വാക്കുകളിലെയും പ്രയോഗങ്ങളിലെയും ലിംഗവിവേചനത്തെ എടുത്തെറിയാന്‍ ആഹ്വാനം ചെയ്യുകയാണ് യൂറോപ്പിലെ ഒരുകൂട്ടം ഭാഷാസ്‌നേഹികള്‍. സമൂഹത്തില്‍ തുല്യഅളവിലും തൂക്കത്തിലും ജോലിചെയ്യുന്ന, സേവനം ചെയ്യുന്ന ആണുംപെണ്ണും വിശേഷണങ്ങള്‍ കൊണ്ട് അഭിനന്ദിക്കപ്പെടുമ്പോള്‍ അവിടെ ഉപയോഗിക്കപ്പെടുന്നത് പുരുഷവിശേഷണങ്ങളാണ് എന്നും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വന്നുചേരാന്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല എന്നുമാണ് ഭാഷാപ്രേമികളുടെ കണ്ടെത്തല്‍. ഭാഷയില്‍ നിന്നും പ്രയോഗങ്ങളില്‍ നിന്നും തുടച്ചുമാറ്റേണ്ടതായിട്ടുള്ള 'പുരുഷപ്രയോഗ'ങ്ങളെയും അവയ്ക്ക് പകരം വെക്കാവുന്ന വാക്കുകളെയുമാണ്‌ വിശദമാക്കുന്നത്. 

മാന്‍ അവേഴ്‌സ്

പുരുഷനും സ്ത്രീയും തുല്യമായി അധ്വാനിക്കുകയും തുല്യഫലം അനുഭവിക്കുകയും ചെയ്യുമ്പോള്‍ അവര്‍ അധ്വാനത്തിനായി ചെലവിടുന്ന സമയത്തെ എന്തിനാണ് മാന്‍ അവേഴ്‌സ് (ManHours) എന്നുവിളിക്കുന്നത്? പകരം പേഴ്‌സണ്‍ അവേഴ്‌സ് എന്നു വിളിച്ചാല്‍ എന്താണ് കുഴപ്പം എന്നാണ് ജെന്‍ഡര്‍ ഈ ക്വാളിറ്റി പ്രവര്‍ത്തകരുടെ ചോദ്യം.

മെയില്‍മാന്‍

പോസ്റ്റ്മാന്‍ എന്ന ഉദ്യോഗപ്പേര് ഏറെക്കുറേ നാടുകളില്‍ മെയില്‍മാന്‍ എന്നും ഉപയോഗിക്കാറുണ്ട്. കൊറിയര്‍ബോയ് എന്ന പേരും ഉപയോഗിച്ചുവരുന്നു. ഈ രണ്ടു ജോലികളും സ്ത്രീകളും ചെയ്യുന്നതിനാല്‍ ഇത്തരം സേവനങ്ങള്‍ ചെയ്യുന്നവരെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പൊതുവായി മെയില്‍കാരിയര്‍ എന്നുവിളിക്കുന്നതാണ് ലിംഗനീതി. കാലം മാറി, ജോലികള്‍ക്ക് ആണ്‍-പെണ്‍ അതിര്‍വരമ്പുകള്‍ ഇല്ലാതായപ്പോള്‍ പോസ്റ്റ് വുമണ്‍, ഡെലിവറി ഗേള്‍ തുടങ്ങിയ പദവികള്‍ ജോലിക്കാരുടെ ജെന്‍ഡര്‍ അനുസരിച്ച് നല്‍കിയിട്ടുണ്ട്. മെയില്‍ കാരിയര്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവിടെ ജെന്‍ഡര്‍ വിശദമാക്കപ്പെടുന്നില്ല എന്ന ഗുണമാണ് ഈ പദത്തിലൂടെ ലിംഗസമത്വവാദികള്‍ അര്‍ഥമാക്കുന്നത്. 

ചെയര്‍മാന്‍

ഒരു പ്രസ്ഥാനത്തിന്റെ, കമ്മറ്റിയുടെ, സംഘടനയുടെ അധ്യക്ഷപദവിയെയാണ് ചെയര്‍മാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അധ്യക്ഷസ്ഥാനത്ത് സ്ത്രീയാണെങ്കില്‍ 'ചെയര്‍പേഴ്‌സണ്‍' എന്നു നമ്മള്‍ വിളിക്കുന്നു. ഇങ്ങനെ ലിംഗം നോക്കി വിളിക്കുന്നതിലും 'ചെയര്‍' എന്ന ഒറ്റവാക്കില്‍ ആ പ്രശ്‌നം ഒതുക്കിയാല്‍ പോരേ എന്നാണ് ചോദ്യം. ശരിയാണ് ചെയര്‍ എന്നുവിളിക്കുമ്പോള്‍ അല്പം കൂടി പ്രൊഫഷണല്‍ ആയിട്ടു തോന്നുകയും ചെയ്യും. 

ബിസിനസ്മാന്‍

ബിസിനസ്മാന്‍, ബിസിനസ് വുമണ്‍ എന്നീ പേരുകളില്‍ ബിസിനസ് ചെയ്യുന്നവരെ നമ്മള്‍ വിളിക്കാറുണ്ടെങ്കിലും ബിസിനസ് ചെയ്യുന്ന ആണിനെയും പെണ്ണിനെയും എന്തിന് വേര്‍തിരിച്ച് എടുത്തുപറയണം? ബിസിനസ് പേഴ്സൺ എന്ന പേരാണ് ഉചിതം എന്ന് ലിംഗസമത്വവാദികള്‍ പറയുന്നു. ബിസിനസ്സില്‍ ജെന്‍ഡര്‍ ഒരു ഘടകമേയല്ല. അതിനാല്‍ തന്നെ ബിസിനസ് ചെയ്യുന്നവരുടെ ജെന്‍ഡറും ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നില്ല. 

മാന്‍കൈന്‍ഡ്

മനുഷ്യത്വത്തെയാണല്ലോ മാന്‍കൈന്‍ഡ് എന്നുവിളിക്കുന്നത്. മനുഷ്യരില്‍ ആണും പെണ്ണും ഉള്‍പ്പെടുന്നു. അപ്പോള്‍ പിന്നെ പുരുഷവചനത്തില്‍ മാത്രം മനുഷ്യത്വത്തെ നിര്‍വചിക്കുന്നതെന്തിനാണ്. ഏറ്റവും നല്ല വാക്ക് ഹ്യൂമന്‍കൈന്‍ഡ് ആണെന്ന് ഭാഷയിലെ ലിംഗസമത്വവാദികള്‍ നിര്‍ദ്ദേശിക്കുന്നു. 

മാന്‍മെയ്ഡ്

മനുഷ്യനിര്‍മിതമായ എന്ന അര്‍ഥത്തിലാണ് മാന്‍മെയ്ഡ് എന്ന് പറയുന്നത്. കണ്ടെത്തലുകള്‍ നടത്തുന്നത് പുരുഷനാവട്ടെ, സ്ത്രീയാവട്ടെ മാന്‍മെയ്ഡ് എന്ന പദം കൊണ്ടാണ് അത് വിശേഷിപ്പിക്കപ്പെടുന്നത്. ഹ്യൂമന്‍-മെയ്ഡ് അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ എന്ന പദം ഉപയോഗിക്കുന്നതാണ് ഉചിതം.

പോലീസ്മാന്‍

ക്രമസമാധാനം നിലനിര്‍ത്തുന്നത് പോലീസ് സേനയിലെ പുരുഷപോലീസുകാര്‍ മാത്രമല്ല എന്നതിനാലും വനിതാപോലീസുകാര്‍ കര്‍മനിരതരായതിനാലും പോലീസ്‌മെന്‍ എന്ന വാക്കിന് പ്രസക്തിയില്ല എന്നാണ് വാദം. പകരം പോലീസ് ഓഫീസര്‍ എന്നാണ് പറയേണ്ടത്. പോലീസ് ഓഫീസറാവുമ്പോള്‍ ആണാണോ പെണ്ണാണോ എന്ന തര്‍ക്കമില്ല. 

മെയ്ഡന്‍ നെയിം

വിവാഹശേഷം സ്ത്രീ തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേരുകൂടി ചേര്‍ത്തുപറയുന്നതിനെയാണ് മെയ്ഡന്‍ നെയിം എന്നു പറയുന്നത്. വര്‍ത്തമാനകാലത്തെ പ്രവണതയനുസരിച്ച് സ്ത്രീകള്‍ സ്വന്തം പേര് നിലനിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. മെയ്ഡന്‍ നെയ്മിനു പകരം കുടുംബപേരാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ആശാവഹമായ ഒരു മുന്നേറ്റമായിട്ടാണ് പുരോഗമനവാദികള്‍ ഈ പ്രവണതയെ കാണുന്നത്. 

ഫയര്‍മാന്‍

 കായികക്ഷമതയും അസമാന്യമായ മനസ്സാന്നിധ്യവും ധൈര്യവും വേണ്ട ജോലിയാണ് ഫയര്‍സര്‍വീസുകാരുടേത്. പുരുഷന്മാരാണ് ഈ മേഖലയില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഫയര്‍ സര്‍വീസുകള്‍ പുരുഷന്മാരുടെ കുത്തകമേഖലകളായി കണക്കാക്കപ്പെടുന്നു. ഫയര്‍മാന്‍ എന്നതിനുപകരം ഫയര്‍ഫൈറ്റേഴ്‌സ് എന്നാക്കി മാറ്റി ഈ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് ലിംഗസമത്വവാദികളുടെ ആവശ്യം.

മാന്‍പവര്‍

അധ്വാനത്തിന്റെ കാര്യത്തിലും സ്ത്രീയും പുരുഷനും അവരുടേതായ സംഭാവനകള്‍ നല്‍കുന്നതിനാല്‍ മാന്‍പവര്‍ എന്ന വാക്കിന് പ്രസക്തിയില്ല. പകരം വെക്കാനുള്ള വാക്ക് വര്‍ക്‌ഫോഴ്‌സ് എന്നതാണ്. വര്‍ക്‌ഫോഴ്‌സ് എന്ന വാക്കിനൊപ്പം തന്നെ സ്റ്റാഫ്, കമ്പനി, പേഴ്‌സനല്‍ എന്നീ വാക്കുകളും ഉപയോഗിക്കാവുന്നതാണ്. 

Content Highlights : English Words and Gender Equality