കോഴിക്കോട് മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനും എഴുത്തുകാരനുമായ ഡോ. ആര്‍സുവിന്റെ വിശിഷ്ട പുസ്തകശേഖരങ്ങള്‍ ഇനി ആര്‍ട്‌സ് കോളേജിന് സ്വന്തം! ഒരു ഭക്തന്റെ വിശുദ്ധിയോടുകൂടിയാണ് താന്‍ ഈ പുസ്തകനിവേദ്യം അര്‍പ്പിക്കുന്നതെന്ന് ഡോ. ആര്‍സു പറയുന്നു. അദ്ദേഹവുമായുള്ള സംഭാഷണം വായിക്കാം. 

തിനേഴാം വയസ്സിലാണ് ഞാന്‍ കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ പഠിക്കാന്‍ ചേരുന്നത്. ഇപ്പോഴെന്റെ പ്രായം എഴുപത്തിയൊന്ന്. ഈ കാലത്തിനിടയില്‍ അനേകം നേട്ടങ്ങള്‍, അംഗീകാരങ്ങള്‍, പുരസ്‌കാരങ്ങള്‍ എല്ലാം കൈവന്നു. ഒപ്പം പുസ്തകങ്ങളും. പുസ്തകങ്ങള്‍ ലഭിച്ചത് പലവഴിയിലൂടെയാണ്. ഓരോ പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോഴും പുസ്തകങ്ങളും കൂടെ ലഭിക്കും. ഇന്ത്യയിലെ മുപ്പതോളം സര്‍വകലാശാലകളില്‍ എക്‌സറ്റന്‍ഷന്‍ ലക്ചറിനായി പോയിട്ടുണ്ട്. അപ്പോഴെല്ലാം വളരേ വിശിഷ്ടവും അന്യത്ര ലഭ്യവുമല്ലാത്ത പുസ്തകങ്ങള്‍ എനിക്ക് കിട്ടി. ജാലിയന്‍ വാലാബാഗിനെപ്പറ്റിയുള്ള പുസ്തകം കിട്ടിയത് ജാലിയന്‍ വാലാബാഗില്‍ നിന്ന് തന്നെയാണ്. ഓരോ പ്രദേശത്തുനിന്നും അവിടെ മാത്രം ലഭിക്കാവുന്ന, ആ പ്രദേശത്തിന്റെ സംസ്‌കാരവും സാഹിത്യവുമായി ബന്ധപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ അങ്ങനെ ശേഖരിക്കാന്‍ പറ്റി. പുരസ്‌കാരങ്ങളോടൊപ്പം ലഭിക്കുന്ന പുസ്തകങ്ങളാണ് അവാര്‍ഡ് തുകയെക്കാള്‍ മഹത്വമാര്‍ന്നത് എന്നെനിക്ക് തോന്നിയിരുന്നു. 

ഇതെല്ലാം എങ്ങനെ നേടി എന്ന ചോദ്യം സ്വയം ചോദിക്കുമ്പോള്‍ ഇതെല്ലാം ആര്‍ട്‌സ് കോളേജില്‍ പഠിച്ചതുകൊണ്ടും അവിടത്തെ അധ്യാപകരില്‍ നിന്നും ലഭിച്ച മാര്‍ഗദര്‍ശനവും കൊണ്ടും സാധ്യമായതാണ്. ക്ലാസിലെ മാത്രം അധ്യാപകരായിരുന്നില്ല അവര്‍, ജീവിതത്തിലെയും മാര്‍ഗദര്‍ശികളായിരുന്നു. ഈ പുസ്തകങ്ങള്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിരുന്നാല്‍ എനിക്കൊരാള്‍ക്കുമാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ. അറിവിനെ മുറിവാക്കാതെ ഉറവാക്കുന്നവരെയാണ് നമ്മള്‍ ജ്ഞാനികള്‍ എന്നു പറയുന്നത്. അറിവിന്റെ തലം എന്നത് അത് എത്രമേല്‍ പകര്‍ന്നുകൊടുക്കുന്നവോ, പകരാന്‍ അവസരം സൃഷ്ടിക്കുന്നുവോ എന്നുള്ളതാണ്. 

ഞാന്‍ ഒരു സര്‍ജറി കഴിഞ്ഞ്് വിശ്രമിക്കുമ്പോള്‍ ഞാന്‍ ഇനി ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. പഴയകാലം ഓര്‍മകളില്‍ എത്തിയപ്പോള്‍ കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ ചേര്‍ന്നില്ലായിരുന്നവെങ്കില്‍, ഹിന്ദി എടുത്ത് പഠിച്ചില്ലായിരുന്നവെങ്കില്‍, അധ്യാപകരുടെ മാര്‍ഗദര്‍ശനം എനിക്കു ലഭിച്ചില്ലായിരുന്നെങ്കില്‍ ഇന്നുകയ്യിലുള്ള പുരസ്‌കാരങ്ങളും സൗഭാഗ്യങ്ങളുമൊന്നും വന്നുചേരില്ലായിരുന്നു എന്ന തിരിച്ചറിവാണ് ഉണ്ടായത്. രണ്ട് തവണ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാനുള്ള അവസരമുണ്ടായി. പുരസ്‌കാരം വാങ്ങുമ്പോള്‍ മൈക്കിലൂടെ അനൗണ്‍സ്‌മെന്റെ് ഉണ്ടാകും. നമ്മുടെ പ്രൊഫൈല്‍ ആണ് പറയുക. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പഠിക്കുകയും പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനാവുകയും ചെയ്തു എന്നൊക്കെ അവര്‍ വിവരിക്കും. രാഷ്ട്രപതിഭവനില്‍ നിന്നും ഞാന്‍ പഠിച്ച കോളേജിന്റെ പേര് പറഞ്ഞപ്പോള്‍ ആ കോളേജിനുവേണ്ടി ഞാന്‍ എന്തുചെയ്തു എന്ന ചിന്തയാണ് എന്നെ അലട്ടിയത്. എന്റെ കോളേജ് കാലം എനിക്ക് പ്രയോജനപ്പെട്ടതിനേക്കാള്‍ പ്രചോദിക്കപ്പെടുകയാണ് ഉണ്ടായത്. പ്രയോജനത്തിന്റെ ഭാഗത്തല്ല, മറിച്ച് പ്രചോദനത്തിന്റെ ഭാഗത്ത് നില്‍ക്കുമ്പോഴാണ് പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തയുണ്ടാവുക. നമ്മുടെ ചിന്തയ്ക്കുള്ള ഇന്ധനമാണത്. 

ആര്‍ട്‌സ് കോളേജിലെ ആദ്യത്തെ ഹിന്ദി അധ്യാപിക ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ പ്രൊഫ. രതീദേവി അമ്മയായിരുന്നു. അവരുടെ ഹിന്ദി ഉച്ചാരണശുദ്ധിയും ഭാഷാപ്രയോഗങ്ങളും കേട്ടപ്പോള്‍ ആ വിഷയത്തോട് എനിക്ക് ഏറെ അടുപ്പം തോന്നി. അതുപോലെ തന്ന പ്രൊഫ. ടി.എം രാജഗോപാല്‍ സാറിന്റെ ക്ലാസും. കേരളീയനായിട്ടുള്ള ഒരാള്‍ ആദ്യമായ പി.എച്ച്ഡി എടുക്കുന്നത് ഡോ. കെ. ഭാസ്‌കരന്‍ നായര്‍ ആണ്. അദ്ദേഹമായിരുന്നു അന്ന് പ്രിന്‍സിപ്പാള്‍. പ്രിന്‍സിപ്പാളായിട്ടും അദ്ദേഹം ഞങ്ങളുടെ ക്ലാസില്‍ വന്ന് പാഠഭാഗങ്ങളൊക്കെ പഠിപ്പിക്കുമായിരുന്നു. ലാളിത്യത്തിന്റെ ഔന്നത്യം എന്നു പറയുന്നത് പല ഹിന്ദി അധ്യാപകരുടെയും ജീവിതശൈലിയായിരുന്നു. ഹിന്ദിയെ ഒരു ഭാഷ എന്ന നിലയില്ല, ഒരു ചൈതന്യം സംസ്‌കാരം എന്ന നിലയിലായിരുന്നു അവരൊക്കെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നിരുന്നത്. 

Dr.Arsu handed over the books
ഡോ. ആര്‍സു പുസ്തകങ്ങള്‍ കൈമാറുന്നു

ആര്‍ട്‌സ്‌കോളേജ് എന്റെ അക്കാദമികമികവുകള്‍ക്ക് അടിത്തറയിട്ട സ്ഥാപനമാണ്. ഞാന്‍ പഠിക്കുന്ന കാലത്ത് മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വര്‍ഷമായിരുന്നു. അന്ന് ഖാന്‍ അബ്ദുള്‍ ഖാഫര്‍ഖാന്‍ കോഴിക്കോട്ട് വന്നിരുന്നു. ഗാന്ധിജിയെ കണ്ടിട്ടാല്ലത്തവര്‍ക്ക് ആ ഖേദം തീര്‍ക്കാനായി ഇതാ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായി നമ്മുടെ നാട്ടില്‍ എത്തിയിരിക്കുന്നു എന്നായിരുന്നു അന്നത്തെ മൈക്ക് അനൗണ്‍സ്‌മെന്റെ്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞു. 1968-ലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഉദ്ഘാടനം ചെയ്യുന്നത്. അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ഡോ. ത്രിഗുണ്‍സന്‍ തന്റെ സദസ്സിലെ വിദ്യാര്‍ഥികളെ നോക്കിപ്പറഞ്ഞു. സദസ്സിന്റെ അങ്ങേയറ്റത്തിരിക്കുന്ന വിദ്യാര്‍ഥികളെയാണ് ഞാന്‍ ഒന്നാമതായി പരിഗണിക്കുന്നത് എന്നാണ്. മലബാറിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റിയും ഗാന്ധിജിയുടെ ജന്മശതാബ്ദിയും ഒരേ വര്‍ഷമാണ് കോഴിക്കോട് കൊണ്ടാടിയത്. 

ഞാന്‍  ബി.എ കഴിഞ്ഞിറങ്ങിയപ്പോള്‍ അധ്യാപകനായ ഈച്ചരവാരിയര്‍ ആണ് ഉപദേശിച്ചത് ഉന്നതപഠനത്തിനായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേരണമെന്ന്. അപ്പോള്‍ കാലിക്കറ്റില്‍ ഹിന്ദി വിഭാഗം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഈച്ചരവാരിയര്‍മാഷ് പറഞ്ഞു- 'യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കണം. തുടക്കമായതുകൊണ്ട് സൗകര്യങ്ങളൊക്കെ കുറവായിരിക്കും ഞങ്ങള്‍ക്കൊന്നും ഇത്തരം സൗഭാഗ്യങ്ങള്‍ ലഭിച്ചിട്ടില്ല.' ഞാന്‍ അതു അനുസരിച്ചു. രണ്ടാം റാങ്കോടെ എം.എ പഠനം കഴിഞ്ഞതും പി.എസ്.സി നിയമനമായി- കോഴിക്കോട് ആര്‍ട്‌സ് കോളേജ് ഹിന്ദി വിഭാഗത്തില്‍ ലക്ചറര്‍! ആര്‍ട്‌സ്‌കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പൂര്‍വവിദ്യാര്‍ഥി അധ്യാപകനായി വരുന്നത്. ഊഷ്മളമായ സ്വീകരണം തന്നെ ലഭിച്ചു. അന്നത്തെ പ്രിന്‍സിപ്പാള്‍ ടി.ആര്‍ സുബ്രഹ്മണ്യം ആലിംഗനം ചെയ്തുകൊണ്ടാണ് സ്വീകരിച്ചത്. താങ്കളുടെ പൂര്‍വവിദ്യായലയത്തില്‍ ഒരുപാട് നാള്‍ തുടരാന്‍ കഴിയട്ടെ എന്നദ്ദേഹം ആശംസിച്ചു. ഒരുപാടു കാലമൊന്നും അവിടെ തുടര്‍ന്നില്ല. ഏഴര വര്‍ഷത്തിനുശേഷം യൂണിവേഴ്‌സിറ്റിയില്‍ അപ്പോയ്ന്‍മെന്റ് കിട്ടിയപ്പോള്‍ അങ്ങോട്ടുപോയി. 

ആര്‍ട്‌സ് കോളേജിന് ഞാന്‍ പുസ്തകനിവേദ്യമാണ് അര്‍പ്പിച്ചിരിക്കുന്നത്. ഒരു ക്ഷേത്രത്തില്‍ പോയി നമ്മള്‍ അങ്ങോട്ട് നല്‍കുന്നത് നിവേദ്യവും പൂജാരി തരുന്നത് പ്രസാദവുമാണ്. ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങളാണ് എന്റെ വിദ്യാക്ഷേത്രത്തിന് നിവേദ്യമര്‍പ്പിച്ചിരിക്കുന്നത്. ഇത്രയും പുസ്തകങ്ങള്‍ കൊടുക്കുമ്പോള്‍ വിഷമമില്ലേ എന്നൊരാള്‍ ചോദിച്ചു. കര്‍ണനോട് കവചകുണ്ഡലങ്ങള്‍ ദാനം ചെയ്യുമ്പോള്‍ വൈമനസ്യമുണ്ടോ എന്ന് ചോദിക്കുന്നതുപോലെയാണ് അത്. കൊടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കുവാന്‍ പാടില്ല. ഒരു ഭക്തന്റെ വിശുദ്ധിയോട് കൂടിയാണ് ഞാന്‍ ഈ പുസ്തകനിവേദ്യം അര്‍പ്പിച്ചിരിക്കുന്നത്. വളരെ വിശിഷ്ടമായ പുസ്തകങ്ങള്‍ അക്കൂട്ടത്തിലുണ്ട്. അത് തലമുറകളോളം ഉപയോഗത്തില്‍ പെടട്ടെ. 

Content Highlights: Dr. Arsu speaks about great book donation to kozhikode govt Arts and Science college