രിക്കലും സംഭവിക്കാത്ത കാര്യങ്ങൾ ഭാവനയിൽ സൃഷ്ടിക്കുന്നതെന്തിനാണ് നാം? അറിഞ്ഞുകൊണ്ടല്ലാതെ എന്തിന്‌, എങ്ങനെ ഉറക്കത്തിൽ ഇത് സാധിക്കുന്നു? ഉറക്കംതന്നെ എന്തിനാണ്? ചോദ്യങ്ങൾ സാധാരണക്കാർക്ക് മാത്രമല്ല, ശാസ്ത്രജ്ഞർക്കും വെല്ലുവിളിയാണ്. അതിജീവനത്തിന്‌ അത്യാവശ്യമല്ലെങ്കിൽ, എന്തിന്‌ സ്വപ്നം എന്ന ഈ പണിക്ക്‌ പോകുന്നു? സ്വപ്നം കാണുന്നതിന്‌ ഊർജം ആവശ്യമാണ്. പൊതുവേ തലച്ചോറിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഊർജം വലിയരീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. പരിണാമവിധിയനുസരിച്ച് ഊർജം ആവശ്യമുള്ള എന്തു ശരീരപ്രവർത്തനത്തിനും ജീവിതസംബന്ധിയായ എന്തെങ്കിലും ബന്ധം കാണുമെന്നാണ്, അതുകൊണ്ട് സ്വപ്നത്തിനും.

പല ധാരണകളാണ് സ്വപ്നങ്ങളെക്കുറിച്ച് ചരിത്രത്തിലെ ഘട്ടങ്ങൾ സ്വരൂപിച്ചെടുത്തത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സിഗ്മണ്ട് ഫ്രോയ്ഡ് സമർഥിച്ചത് സ്വപ്നങ്ങൾ ഉള്ളിലടക്കപ്പെട്ട മോഹങ്ങളുടെ വിമുക്തിതേടലാണെന്നാണ്. ലൈംഗികചോദനകളുമായി ബന്ധപ്പെട്ടതാണെന്നുമാണ് ഫ്രോയിഡ് വാദിച്ചത്. പിന്നീടുവന്ന സ്വപ്നവ്യാഖ്യാനങ്ങൾ ഇങ്ങനെ പോകുന്നു: നമ്മുടെ പ്രശ്നങ്ങൾ നിർധാരണം ചെയ്യാനാണ് സ്വപ്നം കാണുന്നത്, പരിണാമം ഒരു ധർമമോ വ്യവഹാരമോ നിർവഹണമോ കണ്ടുവെച്ചിട്ടുണ്ട്, വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ ഒരുപങ്കുണ്ട് സ്വപ്നങ്ങൾക്ക്, സ്വപ്നങ്ങൾക്ക് ജൈവപരമായ ഒരു പ്രവർത്തനപങ്കുമില്ല, പരിതഃസ്ഥിതിയോടിണങ്ങി അതിജീവനം സാധ്യമാക്കുന്നതിലും പങ്കില്ല, ഓർമ കാത്തുസൂക്ഷിക്കാനാണ്‌ സ്വപ്നങ്ങൾ...അങ്ങനെയങ്ങനെ.

ഇത്തരം പര്യാലോചനകൾ ഇന്ന് അന്ത്യപ്രമാണമായി വിശ്വസിക്കപ്പെടുന്നില്ലെങ്കിലും സ്വപ്നവ്യാഖ്യാനക്കാർ പൂർണമായും ഇവയെല്ലാം തള്ളിക്കളഞ്ഞിട്ടില്ല. സ്വപ്നങ്ങൾ എന്തുകൊണ്ട്, എങ്ങനെ എന്നുള്ളതിനെല്ലാം വിശകലനങ്ങൾക്ക് ഇന്ന് ആധാരമാക്കുന്നത് സ്കാനിങ് (Neuroimaging) പഠനങ്ങളും കംപ്യൂട്ടർ തന്ത്രങ്ങളുമൊക്കെയാണ്. കൃത്രിമബുദ്ധി (ArtificialIntelligence) നിർമിച്ചെടുക്കുന്ന തലച്ചോർമോഡലുകൾ ഇതിന്‌ സഹായമായെത്തുന്നുണ്ട്. അതുകൊണ്ടാണ് സ്വപ്നവ്യാഖ്യാനങ്ങൾ ഇന്ന് നവീകരിക്കപ്പെടുന്നത്. ന്യൂറോസയന്റിസ്റ്റുകളും കംപ്യൂട്ടർവിദഗ്ധരുമാണ് ഇന്ന് സ്വപ്നങ്ങളെക്കുറിച്ച് ആധികാരികമായ അറിവുതരുന്നത്, മനഃശാസ്ത്രജ്ഞരോ മനോരോഗവിദഗ്ധരോ അല്ല. തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള ‘ഇലക്‌ട്രിക്കൽ ഫയറിങ്ങാ’ണ് എല്ലാ തലച്ചോർപ്രവർത്തനങ്ങൾക്കും ആധാരം എന്നിരിക്കെ സ്വപ്നംകാണുന്നതും ഒരു ‘ഇലക്‌ട്രിക്കൽ’ പ്രയോഗവിശേഷമാണ്. സംഭവങ്ങളാണ് നമ്മളുടെ സ്വപ്നങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഉണർന്നിരിക്കുമ്പോൾ സംഭവങ്ങൾ അനുഭവപ്പെടുത്തുന്നത് പുറത്തുനിന്ന് പഞ്ചേന്ദ്രിയങ്ങൾ നമുക്ക് പലതും പറഞ്ഞുതരുന്നതുകൊണ്ടാണ്, നമുക്ക് വ്യക്തമായറിയാം ഇത്. പക്ഷേ, സ്വപ്നംകാണുമ്പോൾ പുറത്തുനിന്ന് ഒരുകാര്യവും ആ സംഭവഗതികളെ സ്വാധീനിക്കാൻ സാധ്യമല്ല. നമ്മുടെ ശരീരം അതുമായി ബന്ധപ്പെടുന്നില്ല. മനസ്സുകൊണ്ടുമാത്രം അവ അനുഭവിക്കുകയാണ്. ശരീരം മുഴുവനും പഞ്ചേന്ദ്രിയപ്രവർത്തനങ്ങളിൽനിന്ന് ആസമയത്ത് പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ശരീരം മുഴുവൻ സ്തംഭിക്കുന്ന, പക്ഷാഘാതം സംജാതമാകുന്നതുപോലെയുള്ള അവസ്ഥ ഉളവാക്കപ്പെടുകയാണ്.

പക്ഷേ, അപൂർവമായി പേടിപ്പിക്കുന്ന രംഗങ്ങൾ വരുമ്പോൾ നിങ്ങൾ നിലവിളിക്കും. സ്വപ്നങ്ങൾ വിഭ്രാന്തിപരമാണ്, മായാദർശനങ്ങൾ (ഹാലൂസിനേഷൻ) ആണ്. സ്വന്തം ജീവിതത്തിന്റെ ഭാഗമെന്നുതോന്നിപ്പിക്കുന്നത്, പക്ഷേ, യുക്തിക്ക്‌ നിരക്കാത്ത കാര്യങ്ങൾതന്നെ. ഓർമകളുടെ ഒരു റീപ്ലേയാണോ സ്വപ്നങ്ങൾ? ഓർമകൾ കൃത്യമായി അടുക്കിക്കെട്ടി സൂക്ഷിക്കാനുള്ള ഒരു പ്രയോഗവിധിയാണോ? ഓർമകൾ നിർമിച്ചെടുക്കുന്ന വേളയിലെ ന്യൂറോൺ ഫയറിങ് സ്വപ്നത്തിലും നിരീക്ഷിക്കപ്പെടുന്നുണ്ട്, അതുകൊണ്ട് ഓർമകളുമായി ചിലബന്ധങ്ങൾ കണ്ടേക്കാം എന്നൊരു അനുമാനമുണ്ട്. പക്ഷേ, ഒരു റീപ്ലേ ആയിരിക്കാൻ സാധ്യതയില്ലെന്ന്‌ ആധുനികപഠനങ്ങൾ തെളിയിക്കുന്നു. സ്വപ്നങ്ങൾ കാണുന്നത് R.E.M. (Rapid Eye Movement -അടഞ്ഞ കൺപോളകൾക്കടിയിൽ കൃഷ്ണമണികൾ ചലിക്കുന്ന അവസ്ഥ) എന്നൊരു ഉറക്കഘട്ടത്തിലാണ്; ഓർമകൾ നിജപ്പെടുത്തുന്നത് ആ ഘട്ടത്തിലേ അല്ല. അസംബന്ധങ്ങൾ സ്വപ്നത്തിൽ കാണുന്നതിന് ഇതൊന്നും ഒരു വിശദീകരണവുമാകുന്നില്ല.

പുതിയ അറിവുകൾ

കംപ്യൂട്ടറുകൾ കൃത്രിമമായി സൃഷ്ടിച്ച ന്യൂറോൺ വലയങ്ങളാണ്‌ ഇന്ന് തലച്ചോർ പ്രവർത്തനങ്ങൾ പഠിക്കാനുള്ള അടിസ്ഥാനസാമഗ്രിയായി ഉപയോഗിക്കുന്നത്. അഗാധപഠനങ്ങൾക്ക്‌ (Deplearning) കഴിവുള്ളവയാണിവ. പഠിച്ചുകഴിഞ്ഞവ അടിസ്ഥാനമാക്കി പുതിയ അനുമാനങ്ങളുണ്ടാക്കാൻ നമ്മുടെ മസ്തിഷ്കത്തിന്‌ എളുപ്പം പറ്റുമെങ്കിലും കംപ്യൂട്ടറുകൾ സ്വല്പം പണിപ്പെടുന്നുണ്ട് ഇതിന്. പുതിയ അറിവുകൾ വരുമ്പോൾ തെല്ലൊന്ന് പതറുന്നു, ‘Overfitting’ എന്നാണിതിനെ വിളിക്കുക. ഇതിനെ മറികടക്കാൻ ഒരുവഴിയുള്ളത് ആദ്യം പഠിച്ചെടുത്തതിനെയൊക്കെ ഒന്ന് കുലുക്കിയിളക്കി സ്വല്പം അച്ചടക്കമില്ലായ്മ ഉളവാക്കുക എന്നതാണ്. ഉടൻ പുതിയ കാര്യങ്ങളും സ്വാംശീകരിക്കപ്പെടും. സ്വപ്നങ്ങളുടെ ധർമം ഇതായിരിക്കണമെന്നാണ് പുതിയ അനുമാനം.

സ്വതവേയുള്ളതും അനുഭവങ്ങളിൽനിന്ന് സ്വാംശീകരിച്ചവയും ഒക്കെക്കൂടി നമ്മുടെ തലച്ചോർ ചില സാമാന്യവത്‌കരണങ്ങൾ (generalization) ആവിഷ്കരിച്ചെടുക്കും. ഓരോ ദിവസവും നമുക്കുകിട്ടുന്ന പുതിയ അനുഭവങ്ങൾ, അറിവുകൾ ഒക്കെ അടുക്കിക്കെട്ടി പഴയതിനോടുചേർക്കാൻ ശ്രമിക്കുമ്പോൾ ഈ സാമാന്യവത്‌കരണം പോരാതെ വരുകയോ ചേർച്ചയില്ലാത്തതോ ആകാം. മുൻചൊന്ന ഓവർഫിറ്റിങ് ഇതിന് തുല്യമായിട്ടുള്ളതാണ്. ഇങ്ങനെ വരുമ്പോൾ ആകെയുള്ള വിവരങ്ങളിൽ കുറച്ച് വിവരക്കേടുകൾ ഉൾച്ചേർത്ത് കൊടുക്കുക, അതുകൊണ്ട് പുതിയ ക്രമം രൂപവത്‌കരിക്കപ്പെടുക എന്നത് സാധ്യമാകുന്നു. അങ്ങനെ ചേർക്കുന്ന വിവരക്കേടുകൾ ആണത്രേ സ്വപ്നങ്ങൾ. കംപ്യൂട്ടർ ഭാഷയിൽ ശബ്ദകോലാഹലം(Noise) എന്നുപറയുന്നു.

ഓരോ ദിവസവും ലഭിക്കുന്ന അറിവുകളെ പാകപ്പെടുത്തി ഓർമയിൽ സൂക്ഷിക്കുകയും ആ സംഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾക്കനുസരിച്ച് മനസ്സിനെ പാകപ്പെടുത്തേണ്ടിയും വരുമ്പോൾ ഓവർ ഫിറ്റിങ് ആവശ്യമായിവരുകയാണ്. ഇത് ശരിയാക്കാനുള്ള ശബ്ദകോലാഹലം പകൽ, ഉണർന്നിരിക്കുമ്പോൾ ഉൾച്ചേർക്കാൻ സാധിക്കുകയില്ല, ഉറക്കസമയംതന്നെ ഉചിതം.

ദൂഷിതമായ നിക്ഷേപങ്ങൾ വാസ്തവത്തിൽ തലച്ചോറിൽ ചിലസാമാന്യവത്‌കരണങ്ങൾ നടത്തിയെടുക്കാൻ നിലപാടൊരുക്കുകയാണ്. ഇതാണ് സ്വപ്നത്തിൽ സംഭവിക്കുന്നതത്രേ. ഉണർവിൽ, ഇനിയത്തെ ചെയ്തികളും പ്രകടനങ്ങളും മെച്ചപ്പെടുകയാണ് ഇതോടെ. പെരുമാറ്റപരമായി ചില മെച്ചങ്ങൾ സ്വപ്നം സംഭാവന ചെയ്യുന്നു എന്നാണ് അനുമാനം.

Content Highlights: Dreams And Sleep Sigmund Freud