കാസർകോട്‌ എൻഡോസൾഫാൻ ദുരന്തം അന്തമില്ലാത്ത പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ്. തലവലുതും ഉടൽ ചെറുതുമായ സൈബനയും നവജിത്തും നമ്മുടെ കൺമുന്നിൽ നിന്നാണ് നരകിച്ച് മരിച്ചത്. മതിയായ ചികിത്സയോ പുരധിവാസമോ ഇവിടെ നടക്കുന്നില്ല. കാസർകോടിനു നേരെ ഇനിയെങ്കിലും അധികാരികളുടെ കണ്ണുകൾ തുറക്കുമോ? അംബികാസുതൻ മാങ്ങാട് എഴുതുന്നു.

ന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത ദേശത്തില്‍നിന്നു മറ്റൊരു മഹാസങ്കടത്തിന്റെ കഥ കൂടി വായനക്കാരെ അറിയിക്കട്ടെ. ഹര്‍ഷിത് എന്ന കുഞ്ഞിന്റെ വേദനാജനകമായ ജീവിതത്തെക്കുറിച്ചാണ് എഴുതുന്നത്. തല വലുതായ, കൈകള്‍ക്ക് ചലനശേഷിയില്ലാതായ ഈ കുഞ്ഞ് ഒരേ സമയം ജീവിതത്തോടും മരണത്തോടും പോരടിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ വിദഗ്ദ്ധ ചികിത്സ ഭരണകൂടം ലഭ്യമാക്കാത്തതിനാല്‍ നരകയാതന അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ അനേകം കുഞ്ഞുങ്ങളുടെ നിരയില്‍ ഏറ്റവും പുതിയ പേരാണ് ഹര്‍ഷിത്.

കുംബടാജെ പഞ്ചായത്തിലെ പെരിഞ്ചയിലുള്ള മോഗേര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ കോളനിയില്‍ താമസിക്കുന്ന മോഹനന്റെയും ഉഷയുടെയും ഇളയകുട്ടിയാണ് ഹര്‍ഷിത്. ഉഷയുടെ അഞ്ചും ഏഴും വയസ്സുള്ള മൂത്ത കുട്ടികള്‍ക്ക് സംസാര വൈകല്യമുണ്ട്. എന്‍മകജെ പഞ്ചായത്തിലെ പെര്‍ലയില്‍ 'നവജീവന' എന്ന പേരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എഴുപതോളം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി റീഹാബിലിറ്റേഷന്‍ സെന്റര്‍ നടത്തുന്ന ഫാദര്‍ ജോസ് ചെമ്പോട്ടിക്കലാണ് ആദ്യം ഈ കുഞ്ഞിന്റെ വിവരം എന്നെ അറിയിക്കുന്നത്. വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് പഠനവും വിവിധ തെറാപ്പികളും മരുന്നും ഭക്ഷണവും വസ്ത്രങ്ങളും സൗജന്യമായി നല്‍കി അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള കാരുണ്യപ്രവര്‍ത്തനമാണ് 'നവജീവന'യില്‍ നടക്കുന്നത്.

ഹര്‍ഷിത് പിറന്നു വീണപ്പഴേ ചെറിയ ഉടലും വലിയ തലയുമായിരുന്നു. ഉടലിന്റെ പിന്‍ഭാഗത്തായി ഒരു മുഴയും ഉണ്ടായിരുന്നു. കാസര്‍കോട് ജനറലാശുപത്രിയില്‍ രണ്ടാഴ്ചക്കാലം അഡ്മിറ്റ് ചെയ്തു. മുഴ വലുതായി പൊട്ടിയൊലിച്ചു. പിന്നെ കുറച്ചുകാലം ബദിയടുക്കയിലുള്ള ആയുര്‍വേദ ചികിത്സാലയത്തില്‍. തീരെ വയ്യാതായപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പതിനാറ് ദിവസം പ്രവേശിപ്പിച്ചു. മടക്കിക്കൊണ്ട് വന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാണിച്ചു. വീണ്ടും ഇപ്പോള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് വീട്ടുകാര്‍. 

ഒന്നരവയസ്സ് ആവാറായിട്ടും കുഞ്ഞിന് ചലനശേഷി ഇല്ല. ആദ്യം കൈകള്‍ ചലിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കൈകളും അനക്കമറ്റിരിക്കുന്നു.

തല വലുതായ കുഞ്ഞുങ്ങളും മറ്റ് വൈകല്യമുള്ള കുഞ്ഞുങ്ങളും മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുന്ന സംഭവങ്ങള്‍ കാസര്‍കോട്ടെ ദുരിതഗ്രാമങ്ങളില്‍ എത്രയോ കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും ആയതിന് മാറ്റം ഉണ്ടായിട്ടില്ല. ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്ത വ്യോമാക്രമണവും കൂട്ടക്കൊലയുമാണ് കാസര്‍കോട്ട് അരങ്ങേറിയത് എന്നതിനാല്‍ സര്‍ക്കാരിന് കൈകഴുകി മാറി നില്‍ക്കാനാവില്ല. ദുരിതബാധിതര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്.

ചികിത്സാരംഗത്ത് ഈ ഒരു ജില്ലയോട് മാറിമാറി വന്ന ഭരണകൂടങ്ങള്‍ അക്ഷന്തവ്യമായ അവഗണനയാണ് കാണിച്ചിട്ടുള്ളത്. കാസര്‍കോട്ടെ ഉക്കിനടുക്കയില്‍ 2013- ല്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിടുമ്പോള്‍ 2015-ല്‍ പ്രവര്‍ത്തനം തുടങ്ങും എന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതാണ്. എട്ടു വര്‍ഷം കഴിഞ്ഞിട്ടും അത് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. അതിനൊപ്പം തറക്കല്ലിട്ട മൂന്ന് മെഡിക്കല്‍ കോളേജുകള്‍ കൊല്ലങ്ങള്‍ക്ക് മുമ്പേ പ്രവര്‍ത്തിച്ചു തുടങ്ങി. എന്തായിരുന്നു തടസ്സം കാസര്‍കോടിന് മാത്രം എന്നത് സമൂഹത്തിന് മുമ്പാകെ തുറന്നുപറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം, ഇനിയെങ്കിലും. കഴിഞ്ഞ ആറു കൊല്ലക്കാലത്ത് പണിപൂര്‍ത്തീകരിച്ച് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വിലങ്ങുതടിയായ ആ വലിയ ശക്തി എന്താണെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും തുറന്നുപറയേണ്ടതാണ്.

2010- ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പതിനൊന്ന് ദുരിത ഗ്രാമങ്ങളിലേയും പി.എച്ച്.സി.കള്‍ സി.എച്ച്.സി.കളാക്കണമെന്ന്  പറഞ്ഞു. അതനുസരിച്ച് 170-ഓളം ഡോക്ടര്‍മാര്‍ (90 വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ) ഉണ്ടാവേണ്ടതാണ്. കൊല്ലം പത്ത് കഴിഞ്ഞിട്ടും ഇതൊന്നും സംഭവിച്ചിട്ടില്ല. (കമ്മീഷന്‍ എട്ടാഴ്ചക്കുള്ളില്‍ കൊടുക്കണം എന്നു പറഞ്ഞ നഷ്ടപരിഹാരം പോലും കുറച്ചു പേര്‍ക്കേ കൊടുത്തിട്ടുള്ളൂ!) നാഡീവ്യവസ്ഥയെ ആണല്ലോ ഈ വിഷം ഏറ്റവും ബാധിക്കുന്നത്. അതിനാല്‍ ഒരു ന്യൂറോളജിസ്റ്റിനെയെങ്കിലും അനുവദിക്കണേ എന്ന് കാസര്‍കോട്ടെ ജനത നിലിവിളിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഇന്നുവരെ ഒരു ന്യൂറോളജിസ്റ്റിനെ പോലും ഇവിടെ നിയോഗിച്ചിട്ടില്ല! ഇതിന് വേണ്ടി മാത്രം കുറെ സമരങ്ങള്‍ നടന്നു. ആര് കേള്‍ക്കാന്‍!

കേന്ദ്രം കേരളത്തിനനുവദിച്ച എയിംസ് കാസര്‍കോടിനാണ് ഉറപ്പായും ലഭിക്കേണ്ടത്. ഏറ്റവും സങ്കീര്‍ണമായ, ഗുരുതരമായ, തലമുറകളിലേക്ക് ജനിതകമായി പകരുകയും ചെയ്യാനിടയുള്ള രോഗാവസ്ഥ നിലനില്‍ക്കുന്ന ഒരു സ്ഥലത്തല്ലേ എയിംസ് അനുവദിക്കേണ്ടത്? എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ തന്നെ ഏഴായിരത്തോളം രോഗികളുണ്ട്. ഹര്‍ഷിതിനെപ്പോലെ ലിസ്റ്റില്‍ വരാത്തവരും കുറെയുണ്ട്. കോഴിക്കോട്ടാണെങ്കില്‍ നിരവധി മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും മെഡിക്കല്‍ കോളേജുമൊക്കെയുള്ള സ്ഥലമാണ്. പിന്നെ എന്തിനാണ് എയിംസ് അവിടെ അനുവദിക്കുന്നത്? അതിന്റെ രഹസ്യമെന്താണ്?

കാസര്‍കോടിന് എയിംസ് നിഷേധിക്കുന്നതിന്റെ യുക്തി എന്താണ്? കുറ്റവാളികളും അഴിമതിപ്പണ്ടാരങ്ങളുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇടക്കിടെ സ്ഥലം മാറ്റുന്നത് കാസര്‍ക്കോട്ടേക്കാണ്. എന്താ തമ്പുരാക്കന്മാരേ, കാസര്‍കോട്ടുള്ളത് മനുഷ്യര്‍ തന്നെയല്ലേ? കാസര്‍കോട് കേരളത്തിലല്ലേ? സൈബീരിയ ഒന്നുമല്ലല്ലോ? കാസര്‍കോട് എന്താ നിങ്ങളുടെ കുപ്പത്തൊട്ടിയാണോ? നിങ്ങളുടെ ചവറുകള്‍ വാരിയിടാനുള്ള സ്ഥലമാണോ? രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജാഥ തുടങ്ങാനുള്ള സ്ഥലം മാത്രമാണോ? എന്‍ഡോസള്‍ഫാന്‍ പോലുള്ള വിഷം കോരിയൊഴിക്കാനുള്ള ജില്ലയാണോ കാസര്‍കോട്?

ചികിത്സയ്‌ക്കൊപ്പം പഠനവും ഗവേഷണവും പുലരുന്ന എയിംസ് കാസര്‍കോട് വന്നാല്‍ ഹര്‍ഷിതിനെപ്പോലുള്ള എത്രയോ കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹമായിരിക്കും. ആദ്യം മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് കാസര്‍കോട്ട് പിണറായി വിജയന്‍ നവകേരള യാത്ര തുടങ്ങിയത് ദുരിതബാധിതരായ കുഞ്ഞുങ്ങള്‍ക്ക് മധുരനാരങ്ങകള്‍ വിതരണം ചെയ്തിട്ടായിരുന്നു. അത് കാസര്‍കോട്ടെ അമ്മമാര്‍ക്ക് നല്‍കിയ പ്രതീക്ഷ ചെറുതായിരുന്നില്ല. പക്ഷേ അഞ്ചു വര്‍ഷം കഴിഞ്ഞ് വീണ്ടും മുഖ്യമന്ത്രിയായിട്ടും മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചു തുടങ്ങിയില്ല. എയിംസ് കാസര്‍കോടിന് ലഭിക്കുന്നുമില്ല.

നവജിത്തിനെ വായനക്കാര്‍ക്ക് ഓര്‍മ്മയുണ്ടോ?

ഒരു കൊല്ലം മുമ്പ് മാതൃഭൂമി ഡോട്ട് കോമിൽ (ഒക്ടോബര്‍ 3, 2020) ഞാന്‍ നവജിത്തിന്റെ ദുരന്തകഥ എഴുതിയിരുന്നു. ബദിയടുക്ക പഞ്ചായത്തിലെ പിലിത്തടുക്കയിലുള്ള പട്ടികജാതി കോളനിയിലെ സുന്ദര-പാര്‍വ്വതി ദമ്പതികളുടെ മകനായിരുന്നു. തല വല്ലാതെ വലുതായി പൊട്ടിയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ പല തവണ മംഗലാപുരത്തും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും കൊണ്ടുപോയി ഈ നിര്‍ധന കുടുംബം സര്‍ജറി ചെയ്യിപ്പിച്ചു. ഒടുവില്‍ വായില്‍ ഒഴിച്ചുകൊടുക്കുന്ന വെള്ളം പൊക്കിള്‍ച്ചുഴിയിലൂടെ പുറത്ത് വരുന്ന ഘട്ടത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും തലച്ചോറില്‍ പഴുപ്പ് വ്യാപിച്ചിരുന്നു. അവിടെ ഒരു മാസം ഐ.സി.യുവിലും വെന്റിലേറ്ററിലും കിടന്നു. ഒരു വയസ്സ് തികയുന്ന ദിവസം അവന്‍ ഐ.സി.യുവിലായിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മരണപ്പെട്ടു. അവനുവേണ്ടി നിര്‍മ്മിച്ച രണ്ടടി നീളവും ഒന്നരയടി താഴ്ചയുമുള്ള ശവക്കുഴിയെക്കുറിച്ച് ആ ഓര്‍മ്മക്കുറിപ്പില്‍ വേദനയോടെ കുറിച്ചത് ഓര്‍ക്കുകയാണ്.

Navajith
നവജിത്തിൻെറ സംസ്കാരച്ചടങ്ങ്


 പ്രജിത മുതല്‍ സമീപകാലത്ത് മരണപ്പെട്ട ശ്രീധര വരെ എത്രയോ കുഞ്ഞുങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ മരണപ്പെട്ടിട്ടുണ്ട്. എന്നിട്ടുമെന്തേ ഭരണകൂടത്തിന്റെ കണ്ണ് തുറക്കാത്തത്? പാവങ്ങളുടെ കുഞ്ഞുങ്ങള്‍ എല്ലാം വേഗം വേഗം ചത്ത് തീരട്ടെ എന്നാണോ?

കാസര്‍കോട് ജില്ലയിലെ അശരണരും കീഴാളരുമായ മനുഷ്യര്‍ താമസിക്കുന്ന കോളനികളെല്ലാം ഭൗതിക സൗകര്യത്താല്‍ നൂറ് കൊല്ലം പിറകിലാണെന്ന് തോന്നിയിട്ടുണ്ട്. രണ്ട് കൊല്ലം മുമ്പ് എന്‍മകജെ ഗ്രാമത്തിലെ കചംപാടിയിലുള്ള മൊഗയരുടെ കോളനി സന്ദര്‍ശിക്കാനിടയായി. രണ്ട് വയസ്സുള്ള ഒരു കുഞ്ഞ് പാമ്പുകടിയേറ്റ് മരിച്ചതറിഞ്ഞ് ചെന്നതാണ്. മുട്ടിമുട്ടിക്കിടക്കുന്ന 57-ഓളം കൊച്ചുവീടുകള്‍. ഈ വീടുള്‍പ്പെടെ പലതിനും ചുമരുകള്‍ ഇല്ല. വൈദ്യുതിയില്ല പലവീട്ടിലും. വലിയ സങ്കടക്കാഴ്ചയായിരുന്നു ചുറ്റിലും. തൊട്ടടുത്ത് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഒരു ഹൈമാസ് വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. രണ്ട് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്തതായിരുന്നുവത്രെ. ഉദ്ഘാടന ദിവസമോ പിന്നീട് ഒരു ദിവസം പോലുമോ അത് കോളനിക്ക് വെളിച്ചം നല്‍കിയിട്ടില്ല!

ഒരു കിലോമീറ്റര്‍ അപ്പുറത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഹെല്‍ത്ത് സെന്ററിന്റെ കെട്ടിടം കാട് മൂടിക്കിടക്കുന്നുണ്ട്. പ്രവര്‍ത്തനമേ തുടങ്ങിയിട്ടില്ലത്രേ. ആ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പാമ്പുകടിയേറ്റ കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുമായിരുന്നു. ഇലക്ഷന്‍ കാലത്ത് മാത്രം ഓര്‍മ്മിക്കപ്പെടുന്ന ഒരു ജനതയായി കോളനി നിവാസികള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ജാതിവിവേചനത്തിന്റെ ഇപ്പോഴും തുടരുന്ന ഇരകളാണ് ഇല്ലായ്മകളും വല്ലായ്മകളും അനുഭവിക്കുന്ന കോളനി നിവാസികള്‍.

മാതൃഭൂമി പത്രത്തില്‍ വേദനാജനകമായ ഒരു വാര്‍ത്തയുണ്ട്. കല്ലക്കട്ടയില്‍ താമസിക്കുന്ന രാജേശ്വരിയുടെ വീട്ടില്‍ ഒരു ഇരുമ്പിന്റെ കൂട് ഉണ്ട്. നായയെ വളര്‍ത്താനല്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റിലുള്ള, ചെറുപ്പക്കാരിയായ മകള്‍ അഞ്ജലിയെ ഈ കൂട്ടിലാണ് താമസിപ്പിക്കുന്നത്,  ആക്രമാസക്തയാവുന്നതിനാല്‍. കാറഡുക്കയിലെ വിഷമഴ പെയ്ത കാലത്തിലും സ്ഥലത്തിലുമാണ് അവള്‍ ജനിച്ചത്. ഇതുപോലുള്ള, സ്വപ്‌നങ്ങളെല്ലാം കുഴിച്ചുമൂടി ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് എന്ത് ചികിത്സയാണ് ഭരണകൂടം ഒരുക്കിക്കൊടുക്കുന്നത് എന്നറിയാന്‍ ആഗ്രഹമുണ്ട്.

ഇതുപോലുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം കാണാനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷം രണ്ടാവുകയാണ്. അത് തുടരാന്‍ വേണ്ടിയും കുറെ സമരങ്ങള്‍ നടന്നു. പക്ഷേ സര്‍ക്കാര്‍ അനങ്ങുന്നില്ല. 

എയിംസ് കാസര്‍കോടിന് അനുവദിക്കാന്‍ വേണ്ടി നൂറ് കണക്കിന് യോഗങ്ങളും പ്രകടനങ്ങളും ജാഥകളും നേരിട്ടും സമൂഹമാധ്യമങ്ങളിലും നടന്നു. നവംബര്‍ 17-ന് കാല്‍ലക്ഷം പേര്‍ അണിനിരക്കുന്ന വമ്പിച്ച ബഹുജന റാലി കറന്തക്കാട് നിന്നും ബസ്സ്റ്റാന്റിലേക്ക് നടക്കാന്‍ പോകുകയാണ്.

2014-ല്‍ ജില്ലയിലെ അഞ്ച് എം.എല്‍.എമാരും ചേര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയതാണ്. 2017-ല്‍ മുന്‍ എം.പി. പി. കരുണാകരന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രി പിണറായിക്ക് നിവേദനം നല്‍കിയതാണ്. 2018-ല്‍ എയിംസ് ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ്. എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുണയ്ക്കുകയും മീറ്റിംഗുകളില്‍ എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.പക്ഷേ, കാസര്‍കോട് എന്നിട്ടും ചിത്രത്തിലേ വരുന്നില്ല.

ഒരു വഴിയേ മുന്നില്‍ കാണുന്നുള്ളൂ. ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കാസര്‍കോട്ടെ അഞ്ച് എം.എല്‍.എമാരും വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കളും നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാരം ഇരിക്കട്ടെ. സ്വന്തം ദേശത്തോടുള്ള നിസ്തുലമായ സ്‌നേഹം പ്രദര്‍ശിപ്പിക്കാന്‍ ഇതേ വഴിയുള്ളൂ. 

ഇതിന് പ്രമുഖരായ നേതാക്കള്‍ തയ്യാറാകുമോ? സര്‍ക്കാരിന്റെ കണ്ണ് തുറക്കുമോ?

Content Highlights :Endosulfan Kasarkode victims ambikasuthan mangad writes