ലയാളത്തിലെ ആദ്യകാല നോവലിസ്റ്റുകളില്‍ പ്രമുഖനായിരുന്ന സി.വി രാമന്‍ പിള്ളയുടെ ജന്മവാര്‍ഷിക ദിനമാണ് മെയ് 19. മാര്‍ത്താണ്ഡവര്‍മ്മ, രാമരാജാബഹദൂര്‍, ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവായ സി.വി കേരള സ്‌കോട്ട് എന്ന വിശേഷണത്താലാണ് അറിയപ്പെടുന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. 1858 മെയ് 19-ന് തിരുവനന്തപുരത്ത് കൊച്ചുകണ്ണച്ചാര്‍ വീട്ടില്‍ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റിന്‍കരയിണ്. അച്ഛന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാര്‍വതിപ്പിള്ള.

തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ജോലിക്കാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. 1881ല്‍ ബി.എ പാസായി. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887- ല്‍ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടില്‍ ഭാഗീരഥിയമ്മ. ഇവര്‍ 1904-ല്‍ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.

കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ശിരസ്തദാറായി ജോലി ലഭിക്കുകയും പിന്നീട് 1905ല്‍ ഗവണ്മെന്റ് പ്രസ്സില്‍ സൂപ്രണ്ടായി ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. മലയാളി മെമ്മോറിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാര്‍ച്ച് 21-ന് അദ്ദേഹം അന്തരിച്ചു.

വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം ഇംഗ്ളീഷ് നോവലുകള്‍ വായിച്ചിരുന്ന സി.വി. മലയാളത്തിലെ ആദ്യത്തെ ആഖ്യായിക-ചരിത്രനോവല്‍ ആയ മാര്‍ത്താണ്ഡവര്‍മ്മ 1890ല്‍ പ്രസിദ്ധപ്പെടുത്തി. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജാവാകുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം സി.വി. വിപുലമായ അനുഭവസമ്പത്തിനെ ആസ്പദമാക്കി രചിച്ച ആഖ്യായികകളാണ് ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1918) എന്നിവ.

ഒരു ദാര്‍ശനികകാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ മനുഷ്യനും അവനില്‍ അധീശത്വംചെലുത്തുന്ന അജ്ഞാതശക്തികള്‍ക്കും പുതിയ അര്‍ഥതലങ്ങള്‍ അന്വേഷിച്ച മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റാണ് സി.വി. രാമന്‍പിള്ള. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രമാണ് സി.വി.യുടെ നോവലുകളെന്ന ധാരണ ശരിയല്ല. യഥാര്‍ഥത്തില്‍ പ്രജാകുടുംബങ്ങളുടെ വംശകഥയെഴുതിയ ഒരു ആഖ്യായികാകാരനാണ് സി.വി.

Content Highlights: CV Raman pillai Birth Anniversary