ഡോ. ബി.ആര്‍. അംബേദ്കറിന്റെ ജന്മവാര്‍ഷികദിനം ആചരിക്കുകയാണ് രാജ്യം. ഇന്ത്യയില്‍ ഒരു സാംസ്‌കാരിക വിപ്ലവത്തിന് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഡോ. അംബേദ്കര്‍. നീണ്ട യാതനകളിലൂടെ ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രം പ്രതിലോമശക്തികളോട് മല്ലിട്ടു ജീവിതവിജയം കൈവരിച്ച ഒരു സ്ഥിതപ്രജ്ഞന്റെ കഥയാണ് അംബേദ്കറുടെ ജീവിതകഥ. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ കഥകൂടിയാണിത്. 

1891 ഏപ്രില്‍ 14-ന് മഹാരാഷ്ട്ര സംസ്ഥാനത്തെ രത്നഗിരി ജില്ലയില്‍ അംബെവാഡേ ഗ്രാമത്തില്‍ ജനിച്ച ഡോ.അംബേദ്ക്കറുടെ അച്ഛനമ്മമാരിട്ട പേര്‍ 'ഭീം' എന്നായിരുന്നു. താണ ജാതിയെന്ന് സവര്‍ണര്‍ പറയുന്ന 'മഹര്‍'ജാതിയിലാണ് അദ്ദേഹം ജനിച്ചത്. 

പട്ടാളത്തില്‍ ഒരു സുബേദാറായിരുന്ന രാംജി സക്പാലിന്റെ പതിനാലാമത്തെ മകനായിരുന്നു ഭീം. 

നന്നേ ചെറുപ്പത്തില്‍ത്തന്നെ സവര്‍ണ വെറിയന്മാരുടെ അനാചാരങ്ങള്‍ക്ക് കൊച്ചു ഭീം ബലിയാടായിരുന്നു. ഈ അനുഭവങ്ങളായിരുന്നു പില്‍ക്കാലത്ത് ഭീമിന് തന്റെ ചുറ്റിലും നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പൊരുതാന്‍ ആവേശവും കരുത്തും പകര്‍ന്നത്. 

പ്രാഥമിക വിദ്യാഭ്യാസാനന്തരം ഹൈസ്‌കൂള്‍, പഠനം നടത്തുകയും മെട്രിക്കുലേഷന്‍ പരീക്ഷ പാസാവുകയും ചെയ്തു ഭീം. തുടര്‍ന്ന് കോളേജിലെത്താന്‍ അംബേദ്കര്‍ക്ക് ബറോഡ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ്പ് നേടേണ്ടിവന്നു. ഒടുവില്‍ പ്രശസ്തമായ നിലയില്‍ അംബേദ്കര്‍ ബി.എ. പാസായി. മെട്രിക്കുലേഷന്‍ പരീക്ഷ പാസായ സന്ദര്‍ഭത്തില്‍ തന്നെ 17-കാരനായ അംബേദ്കര്‍ ഒമ്പതുകാരിയായ രമാബായി എന്ന പെണ്‍കുട്ടിയെ സമുദായാചാരപ്രകാരം ഒരു ചന്തയില്‍ വെച്ച് വിവാഹം കഴിച്ചു. കോളേജ് പഠനം പൂര്‍ത്തീകരിച്ച അംബേദ്കര്‍ 1912-ല്‍ ബറോഡ സൈന്യത്തില്‍ ഒരു ലെഫ്റ്റനന്റായി ഔദ്യോഗികജീവിതം ആരംഭിച്ചു. തുടര്‍ന്ന് ബറോഡ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് നേടിക്കൊണ്ട് അംബേദ്കര്‍ ഉപരിപഠനത്തിനായി അമേരിക്കയിലേക്കും പുറപ്പെട്ടു. അയിത്ത ജാതിക്കാരനായ ഒരു ഇന്ത്യക്കാരന്‍ ആദ്യമായിട്ടായിരുന്നു ഉപരിപഠനാര്‍ഥം വിദേശരാജ്യത്തെത്തുന്നത് കൊളംബിയ സര്‍വകലാശാലയിലും ലണ്ടനിലെ ഗ്രെയിസ്ഇന്നിലും ജര്‍മ്മനിയിലെ ബോണ്‍ സര്‍വകലാശാലയിലുമായി അംബേദ്കർ ഉന്നതവിദ്യാഭ്യാസം നടത്തുകയും ഉന്നത ബിരുദങ്ങള്‍ നേടുകയും ചെയ്തു.

വിദേശവിദ്യഭ്യാസം പൂര്‍ത്തീകരിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയ ഡോ.അംബേദ്കറെ ബറോഡ മഹാരാജാവ് 1917-ല്‍ തന്റെ മിലിട്ടറി സെക്രട്ടറിയായി നിയമിച്ചു.

1927-ല്‍ അംബേദ്കര്‍ ബോംബെ നിയമസഭാ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

1935ലാണ് ഡോ.അംബേദ്കർ അധഃസ്ഥിതര്‍ക്കായി 'ഇന്‍ഡിപെഡന്റ് ലേബര്‍പാര്‍ട്ടിയെന്ന രാഷ്ട്രീയ കക്ഷിക്ക് രൂപം കൊടുത്തത്. 1946-ല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുണ്ടായ ഇടക്കാല മന്ത്രിസഭ ഇന്ത്യയില്‍ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അംബേദ്ക്കര്‍ ബംഗാളില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. പാകിസ്താന്റെ ഉദയത്തോടൊപ്പം ഡോ. അംബേദ്കറുടെ കോണ്‍സ്റ്റിറ്റ്യുയന്റ് അസംബ്ലിയിലെ അംഗത്വം നഷ്ടപ്പെട്ടു. കിഴക്കന്‍ പാകിസ്താനിലെ ആ മണ്ഡലമിപ്പോള്‍ ബംഗ്ലാദേശിലാണ്. തുടര്‍ന്ന് നെഹ്രുവിന്റെ നേതൃത്വത്തില്‍ ഒരു കേന്ദ്രമന്ത്രി സഭയുണ്ടാക്കി. ആ മന്ത്രിസഭയില്‍ ഡോ. അംബേദ്കറെ നിയമവകുപ്പ് മന്ത്രിയായി നിയമിച്ചു. അങ്ങിനെ ഇന്ത്യയിലെ ആദ്യ നിയമന്ത്രിയെന്നഖ്യാതി അംബേദ്കര്‍ക്ക് ലഭിച്ചു. ഈ സ്ന്ദര്‍ഭത്തില്‍ ഇന്ത്യയ്ക്ക് സ്വതന്ത്രമായ ഒരു ഭരണഘടനയുടെ ആവശ്യം നേരിട്ടു. നിയമവകുപ്പുമന്ത്രിയായ ഡോ. അംബേദ്കറെതന്നെ ഭരണഘടനാ നിര്‍മാണസമിതിയുടെ ചെയര്‍മാനായി നിയമിച്ചു. 

ഡോ.അംബേദ്കറെ കൂടാതെ, അല്ലാഡി കൃഷ സ്വാമി അയ്യര്‍, എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍, കെ.എം. മുന്‍ഷി, ഡോ. രാജേന്ദ്രപ്രസാദ്, വി.ടി. കൃഷ്ണമാചാരി, നെഹ്രു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ബി.എന്‍. റാവു എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമായിരുന്നു. 141 ദിവസത്തെ നിരന്തര പ്രയത്നത്തിന്റെ ഫലമായി ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഡോ. അംബേദ്കര്‍ രൂപം നല്‍കി. കമ്മിറ്റി മെമ്പര്‍മാര്‍ പലരുണ്ടായിട്ടും ഡോ. അംബേദ്കറുടെ അശ്രാന്തപരിശ്രമം ഒന്നുകൊണ്ടായിരുന്നു ഭരണഘടന തയ്യാറാക്കാന്‍ സാധിച്ചതുതന്നെ. 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടും ഭരണഘടനാ നിര്‍മ്മാണവേളയില്‍ പരിശോധിക്കപ്പെടുകയുണ്ടായി. പുതിയ ഭരണ ഘടന 1949 നവംബര്‍ 26-ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ട് ഡോ. അംബേദ്കര്‍ ഇങ്ങനെ പ്രഖ്യാപിച്ചു. 'ഭാരതീയരായ നാം നമ്മുടെ ഭരണഘടനയും സ്വാതന്ത്ര്യവും ഭാരതത്തിലെ ഒരു കുഞ്ഞുള്ളകാലം വരെ ചോരയും ജീവനും നല്‍കി സംരക്ഷിക്കും'. 1950 ജനുവരി 20-ന് പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയില്‍ 15, 16, 17, 19, 25, 29, 46, 164. 244,330.332, 334, 335, 338 എന്നീവകുപ്പുകളിലും 5-0, 6-0 പട്ടികകളിലുമായിട്ടാണ് പട്ടികജാതിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇവയൊന്നും തന്നെ സര്‍ക്കാര്‍ പരിഗണിക്കപ്പെടുന്നില്ലെന്നല്‍ ഉത്കണ്ഠാകുലമായ സംഗതിയാണ്.

1951-ല്‍ ഡോ. അംബേദ്കര്‍ തയ്യാറാക്കിയ ഹിന്ദുകോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെങ്കിലും ബില്‍ പാസാകാത്തതില്‍ പ്രതിഷേധിച്ച് 1951 സപ്തംബര്‍ 27-ന് അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. അതോടൊപ്പംതന്നെ ഹിന്ദുമതത്തോടും അവയിലെ അനാചാരങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് 1956 ഒക്ടോബര്‍ 14-ന് മൂന്ന് ലക്ഷം അനുയായികളോടൊപ്പം ഡോ. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചു. ഇതേവര്‍ഷം തന്നെ അദ്ദേഹം ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിക്ക് പകരം പട്ടികജാതിക്കാര്‍ക്കായി 'റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയപാര്‍ട്ടിക്കും ജന്മം നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇന്ന് വിഭാഗീയത കാരണം പലതുണ്ടുകളായി വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. അതില്‍ ഗവായി ഗ്രൂപ്പിനും അല്‍വാല ഗ്രൂപ്പിനും പ്രാമുഖ്യമുണ്ട്.

ഒട്ടേറെ പ്രബന്ധങ്ങളുടെയും പ്രമുഖ ഗ്രന്ഥങ്ങളുടെയും കര്‍ത്താവ് കൂടിയാണ് ഡോ. അംബേദ്കര്‍. 1956 ഡിസംബര്‍ 5ന് രാത്രിയില്‍ സിലോണില്‍ നിന്നെത്തിയ ഏതാനും ബുദ്ധഭിക്ഷുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന അദ്ദേഹം പിന്നീട് ഉണര്‍ന്നില്ല. ഡിസംബര്‍ ആറിന് പുലര്‍ച്ചെ ചായയും കൊണ്ടുചെന്ന പരിചാരകന്‍ കണ്ടത് ഡോ. അംബേദ്കര്‍ മരിച്ചു കിടക്കുന്നതാണ്.

അംബേദ്കറിന്റെ ജീവചരിത്രം വാങ്ങാം

Content Highlights: Dr BR Ambedkar birth anniversary