പുറത്ത് അതിശൈത്യമായിരുന്നു. തണുത്ത കാറ്റില്‍ മരങ്ങളും കെട്ടിടങ്ങളും വിറങ്ങലിച്ചുനിന്നു. വിവിധ രാജ്യങ്ങളിലെ പതാകകള്‍ തണുപ്പിനെ അതിജീവിക്കാനെന്ന വണ്ണം കൊടിമരത്തില്‍ പാറിപ്പറന്നു. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ കൂറ്റന്‍ ഓഡിറ്റോറിയത്തിനകത്ത് ശൈത്യക്കാറ്റിനെയും ചൂടുപിടിപ്പിക്കാന്‍പോന്ന ചിത്രങ്ങള്‍ സ്‌ക്രീനില്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു. 

2013 ഡിസംബര്‍ 9. ഭൂമധ്യരേഖ കടന്നുപോകുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന്റെ തലസ്ഥാന നഗരിയായ ക്വിറ്റോയില്‍ ലോകയുവജനസമ്മേളനം നടക്കുന്നു. ഓള്‍ഡ് എയര്‍പോര്‍ട്ട് ഓഡിറ്റോറിയത്തിലെ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവേദിയില്‍ നെല്‍സണ്‍ മണ്ടേലയെന്ന വിശ്വപുരുഷന്‍ സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നു. രണ്ടുദിവസംമുമ്പാണ് ആ മഹാത്മാവ് ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം എഴുന്നേറ്റുനിന്ന് കാണികള്‍ വരവേല്‍ക്കുകയാണ്.

കൈയടികള്‍ക്കൊടുവില്‍ നീണ്ട നിശ്ശബ്ദത. അടുത്തതായി സ്‌ക്രീനില്‍ മലയാളത്തില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു. സബ്ടൈറ്റിലുകളില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷയും. പതുക്കെ അതില്‍ ശ്രീനാരായണഗുരുവിന്റെ മുഖം തെളിഞ്ഞു. ആ മഹല്‍ജീവിതത്തിന്റെ  ചരിത്രം ഒരു ചലനചിത്രമായി നൂറില്‍പ്പരം രാജ്യങ്ങളില്‍നിന്നെത്തിയ യുവാക്കളുടെ മനസ്സിലേക്ക് സഞ്ചരിച്ചു. അവര്‍ക്ക് നടുവില്‍ ഒരു മലയാളിയുവാവ്, അതിന്റെ സംവിധായകന്‍ കൊടുങ്ങല്ലൂര്‍ പാടാകുളം കാര്യേഴത്ത് വീട്ടില്‍  ഗിരീഷ്  ഉണ്ണികൃഷ്ണന്‍ അഭിമാനത്തോടെ നിന്നു.

അഭിനന്ദനങ്ങള്‍ക്കിടയില്‍ സിറിയയില്‍ നിന്നെത്തിയ യുവതി ഗിരീഷിന് അടുത്തെത്തി പതിയെ പറഞ്ഞു: ''അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ ഹൃദയത്തെ തൊട്ടു. ഒരു നല്ല ലോകത്തിനായി സന്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഇത്തരം സന്ന്യാസിവര്യന്‍മാരെയാണ് നമുക്ക് ആവശ്യം.'' 

ദൈവദശകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മതത്തിന്റെ പേരില്‍ ആഭ്യന്തര കലാപങ്ങളും രക്തച്ചൊരിച്ചിലും നടക്കുന്ന ദമാസ്‌കസ് നഗരത്തില്‍ നിന്നുവന്ന ആ യുവതി മറ്റാരെക്കാളും നന്നായി ഗുരുദേവ ദര്‍ശനങ്ങള്‍ മനസ്സിലാക്കിയിരുന്നു. 'ഒരു ജാതി, ഒരുമതം, ഒരു ദൈവം' എന്ന ദര്‍ശനം സൃഷ്ടിക്കുന്ന മാറ്റം എത്രമാത്രം വിപ്ലവകരമായിരിക്കുമെന്ന് അവര്‍ ഒരുവേള ഓര്‍ത്തിരിക്കാം. ജന്മനാട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുഖം അവരിലൂടെ ഒരുനിമിഷം കടന്നുപോയിരിക്കാം.

ആഗോളതലത്തില്‍ ഗുരുവചനങ്ങളുടെ പ്രസക്തി ഗൗരവമായി ഗിരീഷിന്റെ ചിന്തകളില്‍ നിറയുന്നത് അപ്പോഴാണ്. ഒരു ദശകത്തിനിപ്പുറം ഒരു ഗുരുദേവ കൃതി നൂറ് ഭാഷകളിലേക്ക് തര്‍ജമ ചെയ്യുക എന്ന സമാനതകളില്ലാത്ത ലക്ഷ്യം ഗിരീഷ് കൈവരിക്കുന്നതിനുപിന്നില്‍ ആ സിറിയന്‍ യുവതിയുടെ വാക്കുകളായിരുന്നു പ്രചോദനം. 

ദൈവദശകത്തിലേക്ക്

ഒരുവര്‍ഷം കഴിഞ്ഞ് മറ്റൊരു വൈകുന്നേരം. 2014 ഡിസംബര്‍ 31. ശിവഗിരി തീര്‍ഥാടനത്തിന്റെ പൊതുവേദിയില്‍, ദൈവദശകത്തിന്റെ നൂറാംവാര്‍ഷികാഘോഷ വേളയില്‍ ആയിരക്കണക്കിനുവരുന്ന വന്‍ജനാവലി ദൈവദശകം ഒന്നിച്ചുചൊല്ലുന്നതിന് ഗിരീഷും സാക്ഷിയായി. ദൈവദശകം എഴുതിയതിന്റെ ഒരു നൂറ്റാണ്ടിനിപ്പുറവും ആ വരികളുടെ ശക്തിയും വ്യാപ്തിയും എത്രമാത്രമെന്ന് ഗിരീഷ് അന്നവിടെ തിരിച്ചറിഞ്ഞു. ഗുരു കേരളത്തിലെ ഒരു വിഭാഗത്തിന്റേതല്ല, ലോകത്തിന്റെതന്നെ ഗുരുവാണെന്ന് തിരിച്ചറിയുന്ന നിമിഷത്തില്‍ ഗിരീഷ് അവിടെവെച്ച് തീരുമാനമെടുത്തു.

ഗുരുദര്‍ശനങ്ങള്‍ ലോകജനതയിലേക്കെത്തിക്കണം. അതിന് തന്നാല്‍ കഴിയുന്നത് ചെയ്യണം. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ആവുന്നതിനും മുമ്പേ ദൈവദശകമെന്ന കാവ്യം അച്ഛന്‍ തന്നെ മനപ്പാഠം പഠിപ്പിച്ചിരുന്നത് ഗിരീഷ് ഓര്‍ക്കുന്നു. ഗുരുദേവന്റെ ആശയപ്രചാരകനായ അച്ഛന്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ ആ പ്രാര്‍ഥനാഗീതം എന്നും ചൊല്ലുമായിരുന്നു. ഗുരുവിന്റെ ആശയങ്ങള്‍ പുറംലോകത്തെത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കുമ്പോള്‍ ദൈവദശകം എന്ന കൃതി ആദ്യം മനസ്സില്‍ തെളിഞ്ഞതും ആ കുട്ടിക്കാലസ്മരണയില്‍നിന്നാണ്.  

മൊഴിമാറ്റത്തിന്റെ വഴികള്‍

''പ്രാര്‍ഥന എന്ന നിലയിലും കവിത എന്ന നിലയിലും സമാനതകളില്ലാത്ത പദവിയിലാണ് ദൈവദശകം നില്‍ക്കുന്നത്. ദേശത്തിനും കാലത്തിനും അതീതമായ വിശ്വമാനവികദര്‍ശനം നല്കുന്ന ദൈവദശകം ലോകം മുഴുവന്‍ പ്രചരിപ്പിക്കപ്പെടണം. നൂറു ഭാഷകളിലേക്ക് ദൈവദശകം പരിഭാഷപ്പെടുത്തുന്നത് ആയിരങ്ങളുടെ സഹായത്താലാണ്. ഭാഷാവിദഗ്ധരെ കണ്ടെത്തുന്നതിന് ഏറെ പ്രയത്‌നിക്കേണ്ടി വന്നു'' -മൊഴിമാറ്റദൗത്യത്തിന്റെ പ്രേരണകള്‍ ഗീരീഷ് നിരീക്ഷിക്കുന്നു. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലേക്കുള്ള മൊഴിമാറ്റമായിരുന്നു ആദ്യലക്ഷ്യം. ഭരണഘടന അംഗീകരിച്ച 22 ഭാഷകള്‍ക്കുപുറമേ ഔദ്യോഗികമല്ലാത്ത വേറേയും ഒട്ടേറെ ഭാഷകളുള്ള ഒരു മഹാരാജ്യം. ആ ഭാഷകളിലേക്കൊക്കെ കടന്നുചെല്ലാനുള്ള വഴികള്‍ തേടിയുള്ള യാത്രയായിരുന്നു പിന്നെ.

ദൈവദശകത്തിന് ഗുരു നിത്യചൈതന്യയതി നിര്‍വഹിച്ച ഇംഗ്‌ളീഷ്മൊഴിമാറ്റം ആധാരമാക്കി തമിഴ്, തെലുങ്ക്, കന്നട, തുളു, കുടകുഭാഷകളിലേക്കായിരുന്നു ആദ്യമൊഴിമാറ്റം. പിന്നീട് ഉത്തരേന്ത്യന്‍ ഭാഷകളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷകളിലേക്കും മൊഴിമാറ്റാനുള്ള ശ്രമം തുടങ്ങി. യാത്രകളുടെ കാലമായിരുന്നു അത്. മുന്‍ മേഘാലയ ചീഫ് സെക്രട്ടറി എച്ച്.ഡബ്ല്യു. ടി. സിയം, ഡോ. ലോറിന്‍ഡ ഡിമരാക്, ഡോ. പുലോര്‍ ഡബ്ല്യു. കോഞ്ചി എന്നിവരാണ് മേഘാലയയില്‍ പ്രചാരത്തിലുള്ള ഖാസി, ഖാരോ, ജയന്തിയ ഭാഷകളിലെ തര്‍ജമകള്‍ ചെയ്തത്. അസമീസ് ഭാഷയിലേക്ക് ബിബിക നന്ദു ചൗധരിയും ബോഡോ ഭാഷയിലേക്ക് ബിശ്വേശ്വര്‍ ബസുമരിയും പഞ്ചാബിയിലേക്ക് ഡോ. കുല്‍ജിത്ത് സിംഹ് ബാട്ടിയയും മൊഴിമാറ്റം നടത്തി.

സിന്ധി, കച്ച്, ബുംധേലി, ദോഗ്രി, ഇന്ത്യയിലെ പ്രാചീന ഭാഷകളായ സംസ്‌കൃതം, ആവധി, ബ്രജ്, അപഭ്രംശ്, ബുദ്ധഭഗവാന്‍ സംസാരിച്ചിരുന്ന പാലി, മൈഥിലി തുടങ്ങി കേട്ടതും കേള്‍ക്കാത്തതുമായ 40 ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റത്തിന് ആളുകളെ ഗിരീഷ് തിരഞ്ഞ് കണ്ടെത്തി. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ഇടങ്ങളിലെ വിവിധങ്ങളായ ഭാഷകളില്‍ വിദഗ്ധരെ കണ്ടെത്തുകയും മൊഴിമാറ്റം സാധിച്ചെടുക്കുകയും ചെയ്തു ഈ യുവാവ്. ഗുരുവിന്റെ സന്ദേശം പോലെ ജാതിക്കും മതത്തിനും ദേശത്തിനും അതീതമായ ഒരു കൂട്ടായ്മയും സ്‌നേഹവും സാഹോദര്യവും ഇവിടെ ഗിരീഷിന് കൂട്ടിനെത്തി.

യേശുദേവന്‍ സംവദിച്ച 'അരമായ' ഭാഷയിലേക്ക് ഗുരുകാവ്യം മൊഴിമാറ്റിയത് ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം ആണ്. ഒരു കൃതി എന്ന നിലയില്‍ അതിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ് അദ്ദേഹം ഓരോഘട്ടത്തിലും ഗിരീഷിന് പിന്തുണ നല്‍കി. ഒഡിയ ഭാഷയിലേക്കുള്ള മൊഴിമാറ്റശ്രമങ്ങളെ ഗിരീഷ് പ്രത്യേകം ഓര്‍ക്കുന്നു. ഒഡിഷയില്‍ പലയിടത്തും തിരഞ്ഞെങ്കിലും പറ്റിയ ഒരാളെ ഗിരീഷിന് കണ്ടെത്താനായില്ല. ഒടുവില്‍ കേരളത്തില്‍നിന്നുതന്നെ ഒരാളെ കിട്ടി! കാക്കിക്കുപ്പായത്തില്‍ സാഹിത്യമൊളിപ്പിച്ച ഡി.ജി.പി. ലോക്നാഥ് ബെഹ്റ!  അദ്ദേഹം അത് ഭംഗിയായി ഒഡിയയിലേക്ക് മൊഴിമാറ്റം നടത്തി എല്ലാവരെയും അമ്പരപ്പിച്ചു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ചൈനയിലെ മാന്‍ഡാരിന്‍ ഭാഷയിലേക്കുള്ള വിവര്‍ത്തനത്തിലേക്ക് എത്തിയത് ഗിരീഷിന്റെ നാട്ടുകാരന്‍ തന്നെയായ ഒരു എം.ബി.ബി.എസ്. വിദ്യാര്‍ഥിയിലൂടെയാണ്. ചൈനയില്‍ പഠിച്ചെത്തിയ ആ വിദ്യാര്‍ഥി ചൈനീസ് ഭാഷയില്‍ അവിടെ ഒന്നാംസ്ഥാനത്ത് എത്തിയതറിഞ്ഞ് ഗിരീഷ് സഹായം തേടുകയായിരുന്നു. അതുവഴി ചൈനയിലെ പ്രശസ്തമായ സര്‍വകലാശാലയിലെ മേധാവിയെത്തന്നെ ഗിരീഷിന് സഹായത്തിനുലഭിച്ചു.  ഭൂട്ടാന്‍, തായ്ലന്‍ഡ്, നേപ്പാള്‍, ലാവോസ്, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, മലേഷ്യ തുടങ്ങിയ ഇടങ്ങളിലെ ഭാഷകള്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ തുംബുക്ക, ചിചേവ, കിമേരു, കികുയു എന്നീ ഭാഷകള്‍, ജാപ്പനീസ്, സ്പാനിഷ്, കൊറിയന്‍, ഡച്ച്, സൊമാലി, എസ്‌തോണിയ, ഹങ്കേറിയന്‍, നോര്‍വീജിയന്‍, ബള്‍ഗേറിയന്‍ തുടങ്ങി മറ്റ് 60 വിദേശഭാഷകള്‍... ഗുരുദര്‍ശനം മൊഴിമാറ്റത്തിലൂടെ അവിടെയെല്ലാം നിറഞ്ഞുവിളങ്ങി. 

വെല്ലുവിളികളും സൗഹൃദങ്ങളും

മലയാളമാണ് മൊഴിമാറ്റാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ എന്ന തിരിച്ചറിവിന്റെ നാളുകളായിരുന്നു അത്. ഗുരുവിന്റെ വാക്കുകള്‍ക്ക് അനുയോജ്യമായ വിദേശ ഭാഷാപദങ്ങള്‍ക്കായി ഓരോ വിവര്‍ത്തകനും പാടുപെട്ടു. ഹീബ്രു ഭാഷയിലേക്ക് മൊഴിമാറ്റുമ്പോള്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രൊഫ. ഡെന്‍ ബെന്‍ അമോസിനെ വട്ടം തിരിച്ചത് മായ എന്ന വാക്കായിരുന്നു. അതിന്റെ പരിഭാഷ തേടി അദ്ദേഹം ഒരുപാട് അലഞ്ഞു. ഒടുവില്‍ കവി സച്ചിദാനന്ദന്‍ നിര്‍ദേശിച്ചതുപോലെ മായ എന്നു തന്നെ ഉപയോഗിക്കുകയായിരുന്നു. നക്ഷത്ര ചിഹ്നമിട്ട് ടിപ്പണിയായി വിവരണം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

 കോംഗോ സ്ഥാനപതി അശോക് വാര്യര്‍, ശശി തരൂര്‍, ശ്രീനാരായണ പ്രസ്ഥാനക്കാര്‍, ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദ, സാന്ദ്രാനന്ദ, സ്വരൂപാനന്ദ, സച്ചിദാനന്ദ, മന്ത്രി വി.എസ്. സുനില്‍കുമാര്‍, മുന്‍ എം.എല്‍.എ. ടി.എന്‍. പ്രതാപന്‍, വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ., വിവിധയിടങ്ങളിലെ യോഗം പ്രവര്‍ത്തകര്‍ തുടങ്ങി വഴിയില്‍ പലരും ഗിരീഷിന് കൈത്താങ്ങായി. ഗിരീഷിന്റെ ചിന്തകള്‍ക്ക് അമ്മ തങ്കവും ഭാര്യ സിന്ധുവും മകന്‍ ദേവദര്‍ശും എന്നും തുണയുണ്ട്.

ആശയങ്ങളിലെ ഭിന്നത പലരെയും ആദ്യം ഏറ്റെടുത്ത ദൗത്യത്തില്‍നിന്ന് പിന്‍തിരിപ്പിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളും ഗിരീഷിന് വെല്ലുവിളിയായി. ബലൂചിസ്ഥാനിലെ ബലൂചി ഭാഷയിലുള്ള ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.  ഇന്ത്യയിലെ ഒരു സന്ന്യാസിവര്യന്റെ കൃതി മൊഴിമാറ്റുമ്പോള്‍ വിവര്‍ത്തകനെ ഇന്ത്യയുടെ ഒരു ചാരനായി ബലൂചിസ്ഥാന്‍ കണ്ടേക്കാമെന്നൊരു തോന്നല്‍ കാരണം വിവര്‍ത്തകന്‍ കൂറുമാറി. മാലി ദ്വീപിലെ ഭാഷയ്ക്കും ഇതേ വെല്ലുവിളി നേരിട്ടു. ഇന്ത്യന്‍ സേനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വഴിയായിരുന്നു മാലിയില്‍ സഹായം തേടിയത്. ഇത് ഒരു ചാരപ്രവര്‍ത്തനമായി അവിടത്തെ സര്‍ക്കാര്‍ കണ്ടു. വിവേഹി ഭാഷയില്‍ വിവര്‍ത്തനം ചെയ്തുകിട്ടിയെങ്കിലും അത് ഉപയോഗിക്കാനായില്ല. പിന്നീട് ലക്ഷദ്വീപിലുള്ള വിവേഹി ഭാഷ അറിയുന്ന ഒരാളാണ് മൊഴിമാറ്റാന്‍ സഹായിച്ചത്.

ഗിന്നസ് റെക്കോഡിലേക്ക്

നൂറുഭാഷകള്‍ ഒരു പുസ്തകത്തില്‍ എന്ന അപൂര്‍വതയുമായി ഗിന്നസ് ബുക്കിലേക്കുള്ള പാതയിലാണ് ഈ വിവര്‍ത്തനം. 1848-ല്‍ കാറല്‍ മാര്‍ക്‌സും ഫ്രഡറിക് ഏംഗല്‍സും ജര്‍മന്‍ ഭാഷയിലെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഫ്രഞ്ച്, ഇംഗ്ലീഷ് പരിഭാഷകള്‍ 1850- ലാണ് പുറത്തുവന്നത്. 1867- ല്‍ ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച മാര്‍ക്‌സിന്റെ ദാസ് ക്യാപിറ്റല്‍ ഒന്നാം ഭാഗത്തിന്റെ ഫ്രഞ്ച് വിവര്‍ത്തനം 1875- ലും ഇംഗ്ലീഷ് പതിപ്പ് 1887-ലും പുറത്തിറങ്ങി. ഈ വിവര്‍ത്തനങ്ങളാണ് കമ്യൂണിസ്റ്റ് ആശയത്തിനു ലോകത്ത് പ്രചാരം നേടിക്കൊടുത്തത്.

അതിനുശേഷം ഇത്ര ഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റൊരു മതേതര കൃതിയും  ഉണ്ടായിട്ടില്ല. ദൈവദശകം പദ്ധതിക്ക് 15 ലക്ഷം അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെ അറിയിപ്പ് ലഭിച്ചു എന്നത് ഇതിന്റെ സാംസ്‌കാരിക പ്രാധാന്യത്തിന് തെളിവായി. ജാതിസ്പര്‍ധയും മതദ്വേഷവും നിറഞ്ഞ് മനുഷ്യമനസ്സുകള്‍ കലുഷമാകുന്ന ഇക്കാലത്ത് ലോകമാനവനെ സ്വപ്നംകണ്ട ഗുരുദേവ വചനങ്ങളുടെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുക തന്നെയാണ് ഗിരീഷിന്റെ ലക്ഷ്യം. നൂറു ഭാഷകളിലൂടെ അത് നിര്‍വഹിച്ച ഈ ചെറുപ്പക്കാരന് നൂറില്‍ നൂറുമാര്‍ക്കും നല്‍കണം.