു. വളരെ പെട്ടെന്നു തന്നെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ച കൃതികൂടിയാണ് ബ്ലാക് ബ്യൂട്ടി.

ഐവാൻ ഫ്ലെമിങ്ങിന്റെ 'ഗോൾഡ്ഫിംഗർ'

ജെയിംസ് ബോണ്ട് സീരീസിലെ ഏഴാമത്തെ നോവലാണ് ഗോൾഡ്ഫിംഗർ. 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ പ്രമേയമാക്കിയിരിക്കുന്നത് ഓറിക് ഗോൾഡ്ഫിംഗർ എന്ന സ്വർണകള്ളക്കടത്തുകാരന്റെ നീക്കങ്ങളെക്കുറിച്ച് അന്വേഷിച്ചു കണ്ടുപിടിക്കുന്ന ജെയിംസ് ബോണ്ടിന്റെ വീരേതിഹാസങ്ങളാണ്.

ഷിമാന്റാ ഗോസി അഡീഷിയുടെ 'ഹാഫ് ഓഫ് എ യെലോ സൺ'

2006-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ വളരെ പെട്ടെന്നുതന്നെ വിശ്വസാഹിത്യത്തിൽ ശ്രദ്ധ നേടിയ ഒന്നാണ്. നൈജീരിയൻ എഴുത്തുകാരിയായ ഷിമാന്റ തന്റെ നോവലിന് പശ്ചാത്തലമാക്കിയത് ബിയാഫ്രൻ യുദ്ധമാണ്.

ഓർഹാൻ പാമുക്കിന്റെ 'മൈ നെയിം ഈസ് റെഡ്'

വിശ്വോത്തര എഴുത്തുകാരിൽ ഒരാളായി ഓർഹാൻ പാമുക് വാഴ്ത്തപ്പെട്ടതിന്റെ പരിപൂർണ അവകാശം നേടിയെടുത്ത കൃതിയാണ് മൈ നെയിം ഈസ് റെഡ്. 1591-ലെ ഓട്ടോമൻ തുർക്കിയെ പ്രമേയമാക്കി രചിക്കപ്പെട്ടതാണ് ഈ നോവൽ.

'ദ കളർ പർപ്പിൾ'

ആലീസ് വാക്കർ രചിച്ച ദ കളർ പർപ്പിൾ എപ്പിസ്റ്റലറി നോവൽ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 1883-ലെ പുലിറ്റ്സർ പ്രൈസ് നേടി ഈ കൃതി യു.എസ്സിലെ നാഷണൽ ബുക് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ദൈവത്തിനുള്ള കത്തുകളിലൂടെ ജീവിതം പറഞ്ഞ ദ കളർ പർപ്പിളിന് ഫിലിം അഡാപ്റ്റേഷനും ഉണ്ട്.

ടോണി മോറിസണിന്റെ 'ദ ബ്ലൂവസ്റ്റ് ഐ'

എഴുത്തുകൊണ്ട് തന്റെ ജീവിതത്തിലെ ദുര്യോഗങ്ങളെ അതിജീവിച്ച ടോണി മോറിസണിന്റെ 'ദ ബ്ലൂവസ്റ്റ് ഐ' ലോകക്ലാസിക്കുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു.

അരവിന്ദ് അഡിഗയുടെ 'ദ വൈറ്റ് ടൈഗർ' തുടങ്ങി ധാരാളം ഫിലിപ് പുൾമാന്റെ 'ദ ആംബർ സ്പൈഗ്ളാസ'പൈപർ കേർമാന്റെ 'ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്', റസ്കിൻ ബോണ്ട് എഴുതിയ 'ദ ബ്ലൂ അംബ്രല്ല', സ്റ്റീഫൻ കിംങ് എഴുതിയ 'ദ ഗ്രീൻ മൈൽ', എഡ്ഗർ അലൻ പോയുടെ 'ദ ഗോൾഡ്-ബഗ്',സി.എസ് ലെവിസ് എഴുതിയ 'ദ സിൽവർ ചെയർ',കൃതികൾ തങ്ങളുടെ തലക്കെട്ടുകളായി നിറങ്ങളെ കൂട്ടുപിടിച്ചവയാണ്.

Content Highlights: Famous Books with a colour in the title