തിമാരകമായ എഴുത്തുകാരന്റെ  സോഫിസ്റ്റിക്കേഷനോ, ടിപ്പിക്കല്‍ ഷിസോഫ്രീനിയയോ അല്ല ഞാന്‍ വായിച്ചുപോയ ഭീതിക്കഥകളുടെ വേര് എന്ന് എനിയ്ക്ക് ഈ അടുത്താണ് മനസ്സിലായത്.. പ്രേതങ്ങളൊക്കെയും അല്ലെങ്കിലും സങ്കല്പങ്ങളാണെങ്കില്‍ കൂടി മനുഷ്യചെയ്തികളുടെ തന്നെ ഭീകരസുന്ദരമായ തുടര്‍ച്ചയാണല്ലോ. ലോകപ്രശസ്ത സാഹിത്യകാരി മേരി ഷെല്ലി തന്റെ ഗംഭീര ഹൊറര്‍ നോവലായ 'ഫ്രാങ്കന്‍സ്റ്റെയിന്‍ ' എഴുതുന്നത് വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടത്തിലാണ്.. 

ശാസ്ത്രം മനുഷ്യനുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചാണ് മേരി ഷെല്ലി ഭയപ്പെടുത്തുന്ന തന്റെ പ്രേതകഥയിലൂടെ പറയാന്‍ ശ്രമിച്ചത്. ഒരു ഗോഥിക്ക് നോവലിലും ഉപരി ഫാന്റസിയും സോഷ്യല്‍ റിയാലിറ്റിയും രമ്യപ്പെടുന്നത് ഫ്രാങ്കന്‍സ്റ്റെയിനില്‍ അങ്ങനെയാണ്. കേവലം ഡാര്‍ക്ക് എക്സോര്‍സിസ്റ്റ് കഥകളില്‍ നിന്ന് ഗതിമാറി ഗോഥിക് ഫിക്ഷന്‍ അതിന്റെ തനത് വായനാനുഭവത്തിലേയ്ക്ക് കടന്ന് പോവുന്നത് എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് എച്. പി. ലവ്ക്രാഫ്റ്റിന്റെ പുസ്തകങ്ങള്‍ വായിയ്ക്കുമ്പോഴാണ്. 

മന്ത്രവാദിനികളുടെയും കരിമ്പൂച്ചകളുടെയും ചുറ്റുപാടിലുള്ള കഥപറച്ചിലിന്റെ  ഫാന്റസിയ്ക്കുള്ളില്‍ തന്നെ വളരെയധികം യാഥാസ്ഥിതികമായ അജ്ഞാതമായ ഏതോ അറിവിന് വേണ്ടിയുള്ള പരലോക ധാരണകള്‍ തേടിയുള്ള മനുഷ്യന്റെ ഒടുങ്ങാത്ത അഭിനിവേശത്തെ ലവ്ക്രാഫ്റ്റ് തന്റെ കഥകളില്‍ എഴുതി വച്ചു. ലവ്ക്രാഫ്റ്റിയന്‍ ഹൊററുകളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടുള്ളത് ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലത്താണ്. 

എഡ്ഗാര്‍ അലന്‍ പോ യുടെയും മറ്റ് അപസര്‍പ്പക കാഥികരുടെയും സാധാരണ ലോകത്തില്‍ നിന്നും വേറിട്ട് ലവ്ക്രാഫ്റ്റ് സ്വതസിദ്ധമായ ഭീതിക്കഥകള്‍ ഉണ്ടാക്കി. അദ്ദേഹത്തിന്റെ കഥകളില്‍ നിതാന്തവും ധൂസരവുമായ ദുരൂഹതകള്‍ ഉണ്ടാവുന്നതും ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്തുണ്ടായ ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ നിന്നും ആവാം.

'ദി കളര്‍ ഔട്ട് ഓഫ് സ്‌പെയ്‌സ് ' എന്ന ലവ്ക്രാഫ്റ്റിയന്‍  രചനയില്‍ ആകാശത്ത് നിന്നും ഒരു ഉല്‍ക്ക ഒരു ഫാം ഹൗസിനു സമീപം പതിയ്ക്കുകയും അതില്‍ നിന്നുമുണ്ടായ വികിരണങ്ങളേറ്റ് ഫാം ഹൗസ് നരകതുല്യമായ ഒരന്തരീക്ഷത്തിലേയ്ക്ക് മാറുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ രചനയുടെ മാന്ത്രികതയാണ്.. 

ലവ് ക്രാഫ്റ്റ് ന്റെ നായകന്മാര്‍ ഗവേഷകരും, നരവംശശാസ്ത്രജ്ഞരുമാണ്.. ഈ നായകന്മാരുടെ അറിവിന് വേണ്ടിയുള്ള  ഒടുങ്ങാത്ത ജിജ്ഞാസ അവരെ ഭയത്തിന്റെ  ഊരാക്കുടുക്കുകളില്‍ കൊണ്ടെത്തിയ്ക്കുന്നു.. ലവ്ക്രാഫ്റ്റ് ന്റെ ആഖ്യാനം അനന്യ സുന്ദരവും പിരിമുറുക്കം ഉണ്ടാക്കുന്നവയും ആയത് കൊണ്ടാവാം അദ്ദേഹത്തിന്റെ കഥകളെയൊട്ടാകെ നാം Hideous Tales of Horror and Maccabre എന്ന് ഒറ്റവാക്കില്‍ പറഞ്ഞതും.. 

ഒരുകാലഘട്ടത്തിന് ശേഷം ഇത്തരം ഒരു രീതിയില്‍ നിന്നും ഹൊറര്‍ നോവലുകള്‍ മാറി എന്ന് പറയേണ്ടി വരും.. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള രണ്ടാമതൊരു കാലത്ത് പരുവം കൊണ്ടിട്ടുള്ള വായനാനുഭവമാണ്.. ഡയറിക്കുറിപ്പുകളിലൂടെയാണ് ഡ്രാക്കുളയുടെ നിഗൂഢതകള്‍ നമുക്ക് മുന്‍പിലേക്ക് തുറന്നു വയ്ക്കുന്നത്.. ഡയറികള്‍ ഒരു വ്യക്തിയുടെ അനുഭവങ്ങള്‍ ആണ്, അത് മറ്റൊരാള്‍ വായിയ്ക്കവേ ഡയറി എഴുതിയ വ്യക്തിയെ വായനക്കാരന്‍ ഇമ്പ്‌ലാന്റു ചെയ്യുന്നു.. 

അബോധമനസ്സില്‍ നമ്മള്‍ ആ കഥാപാത്രമായി മാറുന്ന ഒരു മാനസിക വിശേഷം അവിടെ നിലനില്‍ക്കുന്നുണ്ട്.. പിന്നീട് ഇടയ്ക്കിടെ ഹൊറര്‍ ഉണ്ടാവുമ്പോള്‍ നമ്മളും കഥാപരിസരത്തില്‍ ഇഴ ചേര്‍ക്കപ്പെടുന്നു, അവ ഉണ്ടാക്കുന്ന ഭയം നമ്മെ വിറപ്പിയ്ക്കുന്നു.. ഒരു കുട്ടിക്കഥയുടെ സബ് പ്ലോട്ടിലേയ്ക്ക് ഭയം കൂട്ടിയിണക്കി കഥ പറയുന്ന പ്രവണത പലപ്പോഴും സ്റ്റീഫന്‍ കിങ് നെ വായിയ്ക്കുമ്പോഴാണ് ഉണ്ടായിട്ടുള്ളത്.. IT എന്ന് പേരുള്ള അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച രചന അതിന് ഉദാഹരണമാണ്.. 

അമേരിയ്ക്കന്‍ നഗരവത്ക്കരണ സംസ്‌കാരത്തില്‍ നിന്നും ഉത്ഭവിച്ച വാമ്പയറുകളായിരുന്നു മറ്റൊരു ഹൊറര്‍ നോവലിസ്റ്റായ ബ്രാഡ് ബെറിയുടെ തുറുപ്പുചീട്ട്.. ഭീതികഥകളില്‍ ഇവരൊക്കെ എന്നെ ത്രസിപ്പിച്ചിട്ടുണ്ടെങ്കിലും, ഇവരൊക്കെയും വിശ്വസാഹിത്യകാരണമാണല്ലോ.. 

ഇനി മലയാളസാഹിത്യത്തിലേയ്ക്ക് കടക്കാം.. 

മലയാളത്തില്‍ എന്നെ എല്ലാകാലത്തും കിടിലം കൊള്ളിച്ച ജനപ്രിയ  നോവലിസ്റ്റാണ് കോട്ടയം പുഷ്പനാഥ്.. വാസ്തവത്തില്‍ മലയാളത്തില്‍ വെസ്റ്റണിസത്തിന്റെ വ്യവസ്ഥാപനം ആദ്യം നടത്തിയത് പുഷ്പനാഥായിരുന്നു.. അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയിലും അതല്ലാതെയും കഥകളെഴുതി.. 

നമുക്ക് ചുറ്റുമുള്ള സാധാരണമായ പ്ലോട്ടുകളില്‍ നിന്നു പോലും പുഷ്പനാഥ് രക്തരക്ഷസ്സുകളെയും ലോക്കല്‍ ഗോസ്റ്റുകളെയും പുന:സൃഷ്ടിച്ചു. മലയാളികളുടെ വായനയുടെ എക്‌സ്‌പോഷറിനെ ആകാശതുല്യം വികസിപ്പിച്ച എഴുത്തുകാരനാണ് എക്കാലവും എന്നെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ള പുഷ്പനാഥ്.. 

എന്തുകൊണ്ട് പുഷ്പനാഥ് പോപ്പ് കള്‍ട്ട്ല്‍ പെട്ടു എന്നതിനെ ഞാന്‍ ഒരിയ്ക്കലും വിമര്‍ശിയ്ക്കില്ല.. അദ്ദേഹം ക്‌ളാസിക്കുകളുടെ പ്രിവിലേജിലാണ് എഴുതിയിരുന്നതെങ്കില്‍ ആരും അദ്ദേഹത്തെ വായിക്കില്ലായിരുന്നു എന്നാണ് എനിയ്ക്ക് തോന്നുന്നത്. അസാമാന്യ ഭാവന കൊണ്ട് നരേഷനുകളുടെ ഭയങ്കരമായ ലോകത്തേയ്ക്ക് പുഷ്പനാഥ് സാധാരണമനുഷ്യരെ വായനയിലേക്ക് കൈ പിടിച്ച് നടത്തി.. 

പുസ്തകം കൈകൊണ്ട് തൊടാത്തവര്‍ പോലും പുഷ്പനാഥ് ന്റെ അപസര്‍പ്പകങ്ങള്‍ കിട്ടുവാനായി വായനശാലകളില്‍ വരി നിന്നു. എന്നോ അസ്തമിച്ച് പോയ ജനപ്രിയ സാഹിത്യത്തെ ഒന്നുകൂടി തിരികെ എത്തിയ്ക്കുവാന്‍ ഇന്നും എത്രയോ എഴുത്തുകാരാണ് ശ്രമിയ്ക്കുന്നത്.. 

ഇന്നത്തെ സാഹിത്യത്തില്‍ ജി. ആര്‍. ഇന്ദുഗോപന്‍, റിഹാന്‍ റാഷിദ്, വിപിന്‍ ദാസ്, ശ്രീ പാര്‍വതി തുടങ്ങി ഒട്ടേറെ എഴുത്തുകാര്‍ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ ഭീതിക്കഥകള്‍ എഴുതുന്നുണ്ട്. ചിലത് നിരൂപണം പോലും കിട്ടാതെ വായനക്കാരില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമ്പോള്‍ ചിലത് വലിയൊരു വിഭാഗം പേര്‍ വായിയ്ക്കുന്നു.. 

ഭീതികഥകളുടെ കാര്യം പോലെ തന്നെയാണ് ഡിക്റ്ററ്റീവ് നോവലുകളും. ഒരു കാലത്ത് ഡിക്റ്ററ്റീവ് നോവലുകള്‍ ആളുകള്‍ ഒട്ടേറെ വായിച്ചിരുന്നു. പിന്നെ അതെ വായന ഇടയ്ക്ക് ഡിക്ടറ്റീവ് നോവലുകള്‍ക്ക് നഷ്ടപ്പെട്ടെങ്കിലും പിന്നീട് ഈ അടുത്ത കാലത്ത് ഡിക്ടറ്റീവ് നോവലുകളും അപസര്‍പ്പകങ്ങളും പഴയ ജനപ്രീതി തിരിച്ചു പിടിച്ചിട്ടുണ്ട്.. 

ഡിക്റ്ററ്റീവ് നോവലുകളില്‍ വായനാ ഓര്‍മയായി ഒരുപാട് പേരുണ്ട്. അഗതാ ക്രിസ്റ്റിയുടെ മിസ്സ് മാര്‍പ്പിള്‍ നെയും പോയ്‌റോട്ടിനെയും നാമെങ്ങനെ മറക്കും. കോനന്‍ ഡോയലിന്റെ ഹോംസിനെയും ശരദിന്ദുവിന്റെ ബയോംകേഷ് ബക്ഷിയെയും നാമെങ്ങനെ മറക്കും. വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേ പോലും ഡിക്ടറ്റീവ് നോവലെഴുതിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ എത്ര പേര്‍ അത് വിശ്വസിയ്ക്കും.? 

അപസര്‍പ്പക നോവലുകളില്‍ മാന്ത്രിക നോവലുകളുടെ ജനപ്രിയത കാലത്തിന്റെ മാറ്റം കൊണ്ട് നഷ്ടപ്പെട്ടു എന്ന് വായനയില്‍ തോന്നിയിട്ടുണ്ട്. ഏറ്റുമാനൂര്‍ ശിവകുമാര്‍ അടക്കമുള്ള എഴുത്തുകാരുടെ ഗംഭീരമായ മാന്ത്രിക നോവലുകള്‍  ഉണ്ടായിരുന്ന ലോകമാണ് മലയാളസാഹിത്യം. പക്ഷെ ഇന്ന് എണ്ണം പറഞ്ഞ മാന്ത്രിക നോവലുകള്‍ കുറവ് എന്നാണ് തോന്നുന്നത്. എന്തൊക്കെയായാലും ഗ്രന്ഥശാലാ പ്രസ്ഥാനവും അതിന്റെ വളര്‍ച്ചയുമാണ് ജനകീയ ഫിക്ഷനുകളെ വളര്‍ത്തിയത്.. 

മുട്ടത്ത് വര്‍ക്കിയും, ജോസി വാഗമാറ്റവും, ബാറ്റണ്‍ ബോസും, മാത്യു മറ്റവും, കോട്ടയം പുഷ്പനാഥും, നീലകണ്ഠന്‍ പരമാരയും, ഏറ്റുമാനൂര്‍ ശിവകുമാറും എല്ലാം മലയാളവായനയെ സ്വര്‍ഗ്ഗതുല്യം ഉയര്‍ത്തിയവരാണ്.

പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: crime thriller detective books H. P. Lovecraft, stephen king