ഇടപ്പള്ളി രാജാവിന്റെ അംഗരക്ഷകനില്‍നിന്ന് ദൈവമായി മാറിയ ചങ്ങമ്പുഴ മാര്‍ത്താണ്ഡന്റെ കഥ
'വരട്ടെ, മാര്‍ത്താണ്ഡന്‍ ഇനിയത് എടുക്കേണ്ടാ...'' -ഇടപ്പള്ളി തമ്പുരാന്റെ ആജ്ഞ ഇടിവെട്ടുപോലെ മാര്‍ത്താണ്ഡ പണിക്കരുടെ ചെവികളില്‍ വന്നലച്ചു. വലിച്ചെറിഞ്ഞ വാള്‍ എടുക്കാനാഞ്ഞ അയാള്‍ പിന്‍വാങ്ങി.
''ഇനിയെന്റെ കണ്‍വെട്ടത്ത് കണ്ടുപോകരുത്, മാര്‍ത്താണ്ഡനു പോകാം...''
-തമ്പുരാന്റെ കല്‍പ്പന കേട്ട് താണുതൊഴുത്, തലകുനിച്ച് മാര്‍ത്താണ്ഡന്‍ കൊട്ടാരപ്പടികളിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു...
ചങ്ങമ്പുഴ തറവാട്ടിലെ മാര്‍ത്താണ്ഡ പണിക്കര്‍ ഇടപ്പള്ളി രാജാവിന്റെ അംഗരക്ഷകരില്‍ പ്രധാനിയും വാള്‍പ്പയറ്റിലെ വീരയോദ്ധാവുമായിരുന്നു, ഇടപ്പള്ളി തമ്പുരാന്റെ വിശ്വസ്തനും.
'ഇളങ്ങല്ലൂര്‍ സ്വരൂപം' എന്നറിയപ്പെട്ടിരുന്ന ഇടപ്പള്ളി രാജവംശത്തിലെ രാജാവ് ബ്രഹ്മണനായതിനാല്‍ തിരുവിതാംകൂര്‍, കൊച്ചി രാജവംശങ്ങള്‍ ആക്രമിച്ചിരുന്നില്ല. പാലാരിവട്ടവും എളമക്കര തോടുമെല്ലാം ഇടപ്പള്ളി എന്ന കൊച്ചുരാജ്യത്തിന്റെ അതിരായിരുന്നു.
അക്കാലത്താണ് പോര്‍ച്ചുഗീസ് പട ഇടപ്പള്ളിയെ ആക്രമിക്കാന്‍ തീരുമാനിച്ചത്. കൊച്ചി രാജവംശമായിരുന്ന പെരുമ്പടപ്പ് സ്വരൂപത്തിന്റെ രഹസ്യ പിന്തുണയുമുണ്ടായിരുന്നു. 'പാലാരിവട്ടം കൈമള്‍' എന്ന സ്ഥാനപ്പേരുള്ള കുമ്പളപ്പിള്ളി കുഞ്ഞുണ്ണിയുടെ സഹായം പോര്‍ച്ചുഗീസുകാര്‍ തേടി. പോര്‍ച്ചുഗീസുകാരും കൈമളും തമ്മില്‍ കരാറുണ്ടാക്കി. പാലാരിവട്ടവും കലൂരും ചളിക്കടവും (ചളിക്കക്കടവ് ആകാനാണ് സാധ്യത) വിട്ടുകൊടുത്താല്‍ സന്ധിയാവാമെന്ന വ്യവസ്ഥ പോര്‍ച്ചുഗീസുകാര്‍ ഇടപ്പള്ളി രാജാവിന് മുന്നില്‍വെച്ചു. രാജാവ് വഴങ്ങിയില്ല.
ഇതോടെ യുദ്ധം തുടങ്ങി. ഇടപ്പള്ളിപ്പട മുഴുവന്‍ യുദ്ധത്തിനു പോയി. മാര്‍ത്താണ്ഡ പണിക്കര്‍ക്കും ഏതാനും ചിലര്‍ക്കും മാത്രമായി രാജാവിന്റെ സംരക്ഷണ ദൗത്യം. രാജാവിനെ സൂത്രത്തില്‍ കീഴ്പ്പെടുത്താന്‍ പറങ്കികള്‍ ചാരന്‍മാരെ ഏര്‍പ്പെടുത്തി. കൊട്ടാരത്തിലെ ചില വിശ്വസ്തരെയും കൈയിലെടുത്തു. ഇടപ്പള്ളിയിലെ പടനായകരില്‍ ഒരാളായ നൊച്ചിക്കാട്ട് ഇടിക്കേള മേനവനും അക്കൂട്ടത്തിലുണ്ടായിരുന്നു. മാര്‍ത്താണ്ഡന്റെ ഗുരുസ്ഥാനീയനായിരുന്നു ഇടിക്കേളന്‍.
തക്കംപാര്‍ത്തിരുന്ന ഇടിക്കേളന്‍, രാജാവിനെ കാണാന്‍ പള്ളിയറയിലെത്തി. ഇടപ്പള്ളി തമ്പുരാന്‍ ചോദിച്ചു: ''എന്താ വിശേഷിച്ച്..?''
പറങ്കികളുമായി യുദ്ധത്തിനു പോകുന്നത് ശരിയല്ലെന്ന് പറഞ്ഞ ഇടിക്കേളന്‍ ''അടിയന്‍ അവരുടെ പടത്തലവനായ പാച്ചിക്കോവിന്റെ ആനുകൂല്യം സമ്പാദിച്ച് ഇവിടത്തെ യശസ്സും പ്രതാപവും വര്‍ധിപ്പിക്കാന്‍ സാധിക്കുമോ എന്നു നോക്കുകയായിരുന്നു...'' എന്നും കൂട്ടിച്ചേര്‍ത്തു.
തമ്പുരാന്‍ കോപത്തോടെ പറഞ്ഞു: ''എല്ലാ കാര്യങ്ങളും ഞാന്‍ അറിഞ്ഞിട്ടുണ്ട്. വേണമെങ്കില്‍ പറങ്കികളുടെ തലവന്‍ യുദ്ധമൊഴിവാക്കാന്‍ പറഞ്ഞയച്ച ഉപായവും എന്തെന്നു മനസ്സിലാക്കിത്തരാം''
ഇതുകേട്ട ഇടിക്കേളന്‍ വാളെടുത്തുകൊണ്ടു പറഞ്ഞു: ''എല്ലാം അറിഞ്ഞു കഴിഞ്ഞുവല്ലോ, എന്നാല്‍ പടക്കളത്തില്‍വെച്ചു വേണ്ടത് പള്ളിയറയില്‍ വെച്ചായിക്കളയാം''.
ഇതു കണ്ടുനിന്ന മാര്‍ത്താണ്ഡ പണിക്കര്‍ വാള്‍ താഴെയെറിഞ്ഞിട്ട് വെറും കൈയോടെ ഇടിക്കേളനെ തടഞ്ഞുകൊണ്ടു പറഞ്ഞു: ''അരുത് ഗുരുനാഥ, മാര്‍ത്താണ്ഡന്‍ ജീവിച്ചിരിക്കേ സ്വാമിദ്രോഹം പാടില്ല.''
മാര്‍ത്താണ്ഡനെ തട്ടിമാറ്റി വാള്‍വീശിയടുത്ത ഇടിക്കേളനെ രാജാവിനൊപ്പമുണ്ടായിരുന്ന പേരയില്‍ പണിക്കരും മറ്റുള്ളവരും ചേര്‍ന്ന് ബന്ധനസ്ഥനാക്കി.
രാജാവ് കല്‍പ്പിച്ചു: ''നൊച്ചിക്കാട്ട് ഇടിക്കേള മേനവനെ രാജദ്രോഹത്തിന് തടവുകാരനാക്കട്ടെ.''
ഈ സമയം താഴെയെറിഞ്ഞ ആയുധമെടുക്കാന്‍ ചെന്ന മാര്‍ത്താണ്ഡനെ രാജാവ് വിലക്കി, കൊട്ടാരത്തിന് പുറത്താക്കി. തന്നെ വെട്ടാന്‍ വരുന്നവനെ ആയുധമെടുത്തു തടയേണ്ട അംഗരക്ഷന്‍ ആയുധം നിലത്തുവെച്ചതു കണ്ട രാജാവ് മാര്‍ത്താണ്ഡന്‍ ഒറ്റുകാരനാണെന്ന് തെറ്റിദ്ധരിച്ചു.
അവിടെനിന്നിറങ്ങി നടന്ന മാര്‍ത്താണ്ഡന്‍ കുമ്പളക്കടവില്‍ പറങ്കികള്‍ക്കെതിരായ യുദ്ധത്തില്‍ ഇടപ്പള്ളിപ്പടയ്‌ക്കൊപ്പം ചേര്‍ന്നു. യുദ്ധം ഇടപ്പള്ളി ജയിച്ചു.
ഇടപ്പള്ളി ദേവന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം കാട്ടില്‍ ഒളിച്ചിരുന്ന പാലാരിവട്ടം കൈമളിനെ മാര്‍ത്താണ്ഡന്‍ കണ്ടുപിടിച്ച് വധിച്ചു. രാജ്യദ്രോഹത്തിന് ശിക്ഷിക്കാന്‍ പടയാളികള്‍ മാര്‍ത്താണ്ഡനെ തിരയുകയായിരുന്നു അപ്പോള്‍. ഒരാഴ്ച എളമക്കരയിലെ ഒരു തറവാടിന്റെ മച്ചിനു മുകളില്‍ ഒളിച്ചിരുന്നു.
ഒരുദിവസം രാവിലെ ഉറക്കമെഴുന്നേറ്റ ഇടപ്പള്ളി തമ്പുരാന്‍ കണ്ടത് കൊട്ടാരമുറ്റത്തെ ചുവന്ന പൂക്കള്‍ പൂത്തുനിന്ന ചമതമരത്തില്‍ തൂങ്ങിനില്‍ക്കുന്ന മാര്‍ത്താണ്ഡന്റെ ശരീരമാണ്. തന്റെ പതിനെട്ട് ആയുധങ്ങളും ശരീരത്തില്‍ വെച്ചുകെട്ടിയാണ് മാര്‍ത്താണ്ഡന്‍ തൂങ്ങിമരിച്ചത്.
സംഭവത്തിനുശേഷം കൊട്ടാരത്തില്‍ അശുഭലക്ഷണങ്ങള്‍ പലതും കണ്ടുതുടങ്ങി. മാര്‍ത്താണ്ഡനെ ഇടപ്പള്ളി ദേവന്‍കുളങ്ങര ക്ഷേത്രവളപ്പില്‍ കുടിയിരുത്തി ആരാധിക്കണമെന്ന് പ്രശ്‌നത്തില്‍ തെളിഞ്ഞു.
ക്ഷേത്രത്തിനു സമീപം തറ സ്ഥാപിച്ച് മാര്‍ത്താണ്ഡനെ അവിടെ കുടിയിരുത്തി. ഇപ്പോഴും ദേവന്‍കുളങ്ങര ക്ഷേത്രത്തിന്റെ ആല്‍മരത്തിന് സമീപം വിളക്കുവെയ്ക്കുന്നു. അവിടെ ഇങ്ങനെ എഴുതിയിരിക്കുന്നതു കാണാം: 'മാര്‍ത്താണ്ഡമ്മാവന്‍'. കൊച്ചി ചരിത്രത്തിന്റെ ഭാഗമാകേണ്ടിയിരുന്ന മാര്‍ത്താണ്ഡ പണിക്കരുടെ കഥ ഒരു നാടകത്തില്‍ ഒതുങ്ങി... ഇടപ്പള്ളി കരുണാകര മേനോന്‍ എഴുതിയ 'ചങ്ങമ്പുഴ മാര്‍ത്താണ്ഡന്‍' എന്ന നാടകം. ഈ പുസ്തകമാകട്ടെ ഇപ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വവും. ഇടപ്പള്ളി ചങ്ങമ്പുഴ വായനശാലയില്‍ റഫറന്‍സിനായി ഒരു പകര്‍പ്പ് സൂക്ഷിച്ചിട്ടുണ്ട്.
Content Highlights: Changampuzha Marthandan life story