ദ് മുബാറക്! അതെ, അനുഗൃഹീത ഉത്സവമായിരിക്കട്ടെ എല്ലാവര്‍ക്കും! എന്തുദുരിതമായാലും ഉത്സവം ഉത്സവംതന്നെ. കാരണം, മനുഷ്യജന്മത്തില്‍ അനുവദിച്ചുകിട്ടിയ സമയം നന്മചെയ്യാനും സന്തോഷിക്കാനുമുള്ളതാണ്; വിശേഷിച്ചും ഈദ്. ശരീരത്തിലുള്ള അഴുക്കത്രയും കളയാന്‍ നീണ്ടകാലം വ്രതമെടുത്തും ഇതേകാലം മനസ്സിലെ മാലിന്യംനീക്കാന്‍ വിശുദ്ധവചനങ്ങള്‍ സ്വയം ഓര്‍മിപ്പിച്ചും ഒരു ജന്മത്തില്‍ത്തന്നെ ഒരു പുതുപ്പിറവിനേടിയ സന്തോഷം പ്രകടിപ്പിക്കാനും ഇതേകാര്യത്തിന് മറ്റുള്ളവരെ അഭിനന്ദിക്കാനുമുള്ള അവസരം. ഇങ്ങനെയൊരവസരം കിട്ടിയതിന് സര്‍വശക്തന് നന്ദിപറയേണ്ടുന്ന കാലവും.

ബഹളവും ആര്‍ഭാടവുമില്ലാതെയും വലിയ കൂട്ടങ്ങളായി കൂടാതെയും ഇതുരണ്ടും ചെയ്യാമെന്ന് അറിവുള്ളവര്‍ പറയുന്നു. ചെകുത്താന്റെ വേറൊരു രൂപം പുറത്തിറങ്ങിയിരിക്കയാണല്ലോ. വൃത്തിയും വെടിപ്പും മുഖകവചവും സോപ്പും വെള്ളവും ചെറിയ മുന്‍കരുതലും മതി ഇവനെ തോല്‍പ്പിക്കാന്‍. പക്ഷേ, ഈ ചെറിയ ഒരുക്കങ്ങള്‍ ഉപേക്ഷിക്കാന്‍ ഇയാള്‍ പ്രലോഭിപ്പിക്കുന്നു. സൂക്ഷിക്കുക, വിവേകമാണ് ദൈവം.

കഴിഞ്ഞയാണ്ടുകളില്‍ പ്രളയമായാണ് ഈ 'ആസാമി' വന്നത്. നമ്മള്‍ ഇതിനെ നന്മകൊണ്ട് അതിജീവിച്ചു. പണ്ടുമുണ്ടായിട്ടുണ്ട് മഹാമാരിക്കാലങ്ങള്‍. എനിക്ക് നാലുവയസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 1943-ലെ കോളറക്കാലത്തിന്റെ ഞെട്ടല്‍ ഇന്നും മാഞ്ഞിട്ടില്ല. 'തലയില്‍ത്തട്ടി' എന്നാണ് അത് അറിയപ്പെട്ടത്. തലയ്ക്ക് അടിയേറ്റ് എന്നപോലെ (അത്ര പെട്ടെന്ന്) വീണുമരിക്കുന്ന ദുരിതരോഗം. ഓണവും പെരുന്നാളും തിരുപ്പിറവിയും ഒന്നുമുണ്ടായില്ല. അതിനെയും നമ്മള്‍ അതിജീവിച്ചു. 'ഓണം പെരുന്നാളും നല്ലൊരു നാളല്ലേ' എന്ന പഴയ പാട്ട് ഓര്‍മച്ചെപ്പില്‍ സൂക്ഷിച്ചു, തുടര്‍ന്നുവന്ന അനേകം വര്‍ഷങ്ങളില്‍ പാടാന്‍! വസൂരിക്കലയുള്ളവരും ഏറ്റുപാടി.

ഇന്നത്തെ വിഷമങ്ങളും മാറിപ്പോവും, തീര്‍ച്ച. മാത്രമല്ല, ഇതില്‍നിന്നുകൂടി പാഠങ്ങള്‍ പഠിച്ച് അത്രകൂടി തെളിഞ്ഞ തൊണ്ടയോടെ വരുംവര്‍ഷങ്ങളില്‍ നാം പാടും. ഈ കാളരാത്രിയും മനോഹരമായ ഒരു പുലരിയെ പെറ്റേ പോകൂ. ഇപ്പോഴത്തെ ദൃഷ്ടാന്തംകൊണ്ട് കൂടുതല്‍ വിവേകികളായാല്‍ നാം നാളെ വൈറസ് എന്നോ ബാക്ടീരിയയെന്നോ കേള്‍ക്കുമ്പോള്‍ ഞെട്ടിവിറക്കില്ല. അവയെപ്പറ്റി ആധുനികശാസ്ത്രം നമുക്ക് പുതിയ അറിവുകള്‍ തരുന്നു. ഒപ്പം അവയെ നേരിടാന്‍ പഴയതും പുതുതുമായ മുറകള്‍ ശീലമായിത്തീരുകയും ചെയ്യുന്നു.

ലോകമുണ്ടായകാലംതൊട്ട് പിറന്ന എല്ലാ അണുജീവികളും നമ്മുടെയൊക്കെ ശരീരത്തില്‍ എപ്പോഴുമുണ്ട്. ഒപ്പം, അവയെ വരുതിയില്‍ നിര്‍ത്താനുള്ള പടയാളികളുമുണ്ട്. ആദ്യത്തേത് ഇന്‍ഫെക്ഷന്‍, മറ്റേത് ആന്റിബോഡി. ഇവയുടെ സന്തുലനം (symbiosis) മാത്രമാണ് ആരോഗ്യം.

എപ്പോഴാണോ നിയമസമാധാന കാവല്‍ക്കാര്‍ തളരുന്നത് അപ്പോഴെല്ലാം കുടികിടപ്പുകുറ്റവാളികള്‍ വിലസും. ബുദ്ധിയില്ലാത്ത വകയാണ് കാരണം. തങ്ങള്‍ കുടിയേറിയ ശരീരം പോയാല്‍ പൊറുതിയില്ലാതാവുമെന്നുപോലും അറിയില്ല.

ആകട്ടെ എപ്പോഴാണ് നിയമപാലകര്‍ തളരുന്നത്? പോഷകാഹാരക്കുറവിനാല്‍വരാം, മനശ്ശുദ്ധിയുടെയും ദേഹവിശുദ്ധിയുടെയും പോരായ്മയാലും വരാം. ലോകമുണ്ടായകാലംതൊട്ട് നമ്മോടൊപ്പമുള്ള മറ്റൊന്ന് ചീത്തവികാരങ്ങളുടെ അണുക്കളാണ്-ആര്‍ത്തി, പിശുക്ക്, ദുര്‍മോഹം, അഹന്ത, കോപം, മന്ദബുദ്ധി എന്നിങ്ങനെ. ഇവയെ സഹജമായ ആന്തരികനന്മ തടയിട്ടുനിര്‍ത്തുന്നു. ഇവയുടെ തട പൊട്ടിയാല്‍ മറ്റേ തടയും പൊട്ടുന്നു എന്നതിന് ഇപ്പോള്‍ തെളിവുകളുണ്ട്.

ഇതിനാലാണ് ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി ഒരുമിച്ചുനിലനിര്‍ത്താന്‍ എല്ലാ മതങ്ങളും നിഷ്‌കര്‍ഷിക്കുന്നത്. പ്രാര്‍ഥനാലയത്തിലേക്ക് കടക്കുംമുമ്പ് ദേഹശുദ്ധിയെന്നത് വെറുമൊരു ചടങ്ങല്ല, ഈമാന്‍ കാര്യമാണ്. തികച്ചും ശാസ്ത്രീയമാണത്. മനസ്സിനെ കടിഞ്ഞാണിട്ടുപിടിക്കാന്‍ ശീലിക്കുന്നതിന്, ഇഷ്ടകാര്യങ്ങള്‍ ഉപേക്ഷിച്ച് നോമ്പുനോല്‍ക്കുന്നതും അത്രതന്നെ ശാസ്ത്രീയം.

ഒരുവേള എല്ലാമതത്തിലെയും എല്ലാ ദൈവങ്ങള്‍ക്കും തോന്നിയിരിക്കാം, തങ്ങളുടെ ആളുകള്‍ക്ക് മതിയായ മനഃശുദ്ധിയും ദേഹശുദ്ധിയും ഇല്ലെന്ന്! അതുണ്ടായിട്ടുമതി ഇനി കൂട്ടത്തോടെ പ്രാര്‍ഥിക്കാന്‍ വരിക എന്ന് പറയാതെ പറയുകയാവുമോ? ദൈവങ്ങള്‍ക്ക് വിശ്വാസികളെയല്ല, മറിച്ചാണ് ആവശ്യമെന്ന സൂചനകൂടി ഈ നിലപാടിലുണ്ടാകാം! ഇത് മറ്റൊരു ദൃഷ്ടാന്തം.

Content Highlights: Eid in the time of corona malayalam articles C Radhakrishnan