സ്വതന്ത്ര ഇന്ത്യ കണ്ട നൃത്തനിരൂപകരില്‍ സമുന്നതനായിരുന്നു ചരിത്രകാരനും നൃത്തപണ്ഡിതനുമായ ഡോ. സുനില്‍ കോത്താരി. ഞായറാഴ്ച ഡല്‍ഹിയില്‍ അന്തരിച്ച അദ്ദേഹത്തെ ഓര്‍ക്കുകയാണ് ലേഖകന്‍
രംഭ, ഉര്‍വശി, മേനക, തിലോത്തമമാരേ, കരുതിയിരിക്കൂ... 88 വയസ്സുകാരനായ പ്രമുഖ നൃത്ത നിരൂപകന്‍ ഇതാ ഇന്ദ്രസഭയില്‍ എത്തിയിരിക്കുന്നു.
കപില വാത്സ്യായന്‍, മോഹന്‍ ഖോക്കര്‍, അഞ്ജലി മെഹര്‍ തുടങ്ങിയ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പണ്ഡിതഗണങ്ങളില്‍ ഒരാളായ സുനില്‍ കോത്താരി ഭരതനാട്യം, കഥക്, കുച്ചിപ്പുഡി, സത്രിയ, ചൗ, സമകാലീന നൃത്തം തുടങ്ങിയ നൃത്തരൂപങ്ങള്‍ കൂടാതെ, രുക്മിണി ദേവി അരുണ്‍ഡേല്‍, ഉദയ് ശങ്കര്‍ തുടങ്ങിയ വ്യക്തികളെക്കുറിച്ചുമുള്ള രണ്ട് ഡസനോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മുംബൈയിലെ ലോവര്‍ പരേലിലെ താഴ്ന്ന ഇടത്തരക്കാരുടെ പ്രദേശമായ ഭോയിവാഡയില്‍ ജനിച്ച അദ്ദേഹം വൈഷ്ണവ സമ്പ്രദായത്തിലെ ആചാരങ്ങള്‍ പിന്തുടര്‍ന്നുപോന്ന കുടുംബത്തിലാണ് വളര്‍ന്നത്. ആറുവയസ്സുള്ളപ്പോള്‍ ഒരുദിവസം മാതാപിതാക്കള്‍ക്കൊപ്പം നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലേക്ക് അദ്ദേഹം യാത്രപോയി. ദിവസേന 'യമുനഷ്ടകം' ചൊല്ലുമായിരുന്ന അദ്ദേഹത്തിന്റെ അമ്മ ആയിടെ ഒരു വാഗ്ദാനം നല്‍കി. എട്ട് ശ്ലോകങ്ങള്‍ കാണാതെ പഠിച്ചുചൊല്ലിയാല്‍ ഓരോ ശ്ലോകത്തിനും ഒരു പൈസവെച്ച് നല്‍കാമെന്നായിരുന്നു അമ്മയുടെ ഉറപ്പ്. എട്ടുപൈസ തന്നെ 'സമ്പന്നനാക്കും' എന്ന ചിന്തയില്‍ കുഞ്ഞു സുനില്‍ സന്തോഷിച്ചു. ഇതു മനസ്സിലാക്കിയ അമ്മ ദേഷ്യം ഭാവിച്ച് പറഞ്ഞു, ''മണ്ടാ, ഞാന്‍ നിനക്ക് വിദ്യയാണ് ദാനമായി നല്‍കുന്നത്, ധനമല്ല''! അന്നുമുതല്‍ സംസ്‌കൃത ഭാഷയിലും കവിതയിലും അദ്ദേഹത്തിന്റെ താത്പര്യം വര്‍ധിച്ചു, അത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്തു.
മുംബൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠിക്കുന്ന കാലത്ത് ഗുജറാത്തി കവിയും കലാകാരനും ഡിസൈനറുമായ പ്രദുമ്‌ന താനയെ ഒരുദിവസം വായനശാലയില്‍ കണ്ടുമുട്ടിയതിനെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കലാ മാസികയായ 'മാര്‍ഗ്' വായിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രദുമ്‌ന. ആ ലക്കം മാസിക നൃത്തത്തിനായി നീക്കിവെച്ചതായിരുന്നു. സുനില്‍ അത് പെട്ടെന്നുതന്നെ ശ്രദ്ധിച്ചു. അങ്ങനെ അവര്‍ സംസാരിച്ചുതുടങ്ങി. ഗുജറാത്തി മാസികയായ 'കുമാര്‍'-ലെ പ്രദുമ്‌നയുടെ കവിതകള്‍ വായിച്ചതിനെപ്പറ്റി സുനില്‍ പറഞ്ഞു. 'മാര്‍ഗിന്റെ സ്ഥാപകഎഡിറ്റര്‍ മുല്‍ക്ക് രാജ് ആനന്ദിനെക്കുറിച്ച് പ്രദുമ്‌ന വാചാലനായി.
ഈ ബന്ധമാണ് 'കുമാറി'ന്റെ കൂടെയുള്ള കവികളുടെ സംഘത്തില്‍ സുനിലിനെ എത്തിച്ചത്. അതിലുമുപരിയായി, മുല്‍ക്കിനെ കണ്ടുമുട്ടുക എന്ന ആഗ്രഹവും സാധ്യമായി. സുനിലിന്റെ നൃത്തത്തോടുള്ള താത്പര്യം നിരീക്ഷിച്ച് മാസികയില്‍ എഴുതാന്‍ മുല്‍ക്ക് നിര്‍ദേശിച്ചു. അതോടൊപ്പം, ചില നൃത്തരീതികള്‍ പഠിക്കേണ്ടതുണ്ടെന്നു മാത്രമല്ല, അക്കാദമികമായി അത് പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം സുനിലിനെ ഓര്‍മിപ്പിച്ചു.
ബറോഡയിലെ എം.എസ്. സര്‍വകലാശാലയിലെ നൃത്തവിദ്യാലയത്തില്‍ സുനിലിനെ എത്തിച്ചതും ഈ സംഭവമാണ്. പില്‍ക്കാലത്ത് സുനിലിനെ വളരെയധികം സ്വാധീനിച്ചവരില്‍ ഒരാളാണ് അവിടത്തെ പ്രധാന നൃത്ത പണ്ഡിതരില്‍ ഒരാളായ മോഹന്‍ ഖോക്കറ. ഗവേഷണാവശ്യങ്ങള്‍ക്കായി നൃത്തസാമഗ്രികളുടെ ഒരു സ്വകാര്യ ശേഖരം ഉണ്ടാവേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടക്കാനിരിക്കുന്ന അഖിലേന്ത്യാ നൃത്ത സെമിനാറിനെക്കുറിച്ചും സുനിലിനോട് പറയുന്നതും ഖോക്കറാണ്.
1957-'58 കാലത്തെ ഏതാനും മാസങ്ങളില്‍ ഈ മൂന്ന് വ്യക്തികളുമായുള്ള സ്ഥിരമായ കൂടിക്കാഴ്ചകളാണ് സുനിലിന്റെ ജീവിതത്തില്‍ നിര്‍ണായകമായതും അദ്ദേഹത്തെ നൃത്തത്തിന്റെ ഭ്രമണപഥത്തിലേക്ക് ആകര്‍ഷിച്ചതും.
സി.എ. പാതിവഴിയില്‍ ഉപേക്ഷിച്ചു. ശ്യാം ലാലിന്റെ പത്രാധിപത്യത്തില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ നൃത്തനിരൂപകനായി. സിഡെന്‍ഹാം കോളേജ് ഓഫ് കൊമേഴ്സില്‍ ലക്ചററായി ഒരു പകല്‍ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ ആഴ്ചയില്‍ ഒരിക്കല്‍ ഒരു 'നൃത്ത ആസ്വാദന' സെഷന്‍ നടത്താന്‍ ഇടം നല്‍കണമെന്ന ആഗ്രഹം അവതരിപ്പിച്ചതും ആയിടെയാണ്.
സുനിലിന്റെ കരിയറിലെ ഒരു സുപ്രധാന ഘട്ടത്തിന്റെ തുടക്കമായിരുന്നു ഇത്. 1960-'70 കാലങ്ങളില്‍ നൃത്തലോകത്തെ അതികായന്മാരെ കണ്ടുമുട്ടാനും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പ്രേക്ഷകര്‍ക്ക് അവരെ പരിചയപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് മുംബൈ ദൂരദര്‍ശന്‍ ഈ പരിപാടി സംപ്രേഷണം ചെയ്തു.
ടൈംസ് ഓഫ് ഇന്ത്യയുടെ നൃത്തനിരൂപകന്‍ എന്ന നിലയില്‍ പല നര്‍ത്തകരെയും മുടിയിഴ കീറിയെഴുതുക അദ്ദേഹത്തിന്റെ രീതിയായിരുന്നു. ഇക്കാരണത്താല്‍ കോടതി കയറിയിറങ്ങേണ്ടിയും വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആര്‍.കെ. ലക്ഷ്മണ്‍ ഒന്നാംപേജില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ വരയ്ക്കുകയുമുണ്ടായി. നൃത്തം ചെയ്യുന്നവര്‍ അതുചെയ്യട്ടെയെന്നും നിരൂപകര്‍ അവരുടെ ജോലി തുടരട്ടെ എന്നുമായിരുന്നു കാര്‍ട്ടൂണിലെ സന്ദേശം.
ബറോഡ സര്‍വകലാശാലയില്‍നിന്നു പിഎച്ച്.ഡി. നേടിയ അദ്ദേഹം കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വകലാശാലയിലും ജെ.എന്‍.യു.വിലും പ്രവര്‍ത്തിച്ചു. പദ്മശ്രീ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
മുതിര്‍ന്ന നര്‍ത്തകരെയും ഗുരുക്കന്മാരെയും പരിചരിക്കാനും പഠിക്കാനും അദ്ദേഹം ചെലവഴിച്ച മണിക്കൂറുകള്‍ പക്ഷേ, അത്രയൊന്നും പുറംലോകമറിയില്ല. പ്രവൃത്തികളിലെ ആര്‍ദ്രതയും കരുതലും നന്മനിറഞ്ഞ മനസ്സും അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി.
ആളുകളെ സഹായിക്കാന്‍ പ്രശംസനീയമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 'മായ ദര്‍പ്പന്‍' എന്ന ചിത്രത്തിന്റെ അവസാന ഭാഗത്തിനു അനുയോജ്യമായ നൃത്തരൂപത്തെക്കുറിച്ച് ഗവേഷണത്തിലായിരുന്ന സമയത്ത് സുനിലാണ് മയൂര്‍ഭഞ്ച് ചൗ ശുപാര്‍ശ ചെയ്തതെന്ന് ചലച്ചിത്ര നിര്‍മാതാവ് കുമാര്‍ ഷഹാനി ഓര്‍മിക്കുന്നു.
അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിന്റെ ഭാഗമായ നൃത്തഫോട്ടോഗ്രാഫുകളും മറ്റ് വസ്തുക്കളും നിറഞ്ഞ 40-ഓളം പെട്ടികള്‍ അനാഥമായല്ലോ എന്നചിന്ത ഏറ്റവും ദുഃഖകരമായി തോന്നുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ വിവിധ സര്‍വകലാശാലകളില്‍ ധാരാളം നൃത്തവിഭാഗങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സുനില്‍ കോത്താരിയുടെ വിലമതിക്കാനാവാത്ത ശേഖരം സംരക്ഷിക്കാന്‍ ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.
അതേസമയം, പറുദീസയില്‍ ജീവിക്കുന്ന ഒരു മികച്ച നൃത്തപണ്ഡിതനെ ഇപ്പോള്‍ നമുക്ക് സങ്കല്പിക്കാന്‍ കഴിയും, അവിടെ അദ്ദേഹത്തിന് അപ്സരസ്സുകളെ ചൊടിപ്പിക്കാനാവും.
Content Highlights: dance scholar and critic Sunil Kothari passes away at 87