മഹാനഗരമാണ് ഡല്‍ഹി. സാമ്രാജ്യങ്ങള്‍ പിറന്ന്, പുലര്‍ന്ന്, തകര്‍ന്നുവീണ ഇടം.

അധികാരവും കലാപവും പലായനവും കുലപതിമാരുടെ ശിശിരങ്ങളും കണ്ട

നഗരം. സംഗീതവും കവിതയും സാഹിത്യവും പ്രവഹിച്ച നഗരം. മുഖമുള്ളവരും

ഇല്ലാത്തവരുമായ, പ്രശസ്തരും അപ്രശസ്തരുമായ മനുഷ്യര്‍ വന്നുപാര്‍ത്ത്

ഒരുനാള്‍ വിടപറഞ്ഞു പോവുന്ന നഗരം. ആ ഡല്‍ഹി ഇപ്പോള്‍ ശിശിരത്തിലെ

ഇലകളെപ്പോലെ മനുഷ്യര്‍ കൊഴിഞ്ഞുവീഴുന്നതു കണ്ട് വിറങ്ങലിച്ച്

നില്‍ക്കുകയാണ്. ഒരു തുള്ളി ശ്വാസത്തിനുവേണ്ടി അലയുകയാണ്.

ഡല്‍ഹിയിലിരുന്ന് എഴുതിയ മഹാനഗരക്കുറിപ്പാണിത്

ട്ടുമിക്ക മനുഷ്യനാഗരികതകളും നദീതീരങ്ങളിലാണ് ഉണ്ടായതെന്ന് നാമെല്ലാം പള്ളിക്കൂടംമുതല്‍ കേട്ടുശീലിച്ച ഒരു സാമൂഹികപാഠമാണ്. അതിനാല്‍, നദികളായ ടൈഗ്രിസും നൈലും സിന്ധുവും നമ്മുടെ സ്മൃതികളില്‍ വലിയ പുഴകളെക്കാളുപരി ആദിമനാഗരികതകള്‍ പുലര്‍ന്ന നദീതടങ്ങളായി മാറി. ഇന്നും ലോകത്തിലെ പ്രധാന ആധുനികനഗരങ്ങളില്‍ പോയാല്‍ ആ ജനപദങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു നദിയെയെങ്കിലും നാം കാണും. നഗരങ്ങള്‍ ടൂറിസം ഭൂപടത്തില്‍ അവയുടെ ജീവദായിനികളായ വെള്ളൊഴുക്കിന്റെ നീലിമയെ രേഖപ്പെടുത്തിയിരിക്കും, ഒരു കാഴ്ചയായി. എന്നാല്‍, ഡല്‍ഹിയില്‍ നിങ്ങള്‍ വരൂ. യമുനയെ നമുക്കു കാണാന്‍ കഴിയില്ല. നാം യമുനയെ കാണാതിരിക്കാന്‍ നാഗരാസൂത്രകര്‍ നമുക്കും നദിക്കും ഇടയില്‍ മറവുകള്‍ ഉയര്‍ത്തിയിരിക്കുന്നു. മറവുകള്‍ മനുഷ്യന് മറവിയുടെ ചുവരുകളാണ്. ആ ചുവരില്‍ നാം പുതിയ ജീവിതത്തെക്കുറിച്ചുമാത്രം എഴുതുന്നു. കറുത്ത യമുന പരിത്യക്തയായ കുറ്റവാളിയെപ്പോലെ, ആരെയും കാണാതെ, ആരും കാണാതെ... ഡല്‍ഹിയുടെ പ്രകടയുക്തിയില്‍ ഇപ്പോള്‍ യമുനയില്ല. എന്നാല്‍, ഡല്‍ഹിയുടെ ആധാരയുക്തി ഈ നദിയാണുതാനും. മെസോപ്പൊട്ടാമിയയ്ക്ക് ടൈഗ്രിസ് എന്നപോലെ.

കോവിഡ് രണ്ടാം തരംഗത്തില്‍ തളര്‍ന്ന ഡല്‍ഹിയില്‍ ഇരുന്നാണ് നഗരത്തിന്റെ മറവികളുടെ രൂപകമായി ഞാന്‍ യമുനയെ സങ്കല്പിക്കുന്നത്. പ്രതിരോധശേഷി രൂപപ്പെടുത്തുന്ന സ്മൃതികോശങ്ങള്‍ രക്തത്തില്‍ ഉണ്ടെന്ന് ആധുനിക ജീവശാസ്ത്രം പറയുന്നു. അതുപോലെ ഈ നഗരത്തിനും അതിന്റേതായ സ്മൃതികോശങ്ങള്‍ ഉണ്ട്, യമുന എന്ന രക്തധമനിയില്‍. അതേക്കുറിച്ചാണ് ഈ എഴുത്ത്. എന്റെ ഡല്‍ഹി ജീവിതപശ്ചാത്തലത്തില്‍.

കഴിഞ്ഞ ഒരുകൊല്ലത്തിലേറെയായി ഒരു വീട്ടില്‍ അടയിരിക്കുകയാണ് ഞാന്‍. എന്നാല്‍, വിരിയാന്‍ വെമ്പുന്ന മുട്ടകളില്ല. ഭയങ്കരമായ ശൂന്യതയുടെ മേലുള്ള അടയിരിക്കല്‍.

ഭയങ്കരമിദം ശൂന്യം

വേതാളനഗരം യഥാ

തഥൈവ വിശ്വമഖിലം

വ്യകരോദദ്ഭുതം വിഭുഃ

എന്ന് നാരായണഗുരു ദര്‍ശനമാലയില്‍ എഴുതിയതുപോലെ. (ഈ ലോകം വേതാളനഗരം പോലെ ഭയം ജനിപ്പിക്കുന്നു. അതേസമയം, ഇത് ശൂന്യവുമാണ്. എനിക്കേറ്റവും അദ്ഭുതകരമായി തോന്നുന്നത് ശൂന്യമെങ്കില്‍ ഈ വേതാളനഗരത്തെ ഈശ്വരന്‍ എന്തിന് സൃഷ്ടിച്ചു എന്നതാണ്)

ഞാന്‍ ഡല്‍ഹിയില്‍ എത്തിയത് 1996-ലാണ്. അപ്പോഴേക്കും ഒ.വി. വിജയന്‍ ഈ നഗരം വിട്ടിരുന്നു. പക്ഷേ, നഗരം അതിന്റെ കോശസ്മൃതിയില്‍ ഇപ്പോഴും വിജയനെയും പൂച്ചയെയും കരുതിവെച്ചിരിക്കുന്നു, ഒരു പുരാശേഖരം കണക്കെ. പക്ഷേ, വിജയന്റെ ഡല്‍ഹിയിലെ സായാഹ്നകാലം ഈ കോവിഡ് കാലത്തേതെന്നപോലെ, അധികം പുറത്തിറങ്ങാതെ, ഒതുങ്ങിയതായിരുന്നു. അദ്ദേഹത്തിന്റെ ധര്‍മയുദ്ധപ്രമേയമായിരുന്ന സോവിയറ്റ് യൂണിയന്‍ തിരോധാനം ചെയ്തിരുന്നു. അനങ്ങാത്ത മല പോലെയുള്ള ഒരു ബ്രഷ്നേവിനെ വിജയനിലെ പ്രവാചകന്‍ വരച്ചത് ഈ നഗരത്തിലിരുന്നായിരുന്നു. സൂക്ഷ്മാണുദര്‍ശിനിയായിരുന്ന ആ റഡാറിന് നിരീക്ഷിക്കാന്‍ ഒന്നും ചുറ്റുമില്ലാതായതുപോലെ തോന്നിയിരിക്കണം. അതിനാല്‍ അദ്ദേഹം ഈ നഗരത്തെ പരിത്യജിച്ചു, ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു കാര്‍ട്ടൂണിസ്റ്റ് സ്വന്തം വരകളെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നതുപോലെ. ഇപ്പോള്‍ ഒരു സൂക്ഷ്മാണു ബ്രഹ്മാണ്ഡദില്ലിയെ നിസ്സാരമാക്കുമ്പോള്‍ ഒരു തുള്ളി കറുത്തമഷിയാല്‍ ആ കൃശഃശരീരി എന്തായിരുന്നിരിക്കും ഈ നഗരത്തിലിരുന്ന് വരയ്ക്കാനിടയുണ്ടായിരുന്നത് !

ഞാന്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ സന്‍സദ് മാര്‍ഗില്‍ ആകാശവാണിക്കു മുന്നില്‍ ഒരു ചെരിപ്പുകുത്തിയുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് എണ്‍പതുവയസ്സു മതിക്കുമായിരുന്നു. ഡല്‍ഹി നഗരം കേരളത്തില്‍നിന്നു വ്യത്യസ്തമാണെന്ന് എന്നെ ആദ്യം പഠിപ്പിച്ചത് റാംദാസ് ആയിരുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ കൂട്ടുകാരനായിരുന്ന മുസ്ലിം ചെരിപ്പുകുത്തി ലഖ്നൗവില്‍നിന്നു പാകിസ്താനിലേക്കുപോകും വഴി കൊല്ലപ്പെട്ടു. അക്കാലത്ത് ലഹോറില്‍നിന്ന് ഇന്ത്യന്‍ പഞ്ചാബിലേക്കു വന്ന പഞ്ചാബി ഹിന്ദു ചെരിപ്പുകുത്തികള്‍ (മോച്ചി സമുദായം) ഇങ്ങോട്ടുവരും വഴി കൊല്ലപ്പെട്ടു. റാംദാസ് എന്നോടു പറഞ്ഞത് അക്കാലത്ത് അയാള്‍ നന്നാക്കിയിരുന്ന ചെരിപ്പുകളില്‍ പലതും ലഹോറില്‍ നടന്നു തേഞ്ഞവയാണെന്നാണ്. മരണപ്പെട്ട മുസ്ലിം മോച്ചിയുടെ മകള്‍ ലഹോറില്‍ ഉണ്ടെന്നു മനസ്സിലാക്കിയത് അക്കാലത്ത് വിവിധ് ഭാരതിയില്‍ ബാപ്പായ്ക്ക് സമര്‍പ്പിച്ചുകൊണ്ട് അവള്‍ ഒരു ഗാനം ആവശ്യപ്പെട്ടപ്പോഴാണ്. റാംദാസ് ആകാശവാണിയില്‍നിന്ന് അവളുടെ വിലാസം വാങ്ങി 1960-ല്‍ ഒരു കത്തെഴുതി. അവള്‍ ലഹോറില്‍ ഒരു ചെറിയ തയ്യല്‍ക്കട നടത്തുന്നു. ഭര്‍ത്താവ് ചെരിപ്പുകുത്തുന്നു. ''അവള്‍ ലഖ്നൗവിലെ ചികന്‍ശൈലീതയ്യലില്‍ മിടുക്കിയാണ്'' -റാംദാസ് പറഞ്ഞു. വിഭജനശേഷം ലഹോറില്‍ പോയ ഇന്ത്യന്‍ മുസ്ലിങ്ങള്‍ അവള്‍ നെയ്ത നിലാവുപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചുകാണണം. ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായി ഞാന്‍ ആകാശവാണിയിലെ സുഹൃത്ത് രാകേഷിനോട് ചോദിച്ചു: ''റാംദാസിന്റെ മകന്‍ ഇപ്പോള്‍ ചെരിപ്പുകുത്താന്‍ വരുന്നുണ്ടോ''. രാകേഷ് മറുപടി പറഞ്ഞു: ''ആളുകള്‍ വഴി നടക്കാത്ത കാലത്ത് എന്ത് ചെരിപ്പുകുത്ത്, സാര്‍ ? ഒരാണ്ടായി അയാള്‍ വരാറില്ല, ആര്‍ക്കറിയാം എവിടെയെന്ന് !''

delhi
1984-ലെ സിഖ് കൂട്ടക്കൊലയിൽ നിന്നുള്ള രംഗം

1941-ല്‍ കല്‍ക്കട്ട മുനിസിപ്പല്‍ ഗസറ്റ് പ്രസിദ്ധീകരിച്ച ടാഗോര്‍ സ്മാരക പതിപ്പിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി എനിക്കു നല്‍കിയത് ഗൗരബ് ഗംഗോപാധ്യായ ആണ്. ഇരുനൂറുപേജുള്ള ഈ സ്മരണികയ്ക്ക് അന്ന് ഒരു രൂപയായിരുന്നു വില. അതില്‍ രബീന്ദ്രനാഥ് ടാഗോറിന്റെ അവസാനദിവസങ്ങളെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങളുണ്ട്. പുസ്തകത്തിന്റെ പകര്‍പ്പ് എനിക്കു നല്‍കിയ ഗംഗോപാധ്യായ പറഞ്ഞു: ''ടാഗോറിന്റെ അന്ത്യയാത്രയില്‍ അദ്ദേഹത്തോടുള്ള അടങ്ങാത്ത സ്‌നേഹവും വേര്‍പാടിന്റെ ദുഃഖവും താങ്ങാനാവാതെ ആളുകള്‍ ഗുരുദേവിന്റെ മുഖത്തെ താടിരോമങ്ങള്‍ പിഴുതു കൊണ്ടുപോയി, സൂക്ഷിച്ചുവെക്കാന്‍''. ഗൗരബ് ആകാശവാണി ആര്‍ക്കൈവ്സില്‍ എന്റെ കൂടെ ഒരു ദശകക്കാലം ഉണ്ടായിരുന്നു. എന്നെങ്കിലും രണ്ടു ബംഗാളുകള്‍ വീണ്ടും ഒന്നിക്കുമെന്നും അന്ന്, വന്ദ്യവയോധികയായ അമ്മയുമായി ജന്മനാടായ കിഴക്കന്‍ ബംഗാളിലേക്ക് പോകണമെന്നും സ്വപ്നം കണ്ടിരുന്നു, എന്റെ സഹപ്രവര്‍ത്തകന്‍. ഞാന്‍ ഗൗരബിനോട് പറയുമായിരുന്നു, ബംഗ്ലാദേശിന്റെ ജനനപശ്ചാത്തലത്തില്‍ ഒ.വി. വിജയന്‍ എഴുതിയ മലയാളം നോവലിനെക്കുറിച്ച്. ഒരിക്കല്‍ ഞാന്‍ ആ ബംഗാളി സുഹൃത്തിനോട് പറഞ്ഞു: ''1940-കളില്‍ കേരളത്തില്‍ ടാഗോര്‍ എന്ന പേരില്‍ ഒരു സാഹിത്യമാസിക ഉണ്ടായിരുന്നു. എന്നാല്‍, മലയാളിയുടെ ഗുരുദേവന്റെ നല്ല ഒരു ബംഗാളി പരിഭാഷ ഇപ്പോഴും നിങ്ങള്‍ക്കില്ല''. കഴിഞ്ഞദിവസം ഞാന്‍ ഗൗരബിനെ വിളിച്ചിരുന്നു. ഗൗരബ് പറഞ്ഞു, വേണ്ടപ്പെട്ടവര്‍ പലരും കോവിഡ് വന്നു മരിച്ചുവെന്ന്. ഒരാള്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടപ്പെട്ടയാള്‍. ഒഡിയ കവിയായിരുന്ന അഭയകുമാര്‍ പാഠി. വാജ്പേയി മന്ത്രിസഭയില്‍ നവീന്‍ പട്നായിക് ഖനനമന്ത്രിയായിരുന്നപ്പോള്‍ പാഠിയുടെ കൂടെ ഞാന്‍ പോകുമായിരുന്നു മന്ത്രിയുടെ വീട്ടില്‍. ഒഡിയ അറിയില്ലാത്ത പട്നായിക്കിന് ഭാഷ പഠിപ്പിച്ചിരുന്നത് പാഠിയായിരുന്നു. കോവിഡ് പാഠിയെ കൊണ്ടുപോയി.

ഞാന്‍ ആകാശവാണിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വിളിക്കുമായിരുന്ന ടാക്‌സിഡ്രൈവറുടെ പേര് സുഖ്ദേവ് സിങ്ങ് എന്നായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1984-ല്‍ സിക്കുകാര്‍ക്കെതിരേ കലാപമുണ്ടായപ്പോള്‍ ഒരു തെറ്റും ചെയ്യാതെ ബറേലിയിലെ ജയിലില്‍ ഒരു കൊല്ലം കിടക്കേണ്ടിവന്നയാള്‍. പോലീസ് സുഖ്ദേവിന്റെ മതമുദ്രയായ തലമുടി മുറിച്ചുമാറ്റി, തടവിലിട്ടു. കുടുംബം കരുതി അയാള്‍ കൊല്ലപ്പെട്ടുവെന്ന്. ജയില്‍ സുഖ്ദേവിന് നല്‍കിയത് ഒരിക്കലും ശമിക്കാത്ത സോറിയാസിസ് രോഗം. ജയിലില്‍നിന്ന് 1986-ല്‍ പുറത്തിറങ്ങിയ സുഖ്ദേവ് സിങ്ങ് മതാചാരപ്രകാരമുള്ള എല്ലാ സിഖ് മുദ്രകളും ഉപേക്ഷിച്ചു. ഗുരുദ്വാരകളില്‍ പോകുന്നത് അവസാനിപ്പിച്ചു. അയാളുടെ ബന്ധുക്കള്‍ പലരും 1984-ല്‍ കൊല്ലപ്പെട്ടു. ഞാന്‍ ഇരുപതുകൊല്ലങ്ങള്‍ക്കു മുന്നേ സുഖ്‌ദേവ് സിങ്ങിനോടു ചോദിച്ചു: ''പരാതിയില്ലേ ? ക്രോധമില്ലേ ?''. സുഖ്‌ദേവ് പറഞ്ഞു: ''ഞാന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ മരിച്ച എന്റെ രണ്ടു വയസ്സുകാരി മകളെ ആരു തിരിച്ചുതരും ? എനിക്ക് ആരോടും ഒരു പരാതിയുമില്ല''. ഏതാണ്ട് പതിന്നാലു വര്‍ഷങ്ങള്‍ക്കുശേഷം, ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായി ഏപ്രില്‍ മുപ്പതാം തീയതി ഞാന്‍ സുഖ്ദേവിനെ വിളിച്ചു. അയാള്‍ എന്റെ ശബ്ദം തിരിച്ചറിഞ്ഞു. ഞാന്‍ വിളിക്കുമ്പോള്‍ അയാള്‍ പഞ്ചാബിലെ കര്‍ണാലില്‍ ഒരു കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സാഞ്ജലയെ അറിയുംമുന്‍പേ അവളുടെ അച്ഛനെ ഞാന്‍ അറിയും. ലസ്സാ കൗള്‍. 1990-ല്‍ കശ്മീരി തീവ്രവാദികള്‍ വെടിവെച്ചു കൊന്ന ശ്രീനഗര്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍.

രോഗാതുരരായ അച്ഛനമ്മമാരെ കാണാനായി വീട്ടില്‍ എത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍ വെടിവെക്കപ്പെട്ടു. ലസ്സാ കൗളിന് അന്ന് നാല്പത്തിയഞ്ച് വയസ്സ്. അദ്ദേഹത്തിന്റെ മകള്‍ സാഞ്ജല അങ്ങനെയാണ് എന്റെ സഹപ്രവര്‍ത്തകയായി ഡല്‍ഹിയില്‍ എത്തിയത്. നാം പുസ്തകം വായിച്ചനുഭവിക്കുന്നതുപോലെയല്ല അടിപതറുന്ന ജീവിതങ്ങളെ നേരിട്ടു പരിചയപ്പെടുന്നത്. സാഞ്ജല ഇപ്പോഴും നല്ല സുഹൃത്താണ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് രാഷ്ട്രീയശരികളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ സംസാരിക്കുന്ന വേളകളില്‍ ഒന്നും മിണ്ടാതെ നക്ഷത്രദൂരത്തിലുള്ള ലോകനീതിതാരത്തെ നോക്കിയിരിക്കാറുള്ള സാഞ്ജലയെ ഞാന്‍ ഓര്‍ക്കുന്നു.

ഞാന്‍ ഫോണില്‍ വിളിച്ചു. സാഞ്ജല പറഞ്ഞു: ''ഗോപാല്‍ജി നമ്മുടെ കൂടെയുണ്ടായിരുന്ന ഉര്‍ദു വിഭാഗത്തിലെ ജാഫ്രി, ഹാഷ്മി, ഹമീദ് എന്നിവര്‍ കഴിഞ്ഞയാഴ്ച മരിച്ചു.'' ഞാന്‍ ചോദിച്ചു: ''അമ്മ എന്തു പറയുന്നു ?''.

സാഞ്ജല പറഞ്ഞു: ''എഴുപത്തഞ്ചുവയസ്സായി... ആരോഗ്യവതിയായിരിക്കുന്നു''.

ഡല്‍ഹിയിലെ പഹാഡ് ഗഞ്ജിലെ 1167 നമ്പര്‍ കട വളരെ ചെറുതാണ്. വിജയകുമാര്‍ സിക്ക എന്ന വൃദ്ധന്റെ കട. അവിടെനിന്നായിരുന്നു ഡല്‍ഹി ശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങള്‍ 2000-2005 വര്‍ഷങ്ങളില്‍ ഞങ്ങള്‍ വാങ്ങിയിരുന്നത്. പാകിസ്താനില്‍നിന്നും അഭയാര്‍ഥികളായി വന്നവര്‍ക്ക് അനുവദിച്ചുകൊടുത്ത കടകളില്‍ ഒന്ന്. 2005-ലെ ദീപാവലിത്തലേന്ന് ഡല്‍ഹിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിക്ക കൊല്ലപ്പെട്ടു. കടയ്ക്കുമുന്നിലായിരുന്നു ബോംബ് പൊട്ടിയത്. സംഭവത്തിന് ഒരാഴ്ചയ്ക്കുശേഷം ഞാന്‍ ചെന്നു. മകന്‍ കട തുറന്നിരുന്നു. മകന്‍ എന്നോട് പറഞ്ഞു: ''ബോംബ് പൊട്ടുന്നതിന് രണ്ടു മിനിറ്റു മുമ്പുവരെ അച്ഛന്‍ കടയ്ക്കകത്തും ഞാന്‍ പുറത്തുമായിരുന്നു. കടയില്‍ തീര്‍ന്നുപോയ പോളിത്തീന്‍ ബാഗ് വാങ്ങാനായി അച്ഛന്‍ പുറത്തിറങ്ങി. ഞാന്‍ അകത്തുകയറി. മിനിറ്റുകള്‍ക്കകം കാതടപ്പിക്കുന്ന ശബ്ദം. എന്തിനാണാവോ ദൈവം എന്നെ അകത്തുകയറ്റിയതും അച്ഛനെ കൊണ്ടുപോയതും ?''. ഞാന്‍, മകന്‍ രാജ്കുമാറിനെ കഴിഞ്ഞ ദിവസം വിളിച്ചു, പരിചയം പുതുക്കാന്‍. അയാള്‍ പറഞ്ഞു: ''നിങ്ങള്‍ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ബാഗുകള്‍ വാങ്ങിക്കൊണ്ടിരുന്ന റസ്‌തോഗിയുടെ കട ഓര്‍മയുണ്ടോ ? റസ്‌തോഗി ഇന്നു രാവിലേ കോവിഡ് വന്നു മരിച്ചു''.

ദില്ലി ഘരാനയിലെ ഗായികയാണ് ഡോക്ടര്‍ മല്ലികാ ബാനര്‍ജി. ഞങ്ങള്‍ ഒരുമിച്ച് ആകാശവാണി ആര്‍ക്കൈവ്സില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആകാശവാണിയുടെ സംഗീതശേഖരത്തില്‍ നിന്നുമുള്ള ഭജനുകള്‍ ഒരു സി.ഡി.യായി പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഏഴോളം പ്രമുഖ ഗായകരുടെ ഭജനുകള്‍, ഏഴു ഘരാനകളില്‍ നിന്നുള്ളവര്‍. അങ്ങനെയാണ് ബനാറസ് ഘരാനയിലെ ഗായകസഹോദരന്മാരായ പണ്ഡിറ്റ് രാജന്‍ മിശ്ര, പണ്ഡിറ്റ് സാജന്‍ മിശ്ര എന്നിവരുടെ 'ജഗത് മേ ജൂട്ടി ദേഖി പ്രീത്' എന്ന നാനാക് ഭജന്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സമ്മതം വാങ്ങാന്‍ ഞങ്ങള്‍ അവരുടെ ഡല്‍ഹിയിലെ വീട്ടില്‍ പോയി. ബനാറസ് ഘരാനയെപ്പറ്റി സംസാരിച്ചിരുന്നു കുറച്ചുനേരം. ബനാറസില്‍നിന്നു ഡല്‍ഹിയില്‍ വരാനിടയായ സാഹചര്യങ്ങള്‍ പറഞ്ഞു. 2021 ഇതു ഞാന്‍ എഴുതുമ്പോള്‍ പണ്ഡിറ്റ് രാജന്‍ മിശ്ര നമ്മുടെ കൂടെയില്ല. ഡല്‍ഹി ആശുപത്രിയില്‍ ഒരു വെന്റിലേറ്റര്‍ സമയത്തിനു കിട്ടാത്തതിനാല്‍ ശ്വാസം കിട്ടാതെ ആ മഹാഗായകന്‍ കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹിയിലെ എന്റെ ഇരുപതാണ്ടുകളില്‍ ഒരുകൊല്ലം കുറഞ്ഞത് ഒരുതവണയെങ്കിലും ഞാന്‍ അവരുടെ പാട്ടുകച്ചേരിക്ക് പോയിരുന്നു.

delhi
പണ്ഡിറ്റ് രാജൻ മിശ്ര(ഇടത്ത്‌)യും സാജൻ മിശ്രയും

കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയുടെ രാജേന്ദ്രനഗറിലെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഞാന്‍. അങ്ങനെ ഒരു വൈകുന്നേരം. 2001 സെപ്റ്റംബര്‍ പതിനൊന്ന്. ഉണ്ണി പിറ്റേന്നത്തേക്കുള്ള കാര്‍ട്ടൂണ്‍ പത്രത്തിന് അയച്ചുകൊടുത്തിരുന്നു. മേശപ്പുറത്ത് ഒരു സൈക്കിളില്‍ മുലായംസിങ് യാദവ് ചിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ടി.വി.യില്‍ ഒന്നിനുപിറകെ ഒന്നായി രണ്ടുവിമാനങ്ങള്‍ രണ്ട് അംബരചുംബികളായ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് ഞങ്ങള്‍ കാണുന്നത്. ഉണ്ണിക്ക് പത്രമോഫീസില്‍നിന്ന് ഫോണ്‍ വന്നു... നാളത്തെ കാര്‍ട്ടൂണ്‍ മാറ്റണ്ടേ? ഉണ്ണി കുളിക്കാന്‍ കയറി. തിരികെ വന്ന് കടലാസും കറുത്തമഷിയുമെടുത്തു. ഭീമാകാരനായ അമേരിക്കയെ ഒരു ചെറുബാലന്‍ ഒരു കടലാസു റോക്കറ്റുകൊണ്ട് എയ്തു വീഴ്ത്തുന്നു...

ep unni
വേൾഡ്‌ ട്രേഡ്‌സെന്റർ
ആക്രമണത്തെക്കുറിച്ചുള്ള
ഇ.പി. ഉണ്ണിയുടെ കാർട്ടൂൺ

ഇന്ന്, ഈ മഹാനഗരം ഒരു സൂക്ഷ്മാണുപ്രസരത്തില്‍ ശ്വാസം വിടാനാവാതെ നില്‍ക്കുമ്പോള്‍ ആ ചിത്രം ഓര്‍മവരുന്നു. കൂടെ കറുത്ത യമുന എന്ന ഒരന്തര്‍ധാരയും. വായിച്ചതോര്‍ക്കുന്നു, മുഗള്‍ ചക്രവര്‍ത്തിമാര്‍ യമുനയിലെ വെള്ളം കുടിക്കാറില്ലായിരുന്നുവെന്നും തൊട്ടടുത്ത ഗംഗാതീരത്തുനിന്നും ഒട്ടകപ്പുറത്ത് വെള്ളം കൊണ്ടുവരുമായിരുന്നു എന്നും. യമുനയിലെ വെള്ളം കുടിച്ചാല്‍ അധികാരം നിലനില്‍ക്കില്ല എന്നവര്‍ വിശ്വസിച്ചിരുന്നത്രേ.

Content Highlights: delhi in the time of covid pandemic