മലയാളി, മലയാളം, മാറ്റം. 2000-2020

രുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹിക രംഗങ്ങളിലേക്കു തിരിഞ്ഞുനോക്കുന്ന ആരും അവിടെ ദിനംപ്രതി വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും അടയാളരേഖകള്‍ കണ്ട് അമ്പരന്നുപോകും. പ്രവാസികള്‍ കൊണ്ടുവന്ന സമൃദ്ധി അത് ഉത്പാദിപ്പിച്ച അസൂയയും അസഹിഷ്ണുണതയും അടിപ്പടവായി കിടപ്പുണ്ട്.

അഖിലേന്ത്യാ തലത്തില്‍ നമ്മുടെ ജനാധിപത്യം ജീര്‍ണിക്കാന്‍ തുടങ്ങുന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ (1975 1977) യോടുകൂടിയാണ്. കേരളത്തിന്റെ അപചയം, നിര്‍ഭാഗ്യവശാല്‍, നേരത്തേ വിമോചനസമര (1959) ത്തോടെ ആരംഭിച്ചു. ആ ജനാധിപത്യവിരുദ്ധ സമരത്തിന്റെ കെട്ടപാഠങ്ങള്‍ പകര്‍ത്തിക്കൊണ്ട് ഇ.എം.എസ്. സപ്തമുന്നണിയുമായി തന്റെ രണ്ടാം മന്ത്രിസഭ (1967) രൂപവത്കരിച്ചതോടെ അപചയത്തിന് മൂപ്പെത്തി, ജനങ്ങള്‍ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വോട്ടുബാങ്കുകള്‍ മാത്രമാണ് എന്ന തിരിച്ചറിവ് രാഷ്ട്രീയപാഠമായിത്തീര്‍ന്നു!

അധികാരാസക്തി മുഴുത്ത അണികളുടെ കൊല്ലും കൊലയും രാഷ്ട്രീയ പ്രവര്‍ത്തനമായി അംഗീകരിക്കപ്പെട്ടു എന്നതിന്റെ പ്രകടമായ തെളിവാണ് 'രാഷ്ട്രീയ കൊലപാതകം' എന്ന നമ്മുടെ ശൈലി. ആ പ്രയോഗംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തിരിയാത്ത ഒറ്റ മലയാളിയുമില്ല. കഷ്ടം, അപ്പണിക്ക് സത്യത്തില്‍ അരനൂറ്റാണ്ടിന്റെ ചരിത്രമുണ്ട്:

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ അതിനെക്കാള്‍ ഭീകരമായ രണ്ടു കലാപങ്ങള്‍ക്കാണ് കോഴിക്കോട്ടെ മാറാട് സാക്ഷിയാകേണ്ടിവന്നത് (2002, 2003) കേരളത്തിന്റെ സാമൂഹികമനസ്സില്‍ അഗാധമായ മുറിവുകളുണ്ടാക്കുകയും വലിയ അളവില്‍ വര്‍ഗീയമായ വേര്‍തിരിവിന് കാരണമാവുകയും ചെയ്ത ആ കൂട്ടക്കൊലകളുടെ പശ്ചാത്തലമൊരുക്കിയതില്‍ രാമജന്മഭൂമി - ബാബറി തര്‍ക്കത്തിന് പങ്കുണ്ട്.

മഅദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ (1998) അറസ്റ്റുചെയ്ത് ഒമ്പതരക്കൊല്ലം വിചാരണത്തടവുകാരനായി ജയിലിലിട്ടു. ഒടുക്കം നിരപരാധിയെന്ന് പറഞ്ഞ് വെറുതേവിട്ടു! ഒട്ടും വൈകാതെ ബാംഗ്‌ളൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റുചെയ്തു. പത്തുകൊല്ലമായി മദനി വിചാരണത്തടവുകാരനായി ജയിലില്‍ കിടക്കുന്നു.

രക്ഷയില്ലാത്ത ദുരവസ്ഥ

രാഷ്ട്രീയവും മതവും എന്നപോലെ ഇവിടത്തെ കുടുംബജീവിതവും അസഹിഷ്ണുതയുടെ അരങ്ങായിക്കൊണ്ടിരിക്കുകയാണ്. ദുരഭിമാനക്കൊല കേട്ടുകേള്‍വികൂടി ഇല്ലാതിരുന്ന നാട്ടില്‍ അത് വാര്‍ത്തയല്ലാതായിത്തീരുന്നു. കോട്ടയത്ത് കെവിന്‍ പി. ജോസഫ് പ്രണയത്തിന് വിലയായിക്കൊടുത്തത് സ്വന്തം ജീവനാണ്.

ന്യായമായ കാര്യത്തിനുതന്നെ വിദ്യാര്‍ഥികളെ ശിക്ഷിക്കാനോ ശാസിക്കാനോ ധൈര്യമുള്ള അധ്യാപകരുടെ എണ്ണം കുറഞ്ഞുവരികയാണ്. അത് പുക്കാറാവും. ഉടനെ പാര്‍ട്ടിയും മതവും ജാതിയും പറഞ്ഞ് അധ്യാപകര്‍ക്കും വിദ്യാലയത്തിനുമെതിരേ സമരവും വിളിയുമാവും.

എന്തിന്, അച്ഛനമ്മമാരുടെ ശാസനപോലും മക്കള്‍ സഹിക്കുകയില്ല. ഒന്നുകില്‍ ആത്മഹത്യ ചെയ്യും; അല്ലെങ്കില്‍ പുറപ്പെട്ടുപോകും!

കേരളത്തില്‍ ആത്മഹത്യ പെരുത്തതിന്റെ കാരണവും ഇതുതന്നെ. മറ്റൊരാളുടെ നേരെ പ്രയോഗിക്കാന്‍ കഴിയാത്ത ഹിംസ അവനവന്റെ നേരെ തിരിച്ചുവിടുന്നതാണ് ആത്മഹത്യ. മറ്റൊരാളുടെ വാക്കോ പ്രവൃത്തിയോ പിടിക്കാതെ വരുമ്പോഴാണ് ആത്മഹത്യ ചെയ്യുന്നത്. മറ്റേയാളെ കൊല്ലാന്‍ കഴിയാത്തതുകൊണ്ട് അവനവനെ കൊല്ലുന്നു!

ഭാര്യവധങ്ങളും ഭര്‍ത്തൃവധങ്ങളും നിത്യവാര്‍ത്തകളായിക്കൊണ്ടിരിക്കുന്നു. കാമുകനെയോ കാമുകിയെയോ, സ്വന്തമാക്കാന്‍ നിലവിലുള്ള ഭര്‍ത്താവിനെയോ ഭാര്യയെയോ മക്കള്‍ക്കൊപ്പം കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് അസാധാരണമല്ല. സ്വത്തിനുവേണ്ടി പിതാവിനെയും മാതാവിനെയും കൊല്ലാനോ ഉപേക്ഷിക്കാനോ പല മലയാളികള്‍ക്കും മടിയില്ല. ആദിവാസി പീഡനങ്ങളുടെ നടുക്കുന്ന ഉദാഹരണമാണ് ഒരു നേരത്തെ അന്നം എടുത്തുതിന്നതിന് ആള്‍ക്കൂട്ടം പാലക്കാട് ജില്ലയില്‍ മധു എന്നു പേരായ യുവാവിനെ തല്ലിക്കൊന്നത്.

ദളിതരോടു കാണിക്കുന്ന അനീതികള്‍ക്ക് അറ്റമില്ല. വാളയാറിലെ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും കൊലയ്ക്കും ഇരയായിട്ട് മര്യാദയ്ക്ക് കേസെടുക്കാന്‍ പോലും ഇവിടെ സംവിധാനമുണ്ടായില്ല.

കേരളത്തില്‍ രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമവും മതവിശ്വാസത്തിന്റെ പേരിലുള്ള തീവ്രവാദവും വളര്‍ത്തിക്കൊണ്ടുവന്നതില്‍ ഇവിടത്തെ രണ്ടു മുന്നണികള്‍ക്കും എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്. സഹകരണം കിട്ടാത്തപ്പോള്‍ മാത്രമാണ് അസഹിഷ്ണുതയെപ്പറ്റിയുള്ള അവരുടെ ബോധവത്കരണ പ്രഭാഷണങ്ങള്‍ പുറപ്പെട്ടു തുടങ്ങുക.

ഫെയ്സ്ബുക്ക്, വാട്സാപ്പ്, യുട്യൂബ് മുതലായ നവമാധ്യമങ്ങളില്‍ കൂടിയാണ് നുണകളും പാതിനുണകളും ആയ വാര്‍ത്തകളിലൂടെയും ദൃശ്യങ്ങളിലൂടെയും വെറുപ്പ് വിനിമയം ചെയ്യുന്ന സമൂഹികവിരുദ്ധ പ്രവര്‍ത്തനം മിക്കപ്പോഴും ചെയ്യുന്നുണ്ട്. മതം, ജാതി, പാര്‍ട്ടി മുതലായവയുടെ വകയിലെല്ലാം 'അപരനെ' നിന്ദിക്കുന്നതിലൂടെ അവനവന്റെ ഉള്ളിലെ കയ്പിന് ആവിഷ്‌കാരം നല്‍കുന്നതിലും അസഹിഷ്ണുത പോഷിപ്പിക്കുന്നതിലും മുഴുകിയവരെയാണ് അവിടെ നാം അധികവും കാണുന്നത്.

കഷ്ടം, രാഷ്ട്രീയവും മതവും കച്ചവടവും ഒരേ പാകത്തില്‍ ചേര്‍ത്ത വിചിത്രമിശ്രിതമാണ് ഇന്ന് കേരളീയ സമൂഹിക മണ്ഡലം. അപ്പറഞ്ഞ മൂന്നും ലാഭകരമാകാനുള്ള കുറുക്കുവഴിയാണ് അസഹിഷ്ണുത. അതില്‍നിന്ന് ഹിംസയല്ലാതെ മറ്റെന്താണ് പുറപ്പെട്ടുവരിക?

Content Highlights: changes in malayali life 2000 t0 2020 MN Karassery