ര്‍ഭിണിയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ വിവാഹിതയാവുക, ഒന്നിനു പിറകേ ഒന്നായി രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുക, എട്ടുവര്‍ഷം ദാമ്പത്യം എന്ന മഹാരഥവും വലിച്ചുകൊണ്ടുള്ള യാത്രയിലേര്‍പ്പെടുക, രഥം ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങില്ലെന്ന് പൂര്‍ണബോധ്യമാകുന്നതോടെ രണ്ടു ചിറകുകള്‍ എന്ന മട്ടില്‍ കുഞ്ഞുങ്ങളെയും കൂട്ടി നേരെ കാശ്മീരിലേക്ക് കുടിയേറുക; വെറും കുടിയേറ്റമല്ല, അക്ഷരങ്ങളുടെ മഹാപ്രപഞ്ചത്തിലേക്കുള്ള കുടിയേറ്റം!മാര്‍ഗരറ്റ് റുമര്‍ ഗോഡന്‍ എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ ജീവിതത്തിന്റെ വണ്‍ലൈന്‍ ഇങ്ങനെയാണ്. ഇംഗ്ലണ്ടുകാരിക്ക് കശ്മീരുമായുള്ള പ്രണയം പറയാം. 1907 ഡിസംബര്‍ പത്തിന് അവിഭക്ത ഇന്ത്യയിലെ നരയാംഗജിലാണ് ഗോഡന്‍ ജനിച്ചത്. ഇംഗ്ലീഷ് ഷിപ്പിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു അവരുടെ പിതാവ്. ഗോര്‍ഡന്റെ സഹോദരിമാരോടൊപ്പം നല്ല വിദ്യാഭ്യാസത്തിനായി ഇംഗ്‌ളണ്ടിലേക്ക് പറഞ്ഞയച്ചെങ്കിലും ഗോഡന്‍ പക്ഷേ നൃത്തത്തിലാണ് ശ്രദ്ധിച്ചത്. പാശ്ചാത്യനൃത്താഭ്യാസം സ്വായത്തമായതോടെ ഡാന്‍സ് ടീച്ചറായി മാറി ഗോഡന്‍. 

വേരുകള്‍ ഇംഗ്ലണ്ടിലാണെങ്കിലും ഇഷ്ടങ്ങള്‍ ഇന്ത്യയിലായതിനാല്‍ത്തന്നെ 1925-ല്‍ കൊല്‍ക്കത്തയെ തേടി അവര്‍ വന്നു. അവിടെയുള്ള ഒരു സ്‌കൂളില്‍ പാശ്ചാത്യ നൃത്താധ്യാപികയായി സേവനമനുഷ്ഠിക്കാനായിരുന്നു തീരുമാനം. ഇന്ത്യന്‍ കുട്ടികളെയും ഇംഗ്ലീഷ് കുട്ടികളെയും ഒരുപോലെ അവര്‍ നൃത്തം പഠിപ്പിച്ചു. രണ്ട് ദശാബ്ദക്കാലത്തോളം സഹോദരി നാന്‍സിയോടൊത്ത് അവര്‍ നൃത്താധ്യാപനം മികച്ച രീതിയില്‍ത്തന്നെ കൊണ്ടുപോയി. അക്കാലയളവിലാണ് എഴുത്ത് എന്ന ഒരു ശ്രമം ഗോഡന്‍ നടത്തുന്നത്. ഗോഡന്റെ മാസ്റ്റര്‍പീസായി അറിയപ്പെടുന്ന 'ബ്ലാക് നാര്‍സിസസ്' 1939-ല്‍ പുറത്തിറങ്ങിയപ്പോള്‍ ഇംഗ്ലീഷ് സാഹിത്യലോകം അവരെ കൈയടിച്ചു സ്വീകരിക്കുകയായിരുന്നു. ബ്ലാക് നാര്‍സിസസ് എഴുതുമ്പോള്‍ ഗോഡന്‍ തന്റെ അപ്രിയ ദാമ്പത്യത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരുന്നു. ലോറന്‍സ് സിന്‍ക്ലെയര്‍ ഫോസ്റ്റര്‍ എന്ന ആര്‍മി ഓഫീസറായിരുന്നു പങ്കാളി. ഗോഡന്റെ നൃത്താധ്യാപന കാലത്തെ പ്രണയമാണ്.  ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ലോറന്‍സിനെ വിവാഹം കഴിക്കാതെ തരമില്ലെന്നായി. പക്ഷേ കാമുകനായ ലോറന്‍സ് അല്ലായിരുന്നു ഭര്‍ത്താവായ ലോറന്‍സ്. എട്ടുവര്‍ഷം ഗോഡന്‍ പിടിച്ചുനിന്നു. ലോറന്‍സില്‍ നിന്നും ഓടിയൊളിക്കുക എന്നാല്‍ ഇന്ത്യവിടുകയല്ല, മറിച്ച് നഗരം വിടുക എന്നാണ് ഗോഡന്‍ അര്‍ഥമാക്കിയത്. കൊല്‍ക്കത്ത ഉപേക്ഷിക്കുകയാണെങ്കില്‍ പിന്നെ കശ്മീരല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പ് ഗോഡന്റെ മനസ്സിലില്ലായിരുന്നു. 

കൊല്‍ക്കത്തയില്‍ നിന്നും കാശ്മീരിലെത്തിയ ഗോഡനും പെണ്‍കുഞ്ഞുങ്ങള്‍ക്കും താമസിക്കാന്‍ ഇടം ലഭിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. നീണ്ട അലച്ചിലുകള്‍ക്കൊടുവില്‍ ഒരു ഹൗസിങ് ബോട്ടില്‍ അഭയം ലഭിച്ചു. മാസങ്ങള്‍ കൊണ്ട് വാടകയ്ക്ക് ഒരു വീട് സംഘടിപ്പിച്ച് അവിടെ അല്പം കൃഷിയും വളര്‍ത്തുമൃഗങ്ങളുമായി അമ്മയും മക്കളും കഴിഞ്ഞുകൂടി വന്നു. 'കിങ്ഫിഷേഴ്‌സ് ക്യാച് ഫയര്‍' എന്ന നോവലിന്റെ പശ്ചാത്തലം ഗോഡന്റെ കശ്മീര്‍ ജീവിതാനുഭവങ്ങളാണ്. കശ്മീര്‍ പക്ഷേ ഗോഡനും മക്കള്‍ക്കും ജീവിക്കാന്‍ പറ്റിയ പറുദീസയായിരുന്നില്ല. തികച്ചും അജ്ഞാതമായ ഒരു ഉറവിടത്തില്‍ നിന്നും അവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ലോകത്തിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ് എന്ന് വിളിച്ചുപറഞ്ഞ കശ്മീരില്‍ നിന്നും ജീവനില്‍ ഭീഷണിനേരിട്ടപ്പോള്‍ ഗോഡന്‍ തന്റെ മക്കളെയും കൊണ്ട് വീണ്ടും കൊല്‍ക്കത്തയിലേക്ക് തന്നെ രക്ഷപ്പെട്ടു. ഒരു വര്‍ഷമേ കൊല്‍ക്കത്തയില്‍ കഴിഞ്ഞുള്ളൂ. വിശ്വാസത്തിന് പോറല്‍ പറ്റിയാല്‍ അങ്ങനെയാണ്. ഇന്ത്യ മതിയാക്കി നേരെ ജന്മനാട്ടിലേക്ക് പറന്നു അമ്മയും മക്കളും. തന്റെ ആദ്യകാലങ്ങളിലെല്ലാം ജീവിച്ചിരുന്ന പരിസരത്തുനിന്നും നേരിട്ട അരക്ഷിതാവസ്ഥയില്‍ നിന്നുടലെടുത്ത മനോനില ഗോഡനെ കീഴടക്കിയിരുന്നു. അതുകൊണ്ടുതന്നെ ഒരിടത്തും അവര്‍ അധികകാലം താമസിച്ചില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേത്ത് മക്കളെയും കൊണ്ട് ഗോഡന്‍ നീങ്ങിക്കൊണ്ടേയിരുന്നു. 

ഇംഗ്ലണ്ടിലേക്ക് ഗോഡന്‍ താമസം മാറിയത് എഴുത്തുജീവിതം വിശാലമാക്കാനാണ്. എഴുത്തിലൂടെ വരുമാനമുണ്ടാക്കി ജീവിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു. അതിനു മറുപടിയായി ഗോഡന്‍ സാഹിത്യത്തിന് നല്‍കിയതാവട്ടെ അറുപത് നോവലുകളും അസംഖ്യം ലേഖനങ്ങളും ഓര്‍മക്കുറിപ്പുകളുമായിരുന്നു. അതില്‍ ഒമ്പതെണ്ണത്തിന് സിനിമാഭാഷ്യം കൈവന്നപ്പോള്‍ ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തില്‍ ഗോഡന്‍ അമര്‍ന്നുതന്നെയിരുന്നു; ഞാനത്ര നിസ്സാരക്കാരിയല്ല എന്ന ഭാവത്തില്‍. 

അമ്പതുകളുടെ ആരംഭത്തോടെ ഗോഡന്‍ സാഹിത്യത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തിത്വമായി മാറിക്കഴിഞ്ഞിരുന്നു. ഫൈവ് ഫോര്‍ സോറോ, ടെന്‍ ഫോര്‍ ജോയ്, ഇന്‍ ദ ഹൗസ് ഓഫ് ബ്രഡ്ഡീ തുടങ്ങിയ നോവലുകള്‍ പുറത്തിറങ്ങിയതോടെ ഗോഡന്റെ സ്ത്രീകഥാപാത്രങ്ങള്‍ വായനക്കാരില്‍ സ്വാധീന ചെലുത്തിത്തുടങ്ങി. കത്തോലിക്കാ മതവികാരങ്ങളുടെ അപ്പോസ്തല എന്ന വിമര്‍ശനവും ഇക്കാലയളവില്‍ അവര്‍ നേരിട്ടു. എന്നിരുന്നാലും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന വകകള്‍ ഗോഡന്‍ തന്റെ രചനകളില്‍ ചേര്‍ത്തിരുന്നു. അവരുടെ മിക്ക നോവലുകളുടെയും പശ്ചാത്തലം ഇന്ത്യയായിരുന്നു. ഇന്ത്യന്‍ പൈതൃക നഗരങ്ങളുടെ മണങ്ങളും രുചികളും പൂക്കളും വെളിച്ചവും ശബ്ദങ്ങളുമെല്ലാം ഗോഡന്‍നോവലുകളുടെ സമ്പന്നതയായിരുന്നു. രണ്ടു പെണ്‍കുട്ടികളുടെ അമ്മ എന്ന നിലയില്‍ അരക്ഷിതാവസ്ഥയും ഭീതിയും മറികടക്കാന്‍ തന്റെ കുഞ്ഞുങ്ങളുടെ മനസ്സിനെ കഥകളാല്‍ നിറച്ചിരുന്നു ഗോഡന്‍. ആ കഥകളെയും പുസ്തകമാക്കി മാറ്റി അവര്‍. അനവധി പാവക്കഥകള്‍ മെനഞ്ഞ ഗോഡന്‍ബാലസാഹിത്യം ഏറെ പ്രശസ്തമാണ്. 

സ്ത്രീയോ പുരുഷനോ ഒറ്റയ്ക്ക് നയിക്കുന്നത് ജീവിതമല്ല, ഏകാന്തതയാണ് എന്ന തത്വമായിരുന്നു ഗോഡന്റേത്. അതുകൊണ്ടുതന്നെ സിവില്‍ സര്‍വെന്റായിരുന്ന ജെയിംസ് ഹെയ്ന്‍സ് ഡിക്‌സന്‍ എന്ന പങ്കാളിയെ കൂടെക്കൂട്ടാന്‍ ഗോഡന് അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല. ഡിക്‌സനാവട്ടെ ഗോഡനെ എത്രകണ്ട് സമാധാനപരമായ ജീവിതത്തിലേക്ക് നയിക്കാന്‍ പറ്റുമോ അത്രയും ആത്മാര്‍ഥമായി അതിനുശ്രമിച്ചുകൊണ്ടേയിരുന്നു, മരണം വരെ! 1949-ലാണ് ഡിക്‌സനെ ഗോഡന്‍ വിവാഹം ചെയ്യുന്നത്. 1968-ല്‍ ഡിക്‌സണ്‍ അന്തരിക്കുന്നതുവരെ ആ ദാമ്പത്യം സന്തുഷ്ടമായി തുടര്‍ന്നു. സര്‍ഗാത്മകതയില്‍ ഗോഡന്‍ അനുഭവിച്ച എല്ലാ നരകയാതനയുടെയും നിശബ്ദപങ്കാളിയായിരുന്ന ഡിക്‌സന്റെ മരണം ഗോഡനെ തളര്‍ത്തിയിരുന്നു. മകള്‍ ജെയ്‌നിനൊപ്പം താമസം മാറ്റാന്‍ എഴുത്തുകാരി തീരുമാനിക്കുന്നത് അങ്ങനെയാണ്. 

സിനിമയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ച് ബ്രിട്ടീഷ് ഷെവലിയാര്‍ പട്ടം നല്‍കിയാണ് ഗോഡനെ ആദരിച്ചത്. തന്റെ സാഹിത്യത്തിന്റെയും വ്യക്തിജീവിതത്തിന്റെയും അടിത്തറപാകിയ ഇന്ത്യന്‍ മണ്ണിലൂടെ ഒരു തവണകൂടി നടക്കണം എന്ന ആഗ്രഹമാണ് ഗോഡന്‍ അവസാനനാളുകളില്‍ മക്കളോട് പങ്കുവെച്ചത്. പറക്കമുറ്റാത്ത നാളുകളില്‍ തങ്ങളെയും കൊണ്ട് നെട്ടോട്ടമോടിയ ഇന്ത്യന്‍ നഗരങ്ങളിലൂടെ, കാശ്മീര്‍ താഴവരകളിലൂടെ അമ്മ നടക്കുന്നത് മക്കള്‍ സ്‌ക്രീനില്‍ കണ്ടു; ബി.ബി.സിയുടെ ഡോക്യുമെന്ററിയിലൂടെ. ഗോഡന്റെ അവസാന വിദേശയാത്രയും ഇന്ത്യയിലേക്കായിരുന്നു. 1998- നവംബര്‍ എട്ടിന് തൊണ്ണൂറാം വയസ്സില്‍ ഓര്‍മയാകുമ്പോള്‍ ഗോഡന്‍ ബാക്കിവെച്ചത് ആരോരുമില്ലാത്തവര്‍ ആളിക്കത്തിക്കേണ്ടുന്ന അക്ഷരാഗ്നിയുടെ വെള്ളിവെളിച്ചങ്ങളാണ്.  

Content Highlights : english writer margaret rumer godden death anniversary