മലയാളസാഹിത്യം ഇനിയും നടന്നുപതിയാത്ത വഴികളിലേക്ക് വായനക്കാരെയും കൂട്ടി നടക്കാനിറിങ്ങിയ കഥാകൃത്താണ് എം. സുകുമാരൻ. അദ്ദേഹത്തിന്റെ തെളിഞ്ഞ ചിരിയിൽ കേരള സംസ്കാരവും രാഷ്ട്രീയവും സാമൂഹ്യബന്ധങ്ങളും ബന്ധനങ്ങളും തെളിഞ്ഞുതന്നെ നിന്നിരുന്നു. കഥാകൃത്ത് അന്തരിച്ചിട്ട് മൂന്നു വർഷം തികയുന്നു. ആരായിരുന്നു എം. സുകുമാരൻ എന്ന് വിശദമാക്കുകയാണ് ഡോ. അനിൽ വള്ളത്തോൾ.

മലയാളസാഹിത്യത്തിൽ പലതുകൊണ്ടും വേറിട്ടുനിൽക്കുന്ന കഥാകൃത്തുക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിലകൊള്ളുന്ന പേരാണ് എം. സുകുമാരന്റേത്. അദ്ദേഹം എന്നും പറഞ്ഞുകൊണ്ടിരുന്നത് സാധാരണക്കാരന്റെ ജീവിതത്തെക്കുറിച്ചായിരുന്നു. അവന്റെ വേദനകളെ വിപ്ളവാത്മകമായ മനസ്സോടെ നിരീക്ഷിച്ച ഒരു കഥാകൃത്താണ് എം. സുകുമാരൻ. പ്രശസ്തനായ കഥാകൃത്ത് മൺമറഞ്ഞിട്ട് മൂന്നു വർഷമായി. 2018 മാർച്ച് പതിനാറിനായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹം കഥാവശേഷനായിട്ടും അദ്ദേഹത്തിന്റെ കഥകളിലേതുപോലെയുള്ള ഒരു വിപ്ളവാത്മകമായ ചലനം പിന്നീട് ഉണ്ടായിട്ടില്ല എന്നു വേണം പറയാൻ.

എന്തായിരുന്നു എം. സുകുമാരന്റെ വ്യതിരിക്തത? മലയാളത്തിൽ രാഷ്ട്രീയകഥ അതിന്റെ ശരിയായ അർഥത്തിൽ ആദ്യമായി അവതരിപ്പിച്ചത് എം. സുകുമാരനാണ്. 'ശേഷക്രിയ'യും 'മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങളും' എല്ലാം അതിന് ഉദാഹരണങ്ങളാണ്. മനുഷ്യൻ എന്ന യാഥാർഥ്യത്തെ വിസ്മരിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനവും രാഷ്ട്രീയമല്ല എന്നുറച്ചു വിശ്വസിച്ച ആളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തെ പരിപൂർണമായും പിന്തുടരുവാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചതുമില്ല. പീഡിതരായ ആളുകളുടെ മോചനം എന്നായിരിക്കും, എങ്ങനെയായിരിക്കും സാധ്യമാവുക എന്നദ്ദേഹം നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു.

പക്ഷേ സുകുമാരന്റെ കഥകളെ വേണ്ടവിധത്തിൽ പഠനവിധേയമാക്കിയിട്ടുണ്ടോ എന്ന കാര്യം ഇനിയും സംശയാസ്പദമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥകളുടെ പ്രബോധനാത്മകതയെയും അദ്ദേഹത്തിന്റെ അധ്യാപനത്വരയെയും മറ്റും ഇടതുപക്ഷയുക്തികളെക്കൊണ്ട് അളക്കുകയും വിമർശവിധേയമാക്കുകയും ചെയ്യുകയാണ് പലപ്പോഴും ചെയ്തുപോന്നിരുന്നത്. എന്നാൽ എം. സുകുമാരൻ എന്ന കഥാകൃത്തിനെക്കുറിച്ചു പഠിക്കണമെന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ആദ്യകാല കഥകൾ തൊട്ടേ പഠിക്കേണ്ടതുണ്ട്. ഏകാകികളും പരിത്യക്തരും ആയവരുടെ മനസ്സിനെ വ്യവച്ഛേദിച്ചുകാണിക്കുവാൻ സുകുമാരൻ ആദ്യകാല കഥകൾ തൊട്ടേ പരിശ്രമിച്ചിട്ടുണ്ട്. വിശപ്പിന്റ രാഷ്ട്രീയവും വാർധക്യത്തിന്റെ നിസ്സഹായതയും അധികാരത്തിന്റെ ക്രൂരമായ പ്രയോഗവുമൊക്കെ അനുഭവിക്കുന്ന കഥാപാത്രങ്ങളെ സുകുമാരൻ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. നിസ്സഹായമായ സ്ത്രീ മനസ്സുകളെ കാണിച്ചു തന്ന് സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് പണ്ടേ തന്നെ വ്യക്തമാക്കിത്തന്ന ഒരു കഥാകൃത്താണ് എം. സുകുമാരൻ. അദ്ദേഹത്തിന്റെ ആദ്യകാലകഥകളെയൊന്നും, പ്രത്യേകിച്ച് 'മനക്കണക്ക്' പോലെയുള്ള കഥകളെയൊന്നും ആ നിലയ്ക്ക് പലരും പഠിച്ചിട്ടില്ല.

രാഷ്ട്രീയമായ അന്യാപദേശ കഥകൾ എഴുതിയ എഴുത്തുകാരനെന്ന മട്ടിൽ മാത്രം ഉപരിപ്ലവമായി നിരീക്ഷിക്കുന്ന ഒരു പതിവും സുകുമാരകഥാലോകത്തെക്കുറിച്ച് വിശകലനം ചെയ്യുന്നവർ കാണിച്ചു പോന്നിട്ടുണ്ട്. സുകുമാരന്റെ ചരമദിനം ആചരിക്കുന്ന ഈ വേളയിലെങ്കിലും നമ്മൾഅദ്ദേഹം രചിച്ചിട്ടുള്ള കഥകളെയും നോവലുകളെയും മറ്റ് തരത്തിലുള്ള രചനകളെയുമൊക്കെ ലാവണ്യത്തിന്റെ പ്രയോഗം എപ്രകാരമാണ് സമഞ്ജസമായി കൂട്ടിയിണക്കുക എന്ന് അന്വേഷിക്കുന്ന ഒരു വിശകലനാത്മകയുക്തി കൊണ്ട് പരിശോധിക്കാവുന്നതാണ്. സുകുമാരന്റെ കഥകളെ നൂതനമായ ഒരു സൗന്ദര്യാത്മക പരിപ്രേക്ഷ്യത്തിൽ വച്ചുകൊണ്ട് അപഗ്രഥിച്ചു കഴിഞ്ഞാൽ ഇനിയും അദ്ദേഹത്തിന്റെ കഥകളുടെ ഉള്ളിണക്കത്തെക്കുറിച്ച് കൂടുതൽ അറിവുകൾ പുറത്തുവരും.

സാമൂഹികമായ അന്യവൽക്കരണത്തെക്കുറിച്ചും രാഷ്ട്രീയമായ ബോധ്യത്തെക്കുറിച്ചും ഒക്കെയുള്ള പുതിയ ഉൾക്കാഴ്ചകൾ അദ്ദേഹത്തിന്റെ കഥകൾ അവതരിപ്പിക്കുന്നുണ്ട്. ആ നിലയ്ക്കുള്ള പഠനങ്ങളിലേക്ക് പുതിയ ഗവേഷകരും പുതിയ വായനക്കാരും കടന്നുവരട്ടെ. 'ശേഷക്രിയ'യും 'പിതൃതർപ്പണ'വും 'ജനിതക'വും അതുപോലെയുള്ള അദ്ദേഹത്തിന്റെ മറ്റുപല കൃതികളും ഈ ആധുനികോത്തര കാലഘട്ടത്തിൽ പുതിയ വായനകൾ തേടുന്നുണ്ട്.

Content Highlights: Dr Anil Vallathol Remembers Writer M Sukumaran and literary contribution on his 3 Death Anniversary