ആശാൻ,ഉള്ളൂർ, വള്ളത്തോൾ ത്രയത്തിലെ വിപ്ലവശബ്ദം മഹാകവി വള്ളത്തോൾ നാരായണമേനോൻ ഓർമയായിട്ട് അറുപത്തിമൂന്ന് വർഷങ്ങൾ. തന്റെ പഠനകാലത്ത് പലതവണ നേരിൽ കാണാനും അദ്ദേഹത്തിന്റെ സംസാരം കേൾക്കാനും ഭാഗ്യം ലഭിച്ചയാളാണ് ഡോ. എം. ലീലാവതി ടീച്ചർ. കേൾവി വളരെ കുറവായതിനാൽ വിദ്യാർഥികളുടെ സംശയങ്ങൾ കടലാസിലെഴുതിയിട്ട് സഹായി വശം കൊടുക്കുകയായിരുന്നത്രേ ചെയ്തിരുന്നത്. വള്ളത്തോളിന്റെ കാവ്യനീതിയിൽ ഇടം പിടിച്ചിരുന്ന സ്ത്രീപക്ഷവാദത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ ലീലാവതി ടീച്ചർ എഴുതുന്നു.

അനാശാസ്യമായ അധീശത്വത്തിനെതിരെയുള്ള പ്രതിഷേധം വള്ളത്തോളിന്റെ പലകൃതികളിലെയും സ്ഥായിഭാവമാണ്. പ്രായേണ അധീശത്വഭാവം പുരുഷനിൽ നിനിന്നുണ്ടാവുന്നതെന്നതിനാൽ പ്രതിഷേധം സ്ത്രീയുടെ പ്രതികരണമായിത്തീരുന്നു. അങ്ങിനെ മലയാളത്തിൽ ഫെമിനിസമെന്ന പദം ആരും കേട്ടിട്ടില്ലാത്ത കാലത്ത് സ്ത്രീപക്ഷത്തിന്റെ നിയമേനയുള്ള വക്താവായ് കവി വള്ളത്തോളാണ്. 'ഗണപതി'യിലേയും 'ശിഷ്യനും മകനു'മെന്ന കാവ്യത്തിലെയും പാർവതി, 'ബന്ധനസ്ഥനായ അനിരുദ്ധ'നിലെ ഉഷ, 'അച്ഛനും മകളു'മെന്ന കൃതിയിലെ ശകുന്തള എന്നിവരെല്ലാം പുരുഷാധീശത്വത്തെ ശങ്ക കൂടാതെ എതിർക്കുന്നു.

പാർവതിമാർ ശിവനെയും ഉഷയും ശകുന്തളയും പിതാവിനെയും ചോദ്യം ചെയ്യുന്നു. ശകുന്തളയെ ദുഷ്യന്തൻ ത്യജിച്ച കഥകേട്ടപ്പോൾ രുഷ്ടനായ വിശ്വാമിത്രന്റെ മുഖത്തുനോക്കി ഭർത്താവ് സ്വച്ഛന്ദം ഉപേക്ഷിച്ചെങ്കിൽ പിറന്നകാലത്തുതന്നെ ഉപേക്ഷിച്ച ജനയിതാക്കളാണ് കൂടുതൽ വലിയ അപരാധികൾ എന്നു സൂചിപ്പിക്കാൻ ധൈര്യം പ്രകടിപ്പിച്ചവളാണ് വള്ളത്തോളിന്റെ ശകുന്തള. അച്ഛന്റെ സൈന്യത്തോട് ഒറ്റയ്ക്കുപൊരുതി ജയിച്ച അനിരുദ്ധന്റെ വീര്യത്തിന്നു സമ്മാനമായി മകളെ കൊടുക്കേണ്ടതിന്നു പകരം വ്യാജപ്പയറ്റിൽ വിജയിച്ച് അദ്ദേഹത്തെ കാരാഗൃഹത്തിലാക്കിയ അഛൻ ഭീരുവാണെന്ന് സൂചിപ്പിച്ച് കുറ്റപ്പെടുത്തുന്നവളാണ് ഉഷ. പുരുഷവർഗമൊട്ടാകെ സ്ത്രീകളെ അവരുടെ കാമശമനത്തിനുള്ള ഉപകരണങ്ങൾ മാത്രമായിക്കണ്ട് ഗണികാവർഗത്തെ സൃഷ്ടിക്കുകയും പിന്നെ നിന്ദിക്കുകയും ചെയ്തവരെന്ന് കുറ്റപ്പെടുത്തുന്ന വീക്ഷണത്തിനു പ്രതിഷ്ഠ നൽകിയ കൃതികളാണ് 'മഗ്ദലനമറിയ'വും 'കൊച്ചുസീത'യും.

ഈ നാടകീയഭാവകാവ്യങ്ങളിലെല്ലാം തന്നെ സ്ത്രീപക്ഷത്തു നിലയുറപ്പിച്ച് അവർക്കുവേണ്ടി പൊരുതാൻ വാക്കിനെ വാളാക്കിയ (word to sword)ആദ്യത്തെ മലയാള കവിയാണ് വള്ളത്തോൾ. ഈ വിപ്ളവം സാക്ഷാത്‌കരിച്ച കവിയെ വെൺമണി ശൃംഗാരത്തെ സാരിയുടുപ്പിച്ച കവിയെന്ന് സാഹിത്യ നിരൂപണത്തിലെ ശക്തിമാൻ വിശേഷിപ്പിച്ചത് വല്ലാത്ത വൈരുദ്ധ്യമായിപ്പോയി.

Content Highlights: Dr M Leelavathi Remembering Mahakavi Vallathol Narayana Menon on his 63 Death Anniversary