മഴത്തുള്ളികൾക്കിടയിലൂടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ പഴയൊരു പോസ്റ്റ് കാർഡിനെ ഓർമിപ്പിക്കുന്ന മഞ്ഞനിറത്തിലുള്ള ഒരു നോട്ടീസ് ലീലാവതി ടീച്ചറുടെ ചുളിവുകൾ വീണ കൈകളിലിരുന്ന് ചെറുതായി വിറയ്ക്കുന്നു. ഡോ. സി.പി. മേനോൻസ്മാരക പുരസ്കാര സമർപ്പണച്ചടങ്ങിന്റെ നോട്ടീസ് നേരേ നീട്ടി ടീച്ചർ പറഞ്ഞു... ‘‘വ്യാഴാഴ്ചയാണ് ചടങ്ങ്... തീർച്ചയായും വരണം...’’ ഡോ. സുകുമാർ അഴീക്കോടും സി. രാധാകൃഷ്ണനും എം.വി. ദേവനും പി. ഗോവിന്ദപ്പിള്ളയും അടക്കം എത്രയോ പ്രതിഭകൾക്ക് സമ്മാനിച്ച പുരസ്കാരത്തിന്റെ അടുത്ത പതിപ്പിന്റെ സാക്ഷ്യപത്രം.

നോട്ടീസിലൂടെ കണ്ണോടിച്ചപ്പോൾ സ്വാഗത പ്രസംഗത്തിനുനേരേ കുറിച്ച ആ പേര് മുന്നിൽ തെളിഞ്ഞു... എം. ലീലാവതി. 90-ാം പിറന്നാളിന്റെ വിശേഷങ്ങൾ അറിയാനായി തേടിച്ചെന്ന വ്യക്തിയിൽ സ്വാഭാവികമായും പ്രതീക്ഷിച്ച ഭാവങ്ങളുടെ നേർവിപരീതമായ ഒരു സാക്ഷ്യപത്രം. ഭർത്താവിന്റെ പേരിലുള്ള പുരസ്കാരത്തിന്റെ നോട്ടീസ് വിതരണവും ചടങ്ങിന്റെ സംഘാടനവും മറ്റുമായി നിറഞ്ഞ തിരക്കിലാണ് ടീച്ചർ. പ്രായം തളർത്താത്ത വ്യക്തി എന്നത് ഒരു ക്ലീഷേയാണെങ്കിലും ലീലാവതി ടീച്ചറോട് ചേർത്തുവെക്കാൻ മറ്റൊരു വാചകവും മനസ്സിൽ തെളിഞ്ഞില്ല. 

എഴുത്തും വായനയും
‘‘മനസ്സുകൊണ്ട് എനിക്കൊരിക്കലും പ്രായം തോന്നിയിട്ടില്ല. ശരീരത്തിൽ പ്രായത്തിന്റെ അടയാളങ്ങളായ ചുളിവുകൾ വന്നേക്കാം. പക്ഷേ, നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കാനാണ് എനിക്കിഷ്ടം. ജീവിതത്തിൽ അങ്ങനെത്തന്നെയായിരുന്നു ഈ നിമിഷം വരെ. പുസ്തകങ്ങൾ വായിക്കുന്നത് രസകരമായ കാര്യമല്ലേ? അതുപോലെത്തന്നെ രസകരമായ കാര്യമാണ് എഴുത്തും. വായനയിലും എഴുത്തിലും മുഴുകി മുന്നോട്ടുപോകുമ്പോൾ നമ്മുടെ ജീവിതം ഒരു പുഴ പോലെയാകും...’’ 

‘‘എന്നും എപ്പോഴും എഴുത്തും വായനയുമായി ഒരു ജീവിതം. എഴുത്തിന്റെയും വായനയുടെയും നൈരന്തര്യത്തിനിടയിൽ വിരസത തോന്നിയ നിമിഷങ്ങളുണ്ടായിട്ടില്ലേ?’’ ചോദ്യത്തിന് ഉത്തരമായി അല്പനേരം നിശ്ശബ്ദയായിരുന്നു. പിന്നെ ഓർമകളിലേക്കുള്ള യാത്രപോലെ ആ ഉത്തരമെത്തി. ‘‘ഒരുപാട് നടന്നുകഴിയുമ്പോൾ ഇടയ്ക്ക് തിരിഞ്ഞുനോക്കണമെന്ന് തോന്നിയേക്കാം. എഴുത്തും വായനയും മാത്രം നിറഞ്ഞ ജീവിതം ഞാൻ എന്നും സന്തോഷത്തോടെ ചേർത്തുവെച്ച ഒന്നാണ്. ഇത്രയും നീണ്ട ആ കാലത്തിനിടയിൽ ശൂന്യത തോന്നിയ ചില നേരമുണ്ടായിരുന്നു.

ഭർത്താവ് മരിച്ച നേരത്ത് ഞാൻ ഈ ലോകത്ത് ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു. ഒരു വർഷത്തോളം ഞാൻ ഒന്നും എഴുതാതെ ഇരുന്ന ജീവിതത്തിലെ ഏക കാലവും അതായിരുന്നു. തല പൊക്കാൻ കഴിയാത്തതുപോലെ ഭാരം നിറയുന്ന ഒരവസ്ഥ. ഡോക്ടറെ കാണിച്ചപ്പോൾ ശാരീരികമായി പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പറഞ്ഞത്. എല്ലാം മനസ്സിന്റെ തോന്നലുകളാണത്രേ. ജീവിതത്തിൽ ഏറ്റവും വിഷമിച്ച ആ കാലത്തിന്റെ അവസാനമാണ് അദ്ദേഹത്തെക്കുറിച്ച് ‘അശ്രുപൂജ’ എന്നൊരു കവിത എഴുതുന്നത്.''

ദോശയ്ക്കും ഇഡ്ഡലിക്കും സ്വാഗതം
ടീച്ചർക്കൊപ്പം കഴിഞ്ഞിരുന്ന ചെറിയമ്മ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് മരിച്ചത്. അന്നുമുതൽ ടീച്ചർ ഒറ്റയ്ക്കാണ് താമസം. സഹായത്തിന് എത്താറുള്ള സ്ത്രീ രാത്രി കൂട്ടുകിടക്കാൻ വരും. ഭക്ഷണം അവരുണ്ടാക്കുമെങ്കിലും മിക്കവാറും ടീച്ചർ തന്നെ അടുക്കളയിൽ കയറും. ‘‘ഭക്ഷണം സ്വയം ഉണ്ടാക്കിക്കഴിക്കുന്നതാണ് എനിക്ക് എന്നും ഇഷ്ടം. നാഴിയരിയിട്ടു വെച്ചാൽ നാലു ദിവസം കഴിക്കാല്ലോ. ചെറിയമ്മ ഉണ്ടായിരുന്നപ്പോൾ രാവിലെയും കഞ്ഞിയായിരുന്നു ഞങ്ങൾ കഴിച്ചിരുന്നത്. ഇപ്പോ രാവിലെ ദോശയും ഇഡ്ഡലിയുമൊക്കെയുണ്ടാക്കും. എനിക്കിപ്പോഴും ഇഷ്ടം കഞ്ഞിയാണെങ്കിലും കൂട്ടു കിടക്കാനെത്തുന്ന സ്ത്രീക്ക്‌ ഇഷ്ടം പലഹാരങ്ങളാണ്. അതുകൊണ്ട് ഞാനും രാവിലെ പലഹാരങ്ങൾ കഴിക്കാൻ തുടങ്ങി.

ജീവിതത്തിൽ അങ്ങനെയും ഒരു മാറ്റമായി. ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കാൻ കഴിയുന്നത് ആരോഗ്യത്തിന്റെ രഹസ്യം കൂടിയാണ്. ദൈവം സഹായിച്ച് ഈ പ്രായത്തിലും എനിക്ക് കാര്യമായ ഒരസുഖവുമില്ല. മുട്ടിന്റെ ചിരട്ടയ്ക്ക് പ്രശ്നമുള്ളതിനാൽ അധികം നടക്കാൻ കഴിയില്ലെന്ന കുഴപ്പമുണ്ട്. അതുകൊണ്ട് പുറത്തൊന്നും ഇപ്പോൾ അധികം നടക്കാറില്ല. പക്ഷേ, വീട്ടിലെ കാര്യങ്ങൾ ഇപ്പോഴും എനിക്ക് ഒറ്റയ്ക്ക് നോക്കാൻ പറ്റുന്നത് വലിയ ദൈവാനുഗ്രഹമല്ലേ?’’

കൂട്ടായി പുസ്തകങ്ങൾ
‘‘ഒറ്റയ്ക്ക് ജീവിക്കുന്നത് വലിയ ശൂന്യതയല്ലേ. പുതിയ എഴുത്തുകാരൊക്കെ ടീച്ചറെ കാണാൻ വരാറുണ്ടോ?’’ ചോദ്യത്തിന് ഇക്കുറിയും ആദ്യത്തെ ഉത്തരം അല്പനേരത്തെ മൗനമായിരുന്നു. ‘‘പുതിയ എഴുത്തുകാരൊന്നും അങ്ങനെ എന്നെ കാണാനായി എത്താറൊന്നുമില്ല. ഞാൻ പഴയ ചിട്ടക്കാരിയാണെന്ന ധാരണയായിരിക്കും അവർക്കുള്ളത്. ഞാൻ പക്ഷേ, ആരോടും അകലംപാലിക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ്. ഞാൻ പഠിപ്പിച്ച കുട്ടികളിൽ ചിലർ കാണാൻ വരാറുണ്ട്.

എന്റെ മക്കളിൽ ഒരാൾ അമേരിക്കയിലും മറ്റൊരാൾ മംഗലാപുരത്തുമാണ്. ജോലിയും കുടുംബവുമൊക്കെയായി കഴിയുമ്പോൾ അവർക്കും നാട്ടിൽ നിൽക്കാൻ കഴിയില്ലല്ലോ. പേരക്കുട്ടികളെ കാണാൻ ചിലപ്പോൾ അതിയായ മോഹം തോന്നാറുണ്ട്‌. ഇത്തവണ ഓണത്തിനും അവരെ കാണാൻ സാധിച്ചില്ല. പ്രിയപ്പെട്ടവർ അരികിലില്ലാത്തതിന്റെ സങ്കടം ചിലപ്പോൾ മനസ്സിൽ നിറയാറുണ്ട്. പക്ഷേ, അപ്പോഴും വായന എനിക്ക് വലിയൊരാശ്വാസമാണ്.'' 

ഗൗരി ലങ്കേഷും രാഷ്ട്രീയവും
‘‘പ്രതിഷേധങ്ങൾ മനസ്സിന്റെ അടയാളപ്പെടുത്തലാണ്. ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ എനിക്ക് അങ്ങേയറ്റത്തെ പ്രതിഷേധമുണ്ട്. ചില നിലപാടുകൾ കടുപ്പിച്ച് പറയാൻ നമുക്ക് കഴിയണം. ഗൗരിയെ വധിച്ച നാട് എന്ന വിശേഷണം നമുക്ക് ഒരിക്കലും പാടില്ലാത്ത ഒന്നായിരുന്നു. എനിക്ക് രാഷ്ട്രീയമായ നിലപാടുകളുണ്ട്. രാജീവ്ഗാന്ധി തന്നെ ഒരിക്കൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നതുമാണ്. പക്ഷേ, ഒരു രാഷ്ട്രീയപ്പാർട്ടിയോടും കഠിനവിധേയത്വം പാലിക്കാൻ എനിക്കാവില്ല.

ഈശ്വരവിശ്വാസം ഉപേക്ഷിച്ച് ഏതെങ്കിലും പാർട്ടിയിൽ ചേരാനും ഇഷ്ടപ്പെടുന്നില്ല. ഒരിക്കൽ ഇന്നാട്ടിലെ ബാലവേലയിൽ പ്രതിഷേധിച്ച് ഞാൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നിട്ടുണ്ട്. രണ്ടു കോടി കുഞ്ഞുങ്ങൾ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിശപ്പ് മാറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ഒരു നാട്ടിൽ സ്വാതന്ത്ര്യലബ്ധിയുടെ ആഘോഷത്തിന് എന്തർഥമാണുള്ളത്.'' ടീച്ചറുടെ വാക്കുകളിൽ അവരുടെ രാഷ്ട്രീയം പകൽപോലെ വ്യക്തമായിരുന്നു.