അംബേദ്കര്‍ ജയന്തി ആഘോഷിക്കുമ്പോള്‍, ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകളോടൊപ്പം ഓര്‍ക്കേണ്ടത് അംബേദ്കറിലെ അക്കാദമിക പ്രതിഭയെയുമാണ്. വരുംതലമുറയ്ക്ക് തീവ്രമായ പ്രചോദനംപകരുന്നതാണ് ആ ബൗദ്ധികപാണ്ഡിത്യം..

ന്ത്യയിലെ പുതിയകാല രാഷ്ട്രീയത്തില്‍ വളരെവേഗം വര്‍ധിച്ചുവരുന്ന ബുദ്ധിജീവിവിരുദ്ധത (anti-intellectualism)യുടെ അന്തരീക്ഷത്തിലാണ് ബാബാ സാഹേബ് അംബേദ്കറുടെ മറ്റൊരു ജന്മജയന്തി കടന്നുപോകുന്നത്. ആലംബമറ്റ് ചിതറിക്കിടന്നിരുന്ന ഇന്ത്യയെ ഒരു സുസ്ഥിരജനാധിപത്യ റിപ്പബ്ലിക്കായി നിര്‍മിച്ചെടുത്ത മഹദ്​വ്യക്തികളെ തമസ്‌കരിക്കാന്‍ ശ്രമിക്കുമ്പോള്‍പ്പോലും ഭരണഘടനാശില്പിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ അംബേദ്കറുടെ കാര്യത്തില്‍ ഈ പുതിയ ഇന്ത്യയുടെ വക്താക്കള്‍ നിസ്സഹായരാണ്. പക്ഷേ, നമ്മുടെ കണ്മുന്നില്‍നിന്ന് വളരെ വേഗം മാഞ്ഞുപോകുന്ന മറ്റൊരു അംബേദ്കറുണ്ട്-ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലങ്ങളില്‍ത്തന്നെ വിശ്വോത്തരമായ അക്കാദമിക് സംഭാവനകള്‍ നല്‍കിയ മഹാപണ്ഡിതന്‍. ഇതില്‍ നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ബൗദ്ധികപാണ്ഡിത്യം നമ്മുടെ പുതിയ തലമുറയ്ക്ക് പകരേണ്ടുന്ന തീവ്രമായ പ്രചോദനവും.

മികവിന്റെ മുദ്രകള്‍

1915-ല്‍ അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദത്തില്‍ തുടങ്ങി, 1923-ല്‍ ഇംഗ്ലണ്ടില്‍നിന്ന് ബാരിസ്റ്ററായി യോഗ്യതനേടുന്നതുവരെയുള്ള എട്ടുവര്‍ഷങ്ങളില്‍ അദ്ദേഹം കൈവരിച്ച അക്കാദമിക് നേട്ടങ്ങളെ അത്യുജ്ജ്വലമെന്നേ വിശേഷിപ്പിക്കാനാവൂ. കൊളംബിയയില്‍നിന്ന് ഗവേഷണബിരുദം, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍നിന്ന് ഡോക്ടര്‍ ഓഫ് സയന്‍സ്-രണ്ടും ധനതത്ത്വശാസ്ത്രത്തില്‍. ഒപ്പം ഇംഗ്ലണ്ടില്‍നിന്നുതന്നെ നിയമബിരുദവും. 1913-ല്‍, ബോബെയില്‍നിന്ന് ബിരുദംനേടി അമേരിക്കയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് 22; തിരികെയെത്തുമ്പോള്‍ 32. ഈ പത്തുവര്‍ഷത്തിനുള്ളില്‍ ധനതത്ത്വശാസ്ത്രത്തിലും നിയമകാര്യങ്ങളിലും അംബേദ്കര്‍ നേടിയ സാങ്കേതികവൈദഗ്ധ്യം പിന്നീടുള്ള അദ്ദേഹത്തിന്റെ ഉജ്ജ്വലമായ രാഷ്ട്രീയ-സാമൂഹിക-രാഷ്ട്രനിര്‍മാണ സംഭാവനകളില്‍ നിറഞ്ഞുനില്‍ക്കുന്നതുകാണാം.

കൂടുതല്‍ക്കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇന്ന് നാം വളരെയേറെ കലഹിക്കുന്ന ഒരു കാര്യമാണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം (centre-state relations). നമ്മുടെ നികുതികളെല്ലാം കേന്ദ്രം പിരിച്ചുകൊണ്ടുപോവുകയും ചെലവിനായി അവരുടെ ഔദാര്യത്തിനായി കൈനീട്ടേണ്ടതുമായ അവസ്ഥ. ഇതിനെക്കുറിച്ചായിരുന്നു അംബേദ്കര്‍ നൂറിലേറെ വര്‍ഷംമുമ്പ് കൊളംബിയയില്‍വച്ച് എഴുതിയ തന്റെ ആദ്യത്തെ ഗവേഷണപ്രബന്ധം: 'Evolution of Provincial Finances in British India'. ഈ വിഷയത്തില്‍ എഴുതപ്പെട്ട ആദ്യത്തെ സമഗ്രമായ പഠനമായിരുന്നു അത്. 1800 മുതല്‍ 1910 വരെയുള്ള കാലഘട്ടത്തില്‍ എങ്ങനെയാണ് ബ്രിട്ടീഷ് കേന്ദ്രസര്‍ക്കാരും അന്നത്തെ പ്രവിശ്യകളും തമ്മിലുള്ള സാമ്പത്തിക ഏര്‍പ്പാടുകള്‍ ഉയര്‍ന്നുവന്നതെന്നും അത് മാതൃകാപരമായി എങ്ങനെയായിരിക്കണമെന്നും അംബേദ്കര്‍ എഴുതി.

വര്‍ഷങ്ങള്‍ക്കുശേഷം, 1951-ല്‍ ഇന്ത്യയുടെ ആദ്യത്തെ ഫിനാന്‍സ് കമ്മിഷന്‍ രൂപവത്കരിക്കുന്നത് ഇതേ വിഷയം കൈകാര്യം ചെയ്യുന്നതിനായിരുന്നു. അപ്പോള്‍, അതിന് ആകെയുണ്ടായിരുന്ന സാങ്കേതികമൂലാധാരം അംബേദ്കറിന്റെ ഉജ്ജ്വലമായ ഈ പ്രബന്ധമായിരുന്നു. പ്രവിശ്യകളുടെ (ഇപ്പോഴത്തെ സംസ്ഥാനങ്ങള്‍) സാമ്പത്തിക സ്വയംഭരണമായിരുന്നു അംബേദ്കര്‍ നിര്‍ദേശിച്ചത്. സാമ്പത്തിക കേന്ദ്രീകൃതത്വത്തില്‍ നമ്മള്‍ എത്രത്തോളം പിറകോട്ടുപോയിരിക്കുന്നു എന്ന് അന്നത്തെ അംബേദ്കര്‍ നമ്മളെ ഓര്‍മിപ്പിക്കുന്നതുപോലെ.

ദീര്‍ഘദര്‍ശനം

അതുപോലെ ഇന്നും സാങ്കേതികമായി വളരെ സാംഗത്യമുള്ളതാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ അദ്ദേഹത്തിന്റെ ഡോക്ടര്‍ ഓഫ് സയന്‍സ് പ്രബന്ധം (അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിലെ രണ്ടാമത്തെ ഡോക്ടറേറ്റ്). 'The problem of the rupee: Its origin and its solution.' പൂര്‍ണമായും സാങ്കേതികമായ ഈ പുസ്തകം പരിചയം സിദ്ധിച്ച സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കുപോലും വായിച്ചു മനസ്സിലാക്കാന്‍ പ്രയാസമാണ്. രൂപ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍, നോട്ടുനിരോധനമുണ്ടാക്കിയ സാമ്പത്തികത്തകര്‍ച്ച എന്നിവയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, ഒരു നൂറ്റാണ്ടുമുമ്പുതന്നെ ഇന്ത്യന്‍ കറന്‍സിയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ അംബേദ്കര്‍ ശ്രമിച്ചിരുന്നു എന്നത് അദ്ഭുതാവഹമാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ നൂറിലേറെ വര്‍ഷങ്ങളില്‍ രൂപ എങ്ങനെയൊരു സാമ്പത്തിക കൈമാറ്റ ഉപകരണമായി മാറി എന്നും എന്തായിരിക്കണം ഇന്ത്യയ്ക്കുചേരുന്ന കറന്‍സിയെന്നും അദ്ദേഹം തന്റെ പ്രബന്ധത്തില്‍ പ്രതിപാദിച്ചു. ഇതിലൂടെ ആര്‍ജിച്ച അറിവുകള്‍ അദ്ദേഹം പിന്നീട് (1926) ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് സ്ഥാപിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹില്‍ട്ടണ്‍-യങ് കമ്മിഷന് (Royal Commission on Indian Currency and Finance) മുമ്പില്‍ പങ്കുവെക്കുകയും രൂപയുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കൈയിലായിരിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു.

വളരെ പ്രസക്തമായിരുന്നു ഇന്ത്യയുടെ കറന്‍സി 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡി'ല്‍ അധിഷ്ഠിതമായിരിക്കണോ അതോ 'ഗോള്‍ഡ് എക്‌സ്ചേഞ്ച് സ്റ്റാന്‍ഡേര്‍ഡി'ല്‍ അധിഷ്ഠിതമായിരിക്കണോ എന്ന ചര്‍ച്ചയില്‍ അംബേദ്കറിന്റെ നിലപാട്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ കെയ്ന്‍സിന്റെ വാദഗതിയെ എതിര്‍ത്ത് അംബേദ്കര്‍ വാദിച്ചത് 'ഗോള്‍ഡ് സ്റ്റാന്‍ഡേഡ്' രീതി സ്വീകരിച്ചാല്‍ അത് തോന്നുന്നതുപോലെ നോട്ടടിക്കുന്നതില്‍നിന്നും ആര്‍.ബി.ഐ.യെ തടയുമെന്നും അതുവഴി നമ്മുടെ കറന്‍സിക്ക് കൂടുതല്‍ ഉറപ്പുലഭിക്കുമെന്നും ജനങ്ങളെ പണപ്പെരുപ്പത്തില്‍നിന്ന് രക്ഷിക്കുമെന്നുമാണ്.

മുമ്പേ നടന്ന മഹാപ്രതിഭ

അംബേദ്കറിനെക്കുറിച്ച് ധാരാളമെഴുതിയിട്ടുള്ള (പുസ്തകങ്ങളും ലേഖനങ്ങളും) മുന്‍ പ്ലാനിങ് കമ്മിഷന്‍ അംഗവും ഇപ്പോള്‍ രാജ്യസഭാംഗവുമായ സാമ്പത്തികശാസ്ത്രജ്ഞന്‍ നരേന്ദ്രജാദവ് പറയുന്ന ഒരു സംഭവമുണ്ട്. അദ്ദേഹം ആര്‍.ബി.ഐ. ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ അന്നത്തെ ഗവര്‍ണര്‍ രംഗരാജനുവേണ്ടി ഒരു പ്രസംഗമെഴുതിയത്രെ. 'Automatic monetisation of budget deficit' എന്നതായിരുന്നു വിഷയം. പ്രസംഗം കൈമാറുമ്പോള്‍ ജാദവ് രംഗരാജനോട് പറയുന്നു: ''ഞാനെഴുതിയതിന് ഡോക്ടര്‍ അംബേദ്കര്‍ ഈ വിഷയത്തില്‍ പറഞ്ഞിട്ടുള്ളതിനോട് സാമ്യമുണ്ട്''

''അംബേദ്കറോ? അദ്ദേഹത്തിന് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് എന്തറിയാം?'' -രംഗരാജന്റെ മറുപടി.

രംഗരാജനെപ്പോലെയുള്ള ഒരാളിന്റെ അന്നത്തെ മറുപടി അംബേദ്കറിന്റെ പാണ്ഡിത്യത്തിന്റെ നിരാകരണമായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും ആഘോഷിക്കേണ്ട സമയമായിരിക്കുന്നു. നമുക്കും എത്രയോമുമ്പേ നടന്ന മഹാപ്രതിഭ.

(യു.എന്‍.ഡി.പി.യുടെ മുന്‍ ഏഷ്യ-പസിഫിക് സീനിയര്‍ ഉപദേശകനും കോളമിസ്റ്റുമാണ് ലേഖകന്‍)

Content Highlights: Dr BR Ambedkar's intellectual contribution