കോഴിക്കോട് കേന്ദ്രമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനത്തിന് തുടക്കമിട്ട മലബാറിൽ നിന്നാണ് കേരളത്തിലെ ആദ്യ രാഷ്ട്രീയത്തടവുകാരുണ്ടാവുന്നത്. കെ.പി.സി.സിയുടെ ആദ്യ സെക്രട്ടറിയും പ്രസിഡണ്ടും മാതൃഭൂമിയുടെ ആദ്യ മാനേജിങ് ഡയറക്ടറുമായ കെ. മാധവൻനായരുൾപ്പെടെ നാലുപേരെ 1921 ഫെബ്രുവരി പതിനാറിന് അറസ്റ്റുചെയ്ത് ജയിലിലടച്ചു. കേരളത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ രാഷ്ട്രീയത്തടവിന്റെ നൂറാം വാർഷികമാണിത്.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ കോൺഗ്രസിന്റെ പ്രവർത്തനം തുടങ്ങിയെന്നല്ലാതെ സംഘടനയെന്നനിലയിൽ അതിന് രൂപവും ഭാവവും കൈവന്നിട്ടില്ലാത്ത കാലം. വാർഷികസമ്മേളനങ്ങളിൽ മാത്രം ഒതുങ്ങിയതായിരുന്നു മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രവർത്തനം. മലബാറിൽമാത്രം ഒതുങ്ങിനിന്ന കോൺഗ്രസിന്റെ പ്രവർത്തനം കേരളമാകെ വ്യാപിപ്പിക്കാൻ 1920-ൽ നാഗ്പുരിൽ ചേർന്ന എ.ഐ.സി.സി. സമ്മേളനം തീരുമാനിച്ചു. ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശം ഒരു സംസ്ഥാനമായി കണക്കാക്കണമെന്ന പ്രമേയം കെ. മാധവൻനായരാണ് നാഗ്പുർ സമ്മേളനത്തിൽ അവതരിപ്പിച്ചത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പിന്താങ്ങി. അങ്ങനെ 1921 ജനുവരി 30-ന് കോഴിക്കോട് ചാലപ്പുറത്ത് ചേർന്ന യോഗത്തിൽ കെ.പി.സി.സി. നിലവിൽവന്നു. കെ. മാധവൻനായരെ ആദ്യ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംഘടനയുടെ പ്രവർത്തനത്തിന് ദിശാബോധം പകരാനോ സമരമുറകൾക്ക് നേതൃത്വം നൽകാനോ മുൻ മാതൃകകൾ ഇല്ലാതിരുന്ന കാലം. ദേശീയപ്രസ്ഥാനം കേരളത്തിൽ വേരുറപ്പിക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടീഷ് സർക്കാർ കർശനനടപടികളുമായി നേരിടാൻ രംഗത്തുവന്നു. അങ്ങനെ കെ.പി.സി.സി. നിലവിൽവന്ന് ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി കെ. മാധവൻനായർ ഉൾപ്പെടെയുള്ളവരെ ജയിലിലടച്ചു. കേരളക്കരയിലെ ആദ്യ രാഷ്ട്രീയത്തടവുകാരായി കെ. മാധവൻനായർ, യു. ഗോപാലമേനോൻ, മൊയ്തീൻകോയ എന്നിവർ ചരിത്രത്തിലിടം നേടിയപ്പോൾ അതിവേഗം സമരഭൂമിയായി കേരളം മാറി.
ആദ്യത്തെ അറസ്റ്റിലും തടവിലേക്കും നയിച്ച സംഭവങ്ങൾക്ക് തുടക്കമിട്ടത് ഖിലാഫത്ത് നേതാവ് യാക്കൂബ് ഹസന്റെ മലബാർ സന്ദർശനമാണ്. മുസ്ലിങ്ങളെ ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിനായി യാക്കൂബ് ഹസനെ മലബാറിലേക്ക് ക്ഷണിച്ചത് മാധവൻനായരാണ്. 1921 ഫെബ്രുവരി 15-ന് യാക്കൂബ് ഹസൻ മദ്രാസിൽനിന്ന് കോഴിക്കോട്ടെത്തി. ഫെബ്രുവരി 15-ന് താനൂരും 16-ന് കോഴിക്കോട്ടും നടത്താൻ നിശ്ചയിച്ച ഖിലാഫത്ത് യോഗങ്ങളിൽ യാക്കൂബ് ഹസൻ പ്രസംഗിക്കണമെന്ന് നിശ്ചയിച്ചു.
15-ന് മദ്രാസിൽനിന്നുള്ള മെയിലിൽ താനൂരിലെത്തിയ യാക്കൂബ് ഹസനെ സ്വീകരിക്കാൻ കെ.പി.സി.സി. സെക്രട്ടറിയായിരുന്ന കെ. മാധവൻനായരും ട്രഷറർ യു. ഗോപാലമേനോനും റെയിൽവേസ്റ്റേഷനിൽ എത്തി. തീവണ്ടിയിറങ്ങി അല്പസമയം കഴിഞ്ഞപ്പോൾ യാക്കൂബ് ഹസൻ പൊതുയോഗത്തിൽ പ്രസംഗിക്കുന്നത് വിലക്കി 144-ാം വകുപ്പ് പ്രകാരം ബ്രിട്ടീഷ് സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. യാക്കൂബ് ഹസനും കോൺഗ്രസ് നേതാക്കളായ മാധവൻനായർ, യു. ഗോപാലമേനോൻ, പൊന്മാടത്ത് മൊയ്തീൻകോയ എന്നിവർക്കും നിരോധനാജ്ഞ ഉത്തരവ് നൽകി. വലിയ പണച്ചെലവ് സഹിച്ച് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് നടത്താൻ നിശ്ചയിച്ച യോഗം വിലക്കിയത് ആവേശഭരിതരായി കാത്തിരുന്ന ജനങ്ങളെ പ്രക്ഷുബ്ധരാക്കി. എങ്കിലും സമാധാനപരമായി നിയമം പാലിക്കണമെന്നായിരുന്നു കോൺഗ്രസ്, ഖിലാഫത്ത് കമ്മിറ്റികളുടെ നിർദേശം.
അടുത്തദിവസം ഫെബ്രുവരി 16-ന് കോഴിക്കോട്ട് നടത്താൻ നിശ്ചയിച്ച പൊതുസമ്മേളനം വിജയിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു നേതാക്കൾ.

ഫെബ്രുവരി 16-ന് ഉച്ചയോടെയാണ് യാക്കൂബ് ഹസൻ താമസിക്കുന്ന കോഴിക്കോട് ചാലപ്പുറത്ത് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആമുസാഹിബിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയത്. യാക്കൂബിനെയും അവിടെയുണ്ടായിരുന്ന മാധവൻനായർ, ഗോപാലമേനോൻ, മൊയ്തീൻകോയ എന്നിവരെയും അറസ്റ്റ് ചെയ്ത് ജില്ലാ മജിസ്ട്രേറ്റ് തോമസിന്റെ മുൻപാകെ ഹാജരാക്കാനുള്ള വാറന്റുമായാണ് ഡെപ്യൂട്ടി സൂപ്രണ്ട് എത്തിയത്. സമാധാനലംഘനം ഉണ്ടാവരുതെന്ന് പ്രവർത്തകരെ ഓർമിപ്പിച്ചശേഷമാണ് നാലുപേരും ഹജൂർ കച്ചേരിയിലേക്ക് പുറപ്പെട്ടത്. ഹജൂർ കച്ചേരിയിൽ ജില്ലാമജിസ്ട്രേറ്റ് തോമസിന്റെ മുറിയിൽ പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കും ഉണ്ടായിരുന്നതായി മാധവൻനായരുടെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ജില്ലാമജിസ്ട്രേറ്റ് തോമസ് ചാർജ് ഷീറ്റ് വായിച്ചശേഷം കല്പനകൾ ലംഘിക്കാൻ ഉദ്ദേശ്യമുണ്ടോ എന്ന് ചോദിച്ചു.
നിരോധനാജ്ഞ ലംഘിക്കാൻ ഉദ്ദേശ്യമില്ലെന്നും അക്രമരാഹിത്യത്തെക്കുറിച്ച് സംസാരിക്കാനാണ് താൻ എത്തിയതെന്നും യാക്കൂബ് ഹസൻ മറുപടി നൽകി. ജാമ്യം അനുവദിക്കണമെങ്കിൽ കല്പന അനുസരിക്കുമെന്ന് കച്ചീട്ട് നൽകണമെന്ന് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. ഞങ്ങളുടെ വാക്ക് തന്നെയാണ് ഞങ്ങളുടെ കച്ചീട്ട് എന്നായിരുന്നു മാധവൻനായരുടെ മറുപടി. അന്നത്തെ മജിസ്ട്രേറ്റിന്റെ ആജ്ഞയെ നിരസിക്കാനുള്ള ധൈര്യവും ധിക്കാരവും ഒരിന്ത്യക്കാരനുണ്ടാവുമെന്ന് തോമസ് സ്വപ്നത്തിൽപോലും ആലോചിച്ചിട്ടുണ്ടാവില്ലെന്നാണ് ഇതേക്കുറിച്ച് മാധവൻനായർ എഴുതിയിട്ടുള്ളത്.
നിലപാടിൽ വല്ലമാറ്റവും ഉണ്ടോ എന്ന് ആലോചിക്കാൻ ഒരു മണിക്കൂർ സമയം അനുവദിച്ചു. സമ്മർദത്തിന് വഴങ്ങില്ലെന്ന് കണ്ടപ്പോൾ ആറുമാസം തടവുശിക്ഷയ്ക്ക് വിധിച്ചു.
അന്നു വൈകുന്നേരംതന്നെ കോഴിക്കോട് ജയിലിലേക്കുമാറ്റി. അടുത്തദിവസം ഫെബ്രുവരി 17-ന് രാവിലെ കണ്ണൂർ ജയിലിലേക്ക് മാറ്റി. അങ്ങനെ കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യ രാഷ്ട്രീയത്തടവുകാരായി ഇവർ മാറി. മാധവൻനായർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് മലബാറിലെങ്ങും കോടതി ബഹിഷ്കരണവും പഠിപ്പുമുടക്ക് സമരവും നടന്നു. കോഴിക്കോട് മുനിസിപ്പൽ ചെയർമാൻ സി.വി. നാരായണമേനോൻ അറസ്റ്റിൽ പ്രതിഷേധിച്ച് തൽസ്ഥാനം രാജിവെച്ചു. മലബാറിലെ കോൺഗ്രസ് പ്രവർത്തനത്തിന് നേതൃത്വം നൽകാൻ മദ്രാസിലെ പ്രാക്ടീസ് ഉപേക്ഷിച്ച് കെ.പി. കേശവമേനോൻ കോഴിക്കോട്ടേക്ക് മടങ്ങി. ആറുമാസം കഴിഞ്ഞ് 1921 ഓഗസ്റ്റ് 15-നാണ് ഇവർ ജയിൽമോചിതരായത്.
ജയിൽശിക്ഷ കഴിഞ്ഞ് പുറത്തുവരുന്നവർക്ക് ആവേശത്തോടെ വരവേൽപ്പ് നൽകുന്നതിനും കേരളം ആദ്യമായി സാക്ഷ്യം വഹിച്ചു. 1921 ഓഗസ്റ്റ് 17-ന് ജയിൽമോചിതരായി കോഴിക്കോട്ടെത്തിയ നേതാക്കൾക്ക് കടപ്പുറത്ത് നൽകിയ സ്വീകരണം മഹാസമ്മേളനമായി മാറി. സ്വീകരണഘോഷയാത്ര റെയിൽവേസ്റ്റേഷനിൽനിന്ന് ചാലപ്പുറത്തുള്ള കെ.പി.സി.സി. ഓഫീസിൽ എത്തിച്ചേരാൻ മൂന്നുമണിക്കൂർ വേണ്ടിവന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തുടർന്നാണ് ആയിരങ്ങൾ പങ്കെടുത്ത സമ്മേളനം കടപ്പുറത്ത് നടന്നത്. ജയിൽപുള്ളികളെ വിട്ടയക്കുമ്പോൾ സ്വീകരണഘോഷയാത്രയോടെ വരവേൽപ്പ് നൽകുന്നത് അന്ന് ആദ്യസംഭവമായിരുന്നു. ഖിലാഫത്തും കോൺഗ്രസും യോജിച്ചുനീങ്ങുന്നതും ഹിന്ദു, മുസ്ലിം ഐക്യം രൂപപ്പെടുന്നതും ബ്രിട്ടിഷ് ഭരണകൂടത്തെ അസ്വസ്ഥമാക്കി. ഇത് തിരിച്ചറിഞ്ഞ് കടപ്പുറത്തെ സ്വീകരണയോഗത്തിൽ മാധവൻനായർ നടത്തിയ മറുപടി പ്രസംഗം ഇങ്ങനെ: ''ഏറനാട്ട് മാപ്പിളമാർ ലഹള തുടങ്ങിയാൽ, പട്ടാളക്കാവലോടുകൂടി വെസ്റ്റ്ഹിലിൽ താമസിക്കുന്ന കളക്ടർ തോമസിനല്ല കഷ്ടപ്പാട് നേരിടുക. അവിടെ സകുടുംബം താമസിക്കുന്ന എനിക്കാണ്.''
ആറുമാസത്തെ ജയിൽവാസത്തിനുശേഷം കോഴിക്കോട്ടുള്ള കുടുംബത്തോടൊപ്പം വിശ്രമിക്കാൻ സമയം ചെലഴിക്കാതെ അടുത്ത ദിവസംതന്നെ ഓഗസ്റ്റ് 18-ന് മാധവൻനായർ മഞ്ചേരിയിലേക്ക് പോയി. ഏറനാട് ഭാഗത്ത് അസ്വസ്ഥത പുകയുന്നതറിഞ്ഞാണ് മാധവൻനായർ മഞ്ചേരിയിലേക്ക് പുറപ്പെട്ടത്. പ്രത്യേക തീവണ്ടിയിൽ പോലീസും പട്ടാളവും കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്ക് പോവുന്നതുകണ്ട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 19-ന് കെ.പി.സി.സി. ഓഫീസിലെത്തി വിവരം കെ.പി. കേശവമേനോനെ അറിയിച്ചു. കൂടുതൽ വിവരം അന്വേഷിക്കാമെന്നുപറഞ്ഞ് പിരിഞ്ഞു. അന്നുതന്നെ മുഹമ്മദ് അബ്ദുറഹ്മാനും ഇ. മൊയ്തുമൗലവിയും ചേർന്ന് കാളവണ്ടിയിൽ മാധവൻനായരുടെ വീട്ടിലെത്തി. സാമുദായികമൈത്രി കാത്തുസൂക്ഷിക്കാൻ മാധവൻനായരോടൊപ്പം അബ്ദുറഹ്മാൻ സാഹിബും മൊയ്തുമൗലവിയും രംഗത്തിറങ്ങി. ആയുധമേന്തി കലാപത്തിനൊരുങ്ങി നിൽക്കുന്ന ആൾക്കൂട്ടത്തിനുമുന്നിലെത്തി മാധവൻനായർ പറഞ്ഞു: ''നിങ്ങൾ ആയുധം ഉപേക്ഷിക്കുന്നപക്ഷം അവർ ഒന്നാമതായി വെക്കുന്ന വെടി കൊള്ളാൻ ഞാൻ മുന്നിലുണ്ടാവും''.
മാധവൻനായരുൾപ്പെടെയുള്ള ചില നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാൽ കോൺഗ്രസ് പ്രവർത്തനം നിശ്ചലമാവുമെന്നായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് മാധവൻനായരെ വീണ്ടും ബ്രിട്ടിഷ് സർക്കാർ ജയിലിലടച്ചു.
Content Highlights: Centinary of First Kerala Political Imprisonment K Madhavan Nair U GopalaMenon Moideen Koya