കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 13. മലയാളിക്ക് രാഷ്ട്രീയത്തിന്റെയും ധൈഷണികതയുടെയും മൂന്നുവാക്കായിരുന്നു ഇ.എം.എസ്. ജീവിതത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ദാര്‍ശനികനായിരുന്നു ഇ.എം.എസ്.

1909 ല്‍ മലപ്പുറം ജില്ലയിലെ ഏലംകുളം മനയില്‍ ജനിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് ജന്മിത്വത്തിന്റെയും സമ്പത്തിന്റെയും അധികാരവും സൗകര്യങ്ങളും വിട്ടെറിഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തിന്റെ പൂണൂലറുത്തുമാറ്റി  ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചപ്പോഴും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോഴും മുഖ്യമന്ത്രിയും പാര്‍ട്ടി ഭാരവാഹിയും ഒക്കെ ആയപ്പോഴും കേരളത്തിന്റെ സാമൂഹിക രഷ്ട്രീയ പരിഷ്‌ക്കരണങ്ങള്‍ക്ക് അദ്ദേഹം നായകത്വം വഹിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പിന്നീട് സി.പി.എമ്മിനും രാഷ്ട്രീയമായും ദാര്‍ശനികമായും കരുത്ത് പകര്‍ന്ന ഇ.എം.എസ് ലോകത്തില്‍ ആദ്യമായി ജനാധിപത്യ വ്യവസ്ഥയിലൂടെ ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായും മാറി. മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാഖ്യാനിക്കാന്‍ ഇ.എം.എസിനോളം സംഭാവന നല്‍കിയ മറ്റൊരു ദാര്‍ശനികനും ഉണ്ടായിരുന്നില്ല. ഇ.എം.എസിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. സാര്‍വദേശീയ തലത്തിലെ ഇടത് മുന്നേറ്റങ്ങളെയും മറ്റ് രാഷ്ട്രീയ മുന്നേറ്റങ്ങളും സസൂക്ഷ്മം വിലയിരുത്തി അവ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കാന്‍ ഇ.എം.എസ്സിന് സാധിച്ചു. സാര്‍വദേശീയ പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും അവയോട് ഐക്യപ്പെടുകയോ പ്രതികരിക്കുകയോ ചെയ്യുന്ന പ്രവണതയ്ക്ക് മലയാളി കടപ്പെട്ടിരിക്കുന്നത് ഇ.എം.എസ്സിനോടാണ്.

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും കൃത്യമായി വിലയിരുത്തി വിശദീകരിക്കാന്‍ ഇ.എം.എസ് കാണിച്ച പാടവം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വലിയ സംഭാവനകള്‍ നല്‍കി. ഇ.എംഎസ്സിന്റെ സംഭാവനകളില്ലാത്ത ഒരു മേഖലയും ഇല്ലായിരുന്നു. അത് തെളിയിക്കുന്നതാണ് അദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങള്‍. വായനയും എഴുത്തും ഇ.എം.എസിന് ജീവിതത്തിന്റെ ഭാഗമായിരുന്നു. അധികാരങ്ങളുടെ ഭാഗമായിരിക്കുമ്പോഴും അതിന്റെ ഭാഗമായ എല്ലാ ആഡംബരത്തില്‍ നിന്നും അദ്ദേഹം മാറി നടന്നു. 

EMS

1957 ല്‍ ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ ഇ.എം.എസ് ആദ്യം ചെയ്തത് മണ്ണില്‍ പണിയെടുക്കുന്നവരെ കുടിയൊഴിപ്പിക്കുന്നത് തടയാനുള്ള ബില്ലില്‍ ഒപ്പുവെക്കലായിരുന്നു. ആ മന്ത്രിസഭയിലും തുടര്‍ മന്ത്രിസഭകളിലും ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ ബില്ല്, ജനകീയാസൂത്രണം തുടങ്ങി കേരളത്തിന്റെ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായ നടപടികള്‍ക്ക് ഇം.എം.എസ് നേതൃത്വം നല്‍കി. സാഹിത്യത്തിലും ചിന്തയിലും ചരിത്ര രചനയിലും ഇടതുപക്ഷ ആശയങ്ങള്‍ അവതരിപ്പിക്കാനും ആ ധാരയിലേക്ക് നിരവധിപ്പേരെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. സാഹിത്യം സമൂഹ നന്മയ്ക്ക് എന്നതായിരുന്നു എല്ലാ കാലത്തും ഇ.എം.എസിന്റെ വാദം. 

1998 മാര്‍ച്ച് 19-ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ വച്ചാണ് ഇ.എം.എസ്. അന്തരിച്ചത്. 89 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് വൈദ്യുതിശ്മശാനത്തില്‍ സംസ്‌കരിച്ചു. ആയിരങ്ങള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. ഇ.എം.എസ് വിടവാങ്ങി രണ്ട് പതിറ്റാണ്ട് കഴിയുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയ ധൈഷണിക ധാരയില്‍ അതുണ്ടാക്കിയ ശൂന്യത ഇപ്പോഴും തുടരുകയാണ്. 

എഴുത്ത്, പുസ്തകങ്ങള്‍

1926ല്‍ പാശുപതം മാസികയിലാണ് ഇ.എം.എസ്സിന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത് . 'ഫ്രഞ്ചു വിപ്ലവവും നമ്പൂതിരി സമുദായവും' എന്ന ലേഖനം 1927ല്‍ യോഗക്ഷേമം മാസികയിലും പ്രത്യക്ഷപ്പെട്ടു . തുടര്‍ന്ന് രാഷ്ട്രീയവും സാമുദായികവും ദാര്‍ശനികവും ആയ വിഷയങ്ങള്‍ സംബന്ധിച്ച് നിരവധി ആനുകാലികങ്ങളില്‍ ജീവിതാവസാനം വരെ ഇ.എം.എസ്സിന്റെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. നൂറിലധികം പുസ്തകങ്ങള്‍ മലയാളത്തിലുണ്ട്. നിരവധി പുസ്തകങ്ങള്‍ ഇംഗ്ലീഷിലും രചിച്ചു. ലഘുലേഖകള്‍ അതിലേറെയുണ്ട്. ജവഹര്‍ലാൽ നെഹ്രുവിന്റെ ജീവചരിത്രം മലയാളത്തില്‍ ആദ്യം എഴുതിയത് ഇ.എം.എസ്സാണ്. 1970ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇ.എം.എസിന്റെ ആത്മകഥയ്ക്കായിരുന്നു ലഭിച്ചത്. ഇ.എം.എസ്സിന്റെ സമ്പൂര്‍ണ കൃതികള്‍ നൂറു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി പേര്‍ ഇ.എം.എസിന്റെ ജീവചരിത്രങ്ങളും രചിച്ചു.

മലയാളത്തിലെ പ്രധാന കൃതികള്‍

ആത്മകഥ, മാര്‍ക്‌സിസവും മലയാള സാഹിത്യവും, മാര്‍ക്‌സിസം-ലെനിനിസം ഒരു പാഠപുസ്തകം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, ഗാന്ധിയും ഗാന്ധിസവും, ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍, ഇ.എം.എസിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍, മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മ്മക്കുറിപ്പുകള്‍, വായനയുടെ ആഴങ്ങളില്‍, കേരളം-മലയാളികളുടെ മാതൃഭൂമി, കേരളചരിത്രവും സംസ്‌കാരവും - ഒരു മാര്‍ക്സിസ്റ്റു വീക്ഷണം, ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം, യൂറോകമ്യൂണിസവും ഇന്ത്യന്‍ വിപ്ലവവും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം, ഏഷ്യന്‍ ഡയറി,  യൂറോപ്യന്‍ ഡയറി, എന്റെ പഞ്ചാബ് യാത്ര,  കമ്യൂണിസം കെട്ടിപ്പെടുക്കുന്നവരുടെ കൂടെ, റഷ്യ-ചൈന സന്ദര്‍ശനങ്ങള്‍, ബര്‍ലിന്‍ ഡയറി, അര്‍ത്ഥശാസ്ത്രം, കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പ്രധാന ചോദ്യങ്ങള്‍, മാര്‍ക്സിസത്തിന്റെ ബാലപാഠം, മാര്‍ക്സിസവും മലയാളസാഹിത്യവും, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സമൂഹം ഭാഷാ സാഹിത്യം, ആശാനും മലയാളസാഹിത്യവും, കേരളത്തിലെ ദേശീയ പ്രശ്നം.

Contentb Highlights: EMS Namboodirippad birth anniversary