ന്ന് ന്യൂയോർക്ക് സിറ്റി നിശ്ചലമാണ്. നാനൂറുകൊല്ലത്തെയെങ്കിലും ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത കാര്യം. ഏറ്റവും ചലനാത്മകമായ ഇടം എന്ന് അവകാശപ്പെട്ട നഗരം ഹോളിവുഡ് ഹൊറർ സിനിമകളിലെ ശുന്യതാദൃശ്യങ്ങൾ സത്യമാക്കപ്പെട്ടപോലെ നിലകൊള്ളുന്നു. ഭീതിദമാണിത്. 2001-ൽ ട്വിൻ ടവറുകൾ തകർന്നപ്പോഴും ഇത്രയും ഭീകരത ഏറ്റെടുത്തിട്ടില്ലായിരുന്നു ഈ വിസ്തൃതജനവീഥികൾ. ഇന്ന് അനേകം ചരമക്കുറിപ്പുകളാണ് കൂറ്റൻ കെട്ടിടങ്ങളുടെ ഇടനാഴികകളിലെ മങ്ങിയ നിഴലുകൾ വരച്ചിടുന്നത്. 52,000 പേരാണ് ന്യൂയോർക്ക് സംസ്ഥാനത്ത് കൊറോണയുടെ പിടിയിലമർന്നത്. മരിച്ചതോ 728 പേരും. തൊട്ടടുത്ത ന്യൂജെഴ്സി സംസ്ഥാനത്ത് 140-ഓളം ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ന്യൂയോർക്കിൽ പോലീസ് ഫോഴ്സിൽത്തന്നെ അഞ്ഞൂറോളം പേർക്കാണ് ഈ അസുഖം ബാധിച്ചിട്ടുള്ളത്. അതിൽ നാലുപേരെ കൊറോണ കൊണ്ടുപോയി എന്നത് വൈറസിന്റെ വ്യാപനവ്യാപ്തിയുടെ ദൃഷ്ടാന്തമാണ്. കാലിഫോർണിയയിൽ 120 മരണം. ആകെ യു.എസിൽ രണ്ടായിരത്തോളം ജീവൻ പൊലിഞ്ഞു. വിറങ്ങലിപ്പും ഉൾഭയവും ന്യൂയോർക്കുകാരുടേത് മാത്രമല്ല എല്ലാ അമേരിക്കക്കാരുടേതുമായി മാറിക്കഴിഞ്ഞു.

അനവധാനതയുടെ ചിത്രം

ഭരണാധികാരികളുടെ അതിരുകടന്ന ആത്മവിശ്വാസവും അധികാരക്കൊതിയും സമ്പദ്വ്യവസ്ഥയാണ് ജീവനെക്കാൾ രക്ഷിക്കപ്പെടേണ്ടത് എന്ന വാശിയുമൊക്കെ ഇതിനു കാരണങ്ങളായിട്ടുണ്ട്. കോവിഡ്-19 അമേരിക്കയിൽ പടർന്ന് രണ്ടുമാസത്തിൽക്കൂടുതൽ കഴിഞ്ഞിട്ടും ട്രംപ് ഭരണകൂടത്തിന് ഏകീകൃതമായ നയോപായതന്ത്രങ്ങൾ മെനഞ്ഞെടുക്കാൻ കഴിഞ്ഞില്ല. ഷിക്കാഗോയിലും ന്യൂയോർക്കിലുമുള്ള വിമാനത്താവളങ്ങളിൽ ലോകത്തെമ്പാടുനിന്നും വരുന്നവരെ ഒരു പരിശോധനയുമില്ലാതെ മാർച്ച് 22 വരെ പുറംസമൂഹത്തിലേക്ക് ഇറക്കിവിട്ടു. വ്യവസായശാലകൾ നിശ്ചലങ്ങളാകുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തതോടെ പ്രസിഡന്റ് ട്രംപ് സമ്പദ്വ്യവസ്ഥയ്‍ക്ക് മാത്രം മുൻതൂക്കംകൊടുത്തു, പൊതുജനാരോഗ്യ അവഗണിച്ച് അതിൽമാത്രം വ്യാകുലനാവുകയും ചെയ്തു. വീട്ടിലിരിക്കാതെ തിരിച്ച് ജോലിക്കുപോകാനും ഏപ്രിൽ 12-ന് ഈസ്റ്റർ ആഘോഷിക്കാൻ തയ്‌യാറായിക്കൊള്ളാൻ ഉദ്ഘോഷിക്കുകയും ചെയ്തു. വെറും 19 ദിവസംകൊണ്ട് കോവിഡ്-19 ഇല്ലാതാകുമെന്ന് പ്രഖ്യാപിക്കുകയും അത് എളുപ്പമായി സാധിച്ചെടുക്കാമെന്ന് വീണ്ടും വീണ്ടും ഉറപ്പുനൽകി ജനങ്ങൾക്ക് വ്യാജമായ പ്രത്യാശനൽകാനും മടിച്ചില്ല, അദ്ദേഹം.

സാമൂഹിക അകലം പാലിക്കൽ അനുവർത്തിച്ചില്ലെങ്കിൽ കൂടുതൽ മാരകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ നിർദേശിക്കുന്നതിന് കടകവിരുദ്ധമായിരുന്നു ഇത്തരം പ്രസ്താവനകൾ. ''വളരെ പെട്ടെന്ന്, ഒന്നുരണ്ടാഴ്ചയ്‍ക്കുള്ളിൽ എല്ലാം ശരിയാകും എന്ന് എനിക്ക് ഒട്ടും തോന്നുന്നില്ല'' എന്ന് ആന്റണി ഫൗസി എന്നാണ് വിദഗ്ധ ശാസ്ത്രജ്ഞൻ (സർക്കാരിന്റെ ഉപദേഷ്ടാവുമാണ് ഇദ്ദേഹം) പ്രഖ്യാപിച്ചത്. അദ്ദേഹം പ്രസിഡന്റിനോടേറ്റ് തോറ്റുപിന്മാറിയ ലക്ഷണമാണിപ്പോൾ. ട്രംപിന്റെ സ്വന്തം ഉൾപ്പെടെ ബിസിനസ് സംരംഭങ്ങൾ തകർന്നതോടെയാണ് നേരംവെളുത്തു എന്ന തോന്നൽ തെല്ലെങ്കിലും വൈറ്റ് ഹൗസിൽ ഉദിച്ചത്. അപ്പോഴേക്കും കോവിഡ് 19-നെ നേരിടലിൽ രണ്ടുമാസത്തിൽക്കൂടുതൽ താമസിച്ചുപോയിരുന്നു. ഒരു പാവപ്പെട്ട മൂന്നാംലോകരാജ്യത്തിന്റെ സ്ഥിതിയിൽനിന്നുപോലും താഴത്തേക്ക് അമേരിക്കൻ പൊതുജനാരോഗ്യം നിപതിച്ചുകഴിഞ്ഞിരുന്നു, അപ്പോഴേക്കും.

വെന്റിലേറ്ററുകളില്ല, മാസ്കും

സർക്കാർ ചില ഇടപെടലുകൾ നടത്താൻ തുനിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ. രണ്ട് ട്രില്യൺ ഡോളറിന്റെ തകർച്ചനിവാരണ പദ്ധതി (bailout) നടപ്പാക്കുന്നതായി പ്രഖ്യാപനം വന്നിട്ടുണ്ട്. ഓരോ അമേരിക്കക്കാരനും തത്‌കാലാശ്വാസത്തിനായി 1200 ഡോളർ വീതം നൽകുക, തൊഴിലില്ലായ്മവേതനം വർധിപ്പിക്കുക, ആരോഗ്യപാലനത്തിന് 150 ബില്യൺ, ചെറുകിട ബിസിനസുകാർക്ക് കടവായ്പ, സംസ്ഥാനങ്ങൾക്കും വ്യവസായങ്ങൾക്കും വായ്പപദ്ധതികൾ ഇവയൊക്കെയാണ് വാഗ്ദാനങ്ങൾ.

ന്യൂയോർക്കിലെ ആശുപത്രികളിൽ ഇപ്പോഴും അവശ്യസാധനങ്ങൾ എത്തിയിട്ടില്ല. വെന്റിലേറ്ററുകൾക്കും മാസ്കുകൾക്കും വൻ ക്ഷാമംതന്നെ. മൃതശരീരങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ വലയുന്നു, ചില ആശുപത്രികൾ. 'Defence Production Act' (യുദ്ധകാലത്ത് അവശ്യംവേണ്ട സാമഗ്രികൾ നിർമിച്ചെടുക്കാൻ കമ്പനികൾക്ക് നിർദേശം കൊടുക്കാമെന്ന നിയമം) അനുസരിച്ച് വെന്റിലേറ്ററുകൾ നിർമിക്കാൻ പ്രസിഡന്റ് ചില കമ്പനികളെ തെര്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പെട്ടെന്ന് നിർമിച്ചെടുക്കാവുന്നവയല്ല അവ. വ്യവസായങ്ങൾ ദേശസാത്‌കരിക്കാൻ ആഹ്വാനങ്ങളുയരുന്നുണ്ടെങ്കിലും പ്രസിഡന്റിന് താത്‌പര്യമില്ല. ആശുപത്രിസാമഗ്രികൾ നിർമിച്ചു പരിചയമില്ലാത്ത കമ്പനികൾക്ക് താത്‌പര്യമുണ്ടെങ്കിലും അതിനുള്ള പരിചയമോ സാങ്കേതികജ്ഞാനമോ ഉടൻ സ്വരുക്കൂട്ടാൻപറ്റാതെ വലയുകയാണ്.

നേർമുൻപിൽക്കണ്ട ദുരന്തത്തെ അഭിമുഖീകരിക്കാൻ തയ്‌യാറെടുപ്പാവശ്യമാണെന്ന് മനസ്സിലാക്കിയില്ലെന്ന് നടിക്കുകയാണിപ്പോൾ സർക്കാർ. ന്യൂയോർക്കിൽനിന്നുള്ളവരെ മറ്റുള്ള സംസ്ഥാനക്കാർ പ്രതിരോധിച്ചുതുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ ഒരിക്കലും സംഭവിക്കാത്ത സംസ്ഥാനങ്ങൾ തമ്മിലുള്ള സ്പർധ. ശുചിത്വം പാലിക്കാനും സുരക്ഷയ്‍ക്കും പകർച്ചയെ നേരിടാനും മറ്റും വേണ്ടിയുള്ള സാമഗ്രികളില്ലാതെ വലയുന്ന ആശുപത്രി പ്രവർത്തകർ വ്യവസ്ഥയോട് പൊരുതിത്തളരുന്നവരായിട്ടുണ്ട്. ഭീമമായ ചികിത്സച്ചെലവുകൾ പൊടുന്നനേ വന്നുകൂടിയത് രോഗികളെ പരിഭ്രാന്തിയിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് പേറാൻപറ്റാത്ത ഭാരം. എല്ലാവർക്കും ചികിത്സ വൻ ഇളവുകളോടെ ലഭ്യമാക്കുന്ന മെഡികെയർ പദ്ധതി നടപ്പാക്കാൻ കോവിഡ്-19 എന്ന ദുരനുഭവം അധികാരികളെ പ്രേരിപ്പിക്കുമെന്ന് ജനങ്ങൾ ആശിക്കുന്നു. ഏതായാലും ഈ മഹാമാരിക്കുശേഷം അമേരിക്കൻ സമൂഹം പുതുദിശയിലേക്ക് പ്രയാണംചെയ്‌യുമെന്നാണ് പരക്കേയുള്ള വിശ്വാസം. പക്ഷേ, അവിടെയെത്താനുള്ള വഴികൾ സ്വയം ദുർഘടമാക്കിയിരിക്കുകയാണ് ഭരണാധികാരികൾ.

Content Highlights: Coronavirus in US: A government made crisis