ഞ്ചവാദ്യങ്ങളുടെ തിമിലത്താളത്തിൽ കേരളം ഉറക്കെക്കൊട്ടിയ പേരുകളിൽ പ്രധാനപ്പെട്ടതാണ് അന്നമനട പരമേശ്വരൻ മാരാരുടേത്. അറുപത്തിയേഴാം വയസ്സിൽ ജീവിത്തിന്റെ താളവാദ്യങ്ങളോട് വിടവാങ്ങിയ അന്നമനടയുടെ മൂന്നാം ചരമവാർഷികദിനത്തിൽ ഡോ. എൻ.പി വിജയകൃഷ്ണൻ എഴുതിയ ലേഖനം വായിക്കാം.

തിമിലയുടെ പരമാണു പൊരുളിലും പരമപ്രകാശമായി പുലർന്ന പല്ലാവൂർ സഹോദരന്മാരുടെ കളരിയും സഹവാദനവും നൽകിയ ഊർജ്ജമായിരുന്നു കലാമണ്ഡലം പരമേശ്വരമാരാരുടെ കലാമൂലധനം. അന്നമനട പാരമ്പര്യത്തിന്റെ ശോഭ, കലാമണ്ഡലത്തിലെ അക്കാദമിക് ശിക്ഷണം എന്നിവയ്ക്കപ്പുറം പല്ലാവൂർക്കാർക്കൊപ്പമുള്ള സഹവാസമാണ് പരമേശ്വരനെ മികച്ച തിമില കലാകാരനാക്കിയത്. മണിയൻ മാരാരുടെ മൃദുത്വത്തെക്കാൾ, അപ്പുമാരാരുടെ സ്വച്ഛതയെക്കാൾ, കുഞ്ഞുക്കുട്ടമാരാരുടെ വന്യശോഭയാണ് പരമേശ്വരനെ ആകർഷിച്ചത്. ഇവരുടെ മുഖം സദാ സുപ്രസന്നമായിരുന്നില്ല. അശാന്തമായ അതൃപ്തി തിരനോക്കുന്ന ഭാവമായിരുന്നു പരമേശ്വരന്റെ മുഖത്ത്. തിമിലയിലെ സർഗാത്മക ഭാവനയേക്കാൾ നായകത്വത്തിന്റെ പേരിലായിരുന്നു പരമേശ്വരൻ സ്വീകാര്യനായത്. അദ്ദേഹം പഞ്ചവാദ്യത്തിലെ സമസ്ത ശൈലിക്കാർക്ക് ഒപ്പവും കൊട്ടി. എല്ലാവാദ്യത്തിലെയും അതികായർ നിരന്ന പഞ്ചവാദ്യത്തിൽ പരമേശ്വരൻ ഉണ്ടായിരുന്നു. പല്ലാവൂർ കളരിയിൽ നിന്ന് ആർജ്ജിച്ച അടിസ്ഥാനങ്ങളുടെ ബലഭദ്രതയായിരുന്നു പരമേശ്വരന്റെ തിമിലയുടെ കാതൽ. തിമിലയിലെ സാധ്യതകളിലേക്കുള്ള അന്വേഷണത്തെക്കാൾ അതിന്റെ ഘടനാസൗന്ദര്യത്തികവിലേയ്ക്കാണ് പരമേശ്വരന്റെ ശ്രദ്ധ പോയത്. കൊട്ടിന്റെ സുഖത്തേക്കാൾ വിന്യാസ വൈവിധ്യത്തിൽ അദ്ദേഹം ശ്രദ്ധിച്ചു. അതുകൊണ്ടാണ് പരമേശ്വരന്റെ പ്രമാണത്തിലുള്ള പഞ്ചവാദ്യം വിജയം കൊണ്ടത്. നായകന്റെ തിമിലയായിരുന്നു പരമേശ്വരൻ തോളിലിട്ടത്. ഇതായിരുന്നു അദ്ദേഹത്തിന്റെ കലാവൈഭവം.

അസുലഭമായ സർഗത്മാകതയുടെ തീക്ഷ്ണപ്രകാശമോ, പ്രതിഭാവിലാസത്തിന്റെ അമ്പരപ്പിക്കുന്ന ഭാവനാത്മകതയോ പ്രകടിപ്പിച്ചില്ലെങ്കിലും മൂപ്പും മൂർച്ചയുമുള്ള ആരോഗ്യകരമായ വാദന വൈശിഷ്യ സമ്പന്നമായ തിമിലയായി അത് സ്വീകരിയ്ക്കപ്പെട്ടു. ആർജ്ജിത സംസ്കാരത്തിന്റെ വിന്യാസങ്ങളാണ് പരമേശ്വരന്റെ തിമില കേൾപ്പിച്ചത്. കാലം പരമേശ്വരനെ പ്രമാണിപഥത്തിലേക്ക് പാദം വെപ്പിക്കുകയായിരുന്നു. അറ്റത്തുനിന്ന് മധ്യത്തിലേയ്ക്കുള്ള ഈ സഞ്ചാരഗതിയിൽ ആത്മകലയെ കാലാനുസൃതമായി പോഷിപ്പിയ്ക്കാനും പുതുക്കാനും പരമേശ്വരൻ ശ്രദ്ധിച്ചു. പല്ലാവൂർക്കാർക്കുശേഷം പരമേശ്വരൻ എന്ന സ്വീകാര്യതയ്ക്കു പിന്നിൽ കലാകാരന്റെ തിമിലയോടുള്ള മൂല്യബോധത്തിന്റെ ശക്തിപ്രവർത്തിച്ചിട്ടുണ്ട്. പല്ലാവൂർക്കാർക്ക് (മറ്റുള്ളവർക്കും) ഇടംവലം നിന്നു കൊട്ടുമ്പോൾ പരമേശ്വരൻ ആവാഹിച്ചിരുന്ന കലാശക്തിയുടെ വിനിമയങ്ങളാണ് പിൽക്കാലത്ത് നേതൃപദവിയിൽ അദ്ദേഹം സാധിച്ചത്.

പല്ലാവൂർക്കളരിയെ ദേവസ്ഥാനമായി വിശ്വസിച്ച കോങ്ങാട് വിജയന്റെ വഴിയായിരുന്നില്ല പരമേശ്വരന്റെത്. ഇവർ ഒരുമിച്ച അരങ്ങുകളിൽ ഈ വൈരുധ്യം വേറിട്ടുകേട്ടിരുന്നു. പരമേശ്വരന്റെ തിമില അപര തിമിലകളോട് എപ്രകാരം പൊരുത്തപ്പെട്ടിരുന്നു? ഇതര തിമിലകൾ പരമേശ്വരന്റെ തിമിലിയോടോ? ഈ പൊരുത്ത ദീക്ഷയുടെ അനുപാതക്കണക്കിലായിരുന്നു അദ്ദേഹത്തിന്റെ കലാനിലയുടെ ഗ്രാഫിന്റെ ഉയർച്ചതാഴ്ചകൾ. ഏതു മദ്ദളത്തോടായിരുന്നു, ഇടയ്ക്കയോടായിരുന്നു പരമേശ്വരന്റെ തിമിലച്ചേർച്ച? ഏതു കൊമ്പാണ് പരമേശ്വരന്റെ തിമില വഴി സാധിച്ചത്? പരമേശ്വരന്റെ 'തൃപുട'യുടെ വിന്യാസക്രമം എപ്രകാരമായിരുന്നു? ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമായതിനാൽ അവ പഞ്ചവാദ്യ പ്രേമികളുടെ ചർച്ചയ്ക്കുവിടുന്നു.

കലാമണ്ഡലം പരമേശ്വരന്റെ കാലം എന്നത് അദ്ദേഹം നായകനായ കാലം മാത്രമായിരുന്നില്ല. പ്രഗത്ഭരുടെ കാലത്തും സമാന്തര നായകത്വം വഹിച്ച് സമാന്തര കാലം അദ്ദേഹം രൂപപ്പെടുത്തി. അത് വരുംകാലത്തേക്കുള്ള സഞ്ചാരമായിരുന്നു. പല്ലാവൂർക്കാരുടെ തിമിലക്കൊപ്പം പരമേശ്വരന്റെ തിമില അനിവാര്യമായിരുന്ന കാലമായിരുന്നു ഒരർത്ഥത്തിൽ പരമേശ്വരന്റെ തികഞ്ഞ കാലം. പരമേശ്വരൻ ഏറെ വരവേൽക്കപ്പെട്ടത് അക്കാലത്തായിരുന്നു. പരമേശ്വരൻ ആത്മബോധത്തിലേക്ക് മുതിർന്ന കാലവും അതായിരുന്നു. തിമില കലയുടെ ചരിത്രത്തിൽ പരാമർശപ്പേരല്ലാതെ വിശദീകരണമർഹിക്കുന്നവരുടെ പട്ടികയിൽ സ്ഥാനപ്പെട്ട കലാകാരനായി കലാമണ്ഡലം പരമേശ്വര മാരാർ പ്രസക്തനാവുന്നു.

Content Highlights : Dr NP Vijayakrishnan Writes about Annamanada Parameswara Maran on his 3 death anniversary