ലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്ന അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷിക ദിനമാണ് ആഗസ്റ്റ് 23. മലയാള സാഹിത്യത്തിലെ ആധുനികതയുടെ വക്താവായിരുന്നു അദ്ദേഹം. മലയാള കവിതയെ ലോകശ്രദ്ധയിലേക്ക് നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായ പങ്ക് വഹിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗത്ഭനായ അധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

1930 സെപ്റ്റംബര്‍ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛന്‍ ഇ.നാരായണന്‍ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍, എന്‍.എസ്.എസ്. മിഡില്‍ സ്‌കൂള്‍, മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്‌കൂള്‍, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലായിരുന്നു ബിരുദ പഠനം.

അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശാലയില്‍ നിന്ന് എം.എ, പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. കോട്ടയം സി.എം.എസ്. കോളേജില്‍ ഒരു വര്‍ഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ല്‍ തിരുവനന്തപുരം എം.ജി. കോളേജിലെത്തി. ദീര്‍ഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സര്‍വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു.

'നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ'.

ചൊല്ലിത്തീരുന്നതിനു മുന്‍പ് ആസ്വാദകനെ കവിതയുടെ ഭാഗമാക്കി മാറ്റുന്ന ചാരുതയാര്‍ന്ന സാഹിത്യത്തിന് അയ്യപ്പപ്പണിക്കരുടെ കവിതകള്‍ ഉദാഹരണങ്ങളാണ്. സമകാലിക ജീവിതാവസ്ഥകളുടെ സംഘര്‍ഷവും സമസ്യകളും കൊത്തിയുടച്ചു കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ മലയാളത്തിന് നല്‍കിയത് നവഭാവുകത്വവും സംവേദനത്തിലെ സാധാരണത്വവുമാണ്.

മരണഭീതിയും ദുരന്തബോധവും ജീവിതരതിയും അസ്തിത്വസന്ദേഹങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന, ആധുനികതയുടെ ഭാവമേഖലകള്‍ അനാവരണം ചെയ്ത ടി.എസ്. എലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡിന്റെ വിവര്‍ത്തനമായിരുന്നു അയ്യപ്പപ്പണിക്കര്‍ ആധുനികതയ്ക്കും മലയാളകവിതയ്ക്കും നല്‍കിയ ആദ്യ സംഭാവന. പിന്നീട് കുരുക്ഷേത്രവും ആധുനികതയുടെ പാത പിന്തുടര്‍ന്നു.

ലേഖനങ്ങളിലൂടെയും കാര്‍ട്ടൂണ്‍കവിതകളിലൂടെയും ഈ കവി നിരന്തരം ആധുനികതയുടെ വക്താവാകുകയും അതിനെ പിന്തുടര്‍ന്നുവന്ന ഉത്തരാധുനികതയെ പരിചയപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. കാലത്തിനോടൊപ്പം നടന്നതിനൊപ്പം മലയാള കവിതയെ ഭാവിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്തു അയ്യപ്പപ്പണിക്കര്‍. പോസ്റ്റ് മോഡേണിസം എന്ന വാക്ക് ലോകസാഹിത്യത്തില്‍ ഉപയോഗിക്കുന്നതുമുമ്പുതന്നെ പണിക്കര്‍ മലയാളത്തില്‍ ഉത്തരാധുനികത കൊണ്ടുവന്നു.

ഗോത്രയാനം, പൂക്കാതിരിക്കാന്‍ എനിക്കാവില്ല, ജീബാനന്ദദാസ്, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ കഥകളും മഹാരാജ കഥകളും, പൂച്ചയും ഷേക്‌സ്പിയറും എന്നിവയാണ് പ്രധാന കൃതികള്‍. 2006 ഓഗസ്റ്റ് 23-ന് അദ്ദേഹം അന്തരിച്ചു. 

സരസ്വതി സമ്മാന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്‌കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ആശാന്‍ പ്രൈസ്, മഹാകവി പന്തളം കേരളവര്‍മ്മ പുരസ്‌കാരം, ഒറീസ്സയില്‍നിന്നുള്ള ഗംഗാധര്‍ മെഹര്‍ അവാര്‍ഡ്, മധ്യപ്രദേശില്‍ നിന്നുള്ള കബീര്‍ പുരസ്‌കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭില്‍വാര പുരസ്‌കാരം, എന്നിവയുള്‍പ്പെടെ പല പുരസ്‌കാരങ്ങളും ലഭിച്ചു. വയലാര്‍ അവാര്‍ഡ് നിരസിച്ചു.

Content Highlights: Dr K Ayyappa Paniker Death anniversary