ഡോ.എസ്. എം പണ്ഡിറ്റ് അഥവാ സമ്പാനന്ദ് മോനപ്പ പണ്ഡിറ്റ് എന്ന റിയലിസ്റ്റിക് ചിത്രകാരൻ ഓർമയായിട്ട് ഇരുപത്തെട്ട് വർഷങ്ങളായിരിക്കുന്നു. ബംഗാളിലെ സാമൂഹിക സാംസ്കാരിക ബൗദ്ധിക മേഖലകളിലെ പുരോഗമപ്രസ്ഥാനങ്ങളെയെല്ലാം കൂടി ഒന്നിച്ചൊരു പേരുവിളിക്കുന്ന ബംഗാൾ മൂവ്മെന്റിലെയും മോഡേൺ ഇന്ത്യൻ ആർട്ടിലെയും സ്ഥിരസാന്നിധ്യമായിരുന്ന എസ്.എം പണ്ഡിറ്റ് രാമായണം, മഹാഭാരതം പോലുള്ള പുരാണേതിഹാസങ്ങളുടെ കഥാംശങ്ങളാണ് തന്റെ വരയിലൂടെ അധികവും പകർത്തിയിരുന്നത്. ക്ലാസിക്കൻ ഇന്ത്യൻ ലിറ്ററേച്ചറിനോട് വളരെയധികം മമത പുലർത്തിയിരുന്ന ഈ ചിത്രകാരന്റെ രാധാ-കൃഷ്ണ, നള-ദമയന്തി, വിശ്വാമിത്ര-മേനക തുടങ്ങിയ ചിത്രങ്ങൾ വളരെ പ്രസിദ്ധമാണ്. കലണ്ടർ ആർട് എന്നു വിളിക്കപ്പെടുന്ന സിനിമാനടിമാരുടെയും നടന്മാരുടെയും മുഖങ്ങൾ പുരാണേതിഹാസങ്ങൾക്ക് നൽകിക്കൊണ്ട് വരക്കുന്ന പ്രവണതയ്ക്കും തുടക്കമിട്ടത് എസ്.എം പണ്ഡിറ്റ് ആയിരുന്നു.

കർണാടകയിലെ ഗുൽബാർഗയിലാണ് 1916 മാർച്ച് ഇരുപത്തഞ്ചിന് എസ്.എം പണ്ഡിറ്റ് ജനിക്കുന്നത്. ശങ്കർ റാവു അലന്ധാകാറിന്റെ ശിഷ്യനായി വര അഭ്യസിക്കാൻ തുടങ്ങി. മദ്രാസ് സ്കൂൾ ഓഫ് ആർടിൽ നിന്നും ഡിപ്ലോമയും കരസ്ഥമാക്കി. 1935 -ഓടു കൂടി മുംബെയിലെ നൂതൻ കലാമന്ദിറിൽ ചിത്രകലയിൽ ഉപരിപഠനം നടത്തുകയും അക്കാലത്തെ പ്രമുഖരായ പല ചിത്രകലാധ്യാപകരുടെയും ശിഷ്യത്വം നേടുകയും ചെയ്തു. രാജാരവിവർമയുടെ ശൈലി പിന്തുടർന്നിരുന്ന എം.വി ധുരാന്ധർ ആയിരുന്നു നൂതൻ കലാമന്ദിറിലെ എസ്.എം പണ്ഡിറ്റിന്റെ പ്രധാന അധ്യാപകൻ.

ഒരു ദക്ഷിണേന്ത്യൻ സാധാരണ കുടുംബത്തിലെ അംഗമായതുകൊണ്ടുതന്നെ പലപ്പോഴും ചിത്രകലാപഠനം പണ്ഡിറ്റിന്റെ മുമ്പിൽ വഴിമുട്ടി നിന്നിരുന്നു. അച്ഛന്റെ സഹോദരിയുടെ സ്വർണവളകൾ പല തവണകളായി പണ്ഡിറ്റിന്റെ ചിത്രകലാപഠനത്തിനായി വിറ്റുപണമാക്കേണ്ടി വന്നു. പരമ്പരാഗതമായ ചിത്രകലാപഠനം മാത്രമല്ല, അതിന്റെ വാണിജ്യസാധ്യതകൾകൂടി കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദാരിദ്ര്യം പലപ്പോഴും അദ്ദേഹത്തെ ഓർമിപ്പിച്ചിരുന്നു. അങ്ങനെയാണ് പരസ്യകലയിലേക്കും കലണ്ടർ നിർമാണത്തിലേക്കും അദ്ദേഹം ശ്രദ്ധകൊടുക്കുന്നത്. യങ് ആർടിസ്റ്റ്സ് കമേഴ്സ്യൽ സ്റ്റുഡിയോ എന്ന പേരിൽ നാൽപതുകളുടെ തുടക്കത്തിൽ തന്നെ മുംബെയിലെ സിനിമാനിർമാണ മേഖലയെ ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങിയ ഒരു പറ്റം യുവ ചിത്രകാരന്മാരുടെ നേതാവും പണ്ഡിറ്റ് ആയിരുന്നു. ഹോളിവുഡ് സിനിമകൾക്ക് ഷോ കാർഡുകൾ വരയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ ആർടിസ്റ്റുമാരായി ഇവർ അറിയപ്പെട്ടതോടെ സിനിമാചിത്രകലാരംഗത്തെ വൻസാധ്യതകൾ ഇവരെത്തേടിയെത്താൻ തുടങ്ങി. ചിത്രകലാരംഗത്തെ സാധ്യതകൾ വാണിജ്യവത്‌കരിച്ചുകൊണ്ട് മുന്നേറിവരവേയാണ് സ്വന്തമായൊരു കലാസ്റ്റുഡിയോ എന്ന മോഹവും പണ്ഡിറ്റ് സാക്ഷാത്‌കരിക്കുന്നത്. മുംബെയിലെ ശിവാജി പാർക്കിൽ സ്റ്റുഡിയോ എസ്.എം പണ്ഡിറ്റ് എന്ന സ്ഥാപനം തലയുയർത്തി നിൽക്കുക തന്നെ ചെയ്തു. രാജ് കപൂർ, സോഹ്റാബ് മോദി, പ്രഭാത് സ്റ്റുഡിയോസ് തുടങ്ങി നിരവധി ചലച്ചിത്രപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും വേണ്ടി എസ്.എം സ്റ്റുഡിയോ പ്രവർത്തിച്ചു. സമകാലികരായ ചിത്രകാരന്മാരേയും സ്ഥാപനങ്ങളെയും ഭാഷാതീതമായി അദ്ദേഹം സഹായിച്ചു. ഫിലിം ഇന്ത്യ എന്ന മാസികയുടെ ചിത്രകലാപ്രവർത്തനങ്ങൾക്കും അക്കാലത്ത് അദ്ദേഹം മേൽനോട്ടം വഹിക്കുകയുണ്ടായി.

അൻപതുകളുടെ ആരംഭത്തിലാണ് ഐതിഹാസിക കഥാപാത്രങ്ങളുടെ ചിത്രകലാ ആവിഷ്കാരത്തിലേക്ക് പണ്ഡിറ്റ് ശ്രദ്ധകൊടുക്കാൻ തുടങ്ങിയത്. ബോംബെ ഫൈൻ ആർട്സ് പ്രസും ശിവാജി ഫൈൻ ആർട്സ് പ്രസും അതിന് നിമിത്തക്കാരുമായി. രാജാരവിവർമസ്കൂളും എം.വി ധുരാന്ധർ സർഗാത്മകതയും പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രകടമായ സാന്നിധ്യമായി മാറി. രാജാരവിവർമയുടെ നാച്ചുറലിസ്റ്റിക്-റിയലിസ്റ്റിക് ശൈലി പണ്ഡിറ്റിൽ നല്ല സ്വാധീനം ചെലുത്തിയിരുന്നു. കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദൻ, മുംബൈ ന്യൂ കൗൺസിൽ ഹാളിലെ മഹാത്മാഗാന്ധി,ലണ്ടനിലെ കോമൺവെൽത് ഇൻസ്റ്റിറ്റ്യൂട്ടിലും ഇന്ത്യൻ ഹൈക്കമ്മീഷനിലും സ്ഥാപിക്കപ്പെട്ട മാർഗരറ്റ് താച്ചറിന്റെയും ഇന്ദിരാഗാന്ധിയുടെയും ച്ഛായാചിത്രങ്ങൾ തുടങ്ങിയവയാണ് പണ്ഡിറ്റിന്റെ പ്രധാന പെയിന്റിങ്ങുകൾ. 1993 മാർച്ച് മുപ്പതിനാണ് അദ്ദേഹം അന്തരിച്ചത്.

Content Highlights: Dr SM Pandit Realistic Indian Painter 28 Death Anniversary